പ്രായം 89, വായിച്ചത് 10000 പുസ്തകങ്ങൾ; കഥ പറഞ്ഞു മനസ്സിൽ ഇടം നേടിയത് ഇന്ത്യൻ എഴുത്തുകാരൻ!
Mail This Article
12–ാം വയസ്സിൽ ഡേവിഡ് കോപ്പർഫീൽഡ് വായിച്ച് മതി മറന്നിരുന്ന വായനക്കാരൻ 89–ാമത്തെ വയസ്സിലും വായന തുടരുകയാണ്. ഇക്കാലം കൊണ്ട് വായിച്ചു തീർന്നതോ പതിനായിരത്തിലധികം പുസ്തകങ്ങള്‍. ആകർഷകമായ കഥപറച്ചിലിന് പേരുകേട്ട ഇന്ത്യൻ എഴുത്തുകാരനായ റസ്കിൻ ബോണ്ടിന് വായന ദിനചര്യയുടെ അവിഭാജ്യ ഘടകമാണ്. ദിവസത്തിൽ നിരവധി മണിക്കൂറുകൾ പുസ്തകങ്ങളിൽ മുഴുകുന്ന അദ്ദേഹം 89–ാമത്തെ വയസ്സിലും ആഴ്ചയിൽ മൂന്ന് പുസ്തകമെങ്കിലും നിർബന്ധമായും വായിക്കും. ഇന്നും ഓർഡർ ചെയ്ത പുസ്തകം വന്നാൽ ബാക്കിയെല്ലാം മാറ്റി വെച്ച് വായന ആരംഭിക്കുന്നതാണ് ശീലം.
പിതാവിൽ നിന്നാണ് ബോണ്ടിന് വായനാശീലം പകർന്നു കിട്ടിയത്. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഓഫീസറായിരുന്ന ബോണ്ടിന്റെ അച്ഛന്റെ വിപുലമായ ലൈബ്രറി ഈ വായനാശീലം വളർത്തിയെടുക്കാൻ കാരണമായി. എട്ടാം വയസ്സിൽ മാതാപിതാക്കള്‍ വേർപിരിഞ്ഞതോടെ ബോണ്ട് പുസ്തകവായനയിൽ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. പിതാവിനോടൊപ്പം സായാഹ്നങ്ങളിൽ പുസ്തകങ്ങൾ ഉറക്കെ വായിക്കുമായിരുന്ന ബോണ്ടിന്റെ പ്രിയപ്പെട്ട എഴുത്തുകാർ റുഡ്യാർഡ് കിപ്ലിംഗ്, ചാൾസ് ഡിക്കൻസ്, ഷാർലറ്റ് ബ്രോണ്ടെ എന്നിവരായിരുന്നു.
പിതാവിന്റെ പെട്ടെന്നുള്ള വിയോഗത്തെ തുടർന്ന് ബോണ്ട് തന്റെ മുത്തശ്ശിയോടൊപ്പം ഡെറാഡൂണിൽ താമസിക്കാൻ പോകുകയും പ്രാഥമിക വിദ്യാഭ്യാസം ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്കൂളിൽ നിന്ന് നേടുകയും ചെയ്തു. ആ സമയം കൊണ്ട് തന്നെ ഷിംലയിലെയും ഡെറാഡൂണിലെയും പബ്ലിക് ലൈബ്രറികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭവനമായി മാറി.
ബോണ്ടിന്റെ വായന എതെങ്കിലുമൊരു ഒരു വിഭാഗത്തിലൊതുങ്ങുന്നില്ല. ക്ലാസിക്കുകളും കവിതകളും മുതൽ സാഹസിക നോവലുകളും ഡിറ്റക്ടീവ് ഫിക്ഷനും കോമിക് പുസ്തകങ്ങളും വരെ അദ്ദേഹം ആവേശത്തോടെ വായിച്ചു. തന്റെ ആദ്യകാല ജീവിതത്തിൽ ടെലിവിഷനോ റേഡിയോയോ ഇല്ലാതിരുന്നുവെന്നത് പുസ്തകങ്ങളിൽ ആഴത്തിൽ മുഴുകുന്നതില്‍ സഹായിച്ചുവെന്ന് ബോണ്ട് പറഞ്ഞിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ എഴുതി തുടങ്ങിരുന്ന ബോണ്ടിന്റെ വായനാശീലം അദ്ദേഹത്തിന്റെ എഴുത്തിനെ ആഴത്തിൽ സ്വാധീനിച്ചു. മനോഹരമായ നിരവധി പുസ്തകങ്ങളാണ് ഇന്ത്യൻ സാഹിത്യലോകത്തിന് അദ്ദേഹം സമ്മാനിച്ചത്.
ഒരു എഴുത്തുകാരനാകാനുള്ള ആഗ്രഹം തന്റെ സ്കൂൾക്കാലം മുതൽ ഉണ്ടായിരുന്നവെന്നും, അത് പുസ്തകങ്ങളിൽ നിന്നാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. "എനിക്ക് പുസ്തകങ്ങൾ ഇഷ്ടമാണെന്ന് കണ്ടപ്പോൾ സ്കൂളിലെ ഹൗസ് മാസ്റ്റർ എനിക്ക് ലൈബ്രറിയുടെ താക്കോൽ തന്നു. രാവിലെ പിടി അല്ലെങ്കിൽ ഗൃഹപാഠം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ആഗ്രഹിക്കുമ്പോൾ ലൈബ്രറിയിലേക്കാണ് പോകാറ്. ഞാൻ അവിടെയുണ്ടായിരുന്ന എല്ലാം വായിച്ചു: ജോർജ്ജ് ബെർണാഡ് ഷായുടെയും ഷേക്സ്പിയറിന്റെയും സമ്പൂർണ്ണ കൃതികള്‍വരെ."
ക്ലാസ്സിക്കുകൾ മുതൽ സമകാലിക സാഹിത്യം വരെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്‌തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ഉൾക്കൊള്ളുന്ന, വായനയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സ്വകാര്യ ലൈബ്രറി. ഒരു എഴുത്തുകാരൻ എന്ന നിലയിൽ തന്റെ തിരക്കുകൾക്കിടയിലും ബോണ്ട് തന്റെ വായനാ ദിനചര്യയിൽ പ്രതിജ്ഞാബദ്ധനാണ്. വായന തനിക്ക് പ്രചോദനവും പുതിയ ആശയങ്ങളും ലോകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും എങ്ങനെ നൽകുന്നുവെന്ന് അദ്ദേഹം പലപ്പോഴും പരാമർശിച്ചിട്ടുണ്ട്. അഭിമുഖങ്ങളിലും എഴുത്തുകളിലും, റസ്കിൻ ബോണ്ട് തന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ, രചയിതാക്കൾ, വായന തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എന്നിവയെക്കുറിച്ചുള്ള കഥകൾ പങ്കുവെക്കാറുണ്ട്.