അയനം എ. അയ്യപ്പൻ കവിതാപുരസ്കാരം ടി. പി. വിനോദിന്

Mail This Article
മലയാളത്തിന്റെ പ്രിയകവി എ. അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം എ. അയ്യപ്പൻ കവിതാ പുരസ്കാരം ടി. പി. വിനോദിന്. 'സത്യമായും ലോകമേ' എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനർഹമായത്. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസരാണ് ടി. പി. വിനോദ്. 'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ', 'അല്ലാതെന്ത്?', 'സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ', 'ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം' എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സത്യമായും ലോകമേ എന്ന സമാഹാരത്തിന് മൂടാടി ദാമോദരൻ പുരസ്കാരം, WTP Live പുരസ്കാരം, പൂർണ ആർ. രാമചന്ദ്രൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പി.പി.രാമചന്ദ്രൻ ചെയർമാനും എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. 2025 ഫെബ്രുവരി 12 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
സമകാല യുവതയുടെ ആത്മസംഘർഷങ്ങളും സങ്കീർണ്ണതകളും പരീക്ഷണാത്മകമായി ആവിഷ്കരി ക്കുന്ന കവിതകളാണ് ടി. പി. വിനോദിന്റേത്. ചിരപരിചയംകൊണ്ട് ശ്രദ്ധിക്കാതെ പോകുന്ന ജീവിതാവസ്ഥകളെ അസാധാരണമായ വീക്ഷണകോണുകളിലൂടെ നോക്കിക്കണ്ട് അപരിചിതവത്കരിക്കുകയും അതിന്റെ ദാർശനികമാനങ്ങൾ സൗന്ദര്യാത്മകമായി ആവിഷ്കരിക്കുകയും ചെയ്യുന്നു വിനോദ്. മലയാളത്തിലെ യുവകവികളിൽ വാക്കുകളുടെ മിതവ്യയത്തിലും പ്രയോഗസൂക്ഷ്മതയിലും വിനോദ് പ്രകടിപ്പിക്കുന്ന ശ്രദ്ധയും കയ്യടക്കവും അഭിനന്ദനീയമാണെന്നും ജൂറി അഭിപ്രായപ്പെട്ടു.