ADVERTISEMENT

ഫെമിനിസം എന്നതിനോടുള്ള കേരളത്തിന്റെ പരിചയം എത്രയെന്നു ചോദിച്ചാൽ, ഭൂരിഭാഗവും അതൊരു അടക്കം പറച്ചിലിൽ ഒതുക്കുകയാണ് പതിവ്. ‘‘ഓ അവൾ മറ്റേതാ- ഏതു - ഓ ഫെമിനിസ്റ്റ് ’’. എതിർത്ത് സംസാരിച്ചാൽ, ശബ്ദം ഉയർത്തിയാൽ, സ്വന്തം നിലപാട് സ്വീകരിച്ചാൽ, പിന്നെ, വിളിപ്പേരുകളുടെ ആറാട്ടാണ് : തന്റേടി, അഹങ്കാരി, വീടിനു ചീത്തപ്പേരു കേൾപ്പിച്ചവൾ.  പക്ഷേ ഈ പുച്ഛം ഒരു മറയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അടങ്ങാത്ത ഭയത്തിന്റെ മറ. പഠിച്ചതു മാത്രം പാടി വളർന്ന നമ്മുടെ നാടിനു, പുരുഷാധിപത്യവും, സാമൂഹ്യ വ്യത്യാസങ്ങളും കൊണ്ട് അടിത്തറ പാകിയ, ജനാധിപത്യം തൊട്ടുതീണ്ടാത്ത ഈ വ്യവസ്ഥിതിയുടെ തറക്കല്ല്‌ ഈ പെണ്ണുങ്ങൾ ഇളക്കുമോ എന്നുള്ള ഭീതി. "സ്ത്രീയുടെ ആധിപത്യവും : പുരുഷന്മാരുടെ അടിച്ചമർത്തലും, എന്നതാണ് ഫെമിനിസത്തിന്റെ അടിവരയിട്ട നിർവചനമായി ഭൂരിഭാഗവും കാണുന്നത്. ഒരിക്കൽ ഒരു അധ്യാപകൻ പറഞ്ഞത് ഓർക്കുന്നു "അവിടെ മേട്രീയാർക്കിയാണ്,  അതുകൊണ്ട് ഫെമിനിസത്തിന്റെ ആവിശ്യമില്ല".  അടുക്കളയിൽ ഭാര്യയ്ക്ക് പകരം പണി ചെയ്യേണ്ടി വരുന്ന ഭർത്താവും, വീടിന്റെ ഉമ്മറത്തു തനിക്കു പകരം കാലുപൊക്കി ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുന്ന ഭാര്യയും ,വരെ ,മാത്രമേ നമ്മുടെ ഇടയിലെ  ഫെമിനിസ്റ്റ് ലോകത്തിന്റെ സങ്കല്പം പോലും എത്തിയിട്ടൊള്ളു. 'അധികാരം', എന്നിൽ നിന്നും അവളിലേക്ക്. ഇനി അവളുടെ വാഴ്ച. 

 

ഇവിടെ ആരുടെയും സ്വേച്ഛാധിപത്യമല്ല. ഒരു വ്യക്തിയുടെയും കുത്തക അല്ല ഇവിടം. ആരും ആരുടെയും അടിമ അല്ല. ഇവിടെ വ്യക്തി സ്വാതന്ത്ര്യവും, വ്യക്തിഗത തീരുമാനങ്ങളും ആഘോഷിക്കപ്പെടണം. പാത്രം കഴുകാനും, ഉമ്മറത്തു കാലുമേൽ കാലു വെച്ചിരിക്കാനും ലിംഗ വ്യത്യാസങ്ങൾ ഇല്ലാ. കിടപ്പുമുറി മുതൽ ലോക്‌സഭാ  വരെ ഉച്ചത്തിൽ പറയേണ്ടത് പറയാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ട്. ഉണ്ടാവണം. ഇല്ലാതെവരുമ്പോൾ, പോരാടണം. സ്ത്രീകൾ അടിച്ചമർത്തപ്പെട്ടവരായിരുന്നു, ഇന്നും സ്ത്രീ സ്വാതന്ത്ര്യവും, ശാക്തീകരണവുമൊക്കെ ബഹുദൂരെ സ്വപ്നങ്ങൾ മാത്രമാണ്. ലിംഗം അടിസ്ഥാനമാക്കിയുള്ള എല്ലാ സാമൂഹ്യ വ്യത്യാസങ്ങളും ഫെമിനിസത്തിന്റെ ചോദ്യങ്ങളാണ്. ആണിനും പെണ്ണിനും വേണ്ടി ഒരുപോലെ സംസാരിക്കുന്നതാണ് ഫെമിനിസം. അസമത്വത്തിനെതിരെ, ആധിപത്യത്തിനെതിരെ, വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് വേണ്ടിയാണ് ഓരോ ഫെമിനിസ്റ്റ് മാനിഫെസ്റ്റോകളും എഴുതപ്പെടുന്നത്. ഇഷ്ടമുള്ളത് എഴുതുമ്പോൾ, സമത്വത്തിനു വേണ്ടി  സംസാരിക്കുമ്പോൾ, ചുറ്റുപാടുകളിൽ പുതിയ മാറ്റങ്ങൾ കാണുമ്പോൾ, അതിൽ സന്തോഷിക്കുമ്പോൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് പ്രചിരിപ്പിക്കുമ്പോൾ, ഓരോ സ്റ്റാറ്റസിനും പോസ്റ്റിനും വരുന്ന റീപ്ലൈകളുണ്ട് : ഫെമിനിസ്റ്റ് ആണോ ?ഓ, നീ ആളാകെ മാറി പോയി .. ഫെമിനിസം ഒക്കെ പുസ്തകത്തിൽ മതി ഇവിടെ വേണ്ട …സംസാരിച്ചോ, പക്ഷെ ആരും ഫെമിനിസ്റ്റ് ഒന്നും ആകേണ്ട. പുച്ചിച്ചും, അവഹേളിച്ചും, അന്താളിച്ചും വരുന്ന മറുപടി ഇമോജികൾ ,സ്വപ്നം കാണുന്ന ആ സ്വാതന്ത്ര്യവും സമത്വവുമൊക്കെ എത്രയോ അകലെയാണെന്ന് കാണിച്ചു തരുന്നതാണ്. 

 

ഫെമിനിസം സംസാരിക്കുന്നത് ഒരു പ്രിവിലേജ് ആയി തോന്നിയിട്ടുണ്ട് പലപ്പോഴും. പലതും വായിക്കാനും പഠിക്കാനും, ചോദ്യം ചെയ്യാനും, എഴുതാനുമുള്ള സാഹചര്യം കിട്ടിയതുകൊണ്ട് മാത്രം ഫെമിനിസ്റ്റ് ആയവർ. ബാഹ്യമായി പടരാതെ ഒരേ ചക്രത്തിന്റെ ഉള്ളിൽ തന്നെ ഫെമിനിസ്റ്റ് വർത്തമാനങ്ങളും, ലിംഗ സമത്വ വാദങ്ങളും ഒതുക്കപ്പെടുകയാണ്. ചില ഇടങ്ങളിൽ, ചില മനുഷ്യരിൽ , ചില സമയങ്ങളിൽ മാത്രമായിട്ടാണ് ഇത്തരം ചർച്ചകൾ എത്തുന്നത്. ബാക്കി നില്കുന്നത് ഒരു വലിയ കൂട്ടമാണ്.തെറ്റിദ്ധാരണകൾ കൊണ്ടും, പുറമോടി കണ്ടും, അധികാര വിക്രിയങ്ങളെ പാലൂട്ടി വളർത്തുന്ന, മുൻവിധികളെ ഊട്ടിയുറപ്പിക്കുന്ന, ആധിപത്യത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്നവർ. ഒന്നും ഒരു വ്യക്തിയുടെ മാത്രം തെറ്റല്ലാ. ഈ വ്യവ്യസ്ഥിതിയുടെ പിഴയാണ്.  നമ്മുടെ കുടുംബങ്ങളിലും, പുസ്തകങ്ങളിലും, രാഷ്ട്രത്തിലും, സമൂഹത്തിലും, സാമ്പത്തികത്തിലും, നമ്മൾ പലപ്പോഴും പഠിച്ചു വന്നതും പഠിച്ചു ക്കൊണ്ടിരിക്കുന്നതും ഭൂരിപക്ഷത്തിന്റെ കണ്ണിലെ 'നല്ല പെൺകുട്ടിയും' 'നല്ല ആൺകുട്ടിയും' ആകാൻ വേണ്ടിയാണ് .

 

പുരുഷാധിപത്യ വ്യവ്യസ്ഥയിൽ ഓരോ വ്യക്തിയുമാണ് ചോദ്യംചെയ്യപ്പെടുന്നത്. പുരുഷന്മാർ ഇങ്ങനെയായിരിക്കണം, സ്ത്രീകൾ ഇങ്ങനെയായിരിക്കണം എന്നു തുടങ്ങി കുട്ടികാലം മുതൽക്കേ ഒരു രീതിയിൽ തന്നെയാണ് നമ്മൾ വളർത്തപ്പെടുന്നത്. ഒന്നിനും  എതിരെ ശബ്ദം ഉയർത്താനോ ചോദ്യം ചോദിക്കാനോ നമ്മുടെ ക്ലാസ്സ്മുറികൾ നമ്മളെ പഠിപ്പിച്ചിട്ടില്ലാ .ഇതാണ് ശരി, ഇതാണ് തെറ്റ്. എന്തുകൊണ്ട് അത് ശരിയായെന്നും, മറ്റേതു തെറ്റായെന്നും നമ്മൾ പഠിക്കാറുമില്ല ,ചോദിക്കാറുമില്ല. ചോദിക്കുന്നവരെ അവർ പേടിക്കുന്നു. അതുകൊണ്ടു തന്നെ, സാക്ഷരതയിൽ മുന്നിൽ നിൽക്കുമ്പോഴും, ഉയർന്ന മാർക്കു നേടുന്നവർ ഇവിടെ കൂടുമ്പോഴും, ചോദ്യം ചോദിക്കുന്നവർ കുറയുകയാണ് പതിവ്.

 

മാറ്റം വരണം. ഇവിടെ ഓരോ വ്യക്തിയുടെയും, ഓരോ മനുഷ്യന്റെയും ജീവിതവും , അഭിപ്രായങ്ങളും, സ്വത്വവും ബഹുമാനിക്കപ്പെടണം. ആ മാറ്റത്തിനു വേണ്ടിയാണ് ഫെമിനിസം സംസാരിക്കുന്നതും സംസാരിച്ചിട്ടുള്ളതും. എവിടെ പോയി ഫെമിനിസ്റ്റുകൾ എന്നും - ഫെമിനിസം കൊണ്ട് എന്ത് നേടി എന്നുമുള്ള ചോദ്യങ്ങൾക്കു നേരെ, പറയാൻ ഈ നാട്ടിലെ ഫെമിനിസ്റ്റിന്റെ നിലനിൽപ്പ് അത്ര എളുപ്പമല്ല എന്നുള്ളതാണ്. വാർത്തെടുക്കപ്പെട്ട ഈ പുച്ഛവും, കളിയാക്കലും അതിജീവിച്ചുപോകണമെങ്കിൽ വല്ലാത്തൊരു മനക്കട്ടി തന്നെ വേണം. അങ്ങനെയുള്ള ഓരോ മുന്നേറ്റവും അതിജീവിതവും ഫെമിനിസത്തിന്റെ നേട്ടങ്ങൾ തന്നെയാണ് .

 

അതുകൊണ്ട് തന്നെ ഫെമിനിസം എന്താണ് എന്ന് മനസ്സിലാക്കിയുള്ള വർത്തമാനങ്ങൾ  എവിടെയും ഒതുങ്ങുന്നവയല്ല, ഇനിയും വളർച്ച മാത്രമേ ഉണ്ടാവുകയുമൊള്ളു  . ഫെമിനിസം എന്തെന്നുള്ള തിരിച്ചറിവുകൾ വളർന്നു പന്തലിക്കുമ്പോൾ അടക്കം പറച്ചിലുകൾ മാറി : അതെ ,അവൾ  ഒരു ഫെമിനിസ്റ്റ് ആണ് എന്ന് തലയുയർത്തി പറയും : 

അതിനുള്ള ദൂരം ചെറുതല്ല… ഇനിയുമുണ്ട് .. ഏറെയുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com