സ്വന്തം കാൻസർ കണ്ടുപിടിക്കുമ്പോൾ പ്രായം വെറും 18 ; നൊബേൽ ജേതാവിന്റെ അദ്ഭുത യാത്ര
Mail This Article
വായ്ക്കുള്ളിലെ അസാധാരണ വളർച്ച അമർത്യ സെൻ എന്ന വിദ്യാർഥി കണ്ടുപിടിക്കുന്നത് 18–ാം വയസ്സിൽ, കൊൽക്കത്തയിൽ കോളജ് വിദ്യാർഥിയായിരിക്കുമ്പോൾ. രണ്ടു ഡോക്ടർമാരെ സെൻ കണ്ടു. രണ്ടുപേരും സംഭവം ചിരിച്ചുതള്ളിയതേയുള്ളൂ. സാമ്പത്തിക ശാസ്ത്രത്തിന്റെ പുസ്തകങ്ങൾ മാറ്റിവച്ച് കാൻസറിനെക്കുറിച്ചുള്ള പുസ്തകങ്ങൾ സെൻ വായിച്ചുതുടങ്ങി. വായിലെ വളർച്ച കാൻസർ തന്നെയെന്ന് ഉറപ്പിച്ചു. അതോടെ ബയോപ്സി പരിശോധനയ്ക്ക് വിധേയനായി. പരിശോധനയിൽ സ്വന്തം നിഗമനം ശരിയാണെന്നു തെളിഞ്ഞു. രോഗിയെ തിരിച്ചറിഞ്ഞെങ്കിലും രോഗം തന്നെ കീഴടക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. രോഗാവസ്ഥയിലും സെൻ പഠനം തുടർന്നു; ഗവേഷണങ്ങളും. റേഡിയേഷൻ മുറിയിൽ സെൻ ആർത്തിയോടെ വായിച്ചത് ഷേക്സ്പിയറുടെ ദുരന്ത നാടകം കൊറിയോലാനസ്. ആ യാത്ര അദ്ദേഹത്തെ നയിച്ചത് നൊബേൽ സമ്മാനത്തിലേക്ക്, ലോകപ്രശസ്തനായ ഇന്ത്യക്കാരൻ എന്ന പദവിയിലേക്ക്, ദാരിദ്ര്യം എന്ന സമസ്യയ്ക്ക് ഉത്തരം തേടിയും അസമത്വത്തിന്റെ കാരണങ്ങൾ തേടിയും മെച്ചപ്പെട്ട ലോകം എന്ന സ്വപ്നത്തിലേക്ക്.
സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ രബീന്ദ്രനാഥ ടഗോർ സ്ഥാപിച്ച ശാന്തിനികേതനിലാണ് സെൻ ജനിച്ചതും വളർന്നതും. ഇന്ത്യയിലും പിന്നീട് വിദേശത്തും ഇപ്പോഴും ക്യാംപസുകളിലാണ് അദ്ദേഹത്തിന്റെ ജീവിതം. പുസ്തകങ്ങൾക്കും ഗവേഷണത്തിനും നിരന്തര പഠനത്തിനുമൊപ്പം. കുട്ടിക്കാലം മുതലുള്ള ഓർമകളിലേക്ക് സെൻ തിരിച്ചു നടക്കുകയാണ് ‘ഹോം ഇൻ ദ് വേൾഡ്’ എന്ന ഓർമക്കുറിപ്പിലൂടെ. ലോകപ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനെ ഈ പുസ്തകത്തിൽ അടുത്തറിയാം. എന്നാൽ, വ്യക്തിപരമായ അനുഭവങ്ങളിലേക്ക് അധികമൊന്നും സഞ്ചരിക്കാതെ അമർത്യ സെൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയ സാഹചര്യങ്ങളാണ് അദ്ദേഹം വിവരിക്കുന്നത്. അമർത്യ സെൻ എന്ന വ്യക്തിയല്ല ഇവിടെ കഥാപാത്രം. സാമ്പത്തിക ശാസ്ത്രത്തെ പ്രണയിച്ച ഒരു മനുഷ്യന്റെ ബൗദ്ധിക ജീവിതം. അന്നത്തെയും ഇന്നത്തെയും വീടുകൾ. ലോകം. ടഗോറിന്റെ പ്രശസ്ത നോവൽ ഹോം ആൻഡ് ദ് വേൾഡിനെ ഓർമിപ്പിക്കുന്നുണ്ട് സെന്നിന്റെ പുസ്തകത്തിന്റെ പേരും. ടഗോറിൽനിന്ന് അകന്ന് അദ്ദേഹത്തിന് മറ്റൊരു ജീവിതമില്ല. കാഴ്ചയും കാഴ്ചപ്പാടുകളുമില്ല. അമർത്യ എന്ന പേരിനും കടപ്പാട് ടഗോറിനോടു തന്നെ. ഗീതാഞ്ജലി പോലെ ടഗോറിന്റെ മറ്റൊരു അനശ്വര സൃഷ്ടിയാകുന്നു അമർത്യ സെന്നും.
കഠിനവും ക്രൂരവുമായ അനുഭവങ്ങളാണ് അമർത്യ സെൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. 10–ാം വയസ്സിൽ ബംഗാൾ ക്ഷാമത്തിന് അദ്ദേഹം സാക്ഷിയായി. പട്ടിണി. മരണം. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്ന മനുഷ്യർ. കുട്ടിക്കാലത്തു കണ്ട കാഴ്ചകളാണു ക്ഷേമരാഷ്ട്രം എന്ന സങ്കൽപത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ബംഗാൾ വിഭജനവും സെന്നിന്റെ ജീവിതത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് ധാക്കയിലെ കുടുംബവീട് ഉപേക്ഷിക്കേണ്ടിവന്നു.
വേദങ്ങളുൾപ്പെടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകത്തിനു സംഭാവന ചെയ്ത പുസ്തകങ്ങൾ വായിച്ചാണു സെൻ വളർന്നത്. കാളിദാസന്റെ നാടകങ്ങൾ, ആര്യഭടന്റെയും ഭാസ്കരയുടെയും സിദ്ധാന്തങ്ങൾ, ബുദ്ധ വചനങ്ങൾ.. സെന്നിന്റെ വായന നീണ്ടു. എന്തുകൊണ്ടാണ് ബുദ്ധൻ തന്നെ ആഴത്തിൽ സ്വാധീനിച്ചത് എന്നദ്ദേഹം പലപ്പോഴും അതിശയിച്ചു. പുരാതന ഗ്രീസിൽ ജീവിക്കാൻ ഒരവസരത്തിനു വേണ്ടി എന്തും ത്യജിക്കാൻ താൻ തയാറാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇംഗ്ലിഷിനു മുൻപേ സംസ്കൃതമാണ് അദ്ദേഹം പഠിച്ചത്.
1953 ലാണ് കൊൽക്കത്തയിൽ നിന്ന് സെൻ കേംബ്രിജിലേക്കു പോകുന്നത്. ബോംബെയിൽനിന്ന് കപ്പലിൽ ലണ്ടനിലേക്ക്. ഒരു കുടിയേറ്റക്കാരനായി വിദേശത്തെ ജീവിതം. അമർത്യ സെൻ എന്ന പേര് പറയാൻ വിദേശികൾക്കുണ്ടായ ബുദ്ധിമുട്ട്. നിറത്തെച്ചൊല്ലി അനുഭവിച്ച വിവേചനം. ട്രിനിറ്റി കോളജിലെ ജീവിതം. കൊൽക്കത്തയിൽ പെൺകുട്ടികളുമുള്ള ക്ലാസ്സ് മുറികളിൽ പഠിച്ച സെൻ ട്രിനിറ്റിയിലെ ക്ലാസ് മുറികളിൽ കണ്ടത് ആൺകുട്ടികളെ മാത്രം. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ട്രിനിറ്റിയുടെ വാതിലുകൾ പെൺകുട്ടികൾക്കുവേണ്ടി തുറന്നത്. രാജ്യ വിഭജനത്തിന്റെ മുറവുകളുമായി ബ്രിട്ടനിൽ എത്തിയ അദ്ദേഹത്തിനു കാണേണ്ടിവന്നതു രണ്ടു ലോക യുദ്ധങ്ങളുടെ മുറിവുകൾ ഉണക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രത്തെ. മാർക്സിന്റെ കൃതികളുടെ വിശദമായ വായന, സോഷ്യലിസ്റ്റ് പഠനങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ.
വീട്ടിൽ നിന്നാണ് അദ്ദേഹം ലോകത്തിലേക്കുള്ള യാത്ര തുടങ്ങിയത്. എല്ലാവരും അങ്ങനെ തന്നെ. എന്നാൽ വേരുകൾ മറന്നില്ല എന്നതാണ് അമർത്യ സെൻ എന്ന ബുദ്ധജീവിയെ വ്യത്യസ്തനാക്കുന്നത്. വീട് മെച്ചപ്പെട്ടതാക്കാൻ ഇന്നും അദ്ദേഹം പരിശ്രമിക്കുന്നു. ആരോപണങ്ങളും സംശയങ്ങളും ആശങ്കകളും ഉയരുന്നുണ്ടെങ്കിലും ആദർശങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കാൻ തയാറല്ല. ശരിയെന്നു തോന്നുന്നതും തെറ്റെന്ന് ഉറച്ചു വിശ്വസിക്കുന്നതും ഉറക്കെപ്പറഞ്ഞുകൊണ്ട്, പ്രത്യാഘാതങ്ങൾ കൂസാതെ തന്റെ യാത്ര തുടരുകയാണ് അമർത്യ സെൻ.
Content Summary : Home in the World: A Memoir Book by Amartya Sen