സ്നേഹിച്ചിട്ടുണ്ടോ ആരെയെങ്കിലും; സ്വയം സ്നേഹിക്കുന്നതു പോലെയല്ലാതെ

Mail This Article
ഒരു വ്യക്തിയോടു തോന്നുന്ന സ്‌നേഹത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുന്നത് സ്‌നേഹിക്കുന്നതുപോലെയുള്ള അനുഭവമാണ്. ആവേശകരവും എന്നാൽ ദുഃഖഭരിതവും. ചിലപ്പോൾ കാരണങ്ങൾ കണ്ടെത്താൻ കഴിയണമെന്നില്ല. കണ്ടെത്തുന്ന കാരണങ്ങൾ ശരിയായിക്കണം എന്നുമില്ല. എന്നാലും ചിലപ്പോൾ അത് ഒഴിവാക്കാനാവില്ല ; സ്‌നേഹത്തെക്കുറിച്ചുള്ള അന്വേഷണം.
എല്ലാവർക്കുമുണ്ടാകും ചില ലക്ഷ്യങ്ങൾ, ഏതു തരത്തിലുള്ള വ്യക്തിയാകണം എന്നതിനെക്കുറിച്ച്. എവിടെയെത്തണം, എന്താകണം, എന്തുമാത്രം സമ്പാദിക്കണം എന്നൊന്നുമല്ല. എവിടെയായിരുന്നാലും എന്തായില്ലെങ്കിലും വ്യക്തിയെന്ന നിലയിൽ എങ്ങനെ ജീവിക്കണം എന്നത്. എന്നാൽ, ഒരിക്കൽ തിരിഞ്ഞുനോക്കുമ്പോൾ ഏറിയും കുറഞ്ഞും അസംതൃപ്തിയായിരിക്കും അവശേഷിക്കുന്നത്. എങ്ങനെയാകണം എന്നാഗ്രഹിച്ചോ അതു നിറവേറാൻ കഴിയാത്തതിന്റെ നിരാശ തോന്നാത്ത ആരങ്കിലുമുണ്ടാകുമോ. കൂടിയും കുറഞ്ഞുമുണ്ടാകും വിഷാദം. എന്നാൽ, ഒന്നുറപ്പാണ്. പൂർണമായും ലക്ഷ്യം നിറവേറിയില്ലല്ലോ എന്ന സങ്കടം വേട്ടയാടുക തന്നെ ചെയ്യും, എത്രമാത്രം ഉയരത്തിൽ എത്തിയ മനുഷ്യന്റെ ഉള്ളിലും; യഥാർഥ ആത്മാന്വേഷണമാണ് നടത്തുന്നതെങ്കിൽ.
ജീവിതയാത്രയ്ക്കിടെ ചിലപ്പോൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആകർഷിക്കാറുണ്ട്. ചിലപ്പോഴെങ്കിലും അവർ, നമ്മൾ ആകാൻ കൊതിച്ചതെന്തോ അതുപോലെ പെരുമാറുന്നവരാവും. അതോടെ, അവരോട് ഇഷ്ടം തോന്നുന്നു. അവർ സുഹൃത്തുക്കളോ സ്‌നേഹിതരോ ആകുന്നു. ബന്ധം ദൃഡമാകുന്നു. എന്നെങ്കിലും ഒരിക്കൽ അവർക്കെന്തെങ്കിലും സംഭവിച്ചാൽ തോന്നുന്ന ദുഖം അവർക്കുവേണ്ടി മാത്രമായിരിക്കില്ല, നമുക്കു വേണ്ടിക്കൂടിയാകും. അവർ അപരർ അല്ല, സ്വന്തം വ്യക്തിത്വത്തിന്റെ ബഹിർസ്ഫുരണം തന്നെയല്ലേ. അത്തരം വേദന എന്നെങ്കിലും അനുഭവിച്ചവർക്കു മാത്രമേ ഡേമൻ ഗാൽഗട്ടിന്റെ കൃതികൾ പൂർണമായി മനസ്സിലാകൂ. അഥവാ, ആ കൃതികളുടെ ആന്തര രഹസ്യങ്ങളിലേക്കുള്ള താക്കോൽ ലഭിക്കൂ. ഇത്തവണത്ത ബുക്കർ സമ്മാനം ലഭിച്ചതോടെ അദ്ദേഹം ഇതുവരെ അറിയാതിരുന്നവർക്കും പരിചയമുള്ള വ്യക്തിയായി മാറി. എന്നാൽ, മലയാളികൾക്കു നേരത്തേ തന്നെ ഗാൽഗട്ടിനെ അറിയാം. 6 വർഷം മുൻപ് 2015 ൽ തന്നെ അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ മലയാളത്തിൽ എത്തിയിരുന്നു. ദ് ഗുഡ് ഡോക്ടർ. പൗലോ കൊയ്‌ലോയെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച രമാ മേനോൻ മൊഴിമാറ്റിയ പുസ്തകം പ്രസിദ്ധീകരിച്ചത് തൃശൂർ കറന്റ് ബുക്സ്.
ഗുഡ് ഡോക്ടർ മാത്രമല്ല, ഗാൽഗട്ടിന്റെ എല്ലാ കൃതികളും വായിച്ചിരിക്കേണ്ടതാണ്. വ്യക്തികളുടെ ഉള്ളിലേക്ക് തീവ്രമായ പ്രകാശമുള്ള ടോർച്ച് അടിക്കുന്ന ഓരോ നോവലും അസാധാരണവും സവിശേഷവുമായ അനുഭവങ്ങളാണ്. ഒരേ സമയം ആത്മപരിശോധനയും ലോകക്കാഴ്ചയും. കൊലപാതകിയും ഇരയും ഒരാൾ തന്നെയാകുന്ന വിചിത്രാനുഭവം. വേട്ടകാരനും വേട്ടയാടപ്പെട്ട ജീവിയും ഒരൊറ്റ വ്യക്തിയാകുന്നതിന്റെ സംഘർഷം. വെളുത്തവനും കറുത്തവനും ഒരേയൊരാൾ തന്നെയാണ് എന്നറിയുമ്പോഴത്തെ പരിഭ്രമവും ഉൽക്കണ്ഠയും അനുഭവിച്ചു തന്നെ അറിയണം. ഒരു പക്ഷേ, സാഹിത്യം ഇന്നും എന്തുകൊണ്ട് മനുഷ്യനെ കീഴടക്കുന്നു എന്നതിന്റെ ഉത്തരം കൂടിയാണ് ഗാൽഗട്ട്. അടുത്ത വർഷങ്ങളിൽ നൊബേൽ സമ്മാനം ലഭിക്കാൻ സാധ്യതയുള്ള എഴുത്തുകാരൻ കൂടിയാണദ്ദേഹം. അങ്ങനയൊരു കാവ്യനീതി കൂടി ലോകം കാത്തുവച്ചിട്ടുണ്ടാകും എന്നു പ്രതീക്ഷിക്കാം.
ദക്ഷിണാഫ്രിക്കയിലെ ഹോം ലാൻഡ് എന്ന പിന്നാക്ക പ്രദേശമാണ് ഗുഡ് ഡോക്ടർ എന്ന നോവലിന്റെ പശ്ചാത്തലം. എല്ലാ അർഥത്തിലും അവികസിതമായ പ്രദേശം. ദരിദ്രം. അക്ഷരാർഥത്തിൽ ഇരുണ്ടതും പേടിപ്പെടുത്തുന്നതും. ദക്ഷിണാഫ്രിക്കയിലെ വർണഭ്രാന്തരായ വെളുത്തവരുടെ സർക്കാർ കറുത്ത വർഗക്കാർക്കുവേണ്ടി മാറ്റിവച്ച പ്രദേശം. എന്നാൽ, അവിടെ എങ്ങനെ ജീവിക്കണം എന്നതിനുള്ള അവകാശം അവർക്കു നൽകിയിരുന്നു, കറുത്ത വർഗക്കാർക്ക്.
ഹോം ലാൻഡിലെ സർക്കാർ ആശുപത്രി മികച്ചതോ സൗകര്യങ്ങളുള്ളതോ ആയിരുന്നില്ല. പ്രാഥമിക ചികിത്സ ഉൾപ്പെടെ ചെയ്യാം എന്നേയുള്ളൂ. ഗുരുതര സ്വഭാവമുള്ള രോഗികൾ അവിടെയെത്തിയാൽ ഡോക്ടർമാർ തന്നെ വേഗം നഗരത്തിലെ വലിയ ആശുപത്രിയിലേക്കു കൊണ്ടുപോയി ജീവൻ രക്ഷിക്കുന്നതായിരുന്നു പതിവ്. അവിടെ കുറെയധികം വർഷങ്ങളായി ജോലി ചെയ്യുന്നു ഫ്രാങ്ക് എലോഫ് എന്ന ഡോക്ടർ. അയാൾക്ക് വിജനവും വിരസവുമായ ആശുപത്രിയിൽ തുടരാൻ വ്യക്തിപരമായ കാരണങ്ങളുമുണ്ട്. വിവാഹം തകർന്നു. വർഷങ്ങളായി അടുത്ത സുഹൃത്തായി കൂടെയുള്ള വ്യക്തിയാണ് ഇപ്പോൾ അയാളുടെ ഭാര്യയുടെ കാമുകൻ. വഞ്ചനയുടെ, ചതിയുടെ നോവ് മറക്കാൻ കഴിയുന്നില്ല. മാറാവ്രണത്തിൽ നിന്നൊഴുകുന്ന ചോര സൃഷ്ടിക്കുന്ന അസ്വസ്ഥതകളിൽ നിന്ന് രക്ഷപ്പെടാൻ കൂടിയാണ് സ്വമനസ്സാലെ ആരും തിരഞ്ഞെടുക്കാത്ത ഹോംലാൻഡിലെ ആശുപത്രി അയാൾ തിരഞ്ഞെടുത്തത്. പ്രണയത്തിൽ ചതിക്കപ്പെട്ടതിന്റെയും തിരസ്‌കരിക്കപ്പെട്ടതിന്റെയും വേദനയുമായി, തിരക്കില്ലാത്ത ജോലിയിൽ മുഴുകി കഴിയുന്ന ഫ്രാങ്കിന്റെ ജീവിതത്തിലേക്ക് ലോറൻസ് വട്ടേറിസ് എന്ന യുവ ഡോക്ടർ എത്തുന്നു. നിർബന്ധിത കമ്മ്യൂണിറ്റി സർവീസിന്റെ ഭാഗമായാണ് അയാൾ ഹോം ലാൻഡിൽ എത്തുന്നത്. എന്നാൽ സ്ഥലം അയാൾ തിരഞ്ഞെടുത്തതുതന്നെയാണ്. പ്രതിബദ്ധതയും സമർപ്പണവുമാണ് അയാളെ നയിക്കുന്നത്. ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആവേശം. ഉത്സാഹം. പരിമിതികളും പ്രതിബന്ധങ്ങളും അയാളെ തടയുന്നില്ല. കൂടുതൽ ഉറച്ച മനസ്സോടെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നതേയുള്ളൂ.
ഫ്രാങ്കിന്റെ മുറിയിലാണ് ലോറൻസ് താമസിക്കുന്നത്. മുറി പങ്കുവയ്‌ക്കേണ്ടിവരും എന്ന ചിന്ത ഫ്രാങ്കിനെ അസ്വസ്ഥനാക്കുന്നു. എന്നാൽ മറ്റൊരു മാർഗം അയാൾക്കു കണ്ടുപിടിക്കാൻ ആവുന്നില്ല.
രണ്ടു ഡോക്ടർമാരുടെയും ബന്ധത്തിലൂടെയാണു നോവൽ വികസിക്കുന്നത്. വർണവിവേചനം ഒരിക്കലും ചർച്ചയാകുന്നില്ല. എന്നാൽ എല്ലാം സംഭവങ്ങൾക്കും വാക്കുകൾക്കും വാക്യങ്ങൾക്കും പിന്നിൽ, ഓരോ ദൃശ്യത്തിനും പിന്നിൽ ആന്തരശ്രുതിയായി വിവേചനം എന്ന യാഥാർഥ്യമുണ്ട്. വിദ്വേഷത്തിലേക്കോ പ്രതികാരത്തിലേക്കോ അല്ല കഥ നയിക്കുന്നത്. നിസ്സഹായതിയിലേക്കുമല്ല. കാത്തിരുന്ന തിരിച്ചറിവുകളിലേക്ക്. വെളിപാടുകളിലേക്ക്. അവയിലൂടെ സ്വയം കണ്ടെത്താൻ വഴി കാണിച്ചിട്ട് നോവലിസ്റ്റ് മാറി നിൽക്കുകയാണ്. ഇനി നിങ്ങൾക്കു പാത തിരഞ്ഞെടുക്കാം. ഞാൻ ഇടപെടുന്നേയില്ല. എന്നാൽ സ്വീകരിക്കാൻ പോകുന്ന ഏതു നിലപാടിനും പിന്നിൽ ഡാമൻ ഗാൽഗൂട്ട് തീക്ഷ്ണതയോടെ അവതരിപ്പിക്കുന്ന മാനുഷിക പ്രശ്‌നങ്ങളുണ്ട്. അവ കണ്ടില്ലെന്നു നടിച്ച് ഒരാൾക്കും മുന്നോട്ടുപോകാനാവില്ല. അത്തരമൊരു നിർണായക സന്ദർഭത്തിലേക്കാണു നോവൽ വികസിക്കുന്നത്.
ഫ്രാങ്കിന്റെ ഒരു രഹസ്യം ലോറൻസ് കണ്ടുപിടിക്കുന്നുണ്ട്. അത് അവരെ ഒരേസമയം പരസ്പരം സുഹൃത്തുക്കളും ശത്രുക്കളുമാക്കി മാറ്റുന്നുണ്ട്. പ്രദേശം ചുറ്റിക്കാണുന്നതിനിടെ അവർ ഒരു കടയിൽ കയറുന്നു. അവിടെ ഒരു സ്ത്രീയാണ് കട നടത്തുന്നത്. മറിയ എന്നാണവരുടെ പേര്. ഫ്രാങ്ക് പരിചയസമ്പന്നൻ എന്ന നിലയിൽ ലോറൻസിനെ കട പരിചയപ്പെടുത്തുന്നു. അസാധാരണമായി ഒന്നും സംഭവിക്കാതെ അവർ തിരിച്ചിറങ്ങുന്നു. എന്നാൽ ലോറൻസിന്റെ ഒരു ചോദ്യത്തിൽ നിന്ന് ഫ്രാങ്കിന് ഒഴിഞ്ഞുമാറാൻ പറ്റുന്നില്ല. ഒഴിഞ്ഞു മാറുന്നുണ്ട്. എന്നാൽ കള്ളം പറഞ്ഞാണെന്നു മാത്രം.
അവർ നിങ്ങളുടെ സുഹൃത്താണോ എന്നാണ് ലോറൻസ് ചോദിക്കുന്നത്. അവരോടൊപ്പം നിങ്ങൾ കിടക്കാറുണ്ടോ എന്നും.
ഇല്ലെന്ന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് ഫ്രാങ്ക് രക്ഷപ്പെടുന്നുവെങ്കിലും അയാൾക്ക് ഫ്രാങ്കിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുകയായിരുന്നു. അയാളും മറിയയും തമ്മിലുള്ള ബന്ധം ലോറൻസ് എങ്ങനെ കണ്ടുപിടിച്ചു എന്ന ചോദ്യത്തിനും ഉത്തരമില്ല.
മിക്ക ദിവസങ്ങളിലും ഫ്രാങ്ക് മറിയയെ രാത്രികളിൽ സന്ദർശിക്കാറുണ്ട്. എന്നാൽ, ആരും അറിയാതെ അവർ ആ രഹസ്യം ഇതുവരെ കാത്തുസൂക്ഷിച്ചു. എന്നാൽ, ലോറൻസ് എങ്ങനെയായിരിക്കും അതു കണ്ടുപിടിച്ചിട്ടുണ്ടാകുക. എന്തായാലും ഈ സംഭവത്തോടെ ഫ്രാങ്കും മറിയയും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. നോവലിലെ ഏറ്റവും ഹൃദയ സ്പർശിയായ സംഭവങ്ങളും ഇവർ രണ്ടു പേരും തമ്മിലുള്ള ബന്ധവും അതിനെത്തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ്.
അതുവരെ മറിയ അയാൾക്ക് രാത്രി കൂട്ടുകാരി മാത്രമായിരുന്നു. അതിനുശേഷവും അതങ്ങനെതന്നെ തുടരുന്നു. എന്നാൽ മറിയ, അയാളുടെ ചിന്തകളിൽ, സ്വപ്‌നത്തിലും ജാഗ്രത്തിലും ഇടംപിടിക്കുന്നു. അനിവാര്യമായ ദുരന്തത്തിലേക്കാണ് അവരുടെ യാത്ര, എല്ലാ തീവ്രമായ ബന്ധങ്ങളും എന്ന പോലെ. കൂടിക്കാഴ്ചകൾ. വാഗ്ദാനം പാലിക്കാത്ത രാത്രികൾ. നിരാശയും വിഷാദവും. എന്നാൽ, ഒരിക്കലും ഒഴിവാക്കാനാവത്ത ഹൃദയവ്യഥയായി മറിയ നിറയുന്നു. അധികമൊന്നും പറയാതെ, ആംഗ്യങ്ങളിലൂടെ, ശിഥിലമായ അവരുടെ സാന്നിധ്യത്തിലൂടെ.
ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഒരു ദിവസം പറയുന്നു; ഒരു പ്രത്യേക ദിവസം കാണണമെന്ന്. ആ വ്യക്തി കാത്തിരിക്കും എന്നതുറപ്പാണ്. എന്നാൽ, എന്തുകൊണ്ടോ ആ ദിവസം വാക്കു പാലിക്കുന്നില്ല. ഏതാനും ദിവസം കൂടി കഴിഞ്ഞ് വാഗ്ദാനത്തിന്റെ ഓർമയിൽ കാണാൻ ചെന്നിട്ടുണ്ടോ. ആ വ്യക്തിയെ നിങ്ങൾ കാണില്ല എന്നതുറപ്പാണ്. ആ സ്ഥലം പോലും മാറിയിട്ടുണ്ടാകും. എന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ. ആ വേദനയിൽ ഒരു ജൻമം പിരിഞ്ഞു ജീവിച്ചിട്ടുണ്ടോ. പ്രണയത്തിന്റെ വേരുകൾ തേടി മനസ്സിന്റെ ആഴത്തിൽ കുഴിക്കുന്നതുപോല. കുഴിച്ചിട്ട അസ്ഥികൾ കയ്യിൽ തടയുമ്പോൾ ആരെയായിരിക്കും കരഞ്ഞുവിളിക്കുക; ദൈവത്തെയോ... പറഞ്ഞു പറ്റിച്ച കാമുകിയേയോ ?
വർണവിവേചനത്തിന്റെ അവസാന നാളുകളിലെ ദക്ഷിണാഫ്രിക്കയാണ് നോവലിന്റെ പശ്ചാത്തലമെങ്കിലും എവിടെയോ വച്ച് നോവൽ ഓരോ വ്യക്തിയുടെയും അകംകാഴ്ചയായി മാറുന്നു. ഞെട്ടിപ്പിക്കുന്നതും മോഹിപ്പിക്കുന്നതും എന്നാൽ കാണാൻ കരുത്തില്ലാതെ ഒഴിവാക്കിയതുമായ അകക്കാഴ്ച. അതിന്റെ സ്വാധീനം വേട്ടയാടാത്ത വായനക്കാരുണ്ടാകില്ല. അതാകട്ടെ വാക്കുകളിലൂടെ ആവിഷ്‌കരിക്കാനുമാകില്ല. അനുഭവിക്കാനേ അറിയൂ. അതത്ര എളുപ്പവുമല്ല. മുറിവുകളിലൂടെ വിരലോടിക്കുന്നതുപോലെ. കഴിഞ്ഞ കാലത്തിന്റെ ഏറ്റവും ദുഃഖഭരിതമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതുപോലെ. ഒന്നേ പറയാനുള്ളൂ. ഗുഡ് ഡോക്ടർ വായിക്കുമ്പോൾ, സ്വന്തം മനസ്സിനെ നേർക്കുനേർ കാണുമ്പോൾ, തളരരുത്. ഇതും നിയോഗം തന്നെ. ആ കാഴ്ചയ്ക്ക് കരുത്തുണ്ടാകട്ടെ. വേദനകളെ ഒരിക്കൽക്കൂടി കുത്തിയുണർത്താൻ കഴിവു നേടട്ടെ. അതൊരു പക്ഷേ, മനുഷ്യത്വത്തിലേക്കുള്ള യാത്രയുമായിരിക്കും. മനുഷ്യനെന്ന പേരിനെ സാധൂകരിക്കുന്നത്. അതിൽക്കൂടുതൽ ഹൃദയത്തിന്റെ പ്രസക്തിയും വികാരങ്ങളുടെ നിലനിൽപും അംഗീകരിക്കുന്നതും.
ഫ്രാങ്ക്, താങ്കൾ തനിച്ചല്ല. നഷ്ടപ്പെട്ട പ്രണയത്തിലൂടെ നിങ്ങൾ പ്രണയ രാജ്യത്തിന് എന്നേക്കും അവകാശിയായിരിക്കുന്നു.ഏറ്റവും കടുത്ത ശത്രുവിനെ ശുശ്രൂഷിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതിലൂടെ, ശത്രുതയെ കുഴിച്ചുമൂടിയിരിക്കുന്നു.
മാടിവിളിച്ച സൗകര്യങ്ങളെ അവഗണിച്ച്, ഹോം ലാൻഡിൽ തുടർന്നതിലൂടെ സമത്വ സുന്ദരമായ ലോകം രചിച്ചിരിക്കുന്നു.
പിന്നെ, ഏകാന്തതയെന്ന ശാപം. വേദന. ആ ശാപം പങ്കുപറ്റുന്നവരാണ് എല്ലാവരും. ആ വേദനയാണ് മനുഷ്യരെ ഒരുമിപ്പിക്കുന്നത്. അതേ, ആരോ വരുന്നുണ്ട്. ഒരുപക്ഷേ, അവർ വരുന്നത് നമ്മുടെ ജീവിതത്തിലേക്ക് ആയിക്കൂടെന്നില്ല. അല്ലേ...
Content Summary: The Good Doctor book by Damon Galgut