ഒഴിഞ്ഞുപോയ സാമ്രാജ്യത്വം (അഥവാ, ബ്രിട്ടിഷ് ലൈബ്രറി)
Mail This Article
ബ്രിട്ടിഷുകാരെ ഇവിടുന്ന് പറഞ്ഞുവിടാൻ നമ്മൾ എത്രമാത്രം പാടുപെട്ടതാണ്! അപ്പോൾ ഞങ്ങളങ്ങു പൊയ്ക്കോട്ടേ എന്ന് അവർ വന്നു ചോദിച്ചാലോ? നിൽക്ക് എന്ന് അന്നത്തെ വി. എസ്. അച്യുതാനന്ദൻ സർക്കാർ പറയുമോ?
തലസ്ഥാനത്തിന്റെ വിജ്ഞാന മൂലയായിരുന്ന ബ്രിട്ടിഷ് ലൈബ്രറി പൊളിച്ചു കെട്ടി പോയതിന്റെ കഥയാണ് പറയുന്നത്. അന്നത്തെ ബ്രിട്ടിഷ് ലൈബ്രറി പുസ്തകങ്ങളിൽ ചിലത് പാളയത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ 113 വർഷം പഴക്കമുള്ള തട്ടു പൊളിച്ച് താഴെ വീണത് കഴിഞ്ഞയാഴ്ചയാണ്. അത് കെട്ടിടത്തിന്റെ പ്രശ്നമാണെന്നു കരുതേണ്ട. അലമാരയിൽ അസ്വസ്ഥമായിരുന്ന ബ്രിട്ടിഷ് ലൈബ്രറി പുസ്തകങ്ങൾ പഴയ ഓർമകളിൽ തിരിഞ്ഞു മറിഞ്ഞതായിരിക്കണം!
തെക്കേ ഇന്ത്യയിലെ ബ്രിട്ടിഷ് സാംസ്കാരിക കേന്ദ്രങ്ങൾ പിരിച്ചുവിട്ടേക്കാം എന്നു ബ്രിട്ടിഷ് സർക്കാർ തീരുമാനമെടുത്തത് 16 കൊല്ലം മുൻപാണ്. ഇവിടുത്തെ സർക്കാർ പിന്തിരിപ്പിക്കാനോ അനുനയിപ്പിക്കാനോ സംസാരിക്കാനോ പോയില്ല. എന്നാൽ ചെന്നൈയില്‍ തിരിച്ചാണ് സംഭവിച്ചത്. അവിടുത്തെ സർക്കാര്‍ ഇടപെട്ടു. ഇന്ന് ചെന്നൈയിലെ ബ്രിട്ടിഷ് ലൈബ്രറി ദക്ഷിണേന്ത്യയിലെ ഒന്നാന്തരം വായന കേന്ദ്രമായി പ്രകാശം പരത്തുന്നു.
ഇന്റർനെറ്റ് യുഗത്തിന് മുൻപ് തലസ്ഥാനത്തെത്തിയ വിദ്യാർഥികൾക്കും വിജ്ഞാനികൾക്കും കുളിരോർമയാണ് വൈഎംസിഎ കെട്ടിടത്തിൽ സാന്ദ്രമായ നിശബ്ദതയിൽ കുടിയിരുന്ന ബ്രിട്ടിഷ് വായനാകേന്ദ്രം.
ഓർവലും ജയിന്‍ ഓസ്റ്റിനും എമിലി – ഷാർലറ്റ് ബ്രോണ്ടിമാരും വോഡ്ഹൗസും പുതിയകാല ഇംഗ്ലിഷ് എഴുത്തുകാരും ഒരേ തട്ടിൽ നിരന്നു ആ ഭാവനാലോകത്ത്. സാഹിത്യ, സാംസ്കാരിക, വൈദ്യശാസ്ത്ര ജേണലുകൾ, കടലു കടന്നെത്തുന്ന സമകാലിക മാഗസിനുകൾ, ബ്രിട്ടിഷ് സംസ്കാരവുമായി നേർക്കുനേർ സംവാദങ്ങൾ ചർച്ചകൾ, ഭാഷാ പ്രോത്സാഹനങ്ങൾ തുടങ്ങി അറിവിന്റെയും ആശയവിനിമയത്തിന്റെയും വിശേഷപ്പെട്ട തുരുത്തായി നിന്നു ഏറെക്കാലം ഈ ഗ്രന്ഥശാല. അന്നത്തെ മലയാളിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത വിജ്ഞാന വഴികൾ അത് തുറന്നു കൊടുത്തു.
പുത്തൻ തലമുറ പോലും ബ്രിട്ടിഷ് ലൈബ്രറിയെ പൊന്നുപോലെയാണ് കണക്കാക്കിയിരുന്നത്. ഒരിക്കല്‍ ഹാരി പോട്ടർ പരമ്പരയിലെ പുതിയ കഥ ഇറങ്ങുന്ന വേളയിൽ ഒരു ഹാരി പോട്ടര്‍ ഫെസ്റ്റിവൽ സംഘടിപ്പിച്ചു ബ്രിട്ടിഷ് ലൈബ്രറി. വിശാലമായ അലമാരയിൽ എല്ലാ ഹാരി പോട്ടര്‍ പുസ്തകങ്ങളുടെയും പല എഡിഷനുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞേ വിതരണമുള്ളൂ. അത്യാവശ്യക്കാർക്ക് പുസ്തകമെടുത്ത് അവിടെയിരുന്നു വായിക്കാം. രണ്ടാം ദിവസം തന്നെ ലൈബ്രറി സന്ദർശകർ കണ്ട കാഴ്ച രസകരമായിരുന്നു:
ഹാരി പോട്ടർ ഫെസ്റ്റിവൽ എന്ന ലേബൽ ഒട്ടിച്ച ഷെൽഫ് ശൂന്യം. പത്തിരുപത് പിള്ളേർ ലൈബ്രറിയിലെ മൂലയിലും ഇരിപ്പിടങ്ങളിലും തറയിലും ഇരുന്ന് കൈവാക്കിനു കിട്ടിയ ഹാരി പോട്ടർ എഡിഷനുകൾ വായിച്ചു തള്ളുകയായിരുന്നു! വായനയിലേക്ക് പിടിച്ചുവലിച്ചിടുന്ന ഒരു അത്ഭുതവിദ്യ ബ്രിട്ടിഷ് ലൈബ്രറിക്ക് ഉണ്ടായിരുന്നു. പുറത്തു തീച്ചൂടു പെരുക്കുമ്പോൾ അകത്ത് വായനക്കാലത്തിന്റെ കുളിരന്തരീക്ഷം ഒരുക്കി ഗ്രന്ഥപ്പുര.
ബ്രിട്ടുഷുകാർ കട പൂട്ടിയപ്പോൾ സംഭവിച്ചത് ഇതാണ്: പുസ്തകങ്ങൾ മുഴുവൻ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. എന്നിട്ട് തൽക്കാലത്തേക്ക് തൈക്കാട് ഗെസ്റ്റ് ഹൗസിലെ ഗോഡൗണിൽ കൊണ്ടുവച്ചു. അതിനിടെ, ജനങ്ങൾക്കു കൂടി സൗകര്യമാകുന്ന ഒരു വായനശാല തുടങ്ങാമെന്നു പറഞ്ഞ് കെൽട്രോണ്‍ എത്തി. ആശയം പക്ഷേ വൈകാതെ അവര്‍ തന്നെ വച്ചുകെട്ടി. അപ്പോൾ, സെൻട്രല്‍ ലൈബ്രറി പുസ്തകങ്ങൾ സ്വീകരിക്കാന്‍ താൽപര്യം പറഞ്ഞു. അങ്ങനെ ആ പുസ്തകങ്ങൾ സെൻട്രൽ ലൈബ്രറിയുടെ നൂറ്റാണ്ട് പഴക്കമുള്ള മുകൾനിലയിൽ ഇടം പിടിച്ചു. ആ തട്ടാണ് കഴിഞ്ഞ ദിവസം ഇളകിയത്!
പുസ്തകങ്ങൾ ‘സമ്മാന’മായി നൽകിയിരുന്നെങ്കിൽ അവയെ ഇംഗ്ലിഷ് വിഭാഗത്തിന്റെ മുത്തുകളായി നിരത്താമായിരുന്നുവെന്ന് ലൈബ്രറിക്കാര്‍ പറയുന്നു. ഇപ്പോൾ താൽക്കാലിക സൂക്ഷിപ്പുകാർ മാത്രമാണ് ഇവർ. പണ്ട് ബ്രിട്ടിഷ് ലൈബ്രറി കുട്ടികളുടെ വിഭാഗം ഒഴിവാക്കിയപ്പോൾ ആ പുസ്തകങ്ങള്‍ മുഴുവൻ സംസ്ഥാനത്തിന്റെ സെൻട്രൽ ലൈബ്രറിക്ക് സമ്മാനമായി കൊടുക്കുകയായിരുന്നു!
ബ്രിട്ടിഷ് ലൈബ്രറിക്ക് ‘വീഡ് ഔട്ട്’ എന്നൊരു സമ്പ്രദായമുണ്ടായിരുന്നു. കള പറിക്കൽ തന്നെ! പുതിയ പുസ്തകങ്ങളുടെ വരവിനായി, പഴയതും അപ്രധാനവുമായവ തട്ടുകളിൽ നിന്ന് ഒഴിവാക്കും. വൻ വിലയുള്ള പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് വായനക്കാർക്ക് കൈവശവുമാക്കാം.
ചെന്നൈയിലെ ബ്രിട്ടിഷ് ലൈബ്രറി വായനയുടെ ആഘോഷക്കാലം തീർക്കുമ്പോൾ തിരുവനന്തപുരത്തിന് അതൊരു നഷ്ടസ്മൃതി മാത്രം! പിൽക്കാലത്ത് തങ്ങളുടെ സർക്കാർ തന്നെ വിദേശ സർവകലാശാലകളെ ക്ഷണിക്കാൻ തോരണം കെട്ടുമെന്ന് അന്ന് സ്വപ്നത്തിലെങ്കിലും കണ്ടിരുന്നെങ്കിൽ നമുക്ക് ഈ ‘സാമ്രാജ്യത്ത് ചിഹ്ന’ത്തെ കൂടെ നിർത്താൻ ശ്രമിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
അങ്ങനെയാണല്ലോ നമ്മുടെ ശീലവും സമ്പ്രദായങ്ങളും!