ADVERTISEMENT

എയ്‌ലീനുമായുള്ള വിവാഹത്തിൽ ഞാൻ സത്യസന്ധനായിരുന്നില്ല. പലപ്പോഴും മോശമായി പെരുമാറിയിട്ടുമുണ്ട്. എയ്‌ലീനും അങ്ങനെതന്നെയായിരുന്നു. പക്ഷേ, കഠിനകാലത്തെ ഞങ്ങൾ ഒരുമിച്ചു തരണം ചെയ്തു. ഞാൻ എഴുതിയത് ഏറ്റവും നന്നായി മനസ്സിലാക്കിയതും അവർ തന്നെയാണ്. അതേ, ഞങ്ങളുടേത് നല്ല വിവാഹബന്ധമായിരുന്നു. 

മറ്റൊരിക്കൽ ഒരു കത്തിൽ ഇങ്ങനെയൊരു വരി കൂടിയുണ്ട്. 

വിവാഹത്തിൽ ഞങ്ങൾ രണ്ടുപേരും സത്യസന്ധരായിരുന്നില്ല. 

ആദ്യഭാര്യയെക്കുറിച്ചുള്ള ജോർജ് ഓർവെലിന്റെ വാക്കുകളിൽ നിന്നു ലഭിക്കുന്നൊരു ചിത്രമുണ്ട്. എയ്‌ലീനെക്കുറിച്ച്. അതുതന്നെയാണ് ലോകത്തിന്റെ മനസ്സിൽ ആ സ്ത്രീയെക്കുറിച്ചുള്ള ചിത്രവും. വേറെയും എത്രയോ സ്ത്രീകൾ ഇങ്ങനെതന്നെയാണ് ലോകത്തിനു മുന്നിൽ വന്നത്. പ്രശസ്തരായ ജീവിതപങ്കാളികളുടെ വക്കുകളിൽ. അവരുടെ മാത്രം വീക്ഷണത്തിൽ. അവരുടെ മാത്രം വാക്കുകളിൽ. അവർ വരച്ചുവച്ച ചിത്രമായി. എന്നാൽ അവരിൽ പലരും കടന്നുപോയ ദുരന്തങ്ങൾക്ക് സമാനതകളില്ല. കാഠിന്യമേറിയ അനുഭവങ്ങളിലൂടെ കരഞ്ഞും കണ്ണീരടക്കിയും നിശ്ശബ്ദരായി കടന്നുപോയപ്പോൾ അവർക്ക് വേറെയൊന്നും പറയാനില്ലെന്ന് പലരും കരുതി. എന്നാൽ, ഒരാളുടെ മാത്രം കണ്ണിലൂടെ കണ്ട കാഴ്ചകൾ പൂർണമല്ലെന്നും തെറ്റാണെന്നും അന്ധമാണെന്നും പറയുകയാണ് വൈഫ്ഡം എന്ന പുസ്തകം. അന്ന ഫണ്ടർ എഴുതിയ മിസ്സിസ് ഓർവെലിന്റെ അറിയപ്പെടാത്ത, അദൃശ്യ ജീവചരിത്രത്തിൽ. 

eileen
എയ്‌ലീൻ, Photo Credit: Pictorial Press Ltd/Alamy

അനിമൽ ഫാമും നയന്റീൻ എയ്റ്റീഫോറും എഴുതി ജീവിതത്തെ സമ്പൂർണമായി പിടിമുറുക്കുന്ന സ്വേഛാധിപത്യത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിയ ജോർജ് ഓർവലിന്റെ ജീവിതം എല്ലാക്കാലത്തെയും എല്ലാ ദേശത്തെയും സ്ത്രീകൾക്കുള്ള മുന്നറിയിപ്പാണെന്നു പറയുന്നു ഫണ്ടർ. സ്നേഹം തിരഞ്ഞെടുക്കാനും സ്നേഹം ഭാവിച്ചവരെ മനസ്സിലാക്കാനും അതിജീവിക്കുന്ന സ്നേഹം തിരിച്ചറിയാനുമുള്ള ജാഗ്രതാ സന്ദേശം. നീതിയും സമാധാനവും നിഷേധിക്കുന്ന വ്യവസ്ഥയ്ക്കെതിരെ മുന്നറിയിപ്പ് നൽകുമ്പോൾ, അധികാരം പിടിമുറുക്കുന്നതിനെതിരെ വിപദ് സന്ദേശം ഉയർത്തുമ്പോൾ സ്വന്തം ജീവിതം കൊണ്ട് ഓർവെൽ നൽകിയ സന്ദേശം സ്ത്രീകളോട് നീതി പുലർത്തുന്നതായിരുന്നില്ല. സഹജീവിയെന്ന പരിഗണന പോലും നിഷേധിക്കുന്നതായിരുന്നു. മനുഷ്യത്വരഹിതവുമായിരുന്നു. 

ഓക്സ്ഫഡിൽ നിന്നാണ് എയ്‌ലീൻ വിദ്യാഭ്യാസം നേടിയത്. ബുദ്ധിമതിയായിരുന്നു; സ്വതന്ത്ര ചിന്താഗതിക്കാരിയും. 1935 ൽ ഒരു പാർട്ടിക്കിടെയാണ് ഓർവലിനെ ആദ്യം കാണുന്നത്. ഉയരമുള്ള, മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന  അദ്ദേഹത്തിന്റെ ആകർഷണവലയത്തിൽ വീണുപോയ അവർക്ക് തൊ‌ട്ടടുത്ത കൂടിക്കാഴ്ചയിൽ ഓർവെൽ വിവാഹാഭ്യർഥന നടത്തുമ്പോൾ ഒഴിഞ്ഞുമാറാൻ ആയില്ല. യെസ് എന്നു പറയാൻ രണ്ടാമതൊന്നാലിചിച്ചുമില്ല. ഹെർഡ്ഫോർഡ്ഷെയറിൽ ഗ്രാമീണ മേഖലയിൽ കൊച്ചുവീടിനു സമീപം ഒരു കട കൂടി നടത്തിയാണ് അവർ ജീവിക്കാനുള്ള വക കണ്ടെത്തിയത്. വീട്ടിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം എഡിറ്റർ എന്ന ജോലി കൂടി എയ്‌ലീന് ഏറ്റെടുക്കേണ്ടിവന്നു. ഓർവെലിന്റെ പുസ്തകങ്ങളുടെ മികവിനു പിന്നിൽ എയ്‌ലീന്റെ എഡിറ്റിങ് കരുത്ത് കൂടിയുണ്ടായിരുന്നു.  ഈ ജോലിക്കു  പുറമേയായിരുന്നു കട നടത്തുന്ന ഉത്തരവാദിത്തം. എന്നാൽ മറ്റൊരു ഭാരിച്ച ജോലി കൂടി ഉണ്ടായിരുന്നു. ഓർവെലിനെ പരിചരിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലി. നെഞ്ചിലെ അണുബാധ മൂലം അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ക്ഷയത്തിന്റെ തുടക്കമാണെന്ന് അന്നറിഞ്ഞില്ല. അതേ രോഗം മൂർഛിച്ചാണ് 46–ാം വയസ്സിൽ ഓർവെൽ മരിക്കുന്നതും. ഇക്കാലത്തെ എയ്‌ലീന്റെ ജീവിതത്തെക്കുറിച്ച് ലോകം മനസ്സിലാക്കിയത് 2005 ലാണ്. കൂട്ടുകാരി നോറയ്ക്കെഴുതിയ കത്ത് പുറത്തുവന്നപ്പോൾ. 

വിവാഹത്തിന്റെ ആദ്യത്തെ ആഴ്ചകളിൽ തന്നെ സൗഹൃദത്തെ നിലനിർത്തിയ കത്തെഴുത്ത് എനിക്ക് തുടരാനായില്ല. മിക്ക ദിവസങ്ങളിലും ഞങ്ങൾ വഴക്കിട്ടു. ഉടൻ തന്നെ പിരിയുകയോ ഞങ്ങളിലൊരാളുടെ മരണം സംഭവിക്കുകയോ ചെയ്യുമെന്ന് തീർച്ചയായി. അതിനുശേഷം സ്വസ്ഥമായി എഴുതാമല്ലോ എന്നു ഞാൻ വിചാരിച്ചു. 

ക്രൂരമായ വിവാഹജീവിതം സാക്ഷ്യപ്പെടുത്തി ഇതിലും നന്നായി ആർക്ക് എഴുതാനാവും. 

orwell
ജോർജ് ഓർവെൽ, Photo Credit: Wikimedia Commons, http://www.netcharles.com/orwell/ |Date= 1933 |Author= Branch of the National Union of Journalists

‌ഒരു വർഷത്തിനകം സ്പാനിഷ് ആഭ്യന്തര യുദ്ധമുഖത്തേക്ക് സന്നദ്ധ ഭടനായി ഓർവെൽ പുറപ്പെട്ടു. ഉരുളക്കിഴങ്ങ് കൃഷി നോക്കുന്ന ഉത്തരവാദിത്തം ഉപേക്ഷിച്ച് എയ്‌ലീനും കൂടെ പുറപ്പെട്ടു. സ്റ്റാലിൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഇടതു പാർട്ടിയിൽ ചേർന്നു ഓർവെൽ. സ്വേഛാധിപത്യത്തിനെതിരായ പോരാട്ടത്തിലും സജീവമായി. വെറുതെയിരിക്കുകയായിരുന്നില്ല എയ്‌ലീൻ. ഒരുപക്ഷേ ഓർവലിനെക്കാളും സജീവമായിരുന്നു  പാർട്ടി പ്രവർത്തനത്തിൽ. 

രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോഴേക്കും എയ്‌ലീൻ കത്തെഴുത്തിൽ സജീവമായി. ഇൻഫർമേഷൻ മിനിസ്ട്രിയിൽ ചേർന്ന് പല വിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആനിമൽ ഫാമിന്റെ പേജുകളിൽ മിക്കയിടത്തും എയ്‌ലീന്റെ തിരുത്തലുകളുണ്ട്. ഇടപെടലുകളുണ്ട്. പ്രിയപ്പെട്ട സഹോദരൻ ഇതേ കാലത്ത് ഫ്രാൻസിൽ കൊല്ലപ്പെട്ടു. എൻഡോമെട്രിയോസിസ്  രോഗത്തെത്തുടർന്ന് ഭാരം കുറഞ്ഞു. ബ്ലീഡിങ് ഇടയ്ക്കിടെയുണ്ടായി. എന്നിട്ടും കുട്ടിയെ ദത്തെടുക്കാനുള്ള ഓർവെലിന്റെ ആഗ്രഹത്തിനു സമ്മതം മൂളി. ഓർവെൽ യൂറോപ്പിലേക്ക് റിപ്പോർട്ടറായി പോയി. എയ്‌ലീന് പുതുതായി കുട്ടിയെ നോക്കുക എന്ന ഉത്തരവാദിത്തം കൂടി. 

ഓർവെലിന് അയച്ച അവസാന കത്തുകളിൽ എയ്‌ലീന്റെ ദുരിതജീവിതം വായിച്ചെടുക്കാം. ശസ്ത്രക്രിയ നടത്താൻ അദ്ദേഹത്തിന്റെ അനുവാദം തേടി. എന്നാൽ പണം തികയുമോ എന്നു പേടിച്ചു. 

പണം ചെലവഴിക്കാൻ എനിക്കെന്ത് അർഹതയാണുള്ളതെന്ന് ഞാൻ ആലോചിച്ചുപോകുന്നു. 

ആ കത്ത് സമയത്ത് ഓർവെലിന് കിട്ടിയില്ല. ചെലവു കുറഞ്ഞ മാർഗം അവർ തേടി. വിജയിച്ചില്ല. ശസ്ത്രക്രിയാ മേശയിൽ മൃതദേഹമായി. ഭാരിച്ച ജോലികൾ ചെയ്തു എന്നു മാത്രമല്ല, അവഗണിക്കപ്പെട്ടിരുന്നു അയ്‌ലീൻ. ക്രൂരമായി തന്നെ. ഓർവെലിന്റെ എണ്ണമില്ലാത്ത പരസ്ത്രീ ബന്ധങ്ങളും. അവസാന കാലത്ത് ആശുപത്രിക്കിടക്കയിൽ കാണാനെത്തിയ സുഹൃത്തിനു പോലുമുണ്ടായി ഓർവെലിൽ നിന്ന് സഭ്യമല്ലാത്ത പെരുമാറ്റം. സ്പെയിനിലായിരുന്നപ്പോൾ സൈനിക ഉദ്യോഗസ്ഥനുമായി എയ്‌ലീന് ബന്ധമുണ്ടായിരുന്നു എന്നൊരു സംശയമുണ്ട്. എന്നാൽ ഇതു തെളിയിക്കപ്പെട്ടിട്ടില്ല. 

funder
അന്ന ഫണ്ടർ, Photo Credit: Karl Schwerdtfeger/Penguin Random House

എയ്‌ലീൻ ഓർവലിന്റെ ഭാര്യയായിരുന്നു. എന്നാൽ അതിനുമപ്പുറം മറ്റൊരു വ്യക്തിത്വവുമുണ്ടായിരുന്നു. ഇര എന്ന നിലയിൽ അവരെ ചിത്രീകരിക്കുന്നതു ചരിത്രത്തോടുള്ള നീതിനിഷേധമാണ്. ഇതിനെതിരെ കൂടിയാണ് ഫണ്ടർ എഴുതുന്നത്. ഭാര്യാപദം എന്ന അടിമത്തത്തിനെതിരെ. ക്രൂരതയ്ക്കും അവഗണനയ്ക്കും അവിശ്വസ്തതയ്ക്കും എതിരെ. ഓർവെലിന്റെ നോവലുകളുടെ മാർജിനിൽ ഒതുങ്ങിപ്പോകേണ്ട വ്യക്തിയല്ല എയ്‌ലീൻ എന്നതിന്റെ സാക്ഷ്യത്തിനൊപ്പം സ്ത്രീ വിമോചനത്തിന്റെ മാനിഫെസ്റ്റോ കൂടിയാകുകയാണ് വൈഫ്ഡം എന്ന പുസ്തകം. 

Content Highlights: Wifedom: Mrs. Orwell's Invisible Life |  Anna Funder | George Orwell | eileen orwell | eileen o'shaughnessy | The forgotten wife of George Orwell | wifedom book | wifedom by anna funder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com