ADVERTISEMENT

ആശയഗാംഭീര്യമോ സ്മൃതിചാരുതയോ അവകാശപ്പെടാൻ ആവുന്നവയാണ് എംടിയുടെ മിക്ക രചനകളും. മനസ്സിൽ ഇടം നേടിയ നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് കാലത്തിനപ്പുറം എംടി നിലനിൽക്കുന്നു. എന്നാൽ സ്ഥിരമായി സംസാരിക്കപ്പെടുന്ന രണ്ടാമൂഴം, അസുരവിത്ത്, കാലം, മഞ്ഞ് തുടങ്ങിയ രചനകൾക്കപ്പുറം എംടിയുടെ  സൃഷ്ടിപാടവം വെളിപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ ചെറുകഥകൾ.

പേരില്ലാത്ത മൂന്ന് വ്യക്തികളാണ് 'പുതിയ അടവുകൾ' എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന യുവാവിനടുത്തേക്ക് എത്തുന്ന മധ്യവയസ്കൻ നിർത്താതെ സംസാരിക്കുന്നു. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയാണ് യുവാവ്. തന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി വിവാഹിതരാവുകയും താൻ ഏകാന്തജീവിതം നയിക്കുകയും ചെയ്യുന്ന നിമിഷം, അയാൾ ആ സ്റ്റേഷനിൽ വച്ച് ഒരു തീരുമാനമെടുക്കുന്നു. സ്വയം വിവാഹിതനാകുന്നതുവരെ താൻ ഇനി ഒരു വിവാഹചടങ്ങുകളിലും പങ്കെടുക്കില്ല. ഒരു കൂട്ടം മനുഷ്യന്മാർക്കിടയ്ക്ക് ഒറ്റപ്പെട്ടുപോകുന്ന അയാളുടെ അവസ്ഥ ആ തീരുമാനത്തിൽ നിന്ന് വ്യക്തമാണ്. ആരോടും പരിഭവം പറയാൻ ഇല്ലാതെ സ്വയം ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണ് ആ മധ്യവയസ്കൻ കടന്നുവരുന്നത്.

സംസാരിക്കാൻ താൽപര്യം ഇല്ലാതിരിക്കുന്ന യുവാവിന്റെ അടുത്ത് വന്നിരുന്ന് നിർത്താതെ സംസാരിക്കുന്നു അയാൾ. മാന്യനാണ് എന്ന് തോന്നുന്ന വേഷം. ഇംഗ്ലിഷിലുള്ള സംസാരം. ഒരുപാട് യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണ്. യുവാവ് താമസിക്കുന്ന ഇടത്തുപോലും അയാൾ വന്നിട്ടുണ്ട്. താൽപര്യമില്ലാതിരുന്നിട്ട് കൂടിയും അയാൾ യുവാവിന്റെ മനസ്സിൽ ഒരു വിശ്വാസ്യത നേടിയെടുക്കുന്നു. തലേദിവസത്തെ ഉറക്കമില്ലായ്മയിൽ വലഞ്ഞ യുവാവിനെ എങ്ങനെയെങ്കിലും ട്രെയിനിൽ യാത്ര ആരംഭിച്ചാൽ മതി എന്നാണ്. പെട്ടെന്ന് ഒരു മനുഷ്യൻ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

കണ്ണൂർകാരനാണ്. കോയമ്പത്തൂർ എത്തണം. തലേദിവസം കോഴിക്കോട് വന്നിറങ്ങി ഉള്ള കാശിന് ഫുട്ബോൾ കണ്ടു. ചായയും കുടിച്ചു, ടിക്കറ്റില്ലാതെ വണ്ടിയിൽ കയറി. വഴിക്ക് പിടിച്ചിറക്കിയതാണ്. കോയമ്പത്തൂർ എത്തിയാൽ അയാൾ ജയിച്ചു. അവിടെ അയാളുടെ പഴയ മുതലാളി ജോലി തരും. ഇപ്പോൾ അയാൾക്ക് ആവശ്യം, ചായ കുടിക്കാൻ ഒരു അണയാണ്. അയാളുടെ കൈവശം ഒരു ടോർച്ച് ഉണ്ട്. അത് വിൽക്കാൻ തയ്യാറാണ്.

ഒരു മാസം മുൻപ് വാങ്ങിയ ആ ടോർച്ച് അയാൾ പലരുടെയും അടുത്ത് വിൽക്കാൻ ശ്രമിക്കുന്നു. യുവാവും മധ്യവയസ്കനും ആ ടോർച്ച് വാങ്ങുന്നില്ല. യുവാവിന്റെ പേഴ്സിൽ 30 രൂപയുടെ നോട്ടുകളും ഒരു രൂപയുടെ നാണയവുമുണ്ട്. ഒരു രൂപ മാറ്റിയാൽ ഒരണ അയാൾക്ക് കൊടുക്കാവുന്നതേയുള്ളൂ. പക്ഷേ മടി കാരണം യുവാവ് അതും ചെയ്യുന്നില്ല. മധ്യവയസ്കൻ കണ്ണൂരുകാരനെ ശ്രദ്ധിക്കുന്നതേയില്ല. ട്രെയിൻ എത്തുകയും എല്ലാവരും വണ്ടിയിൽ കയറി യാത്ര ആരംഭിക്കുകയും ചെയ്യുന്നു. ക്ഷീണത്തിൽ മയങ്ങിപ്പോകുന്ന യുവാവ് ഇടയ്ക്കുണരുമ്പോഴാണ് മനസ്സിലാകുന്നത് തന്റെ പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു. ആകെ അസ്വസ്ഥനാകുന്ന അയാൾ തനിക്ക് ചുറ്റുമുള്ളവർക്കിടയിൽ പേഴ്സ് തിരയുന്നു. എന്നാൽ കടുത്ത ഒറ്റപ്പെടലിലേക്കാണ് അയാൾ ചെന്നെത്തുന്നത്. പേഴ്സ് നഷ്ടപ്പെട്ട യുവാവിനോട് സഹാനുഭൂതി കാട്ടുന്നതിന് പകരം അയാളെ എല്ലാവരും സംശയത്തോടെ നോക്കുന്നു. ടിക്കറ്റ് എടുക്കാതെ വണ്ടിയിൽ കയറി മറ്റുള്ളവരെ പറ്റിക്കുവാൻ ശ്രമിക്കുകയാണ് എന്ന ഭാവേനയാണ് അയാളെ അവർ വീക്ഷിക്കുന്നത്. അത്രയും നേരം സ്റ്റേഷനിലിരുന്ന് തന്നോട് സംസാരിച്ച മധ്യവയസ്കൻ അടുത്തിരുന്ന ആളോട് പറയുന്നതിതാണ്.

എനിക്ക് ആദ്യമേ സംശയം തോന്നിയതാണ്. ഇതൊക്കെ പുതിയ അടവുകളാണ്. തിരി മുറിഞ്ഞ കള്ളനായിരിക്കും. പറഞ്ഞതൊക്കെ ശുദ്ധ നുണ.

ഈ ലോകത്തെ താൻ എത്തപ്പെട്ട ശൂന്യതാവസ്ഥയെ കുറിച്ച് ആ യുവാവ് ബോധവാനാകുന്നു. മാന്യൻ എന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്ത മനുഷ്യൻ പോലും അയാൾക്കൊപ്പം നിൽക്കുന്നില്ല. പേഴ്സും അതിനുള്ളിൽ ഉണ്ടായിരുന്ന പണവും ടിക്കറ്റും നഷ്ടപ്പെട്ട അയാളെ ചെക്കിങ് എത്തുന്നവർ ഇറക്കിവിടുമോ എന്ന്  ആശങ്കപ്പെട്ടിരിക്കുന്ന യുവാവിന് മുകളിലേക്ക് ആ കണ്ണൂരുകാരന്റെ കൈ പതിക്കുന്നു. "സാരല്യ. ഇതൊക്കെ എല്ലാവർക്കും പറ്റും. ഈ വണ്ടിയിൽ ചെക്കിങ് ഉഷാറല്ല," എന്ന വാചകത്തോടെ അയാൾ അപ്പോൾ ആ വഴി പോയ ചായക്കാരനെ തടഞ്ഞുനിർത്തി രണ്ട് ചായ ആവശ്യപ്പെടുന്നു. ഒരിക്കൽ താൻ തഴഞ്ഞ ആ മനുഷ്യന്റെ നല്ല വാക്കും ചായയും സ്വീകരിക്കുന്ന യുവാവ് ലോകത്തെക്കുറിച്ച് പാഠം പഠിക്കുന്നുണ്ട്. പുറമേയുള്ള പ്രൗഢികൾക്കപ്പുറം മനുഷ്യനെ മനസ്സിലാക്കുവാനും വിശ്വസിക്കുവാനും ഒപ്പം നിൽക്കുവാനും സാധിക്കണമെന്ന് തിരിച്ചറിവ് വായനക്കാരനും ഉണ്ടാവുന്നു.

ആറു റുപ്പികയ്ക്ക് വാങ്ങിയ ടോർച്ചാണ് ഒരു റുപ്പികയ്ക്ക് കൊടുക്കേണ്ടി വന്നത് എന്ന ആ കണ്ണൂരുകാരന്റെ ആത്മഗതത്തിൽ നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. കൈയ്യിൽ ഉണ്ടായിരുന്നിട്ടു കൂടിയും ആരും അയാൾക്ക് പണം നൽകുവാൻ തയാറല്ല. പകരം എത്ര വില കൂടിയ വസ്തു നൽകിയാലും അയാളെ വിശ്വസിക്കുവാനോ അതു വാങ്ങുവാനോ തയാറാകുന്നില്ല എന്ന് മാത്രമല്ല സഹാനുഭൂതി നിറഞ്ഞ ഒരു വാക്ക് പറയുവാൻ ആരും മെനക്കിടുന്നില്ല. എന്നാൽ ഒടുവിൽ തനിക്ക് ലഭിച്ച ആകെയുള്ള ഒരു റുപ്പികയെ അയാൾ ആ യുവാവുമായി പങ്കുവയ്ക്കാൻ തയാറാകുന്നു. ഒരിക്കൽ താൻ തഴഞ്ഞ മനുഷ്യന്റെ കാരുണ്യത്തിൽ, ഹൃദയം നൊന്ത് യാത്ര തുടരുന്ന യുവാവിനെ കാണിച്ചുകൊണ്ടാണ് കഥ അവസാനിക്കുന്നത്. ചടുലമായ ലോകത്തിൽ ആരെ വിശ്വസിക്കണം എന്ന ചോദ്യത്തിനൊപ്പം സ്നേഹത്തിന്റെയും നന്മയുടെയും ചോദ്യവും ഈ കഥ ഉയർത്തുന്നുണ്ട്. ഒരു ചെറിയ നന്മ ചെയ്യുവാൻ പോലും മടിക്കുന്ന വിധത്തിൽ മനുഷ്യാംശം  നഷ്ടപ്പെട്ടവരാണോ നമ്മൾ? എന്തിനെയും എപ്പോഴും സംശയത്തിന്റെ കണ്ണുകളോടെ കാണുമ്പോൾ, ചിലപ്പോഴെങ്കിലും നാം തെറ്റിപ്പോകാറില്ലേ?

എംടി  ഇങ്ങനെയാണ്. വളരെ ലാളിത്യത്തോടെ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു. മറക്കാനാവാത്ത ചില നുറുങ്ങു സംഭവങ്ങൾ മനസ്സിൽ വിതറിയിട്ടശേഷം കടന്നു കളയുന്ന ഒരു മികച്ച കഥാകാരൻ. വായനാലോകത്തെ പിടിച്ചു കുലുക്കുന്നതിനു പകരം മനസ്സിന്റെ കോണിൽ ഒട്ടിച്ചേർന്ന് നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ. പണ്ട് മുത്തശ്ശി പറഞ്ഞ കഥ പോലെ...

Content Summary: Remembering the story Puthiya Adavukal by M. T. Vasudevan Nair

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com