ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തിന്റെ അസ്തമനത്തോടുകൂടി നമുക്കു നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ കവിത എന്നു പറയുന്നത് മനുഷ്യ സങ്കീർത്തനമായിരുന്നു. മാനവികതയാണ് അക്കിത്തവും ഇടശ്ശേരിയും ഒക്കെ ഉയർത്തിപ്പിടിക്കുന്ന ദർശനം.

മലയാള കവിതയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകത്തിൽ കാല്പനികതയായിരുന്നു മുന്നിട്ടു നിന്നിരുന്നത് എന്നാൽ പിന്നീട് വിചാരം കൊണ്ടും വിവേകം കൊണ്ടും അക്കിത്തത്തിന്റെ കവിതകൾ അകാല്പനികമായി മാറുകയാണ് ഉണ്ടായത്.

ഹിംസയെ അഹിംസ കൊണ്ട് നേരിടുക എന്ന ഗാന്ധിയൻ ദർശനം ഇടശ്ശേരിയിൽ എന്ന പോലെ അക്കിത്തത്തിലും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നത് ഹിംസയ്ക്കെതിരെയുള്ള ആഹ്വാനമായി മാറിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയിൽ വളരെ അകാല്പനികമായിട്ടുള്ള, ക്രൂരമായിട്ടുള്ള യുദ്ധാനന്തര അന്തരീക്ഷത്തെ കാണിക്കുന്ന ഒരു വാങ്മയചിത്രം ഉണ്ട്.

തെരുവിൽ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകൾ
മുലചപ്പിവലിക്കുന്നു നരവർഗ നവാതിഥി

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ ഒരു വാങ്മയചിത്രമാണ് ഈ വരികൾ. എന്നാൽ അവസാന‌ത്തിലെത്തുമ്പോഴേക്കും കവിത അഹിംസയുടെ ആഹ്വാനമായി മാറുന്നു. ശക്തിയോടൊപ്പം ഭക്തിയിലേക്കുള്ള ഒരു മാറ്റവും കവിതയിൽ കാണുന്നുണ്ട്. അക്കിത്തം എഴുതാൻ ഉപയോഗിച്ച മഷി മനുഷ്യസങ്കടങ്ങളുടെ കണ്ണീര് ആയിരുന്നു എന്ന് പറയാം. ആ കണ്ണീരുകൊണ്ടാണ് അക്കിത്തം കവിത എഴുതിയത്. ‘വെണ്ണക്കല്ലിന്റെ കഥ’ എന്ന കവിത തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കണ്ണീരിനെയാണ് അദ്ദേഹം വെണ്ണക്കല്ലായി മാറ്റുന്നത്. മനുഷ്യന്റെ വേദനകൾക്ക് എന്നും അദ്ദേഹം വിലകൊടുത്തു.

അക്കിത്തം ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കവി കൂടിയാണ്. വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വരി അസ്ഥാനത്തും മറ്റും പ്രയോഗിച്ച് അതിന്റെ ആശയഭംഗി നഷ്ടപ്പെടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹം ഇരുട്ടിന്റെ ആരാധകനാണ് എന്ന രീതിയിലുള്ള വായനകൾ ഉണ്ടായി എന്നാൽ അത് അങ്ങനെയല്ല. സന്തോഷത്തിന്റെ നൈമിഷികതയാണ് ഈ വരികൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ കവിതകളൊക്കെത്തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ മികച്ച രചനകളാണ്. ഭാഗവത പരിഭാഷ എടുത്തു പറയേണ്ട കൃതിയാണ്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വ്യാസഭാരത തർജ്ജമയ്ക്കു ശേഷം മലയാളത്തിനു ലഭിച്ച ശ്രേഷ്ഠമായ പരിഭാഷയാണ് അക്കിത്തത്തിന്റെ ഭാഗവതം പരിഭാഷ.

പുരസ്കാരങ്ങൾ കൊണ്ട് ധന്യമായ ജീവിതം എന്ന് പറയുമ്പോൾത്തന്നെ തിരസ്കാരങ്ങൾക്കും അദ്ദേഹം വിധേയനായിട്ടുണ്ട്. അദ്ദേഹത്തിന്റെ പല രചനകളും ശരിയായ രീതിയിൽ ആസ്വദിക്കപ്പെട്ടു എന്നെനിക്ക് തോന്നുന്നില്ല. പലതും തെറ്റിദ്ധരിക്കപ്പെട്ടു.

സമീപനാളുകളിലൊക്കെ ഒരു നിർമമത്വം  അദ്ദേഹത്തിൽ നമുക്കു ദർശിക്കാം. ഒരു ഉപേക്ഷാ ഭാവം അക്കിത്തത്തിന്റെ കവിതകളിലും ജീവിതത്തിലും ഒക്കെ നമുക്കു കാണാം. ഭൗതികമായി നേടാനാവുന്ന നേട്ടങ്ങളെയെല്ലാം അദ്ദേഹം ഉപേക്ഷിച്ചിരുന്നു. വർഷങ്ങൾക്കു മുൻപേ അദ്ദേഹത്തിന്റെ നല്ല കവിതകളെല്ലാംതന്നെ വന്നു കഴിഞ്ഞിരുന്നു. പഴുത്ത് പാകം വന്ന് ഞെട്ടറ്റ് നിലംപറ്റും പോലെ വളരെ സ്വാഭാവികമായ ഒരു കടന്നു പോക്കായിരുന്നു അക്കിത്തത്തിന്റേത്. ധന്യമായ ഒരു പരിണിതി.

കവിതയിൽ എന്ന പോലെ രാഷ്ട്രീയത്തിലും അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നോ എന്നു ചോദിച്ചാൽ അദ്ദേഹത്തിനു ശരി എന്നു തോന്നിയത് അദ്ദേഹം വിളിച്ചു പറഞ്ഞു. അദ്ദേഹം വളർന്ന ചുറ്റുപാട്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ അതിനോടുള്ള സത്യസന്ധത പുലർത്തി.

English Summary: P. P. Ramachandran Remembering Akkitham Achuthan Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com