യുവ എഴുത്തുകാരെ ഇതിലേ...
Mail This Article
യുവ എഴുത്തുകാരെ ഇതിലേ, എന്നു ക്ഷണിക്കുകയാണു കേന്ദ്രസർക്കാർ. ചരിത്രമുറങ്ങുന്ന രചനകളും അതു ലോകത്തിനു മുന്നിലെത്തിക്കാൻ യുവ എഴുത്തുകാരെയും കണ്ടെത്തുകയുമാണു ലക്ഷ്യം. പദ്ധതിക്കു നൽകിയിരിക്കുന്ന പേരും യുവ (യങ് അപ്കമിങ് ആന്‍ഡ് വെര്‍സറ്റൈല്‍ ഓതേഴ്‌സ്) എന്നു തന്നെ. അക്ഷരവും സാഹിത്യവുമെല്ലാം ഇഷ്ടപ്പെടുന്ന ചെറുപ്പക്കാർക്ക് സാഹിത്യലോകത്തു വഴി തുറക്കാൻ ഇതിലും മികച്ച അവസരം ലഭിക്കാനില്ല.
കാരണം പലതുണ്ട്. നാഷനൽ ബുക് ട്രസ്റ്റിനു കീഴിലുള്ള പദ്ധതിയിൽ ചെറുപ്പക്കാർക്ക് പുസ്തകം പ്രസിദ്ധീകരിക്കാം. എഴുതുന്ന ഭാഷകളിൽ മാത്രമല്ല, മറ്റു ഭാഷകളിലേക്കും അതു പരിഭാഷ ചെയ്യപ്പെടും. മികച്ച സാഹിത്യകാരൻമാരുടെ പരിശീലനം തിരഞ്ഞെടുക്കപ്പെടുന്നവർക്കു ലഭിക്കും. രാജ്യാന്തര സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്. 6 മാസത്തേക്ക് 50,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പുസ്തകത്തിനു ജീവികതാലം മുഴുവൻ 10 ശതമാനം റോയൽറ്റിയും.
സ്വാതന്ത്ര്യം, ചരിത്രം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായാണു പദ്ധതി ആരംഭിച്ചിരിക്കുന്നതെങ്കിലും വരും വർഷങ്ങളിലും പദ്ധതി തുടരുമെന്നു എൻബിടി ഡയറക്ടർ യുവ്‍രാജ് മാലിക് പറയുന്നു. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി നടപ്പാക്കുന്നത് എൻബിടിയാണ്. ഭാരതീയ ചരിത്രവും വിജ്ഞാനവും ലോകത്തിനു പകർന്നു നൽകുന്നവരെ വാർത്തെടുക്കുകയെന്നതാണു ലക്ഷ്യം.
രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചെഴുതാൻ ജനുവരി 31ലെ മൻകി ബാത്തിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി യുവതലമുറയ്ക്ക് ആഹ്വാനം നൽകിയത്. സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട സംഭവങ്ങളും കഥകളും വ്യക്തികളുമെല്ലാം ചരിത്രത്തിന്റെ ഭാഗമാക്കാനും അതിനു വേണ്ടി അതു രേഖപ്പെടുത്താനുമായിരുന്നു ആഹ്വാനം. ആസാദി കാ ആമൃത് മഹോത്സവ്(ഇന്ത്യ 75) എന്ന പദ്ധതിയുടെ ഭാഗമായി ‘യുവ’ എന്ന ആവിഷ്കരിക്കുന്നതും അങ്ങനെ
ചരിത്രം പുസ്തകമാക്കാം
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വാഴ്ത്തപ്പെടാത്ത ധീരർ, സ്വാതന്ത്ര്യ സമരസേനാനികൾ, അറിയപ്പെടാത്തതും വിസ്മരിക്കപ്പെട്ടതുമായ സ്ഥലങ്ങൾ, ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ അവയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിലാണു രചനകൾ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ പൈതൃകവും സംസ്കാരവും വൈജ്ഞാനിക സമ്പ്രദായവും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരുടെ നിരയെ ഒരുക്കാൻ സാധിക്കുമെന്നു യുവ്‌രാജ്് മാലിക് വിശദീകരിച്ചു.
പദ്ധതിയിങ്ങനെ
30 വയസിൽ താഴെയുള്ള യുവാക്കൾക്കാണ് അവസരം. ജൂലൈ 31 വരെ(https://www.mygov.in)നടത്തുന്ന അഖിലേന്ത്യ മത്സരത്തിലൂടെ 75 എഴുത്തുകാരെ തിരഞ്ഞെടുക്കും. 5000 വാക്കിലുള്ള രചന ആദ്യം സമർപ്പിക്കണം. ഇതിൽ നിന്ന് 75 പേരെ ഓഗസ്റ്റ് 15നു പ്രഖ്യാപിക്കും. ഇവർക്ക് അവരുടെ അന്തിമ രചന നടത്താനുള്ള മെന്റർഷിപ് നാഷനൽ ബുക് ട്രസ്റ്റാണു നൽകുക. പ്രശസ്തരായ എഴുത്തുകാരൻമാർ യുവാക്കളെ നയിക്കും. ഇതിന് 4 മാസത്തെ സമയമുണ്ട്. കയ്യെഴുത്തു പ്രതികൾ ഈ വർഷം ഡിസംബർ 15നു പ്രസാധനത്തിനു തയാറാക്കണം. അടുത്ത വർഷം ജനുവരി 12നു ദേശീയ യുവജന ദിനത്തിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പരിശീലനത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസത്തേക്കു പ്രതിമാസം 50,000 രൂപയുടെ സ്റ്റൈപ്പെൻഡുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന 75 പേർക്കു സമഗ്രമായ പരിശീലനമാണു എൻബിടി നൽകുന്നത്. ആദ്യം രണ്ടാഴ്ച ഓൺലൈൻ പരിശീലന പദ്ധതി. എൻബിടിയുടെ പാനലിൽ ഉൾപ്പെട്ട 2 പ്രശസ്ത എഴുത്തുകാരാണ് ഇതിനു നേതൃത്വം നൽകുക.എൻബിടിയുടെ ഉപദേശക പാനലിലെ വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരുടെ പിന്തുണയുമുണ്ടാകും. 2 ആഴ്ചത്തെ ഓൺലൈൻ പരിശീലനം പൂർത്തിയാക്കിയ ശേഷം എൻബിടി വിവിധ സംസ്ഥാനങ്ങളിൽ ഒരുക്കുന്ന നാഷനൽ ക്യാംപുകളിൽ രണ്ടാഴ്ച ഭാഗമാക്കും. വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യസാംസ്കാരിക വൈവിധ്യം മനസിലാക്കാനാണിത്. യുവ എഴുത്തുകാർക്കു വിവിധ രാജ്യാന്തര പുസ്തോൽസവങ്ങളിലും സംസ്കാരിക വിനിമയ പരിപാടികളിലും പങ്കെടുക്കാൻ അവസരം നൽകും. എഴുത്ത് ഗൗരവമായി കൊണ്ടുപോകാൻ താൽപര്യമുള്ളവർക്ക് തങ്ങളുടെ മികവു കണ്ടത്താനുള്ള മികച്ച അവസരമാണിതെന്നു യുവ്‍രാജ് മാലിക് പറയുന്നു.
www.mygov.in എന്ന സൈറ്റിൽ mentioring yuva scheme എന്ന ലിങ്കിൽ വിവരങ്ങൾ ലഭിക്കും. കഴിഞ്ഞ മാസ ആരംഭിച്ച മൽസരത്തിന് അപേക്ഷ സമർപ്പക്കാനുള്ള സമയം 31ന് അവസാനിക്കമെന്നും ഓർക്കുക.
English Summary: YUVA (Young, Upcoming and Versatile Authors), Prime Minister's Scheme For Mentoring Young Authors