വിൽക്കാനുണ്ട് സ്നേഹം - സിദ്ര എഴുതിയ കവിത

Mail This Article
വിൽക്കാനുണ്ട്, സ്നേഹം.
ആർക്കും വേണ്ടാത്ത ചെമ്പു നാണയം.
മൊബൈൽ സ്‌ക്രീനിൽ പ്രിയപ്പെട്ടവൻ
തിരഞ്ഞു കൊണ്ടിരുന്നത് .
നിന്നെ മടുത്തെന്നു പറയാതെ പറഞ്ഞത്.
ഭാര്യയുടെ സ്നേഹം.
കൂടുപൊട്ടിക്കാത്ത കിളി .
അത് വല്ലപ്പോഴും ഒക്കെ മതിയല്ലോ.
അല്ലെങ്കിലും അവൾ എവിടെ പോകാൻ .
കിളി കൂടു പൊട്ടിച്ചപ്പോഴോ?
മൊബൈൽ സ്ക്രീൻ തിരഞ്ഞപ്പോഴോ ?
നിന്നെ കാണട്ടെ മൊത്തമായെന്ന്
മൊബൈലിലെ ചങ്ങാതി .
അല്ലെങ്കിലും ആർക്കു വേണം
എടുക്കാചരക്കായ
ചെമ്പു നാണയം .
കിളി കൂട്ടിലേക്ക് തന്നെ മടങ്ങി .
കാഞ്ചനക്കൂട്.
അല്ലെങ്കിലും അവൾക്ക് എന്തിന്റെ കുറവായിരുന്നു.
കഴിക്കാനില്ലേ
കുടിക്കാനില്ലേ
ഉടുക്കാനില്ലേ.
ചെമ്പു നാണയങ്ങൾ ഇപ്പോഴും
പെട്ടിയുടെ ഉള്ളിൽ.
ക്ളാവ് പിടിച്ചു
ശ്വാസം മുട്ടി.