‘പുരുഷന്മാർ പീഡിപ്പിക്കുന്നവര്‍ മാത്രമാണോ?’ വായിച്ചു നോക്കു ഈ അമ്മയുടെയും മകളുടെയും കഥ

Mail This Article
12-ാം വയസ്സിൽഎഴുതിത്തുടങ്ങിയ നോവല്‍ ഫരിഹ റോയ്സിന്‍ പൂര്‍ത്തിയാക്കിയത് 18 വര്‍ഷമെടുത്ത്. കാരണം ഒന്നേയുള്ളൂ. സ്വന്തം കഥയാണ് ഫരീഹ എഴുതിയത്. അപമാനത്തിന്റെ പീഡനത്തിന്റെ. ജീവിതകാലത്തിനുശേഷവും വേട്ടയാടാന്‍ ശേഷിയുള്ള ക്രൂരതയുടെ. ആ അനുഭവം എഴുതാതെ തനിക്കു മോചനം ഇല്ലെന്നു വ്യക്തമായ തിരിച്ചറിവില്‍ പൂര്‍ത്തിയാക്കിയത്. 30-ാം വയസ്സില്‍ നോവല്‍ പുറത്തുവരുമ്പോള്‍ ഫരിഹയുടെ മനസ്സില്‍ സംതൃപ്തിയേക്കാള്‍ ആശ്വാസം.
ദീര്‍ഘകാലം അടയിരുന്ന് കുഞ്ഞിനെ വിരിയിച്ചെടുത്ത പോലെയുള്ള നോവിലിന് ഫരിഹ പേരിട്ടു: ലൈക്ക് എ ബേര്‍ഡ്. ഒരു പക്ഷിയെപ്പോലെ ഓരോദിവസവും ഒന്നും രണ്ടും വാക്കുകളും വാചകങ്ങളും അധ്യയങ്ങളും മാത്രം എഴുതി വീണ്ടും വായിച്ചും തിരുത്തിയും വെട്ടിയും പൂര്‍ത്തിയാക്കിയ നോവല്‍.
ആവര്‍ത്തിച്ചുകണ്ട ഒരു സ്വപ്നമാണ് ലൈക്ക് എ ബേര്‍ഡിന്റെ പ്രമേയം. ബംഗ്ലദേശില്‍ ജനിച്ച ഒരു ബംഗാളി പെണ്‍കുട്ടി പീഡനത്തിനിരയായി വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ടു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ ജീവിതം തെരുവില്‍ തുടങ്ങിയില്ല. അവസാനിച്ചുമില്ല. പുതിയൊരു ജീവിതത്തിലേക്കുള്ള കാല്‍വയ്പായിരുന്നു വീട്ടിയില്‍ നിന്നുള്ള പടിയിറക്കം. തന്റേതല്ലാത്ത കുറ്റത്തിന് താനെന്തിന് ശിക്ഷയനുഭവിക്കണം എന്നു ചിന്തിച്ചതോടെ തിരികെപ്പിടിച്ച ജീവിതം. ആ സ്വപ്നം ഒഴിയാബാധയായതോടെ ഫരീഹ എഴുതിത്തുടങ്ങി.
സ്വന്തം കഥയാണ് എഴുതുന്നതെന്നറിപ്പോള്‍ പിതാവ് നിശ്ശബ്ദനായി. അവര്‍ക്കിടയില്‍ അസ്വസ്ഥതയുടെ മൗനം നിറഞ്ഞു. അതിനുശേഷം ഒരു അപേക്ഷ പോലെ അദ്ദേഹം പറഞ്ഞു: അമ്മയെക്കുറിച്ചെഴുതുമ്പോള്‍ സൂക്ഷിക്കുക.
ഫരീഹയ്ക്ക് അപ്പോഴും മനസ്സിലായില്ല അമ്മയെക്കുറിച്ചെഴുതുമ്പോള്‍ പതിയിരിക്കുന്ന അപകടം. അതു ബോധ്യമായത് പിന്നീട്. ഫരീഹയുടെ 23-ാം വയസ്സില്‍ അച്ഛന്‍ അയച്ച ഇ മെയിലിലൂടെ.
16-ാം വയസ്സില്‍ അമ്മ അതിക്രൂരമായ ഒരു പീഡനത്തെ അതിജീവിച്ചു. 1970-ല്‍ ആയിരുന്നു അത്. ബംഗ്ലദേശില്‍. രാജ്യത്തിന്റെ മോചനത്തില്‍ അവസാനിച്ച യുദ്ധത്തിനു തൊട്ടുമുന്‍പ്. പിന്നീട് ബംഗ്ലദേശ് ആയ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സോഷ്യലിസ് എംപി ആയിരുന്നു അമ്മയുടെ പിതാവ്. അദ്ദേഹത്തെ കൊലപ്പെടുത്താന്‍ അക്രമികള്‍ വീട്ടിലെത്തി. എന്നാല്‍ അദ്ദേഹത്തെ കൊല്ലാതെ വിട്ട അക്രമികള്‍ ഫരീയുടെ അമ്മയെ തട്ടിക്കൊണ്ടുപോയി. അന്നവര്‍ കൗമാരക്കാരിയാണ്. മൂന്നു ദിവസം അക്രമികളുടെ പിടിയിലായിരുന്നു അവര്‍. അതിനുശേഷം തിരിച്ചു വീട്ടിലെത്തി. എന്നാല്‍ അധികം ദിവസം കഴിയുംമുന്‍പ് ഒരു കന്നാസ് നിറയെ മണ്ണെണ്ണ കുടിച്ച് അവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.
അമ്മ മാത്രമല്ല. താന്‍ മാത്രമല്ല. ഒരോ സ്ത്രീകളും എണ്ണമറ്റ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഫരീഹയ്ക്കു മനസ്സിലായി. അവ പറത്തുവരണം. നാളെകളിലെങ്കിലും അക്രമികളായ പുരുഷന്‍മാര്‍ ഉണ്ടാകാതിരിക്കാന്‍. പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍. ഫരീഹ എഴുതി. അമ്മയുടെ ജീവിതം. കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന സ്വന്തം പീഡനത്തിന്റെ കഥ. സ്ത്രീകള്‍ തലമുറകളായി മനസ്സില്‍ പേറുന്ന രഹസ്യങ്ങളുടെ കഥ.
മോണ്‍ട്രിയലില്‍ വച്ചായിരുന്നു പുസ്തക പ്രകാശനം. ചടങ്ങ് കഴിഞ്ഞപ്പോള്‍ ഒരു അതിഥി ഫരീഹയോട് നോവലിന്റെ പിന്നിലെ അനുഭവങ്ങളെക്കുറിച്ചു ചോദിച്ചു. ജീവിതാനുഭവങ്ങളെക്കുറിച്ച് ഫരീഹ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ യുദ്ധം ചെയ്യുന്നു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നു. എന്നിട്ടും അവര്‍ പീഡിപ്പിക്കുന്നവര്‍ മാത്രമാണോ ?
സംസാരം കേട്ടുകൊണ്ടുനിന്ന മറ്റൊരാള്‍ പെട്ടെന്നു ശബ്ദമുയര്‍ത്തി. അതേ. അതു ശരിയാണ്. പുരുഷന്‍മാര്‍ പീഡകര്‍ മാത്രമല്ല.
ഫരീഹ നിശ്ശബ്ദയായി. അവര്‍ തന്റെ പുസ്തകം ഉയര്‍ത്തിക്കാട്ടി. അവരോട് അപേക്ഷിച്ചു. വായിക്കൂ. ഇതെന്റെ കഥയാണ്. അമ്മയുടെ കഥയാണ്. ഞങ്ങള്‍ സ്ത്രീകളുടെ കഥയാണ്.
English Summary: Like a Bird Book by Fariha Roisin