ADVERTISEMENT

സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, പ്രഭാഷകൻ.. മലയാള സാംസ്കാരിക ലോകത്തെ ഹിമവൽസാനുവായി തലയുയർത്തി നിൽക്കുന്ന പ്രഫ. എം.കെ. സാനുവിന് 27ന് 95–ാം ജന്മദിനം.

ആലപ്പുഴ ജില്ലയിലെ തുമ്പോളി മംഗലം ഭവനത്തിൽ എം.സി.കേശവൻ മകനെക്കൊണ്ടു നിത്യവും പ്രഭാതത്തിൽ ഒരു പ്രാർഥന ചൊല്ലിക്കുമായിരുന്നു.

‘അണുജീവിയിലും ഗുണമെന്നി

എന്നിൽനിന്നുളവാകാൻ തരമാകണം വിഭോ,

അണുജീവിയിലും സഹോദരപ്രണയം

ത്വൽ കൃപയാലേ തോന്നണം’

പ്രാർഥനയെ സാർഥകമാക്കിയ ജീവിതം നയിച്ച ആ മകന് ഈ 27നു 95–ാം ജന്മദിനം. പ്രഫ.എം.കെ.സാനുവെന്ന മകൻ. മലയാളക്കരയ്ക്കാകെ പ്രിയങ്കരനായ സാനു മാസ്റ്റർ... ആലപ്പുഴയിലെ ഹൈസ്കൂളിൽ സാനു എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം അധ്യാപകൻ കുട്ടികളോടു പറഞ്ഞു. ‘നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹമെന്ന് ഒരു കടലാസിൽ എഴുതിനൽകൂ.’ കടലാസുകൾ പരിശോധിച്ച് അധ്യാപകൻ പറഞ്ഞു, ‘ഇവിടെ ഒരാൾക്ക് എന്താകണമെന്ന് ഒരു പിടിയുമില്ല. ഡോക്ടറും കലക്ടറുമൊന്നുമാകേണ്ട. കവിതയാണ് എഴുതിവച്ചിരിക്കുന്നത്.’ അധ്യാപകൻ കവിത ഉറക്കെ വായിച്ചു, കുമാരനാശാന്റെ കവിതയിലെ വരികൾ: 

‘അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികൾ.’

ദിവാകരൻ നളിനിയോടു പറഞ്ഞ വാക്കുകൾ കടലാസിലെഴുതിയതു സാനുവായിരുന്നു.  ഇന്നു 95 വയസ്സിന്റെ ധന്യതയിൽ സാനു മാസ്റ്ററിലെ വിവേകി മന്ദസ്മിതം തൂകുന്നു. എൺപതോളം പുസ്തകങ്ങളെഴുതി, സ്കൂളിലും കോളജിലും അധ്യാപകനായി, പ്രഭാഷകനായി, സാഹിത്യ നിരൂപകനായി, സാംസ്കാരിക–ജീവകാരുണ്യ പ്രവർത്തകനായി... എല്ലാവർക്കും ഉപകാരിയായി. എട്ടാം ക്ലാസിൽ കടലാസിൽ എഴുതിവച്ചതെന്തോ? അക്ഷരാർഥത്തിൽ അതായിത്തീർന്നു ഗുരുശ്രേഷ്ഠൻ.

കോവിഡ്കാല പ്രാതികൂല്യത്തെ സാഹിത്യസപര്യയ്ക്ക് അനുകൂലമായി വിനിയോഗിച്ചാണു സാനുമാസ്റ്റർ നേരിട്ടത്. 5 പുസ്തകങ്ങൾ എഴുതി. നാലെണ്ണം പ്രസിദ്ധീകരിച്ചു. അഞ്ചാമത്തേതു വൈകാതെ പുറത്തിറങ്ങും.  കോവിഡിനെ വകവയ്ക്കാതെ കൊച്ചി നഗരത്തിൽ വിവിധ പരിപാടികളിൽ സജീവമായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ അദ്ദേഹത്തിനും ഭാര്യ രത്നമ്മയ്ക്കും കോവിഡ് ബാധിച്ചു. ഇപ്പോൾ ഈ പിറന്നാൾ വേളയിൽ വീട്ടിൽ രോഗാനന്തര വിശ്രമവേളയിലാണ് അദ്ദേഹം.  

 

95 വർഷത്തെ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടമായി അങ്ങു സ്വയം കാണുന്നതെന്താണ്?

‘ഞാൻ വിചാരിച്ചതിലധികം സ്നേഹവും സഹകരണവും എനിക്ക് ആളുകളിൽനിന്നു കിട്ടിയെന്നതാണ് ഏറ്റവും വലിയ നേട്ടം. അതിരില്ലാത്ത സ്നേഹം എന്നു പറയാറില്ലേ? അതാണെനിക്കു ലഭിച്ചത്.

മറക്കാനാകാത്ത സംഭവങ്ങൾ ഏറെയുണ്ടാകുമല്ലോ? അവയെക്കുറിച്ച്...

 

സൗമ്യനേയല്ല സാനുമാസ്റ്റർ

വിദ്യാർഥിയായിരുന്ന കാലത്തെ ഓർമയാണത്. ആലപ്പുഴ എസ്ഡി കോളജിൽ യൂണിയൻ ചെയർമാനായിരുന്നു ഞാൻ. ഇടതുപക്ഷം വലിയ ശക്തിയായിരുന്നു ക്യാംപസിൽ. അവർക്കെതിരായി ഞാനടങ്ങിയ പാനൽ യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഞാൻ ജയിച്ച് യൂണിയൻ ചെയർമാനായി. എന്റെ പാനലിൽ മറ്റാരും ജയിച്ചില്ല. മുൻ മുഖ്യമന്ത്രി സി.അച്യുത മേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.ഗോവിന്ദപ്പിള്ള, ആർഎസ്പി നേതാവ് എൻ.ശ്രീകണ്ഠൻ നായരുടെ ഭാര്യാപിതാവായ കെ.കെ.കുമാരപിള്ള തുടങ്ങിയവരെല്ലാമാണ് അന്നു ക്യാംപസിലെ ഇടതു നേതാക്കൾ. ഇന്ത്യ റിപ്പബ്ലിക്കായ ദിവസം (1950 ജനുവരി 26) ഇടതുപക്ഷം സമരം പ്രഖ്യാപിച്ചു. എന്നോടു സഹകരിക്കണമെന്നു പറഞ്ഞു. സഹകരിക്കില്ലെന്നു ഞാൻ. കാരണം ഇന്ത്യ റിപ്പബ്ലിക്കാകണമെന്നും ഭരണഘടനയുണ്ടാകണമെന്നും ഏറെ ആഗ്രഹിച്ചയാളാണു ഞാൻ. ഞാൻ സധൈര്യം സമരത്തിനെതിരെ പ്രവർത്തിച്ചു. സമരക്കാർ പിക്കറ്റ് ചെയ്യാൻ വന്നപ്പോൾ ഞാൻ കോളജ് വാതിൽക്കൽ കിടന്നു, എന്നെ ചവിട്ടിയിട്ടേ നിങ്ങൾക്കു പോകാനാകൂ എന്ന കർക്കശ നിലപാട്. എന്തായാലും പണിമുടക്കു പരാജയപ്പെട്ടു.

 

literature-prof-m-k-sanu-malayalam-writer
പ്രഫ. എം.കെ. സാനു

‘ആട്ടിൻകുട്ടികളായ’ റൗഡിക്കൂട്ടം

ആലപ്പുഴ സനാതന ധർമ ഹൈസ്കൂളിലാണ് സ്കൂൾ അധ്യാപകനായി ഞാൻ ഔദ്യോഗികവൃത്തി ആരംഭിച്ചത്. മനുഷ്യസ്നേഹിയായ വി.എസ്.താണു അയ്യർ ആയിരുന്നു സ്കൂളിലെ ഹെഡ്മാസ്റ്ററും മാനേജരുമെല്ലാം. സ്കൂളിൽ ജോലിക്കു ചേരുന്ന സമയത്ത് അദ്ദേഹം എന്നോടു പറഞ്ഞത് 5 സി എന്ന ക്ലാസിലെ 3 വിദ്യാർഥികളെക്കുറിച്ചായിരുന്നു. അവർ പിച്ചാത്തിയുമായി അയ്യരെ കുത്താനായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നവരാണ്. ആ ക്ലാസിന്റെ ചുമതല ഞാൻ ഏറ്റെടുക്കണമെന്നാണ് അയ്യരുടെ ആവശ്യം. ഞാൻ അനുസരിച്ചു. അന്നു നന്നേ ചെറുപ്പമാണ്. രണ്ട് ആഴ്ചയോളമായപ്പോൾ ഹെഡ്മാസ്റ്റർ എന്നോടു ചോദിച്ചു, ‘ബഹളമൊന്നുമില്ലല്ലോ? സാനു ക്ലാസിൽ എന്തു ചെയ്തു?’ എന്ന്. മറുപടി ഇങ്ങനെ, ‘ഞാൻ ഒന്നു ചെയ്തു സർ, അവരുടെ മനുഷ്യത്വം അംഗീകരിച്ചു. അത്രമാത്രം. എല്ലാവരും റൗഡികളെന്നു പറഞ്ഞ കുട്ടികൾ ഇപ്പോൾ ആട്ടിൻകുട്ടികളെപ്പോലെയാണ്.’ സ്നേഹംകൊണ്ട് ആളുകളെ സ്വാധീനിക്കാൻ സാധിക്കുമെന്നു തിരിച്ചറിഞ്ഞ സന്ദർഭമായിരുന്നു അത്.

90–ാം വയസ്സിൽ തേടിവന്ന വിദ്യാർഥി

വിദ്യാർഥികളുടെ സ്േനഹം തിരിച്ചറിഞ്ഞ ഒരുപാടു സന്ദർഭങ്ങളുണ്ട്. അതിലൊന്നു പറയാം. സ്കൂളിൽ ഞാൻ പഠിപ്പിച്ചിരുന്നതു സയൻസായിരുന്നു. എന്റെ നവതി ആഘോഷിച്ച കാലത്ത്, കൊച്ചി കാരിക്കാമുറിയിലെ വീട്ടിലേക്ക് ഒരാളെത്തി. നരച്ച താടിയും മീശയും. നീട്ടിവളർത്തിയ മുടി. അയാൾ ചോദിച്ചു, സാർ എന്നെ അറിയാമോ?

ഞാൻ തിരികെ ചോദിച്ചു, ‘അയ്യരല്ലേ?’ പെട്ടെന്നുള്ള എന്റെ മറുചോദ്യം അയാളെ അദ്ഭുതപ്പെടുത്തി. ഞാൻ സ്കൂളിൽ പഠിപ്പിച്ച കുട്ടിയാണ്. പേര് രാമചന്ദ്ര അയ്യർ. അയാൾ യുഎസിൽ ഒരു ശാസ്ത്രമാസികയുടെ എഡിറ്ററാണ്. വലിയ പ്രബന്ധങ്ങളെല്ലാം അവതരിപ്പിക്കാറുണ്ട്. 

അതു വലിയ നേട്ടമാണല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, ‘എന്റെ നേട്ടത്തിനു കാരണം സാറാണ്.’ ഐസക് ന്യൂട്ടനെക്കുറിച്ചും ഗലീലിയോയെക്കുറിച്ചുമെല്ലാം പഠിപ്പിക്കുമ്പോൾ അവരുടെ ജീവചരിത്രംകൂടി സർ പറഞ്ഞുതരാറുണ്ടായിരുന്നു. അത് എന്നെ വല്ലാതെ പ്രചോദിപ്പിച്ചു. അങ്ങനെ ഞാൻ ശാസ്ത്രത്തിൽ തൽപരനായി. ഈ ജോലിയിലെത്തി.

നാട്ടിൽ അവധിക്കു വന്നപ്പോൾ പത്രത്തിൽ എന്റെ നവതി ആഘോഷങ്ങളെക്കുറിച്ചു വായിച്ചറിഞ്ഞാണ് എന്നെ കാണാൻ അയാൾ പുറപ്പെട്ടത്. 

sanu-author-writer-malayalam-literature-literary-world
പ്രഫ. എം.കെ. സാനു

എവിടെ സംസാരിക്കുമ്പോഴും ‘ഒരു മണൽത്തരിയോളം ചെറുതാണു ഞാൻ’ എന്നാണല്ലോ അങ്ങ് പറയാറ്?

എളിയവനാണെന്ന ബോധം എനിക്കു സഹജമായി ലഭിച്ചതാണ്. ഞാൻ ആരുമല്ലെന്ന തോന്നൽ. എപ്പോഴും എനിക്കങ്ങനെ തോന്നാറുണ്ട്. ആരും എന്നെക്കാൾ താണവരാണെന്നു തോന്നിയിട്ടേയില്ല.

എങ്ങനെയാണു പ്രസംഗത്തിലേക്കു വന്നെത്തിയത്?

പ്രസംഗം ഞാൻ പരിശീലിച്ചിട്ടേയില്ല. അതൊരു നിമിത്തത്തിലൂടെ തുടങ്ങിയതാണ്. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ഘട്ടം. നാട്ടുരാജ്യങ്ങളെയെല്ലാം രാജ്യത്തോടു ചേർത്തുകൊണ്ടിരിക്കുന്നു. സ്വതന്ത്ര രാജ്യമായി നിൽക്കാനാണു തിരുവിതാംകൂറിന്റെ തീരുമാനം. സി.പി. രാമസ്വാമി അയ്യരാണ് അന്നത്തെ ദിവാൻ. ഞാനടക്കമുള്ള പലരും അതിനെതിരായിരുന്നു. ഇന്ത്യൻ യൂണിയനിൽ ചേരണമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. ആ നിലപാടിനെ അനുകൂലിക്കുന്നവരിൽ പ്രബലനായി മുൻ മുഖ്യമന്ത്രി ആർ.ശങ്കർ ഉണ്ടായിരുന്നു. അന്ന് എസ്എൻഡിപി യോഗത്തിന്റെ പരമാധികാരിയായിരുന്ന അദ്ദേഹം എല്ലാ ശാഖകളിലും പൊതുയോഗം വിളിച്ചു പ്രമേയം പാസാക്കിച്ചു. ആലപ്പുഴ തുമ്പോളിയിലെ ഞങ്ങളുടെ ശാഖയിലും പൊതുയോഗം ചേർന്നു. ഞങ്ങൾക്കും സംസാരിക്കാൻ അവസരം വേണമെന്ന് അധ്യക്ഷനു കുറിപ്പു നൽകി. രമേശൻ എന്ന സുഹൃത്താണു സംസാരിക്കാമെന്നേറ്റത്. എന്നാൽ, പേരു വിളിച്ചപ്പോൾ രമേശൻ മെല്ലെ പിൻവലിഞ്ഞു. എല്ലാവരുംചേർന്ന് എന്നെ മുന്നിലേക്കു തള്ളിവിട്ടു. അങ്ങനെയാണ് ആദ്യത്തെ പ്രസംഗം. നന്നായി സംസാരിച്ചെന്നു മറ്റുള്ളവർ പറഞ്ഞു. അതൊരു തുടക്കമായിരുന്നു.  

എഴുത്തിന്റെ തുടക്കം

എഴുത്തിന്റെ തുടക്കവും പ്രസംഗവുമായി ബന്ധപ്പെട്ടുതന്നെ. അല്ലാതെയും എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. സാഹിത്യ സംഘം രണ്ടായി പിരിഞ്ഞപ്പോൾ കെ.ബാലകൃഷ്ണൻ, കാമ്പിശേരി കരുണാകരൻ തുടങ്ങിയ പുരോഗമന ചിന്താഗതിക്കാർ ഒരു വിഭാഗമായി. അവർ ജോസഫ് മുണ്ടശേരിയെല്ലാം ഉൾപ്പെട്ട എതിർവിഭാഗത്തിനെതിരെ യോഗം നടത്തിയപ്പോൾ എന്നോടും പ്രസംഗിക്കാൻ പറഞ്ഞു. നിങ്ങൾ പറഞ്ഞതിനോടു ഞാൻ എന്റെ പ്രസംഗത്തിൽ യോജിച്ചുകൊള്ളണമെന്നില്ലെന്നായി എന്റെ നിലപാട്. എന്നിട്ടും അനുവദിച്ചു. അമേരിക്കൻ എഴുത്തുകാരൻ വാൾട്ട് വിറ്റ്മാനെ ഉദാഹരിച്ചായിരുന്നു എന്റെ പ്രസംഗം. കേട്ടുകഴിഞ്ഞപ്പോൾ ബാലകൃഷ്ണൻ എന്നോടു പറഞ്ഞു, ‘ഇതൊന്ന് എഴുതിത്തരൂ’. അങ്ങനെ ഞാൻ എഴുതി ലേഖനമായി നൽകി. അതു മൂന്നു ലക്കങ്ങളായി അദ്ദേഹം പ്രസിദ്ധീകരിച്ചു. അതു വായിച്ചു കുറ്റിപ്പുഴ കൃഷ്ണപിള്ള കത്തെഴുതി, ‘ആരാണീ എം.കെ.സാനു, അയാളുടെ ലേഖനം വളരെ നന്നായിട്ടുണ്ടല്ലോ’ എന്നായിരുന്നു ഉള്ളടക്കം. ബാലകൃഷ്ണൻ ആ കത്ത് എന്നെ കാണിച്ചു. ഏറെ സന്തോഷം തോന്നി.

എംഎൽഎ ആയതിന്റെ ഓർമ

രാഷ്ട്രീയത്തിലേക്കു വരാനിടയായതു പുകാസ പ്രസിഡന്റായിരുന്ന കാലത്താണ്. 1987ൽ കാലാവധി അവസാനിച്ച സർക്കാരിന്റെ ഭരണത്തെക്കുറിച്ച് എനിക്കു വ്യക്തിപരമായ പല എതിരഭിപ്രായങ്ങളുമുണ്ടായിരുന്നു. അക്കാലത്ത്, എൽഡിഎഫ് സാംസ്കാരിക രംഗത്തെ പ്രമുഖരെയും സ്ഥാനാർഥികളാക്കുമെന്ന് ഇഎംഎസ് പ്രഖ്യാപിച്ചു. എറണാകുളം മണ്ഡലത്തിൽ എന്നോടും മത്സരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ കൂട്ടാക്കിയില്ല.

author-m-k-sanu-literature-literary-world
പ്രഫ. എം.കെ. സാനു

‘ഞങ്ങൾ തോൽക്കണമെന്നു മാഷ് എന്തായാലും ആഗ്രഹിക്കുന്നില്ലല്ലോ? അതിനാൽ പരമാവധി സഹായിക്കണം’ എന്ന് ഇഎംഎസ് പറഞ്ഞു. എനിക്ക് അർധമനസ്സായി. കോഴിക്കോട്ട് ഒരു പ്രസംഗത്തിനു പോയി തിരിച്ചെത്തുമ്പോഴേക്കും ചുമരുകളിലെല്ലാം എന്റെ പേരു നിറഞ്ഞിരുന്നു. അപ്പോൾ എം.എം.ലോറൻസ് പറഞ്ഞു, ഇനി മാഷ് പിൻമാറരുതെന്ന്.

തിരഞ്ഞെടുപ്പിൽ ജയിച്ചു. യുഡിഎഫ് കോട്ടയായ എറണാകുളത്തെ ജയം എന്റെ സ്നേഹത്തിനുള്ള ജനത്തിന്റെ മറുപടിയായാണു കാണുന്നത്. നിയമസഭയിലും ഇരു മുന്നണികളിലെയും അംഗങ്ങളുമായി ഒരേപോലെ സൗഹൃദം പുലർത്താൻ സാധിച്ചു.

വലിയ ശിഷ്യഗണം, സൗഹൃദവലയം

നീണ്ടനിരയാണു ശിഷ്യഗണത്തിന്റേത്. മഹാരാജാസിൽ എ.കെ.ആന്റണി, വയലാർ രവി, മമ്മൂട്ടി, ജോൺ പോൾ തുടങ്ങി അവരുടെ പട്ടിക വളരെ നീളും. കോവിഡ് ബാധിച്ചു കിടപ്പിലായപ്പോൾ എ.കെ.ആന്റണി രണ്ടു തവണ വിളിച്ചു. മമ്മൂട്ടിയും വിളിച്ചു. ശിഷ്യനല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സുഖവിവരമന്വേഷിച്ചു.

ഇന്നു പ്രഫ.എം.തോമസ് മാത്യു, ജോൺ പോൾ തുടങ്ങിയവരെല്ലാം ഒരു വിളിപ്പുറത്തുള്ള സൗഹൃദങ്ങളാണ്. സായാഹ്നത്തിൽ ഗ്രാമപാതയിലെ കലുങ്കിന്മേലിരുന്നു കുശലം പറയുന്ന സുഹൃത്തുക്കളെപ്പോലെ എപ്പോഴും അരികത്തുള്ളവർ. പണ്ടു ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഡോ.സി.കെ.രാമചന്ദ്രനുമായിരുന്നു ആ സൗഹൃദത്തിലുണ്ടായിരുന്നവർ. കൃഷ്ണയ്യർ ഇന്നില്ല. ഡോ.സി.കെ.രാമചന്ദ്രൻ രോഗാവസ്ഥയിലാണ്. അതിനും മുൻപത്തെ കാലത്തു വൈക്കം മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള വലിയ സൗഹൃദവലയം. എറണാകുളം മേനകയ്ക്കടുത്തുള്ള സായാഹ്ന സംഗമങ്ങൾ. പ്രസ് ക്ലബ് റോഡിൽ ബഷീർ ബുക് സ്റ്റാളിലിരുന്നുള്ള സൊറപറച്ചിൽ. ബഷീർ, സി.ജെ.തോമസ്, പി.കെ.ബാലകൃഷ്ണൻ, പെരുന്ന തോമസ് തുടങ്ങി എത്രയോ പേർ. അന്നത്തെ സൗഹൃദങ്ങൾ ആഴമുള്ളതായിരുന്നു.

പുതുതലമുറയോടു പറയാൻ...

മറ്റുള്ളവർക്കു നമ്മിൽനിന്ന് ഉപകാരമില്ലെങ്കിൽ ജീവിതത്തിന് അർഥമില്ല. മനസ്സിലെ അലിവാണു നമ്മളെ നമ്മളാക്കുക. എറണാകുളം ജില്ലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള സ്കൂളിൽ ഞാൻ സഹകരിക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞ് മൂന്നു വർഷം അവർക്കൊപ്പം പ്രവർത്തിച്ചു. ജില്ലയിൽ ഒരിടത്ത് അവർക്കായി ഒരു വിദ്യാലയം ആരംഭിക്കാൻ ഞാൻ പ്രചോദനമായി. അതിന്റെ രക്ഷാധികാരിയായി. അവർ പരിശീലിക്കുന്ന കൂട്ടത്തിൽ പങ്കെടുത്തു, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി. എല്ലാവർക്കും എന്നോടു വലിയ സ്നേഹമായിരുന്നു. അവരോടു തിരിച്ച് എനിക്കും.

ഞാൻ എട്ടാം ക്ലാസിൽവച്ചു കടലാസിലെഴുതിയതു പോലെ, ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കും അമലേ വിവേകികൾ...’ അതിലപ്പുറം എന്തു പറയാൻ.

Content Summary : Kerala literary stalwart Prof M K Sanu turns 95

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com