ADVERTISEMENT

 

 

TPRajeevancollage

വ്യക്തിപരമായി അപമാനിക്കാൻ പോലും ശ്രമം നടക്കുന്നു. ഞാൻ കള്ളക്കടത്തുകാരനാണ് എന്നുപോലും പ്രചരിപ്പിക്കുന്നുണ്ട്. എവിടെയൊക്കെയോ പോയിട്ടു തിരിച്ചുവന്ന അന്യനായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നു. എന്റെ ഗ്രാമത്തിലല്ലെങ്കിൽ വേറെ എവിടെയാണു ഞാൻ പോകേണ്ടത്. അക്ഷരങ്ങളെപ്പോലെ ഞാൻ ഇവിടെ കൃഷി പരിപാലിക്കുന്നു. അടുത്ത വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ക്വാറിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതുമുതൽ സിനിമാ–രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പോലും പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്തുതന്നെ സംഭവിച്ചാലും എന്റെ നാടിന്റെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ ഞാനുണ്ട്; എന്റെ അക്ഷരങ്ങളും.

കോഴിക്കോട് കൊയിലാണ്ടി കൂട്ടാലിടയ്ക്കടുത്ത് ജൻമഗ്രാമമായ കോട്ടൂരിലെ ചെങ്ങോടുമല ഇടിച്ചുപൊടിക്കാനും പാറ ഖനനം നടത്താനും നീക്കം സജീവമായപ്പോൾ തളരാത്ത പോരാളിയുടെ വീര്യത്തോടെ ടി.പി.രാജീവൻ പറഞ്ഞു. ശരിയെന്നു തോന്നിയത് നിർഭയനായി വിളിച്ചുപറയാൻ ഒരിക്കലും മടികാട്ടിയിട്ടില്ല അദ്ദേഹം. പ്രത്യാഘാതങ്ങളെ ഭയന്നില്ല. ആശയങ്ങളിലും ആദർശങ്ങളിലും ഉറച്ചുനിന്നു. നട്ടെല്ലു വളച്ചു ജീവിക്കില്ലെന്ന് പലവട്ടം തെളിയിച്ച അതേ രാജീവൻ രോഗങ്ങൾക്കു മുന്നിൽ കീഴടങ്ങിയിരിക്കുന്നു. അതും അകാലത്തിൽ. മലയാളത്തിന് അഭിമാനിക്കാൻ ഒട്ടേറെ കവിതകളും നോവലുകളും എഴുതാൻ ഇനി രാജീവനില്ലെന്ന തിരിച്ചറിവ് ഹൃദയഭേദകമാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും. 

ചെങ്ങോടുമലയ്ക്കുവേണ്ടി നിലകൊണ്ട ഗ്രാമവാസികൾക്കൊപ്പം ടി.പി.രാജീവനും മുന്നണിപ്പോരാളിയായി. കോട്ടൂർ അദ്ദേഹത്തിന് ജൻമഗ്രാമം മാത്രമായിരുന്നില്ല. ജനിച്ചു വളർന്ന, ജീവിതത്തിനു തട്ടകമാക്കിയ ഭൂമി. കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും എന്ന മാസ്റ്റർപീസ് ആ ഗ്രാമത്തിൽ നിന്നാണ് രാജീവൻ സൃഷ്ടിച്ചത്. കുട്ടിക്കാലം മുതൽ കേട്ടതും അറിഞ്ഞതുമായ കഥകളിൽ നിന്നും പുരാവൃത്തങ്ങളിൽ നിന്നും. 

മലയാളത്തിലും ഇംഗ്ലിഷിലും കവിതകൾ എഴുതി എഴുത്തിൽ വരവറിയിച്ച രാജീവന്റെ ആദ്യത്തെ നോവൽ തന്നെ തരംഗം സൃഷ്ടിച്ചു. പാലേരി മാണിക്യം–ഒരു പാതിരാക്കൊലപാതകം. കോട്ടൂരിന്റെ തൊട്ടടുത്ത സ്ഥലമാണ് പാലേരി. രാജീവന്റെ അമ്മയുടെ വീട് അവിടെയാണ്. കുട്ടിക്കാലം മുതൽ ഈ രണ്ടു ഗ്രാമങ്ങൾക്കിടയ്ക്കാട് അദ്ദേഹത്തിന്റെ ജീവിതം പച്ചപിടിച്ചത്. ആദ്യനോവൽ പാലേരിയെക്കുറിച്ചായിരുന്നെങ്കിൽ രണ്ടാമത്തെ നോവൽ കോട്ടൂരിനെക്കുറിച്ചും. അങ്ങനെയൊരു കടപ്പാട് വീട്ടണമെന്നത് നിയോഗം കൂടിയായിരുന്നു. വേരുകൾ മറക്കാത്ത മരം എന്ന നിലയിൽ. 

തന്റെ പ്രിയ ഗ്രാമങ്ങളോട് ഇത്തരത്തിൽ കടം വീട്ടാൻ എത്ര എഴുത്തുകാർക്ക് കഴിഞ്ഞിട്ടുണ്ട് എന്നുകൂടി ചിന്തിക്കണം. അതും ഒന്നിനൊന്ന് മെച്ചപ്പെട്ട രണ്ടു നോവലുകളിലൂടെ. ആദ്യത്തേത് ഒരു ഗ്രാമത്തിന്റെ പുരാവൃത്തവും ചരിത്രവും മുറിവേൽപിച്ച ബന്ധങ്ങളുമായിരുന്നെങ്കിൽ രണ്ടാമത്തേത് സ്വാതന്ത്ര്യ സമരം എന്ന വിശാലഭൂമികയെക്കൂടി ഉൾപ്പെടുത്തി രചിച്ച ഇതിഹാസമായിരുന്നു. 

ക്രിയാശേഷമായിരുന്നു മൂന്നുമാത്തെ നോവൽ. എം.സുകുമാരന്റെ പ്രസിദ്ധ കൃതി ശേഷക്രിയയുടെ ബാക്കി. സുകുമാരന്റെ അനുവാദം വാങ്ങിയാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ രാജീവൻ വളർത്തിയെടുത്തത്. സുകുമാരന്റെ നോവൽ അവസാനിക്കുമ്പോൾ കുട്ടിയായിരുന്ന നായകനെ രാജീവൻ വളർത്തി വലുതാക്കി ക്രിയാശേഷത്തിലെ നായകനാക്കി. എം. സുകുമാരന് എന്നപോലെ രാജീവനും അതിന്റെ പേരിൽ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിയുംവന്നു. 

TPRajeevanimage

രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാർട്ടി പണിശാലകളെക്കുറിച്ചാണ് ക്രിയാശേഷം പറഞ്ഞത്. അധികാരത്തിനൊപ്പം സാംസ്കാരിക രംഗത്തും മേധാവിത്വം നേടിയ, തങ്ങളുമായി യോജിക്കുന്നവരെ മാത്രം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർ ആ നോവലിനെ അവഗണിച്ചു. പാലേരിയെയും കോട്ടൂരിനെയും തമസ്കരിക്കാനും അവർ നേരത്തേ ശ്രമിച്ചിരുന്നു. അവ പൂർണമായും വിജയിച്ചില്ല. ക്രിയാശേഷം വിപ്ലവ വായാടിത്തക്കാരെ നേരിട്ട് ആക്രമിക്കുന്നതാകയാൽ ഒരു ചർച്ചയിലും ആ നോവൽ ഉയർന്നുവരാതിരിക്കാൻ സംഘടിത ശ്രമം തന്നെ ഉണ്ടായി. എന്നാൽ, അതറിയാമായിരുന്ന രാജീവൻ വിഷമിച്ചില്ല. സങ്കടപ്പെട്ടില്ല. പതിവുപോലെ ഒരു ചിരിയിൽ വേദനയും പ്രതിഷേധവും ഒതുക്കി. അക്ഷരങ്ങളെ തിരിച്ചറിയുന്നവർ തന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയിൽ. വിപ്ലവം വിറ്റ് അധികാരം നേടുന്നവർ വിസ്മൃതരാകുമെന്ന ഉറപ്പിൽ. ചരിത്രം അതാണല്ലോ പഠിപ്പിച്ചത്. എന്നാൽ, ചരിത്രപാഠവും മനസ്സിലാക്കാത്താവരോട് സഹതപിക്കുകയല്ലാതെ മറ്റൊരു മാർഗവും രാജീവനില്ലായിരുന്നു. അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. രണ്ടു ഭാഷകളിൽ. ഇംഗ്ലിഷിലും മലയാളത്തിലും ഒരേ അനായസതയോടെ. ഗദ്യവും പദ്യവും ഒരുപോലെ വഴങ്ങി. ഉത്തരാധുനിക കവികളിൽ തലയുയർത്തി നിന്നു. നോവലിസ്റ്റുകളിലും. എന്നാൽ, അവകാശവാദങ്ങൾക്കു തയാറായില്ല. ഇപ്പോഴിതാ കാലം സാക്ഷി. ചരിത്രം സാക്ഷി. ആത്മാവ് കടഞ്ഞെടുത്ത് രാജീവൻ സൃഷ്ടിച്ച അനശ്വര കൃതികളും. 

ചിലർ ജീവിച്ചിരിക്കുമ്പോൾതന്നെ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു. ചിലർ മരണശേഷവും എന്നെഴുതിയതു കെ.ടി.എൻ. കോട്ടരാണ്. (രാജീവന്റെ, മലയാളത്തിന്റെ പ്രിയ കോട്ടൂർ) . ഓർമക്കുറിപ്പുകളിൽ. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വയം വിസ്മൃതിയിലേക്കു മറഞ്ഞു അദ്ദേഹം. 

കവിയും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രവർത്തകനും എല്ലാമായി വളർന്ന്, ഒടുവിൽ ഒന്നുമല്ലാതെ, ദുരൂഹതകൾ മാത്രം അവശേഷിപ്പിച്ച് ഒരുദിവസം അപ്രത്യക്ഷനായ ആൾ. ചിലർക്ക് കവി. ചിലർക്ക് കോൺഗ്രസ്. ചിലർക്കു കമ്മ്യൂണിസ്റ്റ്. ചിലർക്കു വർഗീയവാദി. ചിലർക്കു ദുർമാർഗി. ചിലർക്കു സദാചാരി. ചിലർക്കു കുറ്റവാളി. ഇങ്ങനെ വ്യക്തിത്ത്വങ്ങളിൽനിന്നു വ്യക്തിത്ത്വങ്ങളിലേക്കു കൂടുമാറി, ഒന്നിലും ഒതുങ്ങാതെ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുജീവിച്ച ഏകാകി. വഴിയമ്പലത്തിൽ എന്ന കവിതയിൽ കോട്ടൂർ സ്വന്തം ചിത്രം വരച്ചിട്ടുണ്ട്: 

 

അറിയാത്തതെന്തോ തേടി–

യറിയാത്ത വഴികളി–

ലലഞ്ഞുതിരിഞ്ഞു ഞാ– 

നണഞ്ഞീ വഴിയമ്പലം.

ഇത്തിരിനേരമിവിടെയിരുന്നോട്ടെ

ലോകമേ, നിൻ കൂട്ടലും കിഴിക്കലു–

മറിയാത്ത മൂഢനിവൻ ! 

 

Content Summary : Memoir of  Malayalam Writer T P Rajeevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com