ADVERTISEMENT

പ്രണയത്തിന് അടയാളമുണ്ടോ. ഉണ്ടെങ്കിൽ അതെവിടെയാണ് സൂക്ഷിക്കേണ്ടത്. എങ്ങനെ. ഏതു രൂപത്തിൽ. എത്ര കാലത്തോളം. മറുപടി പറ‍ഞ്ഞിട്ടുണ്ട് ഉറൂബിന്റെ രാച്ചിയമ്മ.   

ഞാൻ എന്ന വാക്ക് രാച്ചിയമ്മയ്ക്ക് അറിയില്ല. നമ്മൾ എന്നേ അവർ പറഞ്ഞിട്ടുള്ളൂ. പറയാറുള്ളൂ. അതല്ലേ സത്യം. രാച്ചിയമ്മ ഒരാൾ അല്ലല്ലോ. മറക്കാനാവാത്ത പ്രണയം രാച്ചിയമ്മയ്ക്കു മാത്രമാണോ ഉള്ളത്. അസ്ഥിയിൽ അമർത്തിപ്പിടിക്കുകയും ഒരുമിച്ചു ജീവിക്കാനാവാതെ വേർപിരിഞ്ഞിട്ടും ഒരു ജീവിതം മുഴുവൻ കാത്തുനിന്നതിന്റെ തീരാവേദന അനുഭവിച്ചവർ വേറെയുമില്ലേ. അവരും നമ്മൾ എന്നല്ലേ പറയേണ്ടത്. പക്ഷേ എത്ര പേർ ആ സത്യം കാണുന്നു. അറിയുന്നു. പറയുന്നു. പറയാൻ ധൈര്യപ്പെടുന്നു. ‌

നമ്മളെ മറന്നില്ലേ ? 

അതൊരു ചോദ്യമാണ്. ആ ചോദ്യത്തിന് ആരാണ് അനുവാദം കൊടുത്തത്. ആരാണതിന് അവസരമുണ്ടാക്കിയത്. രാച്ചിയമ്മയ്ക്ക് ആ ചോദ്യം ചോദിക്കേണ്ടിവന്നു. മൂന്നു കല്യാണാലോചനകൾ വന്നതാണ് രാച്ചിയമ്മയ്ക്ക്. മൂന്നും വേണ്ടെന്നു പറഞ്ഞു. ആദ്യത്തെ രണ്ടു പേർ നമ്മളുടെ പണം കിട്ടാൻ വന്നതാണ്. 

മൂന്നാമത്തേവനെ? 

വേണ്ടെന്നു പറഞ്ഞു. 

കാരണം ? 

കാരണമില്ല. 

rachiyamma-uroob-book

ഇടിമിന്നലു പോലുള്ള പുഞ്ചിരി തുരുതുരെ വർഷിക്കുന്നുണ്ട് രാച്ചിയമ്മ. അങ്ങനെ ചിരിക്കണമെങ്കിൽ പ്രണയിക്കണം. പ്രാണനും കൊണ്ട് പോകണം. എന്നിട്ടു കാത്തിരിക്കണം. എത്രനാളത്തേക്കേന്നല്ല. എന്നെന്നേക്കുമായാണോ. 

നമ്മൾ എന്നും വിചാരിക്കും വരും വരുമെന്ന്. ‌

നിഴലും നിലാവും കൂടിപ്പിണഞ്ഞുകിടക്കുന്ന രാച്ചിയമ്മയുടെ കണ്ണുകൾ. ആ നീലക്കയങ്ങളിൽ അവ്യക്തമായ ഒരു വെള്ളിമീൻ നീന്തിക്കളിക്കുന്നുണ്ടായിരുന്നു. ‌             

നീ മഞ്ഞപ്രസാദം തൊട്ട് സത്യം ചെയ്തതല്ലേ? 

അതേ. 

എന്നിട്ട്. 

‌നമ്മൾ ആ മഞ്ഞക്കുറി തുടച്ചുകളഞ്ഞു. നോക്കൂ, നമ്മുടെ നെറ്റിയിൽ ചന്ദനക്കുറിയാണല്ലോ. 

നമ്മൾ മനുഷ്യനല്ലേ? മണ്ണു കൊണ്ട് ഉണ്ടാക്കിയതല്ല. 

മഞ്ഞപ്രസാദത്തിനു മാറ്റു കുറഞ്ഞതുകൊണ്ടല്ല രാച്ചിയമ്മ അതു മായ്ച്ചുകളഞ്ഞത്. മറന്നതുകൊണ്ടുമല്ല. മറന്നിരുന്നെങ്കിൽ ഇത്രനാളും കാത്തിരിക്കുമായിരുന്നോ. ഇനിയും കാത്തിരിക്കണമെന്നും രാച്ചിയമ്മയ്ക്ക് അറിയാം. പ്രാണൻ പകുത്തുകൊടുത്ത എല്ലാവർക്കുമറിയാം. അതാണു പ്രണയമെന്ന്. പ്രാണവേദനയെന്ന്. ജീവിതമെന്ന്. ചുറ്റുമുള്ളവരെല്ലാം സൂക്ഷ്മദർശിനിയാൽ നോക്കിയാലും കാണാത്ത മഞ്ഞപ്രസാദമുണ്ട് നെറ്റിയിൽ. മന്ത്രിച്ചുകെട്ടിയ അദൃശ്യമായ മഞ്ഞച്ചരടുണ്ട്. ഭൂമിയിൽ ഒരേയൊരാൾക്കുവേണ്ടി മാത്രം വിടർന്ന അമ്പിളിയുണ്ട് മുഖത്ത്. കാലമേറെക്കഴിഞ്ഞാലും... ദൈവമേ... അസ്ഥിയിൽ, മജ്ജയിൽ, മാംസത്തിൽ, രക്തത്തിൽ, അറ്റുവീഴാത്ത കണ്ണിർപ്പൊടിപ്പിൽ... ജീവനേ...

പെട്ടെന്നാണ് ഒരു കൈ എന്റെ കൈത്തണ്ടമേലമർന്നത്. ഞാൻ എന്തുകൊണ്ട് ഉറക്കെ നിലവിളിച്ചില്ല എന്നറിഞ്ഞുകൂടാ. ഭയപ്പെട്ടു തൊണ്ടയടഞ്ഞതുകൊണ്ടാവാം. പ്രകൃതി തടഞ്ഞതാവാം. അഥവാ, ആ കൈകളിൽ സുരക്ഷിതനാണെന്ന അവ്യക്തബോധം കൊണ്ടുമാകാം. 

ആരാണത്. രാച്ചിയമ്മ. ഉറൂബ്. മറന്നാലും മറക്കാത്ത ജീവന്റെ പാതി. എന്നും നിനക്കായ്..... 

Content Summary: Uroob Death Anniversary