ADVERTISEMENT

എഴുതപ്പെട്ട നിഘണ്ടു എല്ലാക്കാലത്തേക്കുമുള്ളതാണെന്ന കാലാതീത വിശ്വാസത്തെ പൊളിച്ചെഴുതി ഒരു ഓണ്‍ലൈന്‍ നിഘണ്ടു. ലോക വ്യാപകമായി 70 ദശലക്ഷത്തോളം പേര്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഡിക്ഷണറി.കോം ആണ് ശേഖരത്തിലുള്ള 15,000 ല്‍ അധികം വാക്കുകളെ പുനര്‍ നിര്‍വചിക്കുന്നത്. പുതിയ അര്‍ഥങ്ങളും അര്‍ഥഭേദങ്ങളും നല്‍കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വാക്കുകള്‍ക്ക് ഒറ്റയടിക്ക് പുതിയ അര്‍ഥം നല്‍കിയുള്ള മാറ്റം. വാക്കുകളുടെ അര്‍ഥത്തിനൊപ്പം ശൈലികളും ശൈലീ ഭേദങ്ങളും പുതിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ തിരുത്തിയെഴുതിയിട്ടുമുണ്ട്. 

 

ആത്മഹത്യ ചെയ്യുക എന്ന പ്രയോഗം ഇനി ഡിക്ഷണറി.കോമില്‍ ഉണ്ടായിരിക്കില്ല. പകരം ആത്മഹത്യയിലൂടെ മരിക്കുക എന്ന പ്രയോഗമായിരിക്കും ഉണ്ടാകുക. ജീവിതം അവസാനിപ്പിക്കുക എന്ന പ്രയോഗത്തില്‍ മാറ്റം ഇല്ലെങ്കിലും ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന വ്യക്തിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അര്‍ഥം ആത്മഹത്യയ്ക്ക് ഉണ്ടാകരുതെന്നാണ് നിഘണ്ടുവിന്റെ അണിയറ ശില്‍പികള്‍ ആഗ്രഹിക്കുന്നത്. വലിയൊരു കുറ്റം ചെയ്യുന്നു എന്ന മട്ടില്‍ ആത്മഹത്യയ്ക്ക് തുനിയുന്നവരെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന വിശ്വാസത്തിന് പുതിയ അര്‍ഥഭേദത്തോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷ. 

 

മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റമാണ് നിഘണ്ടുവിന്റെ അണിയറക്കാര്‍ ആഗ്രഹിക്കുന്നത്. വാക്കുകളും അവയുടെ അര്‍ഥത്തിനും  സംസ്കാരവുമായുള്ള അഭേദ്യ ബന്ധം മനസ്സിലാക്കിയാണ് ഓരോ മാറ്റവും.  

ഒരു വ്യക്തിയെ അഡിക്ട് എന്നു വിളിക്കുന്ന രീതി മാറ്റുക എന്നതും നിഘണ്ടു പരിഷ്കരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അടിമ അല്ലെങ്കില്‍ ആസക്തന്‍ എന്നു വിളിച്ച് വ്യക്തികളെ പ്രത്യേക കള്ളിയില്‍ ഒതുക്കുന്ന രീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതില്‍നിന്നു മാറി വ്യക്തിയെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രീതിയിലുള്ള അര്‍ഥമാണ് മാറ്റം. ഒരു വസ്തു നിരന്തരമായി ഉപയോഗിക്കുന്ന വ്യക്തി എന്നും ഒരു സാഹചര്യത്തിന് നിരന്തരമായി വിധേയനാകുന്ന വ്യക്തി എന്നൊക്കെയുള്ള സൂക്ഷ്മമായ മാറ്റങ്ങളോടെ ലഹരി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് അടിമയാകുന്നവരെ കുറ്റപ്പെടുത്തുന്നതിനു പകരം സവിശേഷ സാഹചര്യത്തെ സഹതാപത്തോടെ കാണുകയാണ് നിഘണ്ടു. 

 

അമേരിക്കയില്‍ ഉള്‍പ്പെടെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തില്‍ കറുത്ത വര്‍ഗക്കാരുമായി ബന്ധപ്പെട്ട വാക്കുകള്‍ക്കും മാറ്റമുണ്ട്. ബ്ലാക്ക് എന്നത് ഒരു നിറം മാത്രമായിരുന്നെങ്കില്‍ ഒരു പ്രത്യേക വിഭാഗത്തെ വിശേഷിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒരേ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന സമീപനമാണ് പുതിയ നിഘണ്ടുവില്‍. വെളുത്തവര്‍ക്കൊപ്പം കറുത്തവരെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുക.‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭവുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും വ്യക്തം. 

 

ട്രാന്‍സ്ജെന്‍ഡറുകളുമായി ബന്ധപ്പെട്ട വാക്കുകള്‍ക്കും മാറ്റമുണ്ട്. സ്വവര്‍ഗ്ഗരതി എന്നതിനു പകരം സ്വവര്‍ഗ്ഗാനുരാഗി എന്ന കുറച്ചുകൂടി മൃദുലമായ പരാമര്‍ശമാണ് വലിയൊരു മാറ്റം. ലൈംഗിക വ്യതിയാനമുള്ളവരെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന വാക്കുകള്‍ ഇനി ഉണ്ടാകില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളുകയും അവരെയും സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കുകയുമാണ് ഡിക്ഷണറി.കോം. 

 

English Summary : Online Dictionary revises meanings and usage of over 15,000 words

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com