അമ്മയോടുള്ള പകയുമായി ജീവിക്കുന്ന മകളുടെ കഥ, ബേണ്‍ട് ഷുഗര്‍ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍
Mail This Article
മൂന്നു വര്‍ഷത്തെ ഇടവേളയില്‍ രണ്ടു തവണ ബുക്കര്‍ പുരസ്കാരം നേടിയ ഇംഗ്ലിഷ് എഴുത്തുകാരി ഹിലരി മാന്റല്‍ മൂന്നാമത്തെ പുരസ്കാരപ്പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് സന്തോഷം പകര്‍ന്ന് അവനി ദോഷി. നവംബര്‍ 17 ന് പ്രഖ്യാപിക്കുന്ന ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലാണ് ഹിലരിയെ പിന്തള്ളി അവനി ദോഷി എന്ന തുടക്കക്കാരി ഇടം നേിയിരിക്കുന്നത്. അതും ഇന്ത്യ പശ്ചാത്തലമായ കന്നി നോവലിന്റെ പേരില്‍.
ഇന്ത്യന്‍ വംശജരുടെ മകളായി അമേരിക്കയില്‍ ജനിച്ച് ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന അവനിയുടെ നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചതും ഇന്ത്യയില്‍ തന്നെ; ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍ എന്ന പേരില്‍. ബേണ്‍ട് ഷുഗര്‍ എന്ന പേരില്‍ അതേ നോവല്‍ ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച് ആദ്യ ആഴ്ചയില്‍ തന്നെ ബുക്കര്‍ ലോങ് ലിസ്റ്റിലും ഇപ്പോള്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരിക്കുന്നു. പ്രശസ്തമായ ബുക്കര്‍ പുരസ്കാരത്തില്‍ ഇത്തവണ ഇന്ത്യന്‍ കൊടിയേറ്റമുമുണ്ടാകുമോ എന്നറിയാന്‍ ഇനി കഷ്ടിച്ച് രണ്ടുമാസം മാത്രം ബാക്കി. അരുന്ധതി റോയിയും അരവിന്ദ് അഡിഗയും നേടുകയും ജുംപ ലാഹിരി, ജീത് തയ്യില്‍ എന്നിവരില്‍ നിന്ന് അകന്നുപോകുകയും ചെയ്ത ബുക്കര്‍ പുരസ്കാരത്തോട് ഏറ്റവും അടുത്തിരിക്കുകയാണ് അവനി ദോഷി.
സ്ത്രീയുടെ വ്യക്തിത്വത്തിന് നിരന്തരം ഭീഷണികളുയര്‍ത്തുന്ന പുരുഷ ശക്തികളെക്കുറിച്ചുള്ള കഥകളില്‍ നിന്ന് വ്യത്യസ്തമായി അമ്മയോടുള്ള പകയുമായി ജീവിക്കുന്ന മകളുടെ കഥയാണ് ബേണ്‍ട് ഷുഗര്‍. അമ്മയുടെ ദുഃഖം മകളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന സന്തോഷത്തിന്റെ കഥ. പുണെ നഗരം പശ്ചാത്തലമാകുന്ന നോവലില്‍ കുപ്രശസ്തനായ ആചാര്യ രജനീഷും അദ്ദേഹത്തിന്റെ ആശ്രമവവും കടന്നുവരുന്നു. ജീവിച്ചിരുന്നപ്പോള്‍ വിവാദങ്ങള്‍ മാത്രം സൃഷ്ടിക്കുകയും മരിച്ചതിനുശേഷം തന്റെ തത്ത്വചിന്തയുടെ സാര്‍വലൗകീകതയിലൂടെ ലോകത്തിന്റെ ചിന്താപദ്ധതിയില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത രജനീഷ് എന്ന ഓഷോ നോവലിന്റെ കേന്ദ്രസ്ഥാനത്തു തന്നെയുണ്ട്. ആശ്രമത്തിലേക്കുള്ള യാത്രയാണ് താര എന്ന സ്ത്രീയുടെയും പിന്നീട് അവരുടെ മകള്‍ അന്തരയുടെയും ജീവിതം മാറ്റിമറിക്കുന്നതും. ലൈംഗികതയെ ഓഷോ പുനര്‍നിര്‍വചിച്ചപ്പോള്‍ പൂച്ചെണ്ടുകളേക്കാള്‍ കല്ലേറുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍ ഇന്ത്യയില്‍ തിരസ്കരിക്കപ്പെട്ട ലൈംഗിക സ്വാതന്ത്ര്യത്തിന് അമേരിക്കില്‍ വന്‍സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഇന്നും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നന്നായി വിറ്റഴിയുന്നുണ്ട് ഓഷോയുടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റെ ചിന്താ പദ്ധതിയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും.
താര ആശ്രമത്തില്‍ അഭയം തേടിയ നാളുകളില്‍ അനുഭവിക്കേണ്ടിവന്ന ഏകാന്തതയും ഒറ്റപ്പെടലും അന്തരയുടെ വ്യക്തിത്വത്തില്‍ സ്ൃഷ്ടിച്ചത് ഉണങ്ങാത്ത മുറിവുകള്‍. അമ്മയുടെ വാര്‍ധക്യത്തില്‍ ഒരിക്കല്‍ താന്‍ ചോദിക്കാന്‍ മടിച്ച ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് അന്തര. എന്നാല്‍ ഉത്തരം പറയാന്‍ സാധിക്കുന്ന മാനസികാവസ്ഥയിലല്ല താര.
അമ്മ-മകള്‍ ബന്ധത്തിന്റെ ഇതുവരെ അക്ഷരലോകം കണ്ടിട്ടില്ലാത്ത സംഘര്‍ഷത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഇന്ത്യയുടെ യാഥാസ്ഥിതിക പശ്ചാത്തലത്തില്‍ ബന്ധം നേരിടുന്ന പ്രതിസന്ധികള്‍ നോവലിനെ ഉദ്വേഗജനകമാക്കുന്നു.
ടിസിറ്റ്സി ദംഗരേംബ്ഗ (ദിസ് മോണബിൾ ബോയ്), ഡഗ്ലസ് സ്റ്റുവർട്ട് (ഷഗി ബെയ്ൻ), മാസ മെംഗിസ്റ്റെ (ദ് ഷാഡോ കിങ്) , ഡിയാൻ കുക്ക് (ദ് ന്യൂ വിൽഡർനസ്), ബ്രാൻഡൻ ടയ്‌ലർ (റിയൽ ലൈഫ്) എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റ് എഴുത്തുകാർ.
English Summary: Avni Doshi's Burnt Sugar InThe Booker Prize 2020 List Among 6 Others