കേസരി വിമര്‍ശിക്കപ്പെടണം; ആരാധന അതിശയോക്തിപരം എന്നും എംജിഎസ്
Mail This Article
അംഗീകാരത്തേക്കാളേറെ അവഗണന ഏറ്റുവാങ്ങിയും ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധതയാല്‍ ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടിവരികയും ചെയ്ത കേസരി എ. ബാലകൃഷ്ണപിള്ള വീണ്ടും ഓര്‍മിക്കപ്പെടുന്ന വര്‍ഷമാണിത്. വിടവാങ്ങിയിട്ട് 60 വര്‍ഷമാകുന്നു എന്ന കാലഗണനയുടെ സവിശേഷതയോടെ.
വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും ചാരത്തില്‍നിന്ന് ഊതിക്കാച്ചിയ പൊന്നുപോലെ കേസരിയെ വീണ്ടെടുക്കുന്ന കാലത്തുതന്നെ അദ്ദേഹത്തെ വസ്തുനിഷ്ഠമായി മനസ്സിലാക്കാനും സംഭാവനകളെ വിലയിരുത്താനും ശ്രമിച്ചിട്ടുണ്ട് ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍. കേസരിയെക്കുറിച്ചുള്ള വിമര്‍ശന പാഠം കൂടി ഉള്‍ക്കൊള്ളുന്നതാണ് എംജിഎസിന്റെ ജാലകങ്ങള്‍ എന്ന ഓര്‍മപ്പുസ്തകം. 2018 ല്‍ തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ജാലകങ്ങള്‍ക്കാണ് ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം.
മലയാള സാഹിത്യ ചക്രവാളത്തെ ഭൂമിയുടെ അറ്റത്തോളം വികസിപ്പിച്ച സാഹിത്യ നിരൂപകന്‍ എന്നാണു കേസരി വാഴ്ത്തപ്പെടുന്നത്. കേസരിയുടെ കാലം വരെ പാശ്ചാത്യ സാഹിത്യം മലയാളികള്‍ക്ക് ഇംഗ്ലിഷ് സാഹിത്യം മാത്രമായിരുന്നു; ബ്രിട്ടിഷ് സംസ്കാരവും. ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ എന്നീ ഭാഷകളിലെ മഹത്തായ കൃതികളെക്കുറിച്ച് മലയാളികളെ ആദ്യമായി പരിചയപ്പെടുത്തുന്നതു കേസരിയാണ്. യൂറോപ്യന്‍ സംസ്കൃതിയിലേക്കു കേരളത്തെ നയിച്ചതും. സിംബലിസം, ഇംപ്രഷനിസം, പോസ്റ്റ് ഇംപ്രഷനിസം, ക്യൂബിസം എന്നിങ്ങനെയുള്ള പാശ്ചാത്യ കലാ സങ്കേതങ്ങളെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പകര്‍ന്നുതന്നും അദ്ദേഹം തന്നെ. എന്നാല്‍ കാവ്യാസ്വാദനമോ കലാസ്വാദനമോ നടത്താനുള്ള സഹൃദയത്വം കേസരിക്ക് ഇല്ലായിരുന്നു എന്നാണ് എംജിഎസ് ചൂണ്ടിക്കാട്ടുന്നത്.
ജീവല്‍സാഹിത്യം എന്നറിയപ്പെട്ട പുരോഗമന സാഹിത്യത്തിലെ തുടക്കത്തിലെ തലതൊട്ടപ്പനും കേസരി തന്നെയായിരുന്നു. തകഴി, പൊന്‍കുന്നം വര്‍ക്കി, കേശവദേവ്, എസ്.കെ. പൊറ്റെക്കാട്ട് എന്നിവരുടെ വഴികാട്ടിയായും ആദ്ദേഹം വാഴ്ത്തപ്പെട്ടു. എന്നാല്‍, പല പ്രതിഭാശാലികളുടെയും കാര്യത്തിലെന്നപോലെ കേസരിയെയും അതിശയോക്തിപരമായി ആരാധിക്കുകയായിരുന്നു എന്ന് എംജിഎസ് ഉറപ്പിച്ചു പറയുന്നു. ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയും കാലത്താണ് ‘കടത്തുവഞ്ചി’ എഴുതിയ കടാമംഗലം പപ്പുക്കുട്ടിയെ ഭാവി മഹാകവിയായി കേസരി വാഴ്ത്തിയത് ! നിരൂപകന്‍ എന്ന നിലയില്‍ കേസരിക്കു സംഭവിച്ച പിഴവ് ഇതില്‍നിന്നു വ്യക്തം.
വാന്‍ഗോഗ്, ഗോഗിന്‍ ഉള്‍പ്പെടെയുള്ള ചിത്രകാരന്‍മാരെക്കുറിച്ച് ആദ്യം എഴുതി ചിത്രകലാതാല്‍പര്യം ഉണര്‍ത്താനും കേസരിക്കു കഴിഞ്ഞു. പുതുമയുടെ വെടിക്കെട്ടിനപ്പുറം ആഴമുള്ള കലാചിന്തകള്‍ അദ്ദേഹത്തില്‍നിന്നുണ്ടായില്ല. കുട്ടിക്കൃഷ്ണ മാരാര്‍, ജോസഫ് മുണ്ടശ്ശേരി എന്നിവരെപ്പോലെ കഴമ്പുള്ള സാഹിത്യനിരൂപണം അദ്ദേഹം നടത്തിയിട്ടുമില്ല.
ചരിത്രവ്യാഖ്യാനത്തിലെ വിപ്ലവകരമായ കണ്ടുപിടിത്തമായി കല്‍പഗണിതം എന്ന സിദ്ധാന്തത്തെ അവതരിപ്പിച്ചതും കേസരിക്കു സംഭവിച്ച മറ്റൊരു പിഴവാണ്. പുരാവസ്തു ശാസ്ത്രജ്ഞനായി അഭിനയിക്കാനും അദ്ദേഹം ശ്രമിച്ചെന്നും എന്നാല്‍ ദയനീയമായി പരാജയപ്പെട്ടെന്നും എംജിഎസ് ചൂണ്ടിക്കാട്ടുന്നു.
കേസരിയെക്കുറിച്ച് എംജിഎസ് വസ്തുനിഷ്ടമായി വിലയിരുത്തുന്നത് പില്‍ക്കാലത്താണ്. എന്നാല്‍ കൗമാരത്തില്‍ അദ്ദേഹവും കേസരിയുടെ ആകര്‍ഷണവലയത്തില്‍തന്നെയായിരുന്നു. ഇന്റര്‍മീഡിയറ്റിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറവൂരില്‍ നേരിട്ടുചെന്ന് കേസരിയെ സന്ദര്‍ശിച്ചിട്ടുമുണ്ട്.
ഒരു ചെറിയ വീടിന്റെ വരാന്തയില്‍ തുണി വിരിച്ച ചാരുകസേരയില്‍ വെളുത്ത മുടിയും താടിയുമുള്ള വയോവൃദ്ധനായി കേസരി ഇരിക്കുന്നു. നീണ്ട താടിയുഴിഞ്ഞ് അദ്ദേഹം എന്തോ കുത്തിക്കുറിക്കുന്നു. പരപ്പനങ്ങാടിയിലാണ് തന്റെ വീട് എന്നുപറഞ്ഞപ്പോള്‍ അവിടെയുള്ള ഒരു ബുദ്ധവിഹാരത്തെക്കുറിച്ച് കേസരി ഓര്‍മിപ്പിച്ചു. ഏതോ ശ്മശാനത്തിന്റെ ചില കല്ലുകള്‍ ഇപ്പോഴും അവിടെ ബാക്കികിടപ്പുണ്ടെന്നു പറഞ്ഞപ്പോള്‍ അവിടെ കുഴിച്ചുനോക്കേണ്ടതാണെന്നായി കേസരി. എന്നാല്‍ അതൊരു സാങ്കല്‍പികമായ നാട്യം മാത്രമായിരുന്നെന്നാണ് എംജിഎസ് വിലയിരുത്തുന്നത്. കേസരിയുടെ ചാരുകസേരയ്ക്കിരുവശവും കൂട്ടിവച്ച പുസ്തകക്കൂമ്പാരത്തില്‍ സാഹിത്യവും തത്ത്വശാസ്ത്രവും മാത്രമല്ല ചരിത്രപുസ്തകങ്ങളും ഉണ്ടായിരുന്നു.
വിദ്യാര്‍ഥിയായിരുന്ന കാലത്തെ സന്ദര്‍ശനം ഗൃഹാതുരതയോടെ ഓര്‍മിച്ചുകൊണ്ടുതന്നെയാണ് കേസരിയെ എംജിഎസ് വിലയിരുത്തുന്നത്. ചെറുപ്പക്കാരെ വേണ്ടതിലധികം അതിശയോക്തിപരമായി പ്രശംസിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കാനും കേസരി മുന്നില്‍ നിന്നെന്നും എംജിഎസിന് അഭിപ്രായമുണ്ട്.
English Summary: Book Review - MGS Narayanan about Kesari Balakrishna Pillai in his book ‘Jalakangal’