വിളക്കുമാടം - ശാലിനി നായര്‍ എഴുതിയ ചെറുകഥ
Mail This Article
'കടലിനോളം ആഴവും പരപ്പുമുള്ളതെന്തിനെന്ന് പറയാമോ?'
'ഭൂമിക്ക്'
'അല്ല'
'ആകാശത്തിന്?'
'അല്ല'
'എന്നോടുള്ള നിന്‍റെ സ്നേഹത്തിന്'
നിറഞ്ഞ ചിരിയോടെയുള്ള ഉത്തരത്തിന് പകരമായി അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുകയാണ് ചെയ്തത്. നിനച്ചിരിക്കാതെയുള്ള അധരസ്പര്‍ശനത്തില്‍ അവള്‍ കൈകള്‍ക്കുള്ളില്‍ പൊതിഞ്ഞു പിടിച്ചിരുന്ന നിലക്കടലമണികള്‍ മണലിലാകെ ചിതറി. തെല്ലു പരിഭവത്തോടെ മേല്‍ചുണ്ടിലെ നനുത്ത രോമങ്ങളില്‍ പറ്റിയ തന്‍റെ ഉമിനീര്‍ അവള്‍ നിഷ്കരുണം തുടച്ചു കളഞ്ഞു. കോളേജിലെ കമിതാക്കളാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകുന്ന വേഷഭൂഷാദികളോടെയാണ് അവരിരുവരും അന്ന് ബീച്ചില്‍ ഇരുന്നിരുന്നത്. ഇരുവരുടേയും കൈകളില്‍ ഹെല്മെറ്റ്, അവള്‍ ചുരുദാറിന്‍റെ ഷാള്‍ കൊണ്ട് തലയും മുഖത്തിന്‍റെ പാതിയോളവും മറച്ചിരുന്നു. തിരക്കേറിയ ബീച്ചില്‍ ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി അവളുടെ കൃഷ്ണമണികള്‍ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടേയിരുന്നു.
'കാമുകിമാരായാല്‍ കുറച്ചു ധൈര്യമൊക്കെ വേണം. നീ പറഞ്ഞിട്ടല്ലേ ബീച്ചില്‍ വന്നത്?'
'എന്നെ കൊണ്ടുപോകാന്‍ പറഞ്ഞത് ബീച്ചിലല്ല. ദാ, അവിടെയാണ്.' അവള്‍ തെളിഞ്ഞ ആകാശനീലിമയിലേക്ക് വിരല്‍ ചൂണ്ടി.
'ഇതെന്താലോചിച്ചിരിക്ക്യാ? മഴ ചാറിത്തുടങ്ങി. നമുക്ക് ഹോട്ടലിലേക്ക് തിരിച്ചു പോകാം.'
ദീപ്തിയുടെ ഉറച്ച സ്വരത്തിനു മുന്‍പില്‍ അശ്വതി ചൂണ്ടിക്കാട്ടിയ ലൈറ്റ് ഹൗസ് ഒരു മിന്നായം പോലെ തെളിഞ്ഞു മാഞ്ഞു. അതെല്ലായ്പ്പോഴും അങ്ങനെയാണ്. അശ്വതിയെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരിക്കലും പൂര്‍ണ്ണമാകാറില്ല. അവളുടെ പ്രണയവും അപൂര്‍ണ്ണമായിരുന്നു.
'ദീപ്തിയെ ഞാനൊരിടം വരെ കൊണ്ടുപോകുന്നുണ്ട്. ഇവിടെ തൊട്ടടുത്താണ്. ഇഷ്ടമാവാന്‍ തരമുണ്ട്.'
മറുചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ അവള്‍ അയാളുടെ തീരുമാനത്തെ നേര്‍ത്ത ഒരു പുഞ്ചിരിയിലൊതുക്കി, കലുഷിതമായിക്കൊണ്ടിരിക്കുന്ന കടലിലെ ഓളങ്ങളില്‍ ദൃഷ്ടിയൂന്നി.
ദീപ്തി സുന്ദരിയാണ്. നാല്പ്പതുകളുടെ ആരംഭം വിളിച്ചോതാന്‍ മാത്രമായി മുടിയിഴകള്‍ അവിടെയിവിടെയായി വെള്ളി പാകിയിരുന്നു. ഉയര്‍ന്ന നാസികത്തുമ്പും ആലസ്യമേറിയ കണ്ണുകളും പറയാന്‍ എന്തോ ബാക്കിവച്ചുവെന്ന പോലത്തെ ചുണ്ടുകളും. സദാ ചലനനിരതമായ കടല്‍ക്കാറ്റേറ്റ് മെഴുക്കില്‍ തിളങ്ങുന്ന മുഖത്ത് മഴത്തുള്ളികള്‍ വഴുതി വീഴുന്നത് കാണാന്‍ തന്നെ ചന്തമാണ്.
'ഈ പട്ടണത്തിന്‍റെ ചരിത്രം പറഞ്ഞുവയ്ക്കുന്ന അനേക വസ്തുതകളില്‍ ഒന്നാണിത്. ആയിരത്തി എണ്ണൂറ്റി അറുപത്തിരണ്ടില്‍ നിര്‍മിക്കപ്പെട്ടത്. ആട്ടേ, താന്‍ ക്ലോസ്റ്റ്റോഫോബിക്കോ മറ്റോ ആണോ?'
'അല്ല, എന്തേ?'
'അകത്ത് ഇടുങ്ങിയ പിരിയന്‍ ഗോവണിയാണ്. ഏഴു നില കയറണം. ശേഷം കുത്തനെ ഒരു ഇരുമ്പ് ഗോവണിയും കൂടിയുണ്ട്. എന്നാലേ ലൈറ്റ് ഹൗസിന് മുകളിലെത്തൂ.' സന്ദര്‍ശകര്‍ക്ക് കയറാനുള്ള ടിക്കറ്റുകള്‍ രണ്ടെണ്ണം ഭദ്രമായി ജീന്‍സിന്‍റെ പിന്‍വശത്തെ പോക്കറ്റിനുള്ളിലാക്കി അയാള്‍ പറഞ്ഞു.
ദീപ്തി മറുപടി പറഞ്ഞില്ല. അകത്തേക്ക് കയറുന്നിടത്ത് തന്നെ ചെരിപ്പുകളൂരി മഴ കൊള്ളാതെ അവയൊരു വശത്തേക്ക് ഒതുക്കി വയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അവള്‍.
'എന്‍റെ കൈയ്യൊന്നു പിടിക്കാമോ?'
തേക്കിന്‍ തടിയില്‍ തീര്‍ത്ത ഗോവണി രണ്ട് നില കയറിയപ്പോഴേ ദീപ്തി പരവശയായി. അതിലേക്കാളേറെ ക്ലേശപ്പെട്ടത് ഇറങ്ങി വരുന്ന സഞ്ചാരികള്‍ക്ക് ഇടുങ്ങിയ കോണിപ്പടിയില്‍ പോകാന്‍ സ്ഥലമൊരുക്കി കൊടുക്കേണ്ടി വന്നപ്പോഴാണ്. ദീപ്തിയുടെ കയ്യില്‍ മുറുകെ പിടിച്ച് നിലകളോരോന്നായിക്കയറി അയാള്‍ മുകളിലെത്തി. നന്നേ ഉയരം കുറഞ്ഞ വാതില്‍ കുനിഞ്ഞു കടക്കണം. ചാറ്റല്‍ മഴ വാതില്‍ പഴുതിലൂടെ അകത്തേക്ക് ഊത്താലടിക്കുന്നതിനനുസരിച്ച് ആകാശക്കാഴ്ച്ച കാണാനിറങ്ങിയ സന്ദര്‍ശകര്‍ കാഴ്ച മതിയാക്കി വാതിലിലൂടെ തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. ശ്രീകോവിലിലെന്നോണം ശ്രദ്ധയോടെ ദീപ്തി വാതില്‍ നന്നേ കുനിഞ്ഞു കടന്ന് പുറംകാഴ്ച്ചകളില്‍ ലയിക്കാന്‍ തുടങ്ങിയിരുന്നു. വീശിയടിച്ച ചാറ്റലില്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ നയനസുഭഗമായ അവളുടെ ശരീരത്തെ ഇറുകിപ്പുണര്‍ന്നു. ഒരു കുടക്കീഴില്‍ നിന്നുകൊണ്ട് ആകാശക്കാഴ്ച്ച കണ്ടുനിന്നിരുന്ന ചെറുപ്പക്കാരായ ദമ്പതിമാരില്‍ ഭര്‍ത്താവിന്‍റെ കഴുകന്‍ കണ്ണുകള്‍ ദീപ്തിയെ കൊത്തിവലിക്കുന്നത് പോലെ തോന്നിയത് തനിക്കു മാത്രമാണോ? അയാള്‍ അവളെ അരയില്‍ കൈ ചുറ്റി തന്നിലേക്കടുപ്പിച്ചു.
'എന്തേ?'
'ഒന്നുമില്ല. തിരക്കാണ്. ചേര്‍ന്നു നിന്നോളൂ.'
തങ്ങളെ കൂടാതെ കുറച്ചപ്പുറത്തായി ഒരു ഭാര്യയും ഭര്‍ത്താവും, അല്പം മാറി രണ്ട് യുവാക്കളും മാത്രമേ അവിടെയുള്ളു എന്ന തിരിച്ചറിവില്‍ ദീപ്തി അയാളെ നോക്കി. സ്വസ്ഥമായി ഇരുന്ന് കാഴ്ച്ചകള്‍ ആസ്വദിക്കാനായി നനയാത്തൊരിടം അന്വേഷിക്കുകയായിരുന്നു അയാള്‍.
'വരൂ, ഇവിടെയിരിക്കാം.'
വശങ്ങള്‍ പൊട്ടിത്തുടങ്ങിയതെങ്കിലും സിമന്‍റ് പാകിയൊരിടം അയാള്‍ അതിനോടകം കണ്ടെത്തിക്കഴിഞ്ഞിരുന്നു. ജീന്‍സിന്‍റെ മുന്‍വശത്തെ പോക്കറ്റിനുള്ളില്‍ നിന്നെടുത്ത ചതുരക്കള്ളികളോടു കൂടിയ തവിട്ടു നിറമുള്ള വലിയ തൂവാല അയാള്‍ മടക്ക് നിവര്‍ത്തിയെടുത്തു. ഇരിക്കുന്നിടമാകെ കൈ കൊണ്ട് പൊടി തട്ടി അയാള്‍ ദീപ്തിക്കായി തൂവാല വിരിച്ചു. തോളത്തിട്ടിരുന്ന ലെതര്‍ ബാഗ് മടിയില്‍ വെച്ച് ദീപ്തി അയാളോട് ചേര്‍ന്നിരുന്നു.
'ഇവിടുന്ന് നോക്കിയാല്‍ നഗരമാകെ കാണാം. ദാ, വരിവരിയായി അവിടെ കാണുന്നത് പണ്ട് പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച പുരകളാണ്. ചരക്കുകള്‍ ശേഖരിക്കാന്‍. ആ വശത്ത് നോക്കെത്താദൂരത്തോളം കടലാണ്. കുറച്ചുകൂടി കഴിഞ്ഞാല്‍ ബീച്ചില്‍ തിരക്കേറും. ഒളിഞ്ഞും മറഞ്ഞും വരുന്ന പല കമിതാക്കളേയും കാണാം.' നേര്‍ത്ത ഒരു ചിരിയോടെ അയാള്‍ ആവേശഭരിതനായി പറഞ്ഞു.
നമ്മളെപ്പോലെ! ദൂരെ കടലിലെവിടെയോ നങ്കൂരമിട്ട അവളുടെ പാതിയടഞ്ഞ കണ്ണുകള്‍ തന്നെ നോക്കാനേ കൂട്ടാക്കുന്നില്ലെന്ന് അയാള്‍ക്ക് തോന്നി. അയാളിലെ ചിരി പതുക്കെ മാഞ്ഞു തുടങ്ങിയിരുന്നു. ചാറ്റല്‍ മഴയിലും അയാളുടെ ഉള്ളംകൈ വിയര്‍ത്തു. ദീപ്തിയേയും കൊണ്ട് ബീച്ചിലേക്കിറങ്ങിയപ്പോള്‍ മുതലുള്ള പിരിമുറുക്കമാണ്. 'പരിചയമുള്ള ആരെങ്കിലും കാണുമോ? കുട്ടിക്കാലമേറെയും ചിലവിട്ട പരിസരമാണ്. ഈ വിളക്കുമാടത്തിന്‍റെ സൂക്ഷിപ്പുകാരനായിരുന്നു അച്ഛന്‍. കോമ്പൗണ്ടിനകത്തേക്ക് കയറിവരുമ്പോള്‍ കാണുന്ന ടിക്കറ്റ് കൗണ്ടറിന് ഇടത് വശത്തുള്ള വെള്ളച്ചായം പൂശിയ ചെറിയ ക്വാര്‍ട്ടേഴ്സിലായിരുന്നു അന്ന് താമസം. സ്കൂള്‍ വിട്ടു വന്നാല്‍ തന്‍റെ മാത്രം സാമ്രാജ്യമായിരുന്ന വിളക്കുമാടം. കിഴക്ക് വെള്ള കീറുന്നതിനു മുന്‍പേ മുകളിലേക്കോടുമായിരുന്നു, തീഗോളം കണക്കേ ആഴിയില്‍ നിന്നുയര്‍ത്തെഴുന്നേല്ക്കുന്ന സൂര്യഭഗവാനെ കാണാന്‍. വൈകുന്നേരങ്ങളിലും മുറതെറ്റാതെയെത്തിയിരുന്നു. കത്തിയമര്‍ന്ന് കടലിലേക്ക് തന്നെ മടങ്ങുന്ന അരുണനെ കണ്‍കുളിര്‍ക്കേ കണ്ടുകൊണ്ട് അവിടെ തന്നെ കഴിച്ചുകൂട്ടും. ഒടുവില്‍ അച്ഛന്‍ വന്ന് വിളിച്ചു കൊണ്ടുപോകുകയായിരുന്നു പതിവ്.'
'എന്താണിത്ര ആലോചന? ഭാര്യയെക്കുറിച്ചാണോ?' ചിന്തകളില്‍ നിന്നുണര്‍ത്തിയ ചോദ്യത്തിനു മുന്‍പില്‍ അയാളൊന്നു പകച്ചു. സുമയെ രാവിലെ എത്തിയപാടെ വിളിച്ചതാണ്. രണ്ടാമത് വിളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അയാളുടെ വലതു കൈ അറിയാതെ മൊബൈലില്‍ പിടിമുറുക്കി.
എനിക്കൊരുപാട് ഓര്‍മ്മകളുള്ള സ്ഥലമാണിത്. എന്‍റെ സ്കൂള്‍ പഠനം കഴിയുന്നതു വരെ ഞങ്ങള്‍ താമസിച്ചിരുന്ന ഇടമാണ്. പരിചയക്കാരാരെങ്കിലും... തന്‍റെ വാക്കുകളെ മുറിച്ചുകൊണ്ട് ദീപ്തിയുടെ പൊട്ടിച്ചിരി മുഴങ്ങി കേട്ടു.
അന്നത്തെ പൊടിമീശയുടെ സ്ഥാനത്ത് പന്തലിച്ച മീശ വരെ നരച്ചു. ആര് തിരിച്ചറിയുമെന്നാണ് പേടി? ഇനി അഥവാ അറിഞ്ഞാല്‍ തന്നെ ഭാര്യയാണെന്നു പറയൂ. ആരുടെയാണെന്ന് മാത്രം മിണ്ടണ്ടാചിരി അടക്കാനാവാതെ അവള്‍ പറഞ്ഞു.
അവളങ്ങനെയാണ്. പരിഭ്രമം എന്നൊന്ന് ആ മുഖത്ത് കണ്ടതായിപ്പോലും ഓര്‍മ്മയിലില്ല. ദീപ്തി തന്‍റെ മേലുദ്യോഗസ്ഥയായി ഓഫീസില്‍ സ്ഥലം മാറി വന്നിട്ട് വര്‍ഷം ഒന്നാകുന്നു. വീട് ശരിയാക്കാനും മറ്റുമായി സഹായിച്ചത് താനാണ്. ഏകമകന്‍ ഭര്‍ത്താവിനൊപ്പമാണ്. ഒന്നോ രണ്ടോ വട്ടം ഇരുവരേയും കണ്ടിട്ടുമുണ്ട്. ഓഫീസില്‍ മാഡം എന്ന് സംബോധന ചെയ്യുമ്പോഴൊക്കെയും ചെടിക്കും. തന്‍റേതാകുന്ന നിമിഷങ്ങളില്‍ അവള്‍ അയാള്‍ക്ക് ദീപ്തിയാണ്. അശ്വതിയുടെ ഉറപ്പില്ലാഞ്ഞ പ്രണയത്തിനു മുന്‍പില്‍ നിസ്സഹായനായി നിന്നു പോയിട്ടുണ്ട്, അനേകവട്ടം. കോളേജ് പഠനം കഴിഞ്ഞ് ജോലിയും ഒരുമിച്ച് ഒരിടത്താക്കിയത് പിരിയാന്‍ സാധിക്കില്ല എന്ന തന്‍റെ ഉറച്ച ബോധ്യത്തിലാണ്. ആ ബോധ്യം തന്‍റേതു മാത്രമായിരുന്നു എന്ന തിരിച്ചറിവുണ്ടാകാനും ഏറെ വൈകി.
എനിക്ക് ശ്വാസം മുട്ടുന്നു.
ഇത്ര ഭീമാകാരമായ കാറ്റത്തോ? നിലകള്‍ ഓടിക്കയറി വിളക്കുമാടത്തിന്‍റെ മുകളിലെത്തി കിതപ്പകറ്റാന്‍ ആയാസപ്പെടുന്നതിനിടെ അശ്വതി പറഞ്ഞതിന്‍റെ അകംപൊരുള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ താന്‍ ചോദിച്ചു പോയി.
'നീ വളരെ പൊസ്സസ്സീവാണ്. എനിക്ക് ശ്വാസം മുട്ടുന്നു.' അശ്വതി അത് പറയുമ്പോഴും തന്‍റെ ശ്രദ്ധ കാറ്റില്‍ അവളുടെ ശരീരത്തില്‍ നിന്നും സ്ഥാനം തെറ്റിയ ചുരിദാര്‍ ഷാളിനെ പിടിച്ചുകെട്ടി അവളുടെ തുടിപ്പാര്‍ന്ന മാറില്‍ ബന്ധിക്കുന്നതിലായിരുന്നു.
'ഈ ഷാള്‍ ഒന്നു പിന്‍ ചെയ്ത് നടന്നൂടെ? നാട്ടുകാരെ മുഴുവന്‍ കാണിക്കണോ?'
'നീയെന്നെ ഭരിക്കുകയാണ്. എനിക്കിനിയിത് സാധ്യമല്ല. എനിക്ക് സ്വതന്ത്രയാവണം.'
തന്‍റെ കൈകള്‍ തട്ടിമാറ്റിക്കൊണ്ടവള്‍ പ്രഖ്യാപിച്ചു. അവളുടെ മൃദുലമായിരുന്ന കൈകള്‍ പൊടുന്നനെ ബലിഷ്ഠമായിരിക്കുന്നത് അയാളറിഞ്ഞു. അവളുടെ മുഖത്ത് കോപം തെളിഞ്ഞു. സ്വതവേ ആര്‍ദ്രത നിഴലിച്ചിരുന്ന അവളുടെ കണ്ണുകള്‍ തീച്ചൂളകളായി മാറിയിരുന്നു.
എനിക്ക് സ്വതന്ത്രയാവണം! അവളുടെ വാക്കുകള്‍ അയാളുടെ കാതുകളില്‍ ഉച്ചത്തിലുള്ള മണിമുഴക്കങ്ങളായി.
സ്വാതന്ത്ര്യം! ആരില്‍ നിന്ന്? എന്നില്‍ നിന്നോ? എന്‍റെ സ്നേഹത്തില്‍ നിന്നോ? നിന്നോടുള്ള എന്‍റെ അഭിനിവേശത്തില്‍ നിന്നോ? അതെങ്ങനെ സാധ്യമാകും? നിനക്കെങ്ങനെ പോകാന്‍ കഴിയും? നീയെന്‍റെ സ്വന്തമല്ലേ? സ്വന്തമായതിനെ ഉപേക്ഷിക്കേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് യജമാനനായ ഞാനല്ലേ? നിനക്കെങ്ങനെ തീരുമാനിക്കാന്‍ കഴിയും? തലച്ചോറില്‍ നിന്നുരുത്തിരിഞ്ഞു വന്ന ഒരായിരം ചോദ്യങ്ങള്‍ നാവിന്‍തുമ്പത്തെത്തി നോക്കിനിന്നതല്ലാതെ പുറത്തേക്ക് വരാന്‍ കൂട്ടാക്കിയില്ല. അതിനു മുന്‍പേ അവള്‍ വിളക്കുമാടത്തിന്‍റെ ശ്രീകോവില്‍ കുനിഞ്ഞു കടന്നു പോയിരുന്നു. പ്രണയത്തിന്‍റെ അഞ്ചാം വാര്‍ഷികത്തിന് അവള്‍ക്കായി കരുതി വച്ച വെള്ളക്കല്ല് പതിച്ച സ്വര്‍ണ്ണമൂക്കുത്തി ജീന്‍സിന്‍റെ പോക്കറ്റില്‍ ശ്വാസം മുട്ടി പിടഞ്ഞുകൊണ്ടേയിരുന്നു.
'യൂ ആര്‍ ആന്‍ ഇമോഷണല്‍ ഇഡിയറ്റ്.'
എത്ര നേരമായി ദീപ്തി തന്നെയങ്ങനെ നോക്കിയിരിക്കുന്നു എന്ന് അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. അയാളൊന്നും പറഞ്ഞില്ല.
'നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. കുറ്റബോധം അലട്ടിത്തുടങ്ങിയോ?'
'ഇല്ല.'
'നിങ്ങള്‍ സുമയേയും കൊണ്ട് ഇവിടെ വന്നിട്ടുണ്ടോ?'
'ഉവ്വ്. ഇവിടെയിരുന്നാണ് അവളുടെയുള്ളില്‍ എന്‍റെ മകന്‍ വളരുന്നുണ്ടെന്ന് എന്നോടവളാദ്യമായി പറഞ്ഞത്
മകന്‍ നിങ്ങളെ പോലെയാണോ അതോ നിങ്ങളുടെ ഭാര്യയെ പോലെയോ?'
'അവന്‍ എന്നെപ്പോലെയാണ്. ദീപ്തിയുടെ ഭാഷയില്‍, ആന്‍ ഇമോഷണല്‍ ഇഡിയറ്റ്.'
'അങ്ങനെയാവാതിരിക്കട്ടെ. അങ്ങനെയായതു കൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമുണ്ടാവാനില്ല. ലിവ് ദ് മൊമെന്‍റ ്! കേട്ടിട്ടില്ലേ? ഈ നിമിഷത്തില്‍ ജീവിക്കുക.'
'ഞാനത് മനസ്സിലാക്കുന്നു. എന്‍റെ ഈ നിമിഷം നീയാകുന്നു. ഈ കാറ്റില്‍ നിന്‍റെ ഗന്ധം എന്നെ മത്ത് പിടിപ്പിക്കുന്നു.'
അയാള്‍ ദീപ്തിയുടെ അരക്കെട്ടില്‍ പിടിയൊന്ന് മുറുക്കി തന്നിലേക്ക് ചേര്‍ത്തു. പ്രണയപരവശനായി അവളുടെ നനവാര്‍ന്ന കഴുത്തിന് പിന്‍വശത്ത് ചുംബിച്ചു.
'നമുക്ക് തിരിച്ച് ഹോട്ടലിലേക്ക് പോകാം.' മഴയുടെ കുളിരാര്‍ന്ന കണികകള്‍ അയാളുടെ സിരകളെ ചൂട് പിടിപ്പിച്ചു തുടങ്ങിയിരുന്നു.
'കുറച്ച് കഴിയട്ടേ. ഈ ഇരിപ്പും കാഴ്ചയും കൊള്ളാം. സുഖമുള്ളതാണ്.' ദീപ്തിയുടെ സ്വരത്തിനു മുന്‍പില്‍ അയാളൊന്നു തണുത്തു.
അശ്വതിയായിരുന്നില്ല സുമ. സുമയല്ല ദീപ്തി. തന്‍റെ ജീവിതത്തിലെ മൂന്ന് സ്ത്രീകള്‍. അശ്വതി നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയാണ്. സുമ തന്‍റെ വര്‍ത്തമാനവും ഭാവിയുമാണ്. എന്നാല്‍ ദീപ്തി തനിക് വെറുമൊരു മായയാണ്. ഉറക്കമുണര്‍ന്നാല്‍ മാഞ്ഞു പോകുന്ന സുന്ദരമായ സ്വപ്നം.
'ആ പനിനീര്‍പുഷ്പം നിങ്ങള്‍ക്കുള്ളതാണ്. എന്‍റെ വക പിറന്നാള്‍ സമ്മാനം.' ഉച്ചയൂണ് കഴിഞ്ഞ് തിരികെ ക്യുബിക്കിളില്‍ വന്നിരുന്നപ്പോള്‍ കമ്പ്യൂട്ടറിനു മുന്‍പിലായി ഒറ്റത്തണ്ടില്‍ രണ്ടിതളുകളോടെ ഒരു ചുവന്ന പനിനീര്‍പുഷ്പം. ഉള്ളില്‍ തികട്ടി വന്ന ആന്തലോടെയാണ് അത് കയ്യിലെടുത്തത്. ഉടനടി മൊബൈലില്‍ ദീപ്തിയുടെ ഒരു സന്ദേശവും. പകപ്പോടെയാണ് ദീപ്തിയുടെ ക്യാബിനിലേക്ക് നോക്കിയത്. ചുണ്ടിന്‍റെ ഒരു കോണില്‍ വിരിഞ്ഞ പുഞ്ചിരിയോടെ അവള്‍ തന്നെത്തന്നെ നോക്കിയിരിക്കുന്നു. ദീപ്തി മാഡത്തില്‍ നിന്ന് ദീപ്തിയിലേക്കുള്ള യാത്ര തുടങ്ങിയത് അവിടെ നിന്നാണ്.
മോബ്ലായുടെ മെയ്സ്റ്റര്‍സ്റ്റക് ലാ ഗ്രാന്‍ഡ് പ്ലാറ്റിനം റോളര്‍ബോള്‍ പേനയാണിത്. വില ഏകദേശം അരലക്ഷത്തോളം വരും. ഇത് നിങ്ങള്‍ക്കുള്ളതാണ്.എണ്ണക്കറുപ്പ് നിറത്തില്‍ വെള്ളിചുറ്റോട് കൂടി ദീപ്തി നീട്ടിയ തടിച്ച പേന കയ്യില്‍ വാങ്ങാതെ അയാളൊന്നു നോക്കുക മാത്രം ചെയ്തു.
'നീയെന്തിനാണെനിക്കിങ്ങനെ സമ്മാനങ്ങള്‍ തരുന്നത്? സമ്മാനങ്ങള്‍ എനിക്ക് പേടിയാണ്. അവ പിന്നീട് തീനാളങ്ങള്‍ക്ക് വിഴുങ്ങാനുള്ളതാണ്.' അതു പറയുമ്പോള്‍ അയാള്‍ക്ക് മണ്ണെണ്ണയുടെ മണം മൂക്കിലേക്കടിച്ചുകയറുന്നതായി തോന്നി. അയാളുടെ വലത് കൈത്തണ്ടയിലെ പൊള്ളിയ പാട് അശ്വതി നല്‍കിയ സമ്മാനങ്ങളുടെ അവശേഷിപ്പായിരുന്നു.'
'വിഡ്ഡിത്തം പറയാതിരിക്കൂ. ഐ വാണ്ട് റ്റു ക്രിയേറ്റ് മെമ്മറീസ് വിത്ത് യൂ. അത്രേയുള്ളൂ. സംവേദനക്ഷമമായ അനേകായിരം നാഡികളെ ഉത്തേജിപ്പിച്ചു കൊണ്ട് അയാള്‍ അവളുടെ അധരങ്ങള്‍ നുകര്‍ന്നു. നിന്നെ ചുംബിക്കുമ്പോള്‍ നിന്‍റെ ആത്മാവിന്‍റെ രുചി ഞാനറിയുന്നു.' അയാളുടെ വാക്കുകളില്‍ ദീപ്തി പൊട്ടിച്ചിരിക്കുകയാണുണ്ടായത്.
'നിങ്ങള്‍ വളരെ റൊമാന്‍റിക്കാണ്. നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ്.' ദീപ്തിയെ മടിയില്‍ ചാരിയിരുത്തി തന്‍റെ വിരലുകള്‍ കൊണ്ട് അവളുടെ പൊക്കിള്‍ ചുഴിയില്‍ ചിത്രമെഴുതുമ്പോള്‍ ഇക്കിളിയാസ്വദിച്ചു കൊണ്ട് അവളൊരിക്കല്‍ പറഞ്ഞു.
'ആയിരിക്കാം. എന്നാല്‍ എനിക്കാ ഭാഗ്യമില്ല. സുമ തീര്‍ത്തും അണ്‍റൊമാന്‍റിക്കാണ്. പക്ഷേ അവള്‍ ബുദ്ധിമതിയാണ്. വളരെയധികം പ്രാക്ടിക്കലും. ഷീ യൂസസ് ഹേര്‍ ബ്രെയിന്‍, നോട്ട് ഹേര്‍ ഹാര്‍ട്ട്.'
'മിടുക്കി,' ദീപ്തി ആത്മഗതമെന്നോണം പറയുകയാണുണ്ടായത്.
ദേഹത്തേക്കു തെറിച്ച വെള്ളത്തുള്ളികള്‍ അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി. കാഴ്ച്ച മതിയാക്കിയ ദമ്പതിമാര്‍ തിരിച്ചു പോകാന്‍ താഴേക്കിറങ്ങുന്നതിനായി കുട ശക്തിയായി ഒന്ന് അടച്ചതാണ്. അയാള്‍ ഇട്ടിരുന്ന ഷര്‍ട്ടൊന്ന് കുടഞ്ഞു.
'നിങ്ങള്‍ക്കെന്നോടുള്ളത് എന്ത് വികാരമാണ്? പ്രണയമെന്നത് നുണയാണ്. ലസ്റ്റ്?' തങ്ങള്‍ക്കിടയിലെ മൗനം ഭഞ്ജിക്കപ്പെട്ടത് ഇടിമിന്നല്‍ കണക്കേ വന്ന ദീപ്തിയുടെ ചോദ്യത്തിലാണ്.
എന്താണ് പറയുക? ജീവിതവഴിത്താരയിലെവിടെയോ അശ്രദ്ധ മൂലം തനിക്കു നഷ്ടപ്പെട്ട സ്വത്വം വീണ്ടെടുത്തു തന്നവളാണ് നീയെന്നോ? നിന്നോടെനിക്കുള്ളത് എന്നെതന്നെ ശ്വാസം മുട്ടിക്കുന്ന പ്രണയമാണെന്നോ? കാമം ഇല്ലെന്ന് പറഞ്ഞാല്‍ അത് നുണയാവും. നിന്‍റെ സാമീപ്യം എന്‍റെ ഹൃദയമിടിപ്പുകളെ ഉച്ചത്തിലാക്കുന്നത് നീ കേള്‍ക്കാത്തതാണോ? നിന്‍റെ വശ്യമാര്‍ന്ന ഗന്ധം എന്നില്‍ ആലസ്യമുളവാക്കുന്നത് നീ അറിയുന്നില്ലേ? നീ എന്‍റേതല്ലെന്ന തിരിച്ചറിവ് എന്നില്‍ നൊമ്പരമുണര്‍ത്തുന്നത് നീ കാണായ്കയാണോ? നീ എല്ലാം തികഞ്ഞവളാണ്. എന്‍റെ യജമാനത്തി. ഞാനോ നിന്‍റെ അടിമ.
അയാള്‍ കണ്ണുകള്‍ അമര്‍ത്തിയടച്ചു. ദീപ്തിയുടെ അരക്കെട്ടില്‍ നിന്ന് അയാളുടെ ഇടത് കൈ പതിയെ അയഞ്ഞു.
'എന്താണൊന്നും മിണ്ടാത്തത്? പറയൂ... വെറും ലസ്റ്റ്! അതു തന്നെയല്ലേ നിങ്ങള്‍ക്കെന്നോട്?'
'എനിക്കറിയില്ല.' അനുവാദം ചോദിക്കാതെ പുറത്തേക്ക് വന്ന വാക്കുകള്‍ യാന്ത്രികമെന്ന് അയാളറിഞ്ഞു.
'എങ്കില്‍ എനിക്കറിയാം. ലസ്റ്റ്!'
അതു പറയുമ്പോള്‍ അവളുടെ മുഖം തീക്ഷണമാകുന്നതായി അയാള്‍ക്കു തോന്നി. അയാളുടെ മുഖത്ത് ഭയം നിഴലിച്ചു. അയാളുടെ കാതുകള്‍ കൂര്‍ത്തു.
'ലസ്റ്റ്! കാമം! അതു തന്നെയാണ് എനിക്ക് നിങ്ങളോടും. ഹോ! മനസ്സില്‍ നിന്നൊരു ഭാരമൊഴിഞ്ഞതു പോലെ. നിങ്ങളുടെ ഉത്തരം മറിച്ചാകുമോ എന്നെനിക്കു ഭയമുണ്ടായിരുന്നു, ഈ നിമിഷം വരെ.' തീര്‍ത്തും ഉദാസീനമായ അവളുടെ വാക്കുകള്‍ അയാളുടെയുള്ളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.
ദീപ്തി അയാളുടെ തോളില്‍ തല ചായ്ച്ചു കൊണ്ട് ഇറുകിപ്പുണര്‍ന്നു.
'ഞാന്‍ തിരിച്ചു പോകുകയാണ്. മോനെ ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ അജിത്തിന് ബുദ്ധിമുട്ടാണത്രേ. അവന് ഞാന്‍ വേണം. അവന് മാത്രമല്ല അജിത്തിനും. സ്ഥലം മാറ്റത്തിനുള്ള അപേക്ഷ പാസ്സായിട്ടുണ്ട്. ഇത് നമ്മളുടെ അവസാന കൂടിക്കാഴ്ച്ചയാണ്.' വിളക്കുമാടത്തിലെ ഈ സായാഹ്നം എനിക്കുള്ള നിങ്ങളുടെ പാര്‍ട്ടിംഗ് ഗിഫ്റ്റായി ഞാന്‍ കണക്കാക്കുകയാണ്. ദീപ്തിയുടെ ശ്രദ്ധ ദൂരെ കടല്‍തീരത്തെ തിരക്കില്‍ നിന്ന് കുറച്ചപ്പുറം മാറിയിരിക്കുന്ന കോളേജ് കമിതാക്കളിലായി.
'നോക്കൂ, നിങ്ങള്‍ പറഞ്ഞതു പോലെതന്നെ...' മുഖത്ത് ലേശം പരിഭ്രമവും കയ്യില്‍ ഹെല്‍മെറ്റുകളുമായി ഇരിക്കുന്ന കമിതാക്കളെ നോക്കി ദീപ്തി പൊട്ടിച്ചിരിക്കാനാരംഭിച്ചു.
എങ്ങുനിന്നോ ഊറിവന്ന കണ്ണുനീര്‍ മഴത്തുള്ളികളില്‍ ലയിച്ചതില്‍ അയാള്‍ക്ക് നേരിയ ആശ്വാസം തോന്നി. അയാള്‍ അവളെ നോക്കി. അവളുടെ ചുണ്ടില്‍ ബാക്കിയായ പുഞ്ചിരിയുടെ ചിത്രശലഭപ്രഭാവം ദൂരെ കടലില്‍ മിന്നല്‍ പിണരുകളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരുന്നു. അവയഴിച്ചു വിട്ട പ്രതിധ്വനികള്‍ അയാളുടെ ഹൃദയമിടിപ്പുകളെ നിശ്ചലമാക്കുന്നതില്‍ തിടുക്കം കൊണ്ടു.