ഇന്നും ഹിറ്റ് എംടി; ഇംഗ്ലിഷ് പുസ്തകങ്ങൾക്കും പ്രിയമേറുന്നു, മുന്നിൽ ‘ദി ആൽക്കെമിസ്റ്റ്’

Mail This Article
മലയാളി വായനക്കാർക്ക് ഇന്നും ഇഷ്ടം എംടിയെത്തന്നെ. കേരളത്തിലെ ലൈബ്രറികളിൽ നിന്ന് ഇന്നും കൂടുതലായി ഏതു പ്രായക്കാരും എടുത്തു വായിക്കുന്ന പുസ്തകങ്ങൾ എം.ടി.വാസുദേവൻ നായരുടേത്. നാലുകെട്ടും രണ്ടാമൂഴവും അസുരവിത്തും കാലവും മഞ്ഞുമെല്ലാം ഇന്നും വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതെന്നു പറയുന്നു എറണാകുളം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ പ്രിയ കെ.പീറ്റർ.
വായനാദിനവുമായി ബന്ധപ്പെട്ടു നിലവിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന രചനകളുടെ കണക്കെടുക്കുമ്പോഴാണു മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ അന്നും ഇന്നും എംടിയാണെന്നു പ്രിയ പറയുന്നത്. ഇംഗ്ലിഷിൽ ഇന്നും ഏറ്റവുമധികം പേർ എടുത്തുകൊണ്ടുപോകുന്ന പുസ്തകം പൗളോ കൊയ്‌ലോയുടെ ‘ദി ആൽക്കെമിസ്റ്റ്’ ആണ്.
ഇംഗ്ലിഷിൽ നോവലുകളുടെയും കഥകളുടെയും ഗണത്തിൽ എറണാകുളം പബ്ലിക് ലൈബ്രറിയിൽ നിന്നു നിലവിൽ ഏറ്റവുമധികം വായനക്കാർ കൊണ്ടുപോകുന്നതു ഡാൻ ബ്രൗണിന്റെ ‘ഒറിജിൻ’ ആണ്. കൽകി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവനും’ ഹിറ്റാണ്. ഇതിന്റെ ഇംഗ്ലിഷും മലയാളവും തമിഴും നല്ല തോതിൽ വായനക്കാർ വായനശാലയിൽ നിന്നെടുക്കുന്നു.
കോളിൻ ഹൂവറിന്റെ 2016ൽ ഇറങ്ങിയ ‘ഇറ്റ് എൻഡ്സ് വിത്ത് അസ്’ വായനക്കാർ ഇഷ്ടപ്പെടുന്ന രചനകളിൽ ഏറെ മുന്നിലാണ്. നോൺ–ഫിക്‌ഷൻ രചനകളിൽ മോർഗൻ ഹൗസെലിന്റെ ‘സൈക്കോളജി ഓഫ് മണി: ടൈംലെസ് ലെസൺസ്’ ആണ് സൂപ്പർ ഹിറ്റ്. റോബർട് ടി.കിയോസാക്കി രചിച്ച ‘റിച്ച് ഡാഡ്, പുവർ ഡാഡ്’, ജോർഡൻ പീറ്റേഴ്സന്റെ ‘12 റൂൾസ് ഫോർ ലൈഫ്’, യവാൽ നോവ ഹരാരിയുടെ ‘സാപ്പിയൻസ്–എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ്’ എന്നിവയും നല്ലതോതിൽ വായിക്കപ്പെടുന്നു. ഇക്കൂട്ടത്തിൽ ‘ദി ഐവറി ത്രോൺ’ എന്ന മനു എസ്.പിള്ളയുടെ രചനയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്.
മലയാളത്തിൽ പൊന്നിയിൻ സെൽവനു പുറമേ വിനോദ് കൃഷ്ണയുടെ ‘9എംഎം ബെരേറ്റ–വിറങ്ങലിച്ച ഒരു ഇന്ത്യൻ ഗൂഢാലോചന’യും നല്ലതോതിൽ വായിക്കപ്പെടുന്നു. ബെന്യാമിന്റെ ‘നിശ്ശബ്ദസഞ്ചാരങ്ങൾ’ , ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’ എന്നിവയും എറണാകുളം പബ്ലിക് ലൈബ്രറിയിൽനിന്ന് ഏറ്റവുമധികം പേർ വായിക്കാനെടുക്കുന്നു.
കുട്ടികൾക്കുള്ള പുസ്തകങ്ങളിൽ കൂടുതൽ ഡിമാൻഡ് ‘വിംപി കിഡ്’ പുസ്തകങ്ങൾക്കാണ്. പേഴ്സി ജാക്സൺസ് ഗ്രീക്ക് ഹീറോസ്, ഡോഗ്മാൻ സീരീസ്, ക്യാറ്റ്മാൻ സീരീസ് എന്നിവയും നല്ലതോതിൽ നീങ്ങുന്നു. വലിയ തോതിൽ ആരാധകരും വായനക്കാരുമുള്ള ഹാരി പോട്ടറും ഒരുപാടു പേർ ഇന്നും ഇഷ്ടപ്പെടുകയും വായിക്കുകയും ചെയ്യുന്നു.