മാസ്ക് ധരിക്കാൻ മടിക്കുന്നവരെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

Mail This Article
മാസ്ക് ധരിക്കുന്നതിനെ എതിര്‍ക്കുന്നവരെ ശക്തമായി വിമര്‍ശിച്ച് പുതിയ പുസ്തകത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. കോവിഡിന്റെ പേരില്‍ വിദേശികളെ കുറ്റപ്പെടുത്തുന്നവരെയും പള്ളികള്‍ അടച്ചിടുന്നതിനെ എതിര്‍ക്കുന്നവര്‍ക്കുനേരെയും വിരല്‍ ചൂണ്ടാന്‍ മടിക്കുന്നില്ല അദ്ദേഹം. വിവാദങ്ങളെ ഒരിക്കലും ഭയപ്പെട്ടിട്ടില്ലാത്ത മാര്‍പാപ്പ ഏറ്റവും പുതിയ പുസ്തകത്തിലും ലോകം നിലവില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണു സംസാരിക്കുന്നത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചം ഭാവിയെക്കുറിച്ചും. ഓരോ വ്യക്തികളും അവരുടെ സമീപനത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും.
ഡിസംബര്‍ ഒന്നിനു പുറത്തിറങ്ങുന്ന ലെറ്റ് അസ് ഡ്രീം: ദ് പാത് ടു എ ബെറ്റര്‍ ഫ്യൂച്ചര്‍ എന്ന 150 പേജുള്ള പുസ്തകത്തിലാണ് മാര്‍പാപ്പയുടെ പുതിയ ചിന്തകളും ലോകത്തെക്കുറിച്ചുള്ള ആശങ്കകളും. ജീവചരിത്രകാരന്‍ ഓസ്റ്റന് ഐവെറിഗുമായി നടത്തിയ സംഭാഷണങ്ങളാണു ലോകം കാത്തിരിക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
ദാരിദ്ര്യം, ആയുധ വ്യാപാരം, വര്‍ഗീയ വിവേചനത്തിനെതിരെയുള്ള പ്രതിഷേധം എന്നിവയെക്കുറിച്ചും മാര്‍പാപ്പ മനസ്സു തുറക്കുന്നു. മനുഷ്യരാശിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാത്ത വിശ്വാസികള്‍ ചീത്ത മാതൃകയാണ് എന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. ലോകത്തെ സഹോദരീ, സഹോദരന്മാരുമായുള്ള ഐക്യവും സാഹാദോര്യവും നിലനിര്‍ത്തേണ്ടതു വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
അഭിമുഖമിരുന്ന് മാര്‍പാപ്പ സംസാരിക്കുന്ന രീതിയിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നതെന്നാണ് ഓസ്റ്റന് ഐവറിഗെയുടെ അവകാശവാദം. മുന്‍പ് മാര്‍പാപ്പയുടെ രണ്ടു ജീവചരിത്രം എഴുതിയിട്ടുള്ള ഓസ്റ്റന് അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലെ വേനല്‍ക്കാലത്താണ് ഇരുവരും തമ്മില്‍ ദീര്‍ഘമായി സംസാരിച്ചത്; ലോകം ലോക്ഡൗണില്‍ ഭീതിയോടെ കഴിഞ്ഞ നാളുകളില്‍. വത്തിക്കാനും അന്ന് ലോകത്തിനൊപ്പം കോവിഡിനെ തുരത്താനുള്ള പ്രതിരോധ മാര്‍ഗങ്ങളിലായിരുന്നു. കോവിഡ് കാലത്ത് ജനങ്ങളില്‍നിന്ന് അകന്നുനില്ക്കേണ്ടിവന്നതിനാല് മാര്‍പാപ്പ ഒറ്റപ്പെട്ട വ്യക്തിയെപ്പോലെ നിസ്സഹായനായിരിക്കും എന്നായിരുന്നു ഓസ്റ്റന്റെ ചിന്ത. എന്നാല്‍ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യത്യസ്തമായ അഭിപ്രായമാണു പങ്കുവച്ചതെന്ന് ഓസ്റ്റന് പറയുന്നു.
ഉന്മേഷഭരിതനായിരുന്നു മാര്‍പാപ്പ. കോവിഡ് അദ്ദേഹത്തിന്റെ ഭാവത്തില്‍ മാറ്റവുമുണ്ടാക്കിയതായി ഒരു സൂചനയും ഉണ്ടായിരുന്നില്ല. ഓരോ ചോദ്യങ്ങളായി ഓസ്റ്റന് ഇ മെയ്ല് ചെയ്തുകൊടുക്കുകയായിരുന്നു പതിവ്. ഉത്തരങ്ങള്‍ ശബ്ദസന്ദേശങ്ങളായി എത്തിക്കൊണ്ടിരുന്നു. ഒടുവില്‍ രണ്ടുപേരും കൂടി ഒരുമിച്ചിരുന്ന് പുസ്തകം പൂര്‍ണമായി തയാറാക്കി.
‘കോവിഡ് യഥാര്‍ഥത്തില്‍ ഒരവസരമാണ്. എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് ലോകത്തെ പഠിപ്പിച്ച രോഗം. നാം പുലര്‍ത്തുന്ന ആശയങ്ങളെക്കുറിച്ചും ആദര്ശങ്ങളെക്കുറിച്ചും വീണ്ടും ചിന്തിക്കാനുള്ള അവസരം. എന്നോ എവിടെയോ ഉപേക്ഷിച് ബന്ധങ്ങളെ തിരിച്ചെടുക്കാനുള്ള സുവര്‍ണാവസരം’- അദ്ദേഹം പറയുന്നു.
ജനങ്ങളെക്കുറിച്ച് പരിഗണിക്കാതെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു മാത്രം ചിന്തിച്ച ഭരണാധികാരികളെ വിമര്‍ശിക്കാന്‍ അദ്ദേഹം മടി കാണിക്കുന്നുമില്ല. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട ഡോണള്‍ഡ് ട്രംപിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നായങ്ങളെ മാര്‍പാപ്പ വിമര്‍ശിക്കുന്നുണ്ട്. രോഗത്തിന്റെ ഗൗരവം തിരിച്ചറിയാതെ പ്രവര്‍ത്തിച്ച ഭരണാധികാരികള്‍ ജനങ്ങളെ അപകടത്തിലേക്കാണു തള്ളിട്ടതെന്ന് അദ്ദേഹം പറയുന്നു. പൊതുജനങ്ങള്‍ കൂട്ടംകൂടുന്നതും മറ്റും ഒഴിവാക്കുന്നതിനുപകരം അവയെ പ്രോത്സാഹിപ്പിച്ചവരെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
കോവിഡ് എറ്റവും കൂടുതല്‍ ബാധിച്ചതും എന്നാല്‍ ചെറുത്തുനിന്നതും സ്ത്രീകളാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സ്ത്രീകള്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയ രാജ്യങ്ങളാണ് കോവിഡിനെ ധൈര്യപൂര്‍വം പിടിച്ചുകെട്ടിതയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വത്തിക്കാന്റെ നേതൃത്വത്തില്‍ മാറ്റം വേണമെന്ന് അഭിപ്രായപ്പെടുന്നവരോട് മാര്‍പാപ്പയ്ക്ക് പറയാനുള്ളത് ഇതാണ്: അധികാരം കൈമാറണമെന്ന് ആവശ്യപ്പെടുന്നവര്‍ വത്തിക്കാന്‍ ഒരു കോര്‍പറേഷനാണെന്നും ഓഹരിയുടമകള്‍ക്ക് നേതൃ മാറ്റം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെന്നും വിചാരിക്കുന്നു !
English Summary: Let Us Dream: The Path to a Better Future, Book by Pope Francis