' പെട്ടെന്ന് ആ ആംബുലൻസിനു പുറകേ പോ, അയാളുടെ കയ്യിലെ ടാറ്റു ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട്...'

Mail This Article
ഓടക്കുഴല്‍ (കഥ)
നിര്‍ത്താതെ ബെല്‍ അടിക്കുന്ന മൊബൈല്‍ ഫോണ്‍ സൈലന്റ് ആക്കിയ ശേഷം മായ ഉറങ്ങാൻ കിടന്നു. മറക്കാൻ ശ്രമിക്കുന്ന പലതും നെഞ്ചില്‍ തറയ്ക്കുന്ന ഓര്‍മ്മകളായി പരിണമിച്ചു കൊണ്ട് അവളുടെ ഉറക്കത്തിന് ഭംഗം നിന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആശ്വാസമില്ലാത്ത മനസ്സിനെ കടിഞ്ഞാണിടാൻ അവള്‍ക്കായില്ല. പാതി മയക്കത്തിലേക്ക് വീണപ്പോഴാണ് അവൾ ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത്. ഓടി ചെന്ന് ജനാല തുറന്ന് നോക്കി. ശൂന്യമായ വഴി... ആരുമില്ല... രാമേട്ടന്റെ താഴത്തെ പറമ്പിനോട് ചേര്‍ന്നുള്ള റോഡ് അരികില്‍ പുതുതായി വന്ന സ്ട്രീറ്റ് ലൈറ്റ് ഉള്ളത് കൊണ്ട് വ്യക്തമായി വീട്ടിലേക്ക് ഉള്ള വഴി കാണാം. അതുകൊണ്ട് സംശയത്തിന്റെ കണികകളെ ബാക്കി വെക്കേണ്ടതില്ല. സംശയത്തിന്റെ നിഴലില്‍ ഈ രാത്രി ആ വഴിയിലേക്ക് നോക്കുന്നതു ഇത് ആറാമത്തെ തവണയാണ്. ഇനിയും ഉറങ്ങാതെ ഇരുന്നാല്‍ നേരം വെളുക്കുവോളം ജനാലക്ക് അരികിലേക്ക് ഓടേണ്ടി വരുമെന്ന് തോന്നിപ്പോയി. വീണ്ടും കട്ടിലില്‍ ചെന്ന് കിടക്കുമ്പോഴും അവളുടെ മനസ്സ് ആ വഴി വിളക്കിന്റെ ചുവട്ടില്‍ തന്നെ ആയിരുന്നു. പെട്ടെന്ന് ഒടിയൻ സിനിമ അവളുടെ മനസ്സിലേക്ക് ഓടി എത്തി. സ്ട്രീറ്റ് ലൈറ്റ് കൊണ്ട് വന്ന് ഒടിയന്റെ പണി നിര്‍ത്താന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. അവസാനം ആരാണ് ജയിച്ചത്. ഈ നാട്ടില്‍ വെളിച്ചം വന്നപ്പോൾ എത്ര ഒടിയൻമാർക്ക് കളം ഒഴിഞ്ഞു പോകേണ്ടി വന്നിരിക്കും. ഇപ്പോൾ അതിനു ഒടിയൻ ഒക്കെ ഉണ്ടോ.
മുത്തശ്ശി ചെറുപ്പത്തില്‍ പറഞ്ഞു തന്ന ഒടിയൻ കഥകള്‍ അവളുടെ മനസ്സിലേക്ക് ഓടി എത്തി. ആ വലിയ വീട്ടില്‍ ഒറ്റക്കാണ് താനിപ്പോൾ എന്ന ബോധം ശക്തി പ്രാപിച്ച് ഭയം ഇരച്ചു കയറാൻ ആ കഥകൾ ധാരാളമായിരുന്നു. ഒറ്റപ്പെടലിന്റെ വേദനയേക്കാൾ ഈ ഭയമാണ് നല്ലതെന്ന് അവൾ ഓര്‍ത്തു. എല്ലാ വികാര വിചാരങ്ങൾക്കും മീതെ നിദ്രാ ദേവി കനിവ് ചൊരിഞ്ഞപ്പോൾ ഉറക്കം അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി. ഒരുപാട് പുസ്തകങ്ങള്‍ക്കിടയിൽ അവൾ ആ ഗ്രന്ഥത്തിന് വേണ്ടി തിരഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ അത് കൈയിൽ കിട്ടിയതും അവൾ ആ പേര് ഒന്നുകൂടി വായിച്ചു. ഓടക്കുഴൽ.... ജി. ശങ്കരക്കുറുപ്പ്.
അതേ.. ഓടക്കുഴൽ... അതേ... കണ്ടെത്തിയിരിക്കുന്നു... പക്ഷെ ആ കൈകൾ എന്നിലേക്ക് അടുക്കുമ്പോള്‍ പുസ്തകം തട്ടിയെടുത്ത് നടന്നകലുമ്പോൾ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ കണ്ണുകൾ ആദ്യം ഉടക്കിയത് ബുക്ക് ഷെല്‍ഫിൽ ഇരിക്കുന്ന ആ പുസ്തകത്തിൽ ആയിരുന്നു. 'ഓടക്കുഴൽ' എഴുന്നേറ്റു ചെന്ന് ആ പുസ്തകം കൈയിൽ എടുക്കാൻ തുനിഞ്ഞതും എന്തോ ഓര്‍മ വന്ന പോലെ അവൾ തിരിഞ്ഞ് നടന്നു മൊബൈല്‍ എടുത്തു നോക്കി. 32 മിസ്സ് കോൾ. അതിൽ 28 എണ്ണം ഒരേ ആൾ തന്നെ. പക്ഷേ കണ്ണുകൾ തിരയുന്ന ആ കൊണ്ടാക്ട് മാത്രം അതിൽ ഇല്ലായിരുന്നു.
ഓര്‍മകളെ പട്ടം പറത്താന്‍ വിടാൻ കഴിയാതെ അപ്പുറത്തെ പറമ്പില്‍ മേയാന്‍ വിട്ടുകൊണ്ട് അവൾ പതിവ് ജോലികളിലേക്ക് തിരിഞ്ഞു. രാമേട്ടനോട് പറഞ്ഞിരുന്നു ഇവിടേക്ക് പത്രം ഇടാൻ പറയാൻ, ആൾ മറന്നോ എന്തോ. ഓരോന്ന് മനസ്സിൽ ഓര്‍ത്തു കൊണ്ട് അവൾ പൂമുഖത്തെ വാതില്‍ തുറന്നു. വാതിൽ തുറക്കുമ്പോള്‍ ഉള്ള കാതടപ്പിക്കുന്ന ശബ്ദം അവള്‍ക്ക് അരോചകമായി തോന്നി. ആശാരിയെ ഒന്ന് വിളിപ്പിണം വാതില്‍ ശെരിയാക്കാൻ, ഒരു വേള വാതില്‍ തുറക്കാന്‍ ആവാതെ താന്‍ ഇവിടെ കുടുങ്ങി പോയാല്‍..... അവൾ വെറുതെ ഓര്‍ത്തു. തുളസി തറയുടെ മുകളില്‍ വെച്ചിരിക്കുന്ന പത്രം കൈയിൽ എടുത്തുകൊണ്ട് അവൾ അകത്തേക്ക് കയറി. അപ്പോഴാണ് തിണ്ണയില്‍ ഇരിക്കുന്ന രണ്ട് ബാഗ് കണ്ടത്. സംശയത്തോടെ ചുറ്റും നോക്കിയപ്പോഴാണ് ഒരു മൂളി പാട്ടും പാടി അവൾ മുന്നിലേക്ക് വന്നത്.
"ചാരൂ... നീയോ.." "അതേ.. ഞാൻ തന്നെ ചാരുലത... എന്താ നിനക്കൊരു സംശയം."
"നിന്നെ ഒട്ടും പ്രതീക്ഷിച്ചില്ല. അല്ലാ ഞാൻ ഇവിടെ ഉണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു." "അതൊക്കെ അറിഞ്ഞു. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. പക്ഷെ ഈ ഭാർഗവി നിലയം കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടി. ഗൂഗിള്‍ മാപ്പ് പോലും കൈവിട്ടു പോയെന്നെ."
"എന്താ ഈ വരവിന്റെ കാരണം. പെട്രോൾ കത്തിച്ചു ചുമ്മാ നീ ഇവിടെ വരെ വരില്ലല്ലോ."
"മായ തമ്പുരാട്ടി.... അടിയന് അകത്തേക്ക് കേറാമോ ആവോ."
"ആ.... നീ വാ..."
"നിന്നെ കാണാൻ വന്നത് തന്നെയാ. ചത്തോ ജീവിച്ചിരിപ്പുണ്ടോന്ന് അറിയണമല്ലോ. 28 പ്രാവശ്യം ഇന്നലെ നിന്നെ ഞാൻ വിളിച്ചു. ആ ഫോൺ ഒന്ന് എടുത്തൂടെ നിനക്ക്."
"അത് ഞാൻ രാവിലെയാണ് കണ്ടത്."
"മതി നിർത്ത്... നിന്റെ മുഖം കണ്ടാലറിയാം കള്ളമാണെന്ന്."
"സോറി ചാരൂ... നീ ഇരിക്ക്.. ഞാൻ ചായ എടുക്കാം."
"എന്തായാലും നീ അജ്ഞാത വാസത്തിന് തിരഞ്ഞെടുത്ത സ്ഥലം കൊള്ളാം. നിന്റെ തറവാട്. ഹാ... നടുമുറ്റം ഒക്കെ ഉണ്ടല്ലോ. ഇതിനെ വെച്ച് ഒരു ഫീച്ചര്‍ എഴുതിയാ അടിപൊളി ആവും." "എന്ത്.. നടുമുറ്റത്തിനെ കുറിച്ചോ." "അല്ലടി ഈ വീടിനെ കുറിച്ച്. 'മൺ മറഞ്ഞ കാലത്തിന്റെ ഓര്‍മ. ജന്മനാട്ടിലെ തന്റെ തറവാട്ടിൽ നിന്നും മായ എഴുതുന്നു' തലക്കെട്ട് അങ്ങനെ കൊടുക്കാം. എന്താ." "സ്വന്തം ആശയം അല്ലെ. നീ തന്നെ എഴുതിയാ മതി." "അത് എന്റെ ഡിപാർട്ട്മെന്റ് അല്ലല്ലോ മോളേ... നിന്റെ അല്ലേ."
രണ്ട് പേരും കൂടി അടുക്കളയിലേക്ക് ചെന്നു. ചാരുലത അവിടെയുള്ള ഒരു തിണ്ണയില്‍ കയറി ഇരുന്നു. ചായ കൊടുത്ത ശേഷം മായ ദോശ ചുടാൻ തുടങ്ങി. "നിനക്ക് ദോശ തരട്ടെ..." "എന്ത് ചോദ്യാ മായേ... വിശന്നിട്ട് കണ്ണ് കാണാന്‍ മേല." " നീ ഒന്ന് സമാധാനിക്ക്..." ദോശ പാത്രത്തിൽ ഇട്ട് കൊണ്ട് മായ പറഞ്ഞു. "ഹോ.. നിന്റെ കൈപ്പുണ്യം അറിയാൻ ഇവിടെ വരെ വരേണ്ടി വന്നല്ലോ." "അതിന് ഞാൻ ഉണ്ടാക്കിയത് നീ ആദ്യായിട്ടല്ലല്ലോ കഴിക്കുന്നെ." "പക്ഷെ കൊച്ചിയിലെ നിങ്ങടെ ഫ്ലാറ്റിന്ന് ഞാൻ കഴിച്ചിട്ട് ഉള്ളത് ഇതിന്റെ ഏഴയലത്ത് വരില്ല." "അത് കറിയൊക്കെ ഈ മണ്ണ് ചട്ടിയിൽ ഉണ്ടാക്കുന്നതിന്റെയാ. അവിടെ ഒക്കെ നോണ്‍ സ്റ്റിക്ക് അല്ലെ."
"അത് നീ പറഞ്ഞത് ശെരിയാ. നീ സാമ്പാറ് കുറച്ച് ഒഴിച്ചേ."
"സാമ്പാർ നിനക്ക് ഇഷ്ടായോ." കറി ഒഴിച്ച് കൊണ്ട് മായ ചോദിച്ചു.
"അത് മാത്രമല്ല നിന്റെ ദോശേം ചട്ണിം ഒക്കെ കൊള്ളാം."
ഭക്ഷണം കഴിച്ച ശേഷം അവർ കുളക്കടവില്‍ ചെന്നിരുന്നു. മായ തികച്ചും മൗനത്തില്‍ ആയിരുന്നു. മേയാന്‍ വിട്ട ചിന്തകൾ അവളിലേക്ക് തിരികെ വരുന്ന പ്രതീതിയിൽ. ചാരുലത തന്നെ ആദ്യം സംസാരിച്ചു തുടങ്ങി. ആഗമന ഉദ്ദേശം പെട്ടെന്ന് വ്യക്തമാക്കേണ്ടത് അനിവാര്യമായി അവള്‍ക്ക് തോന്നി.
"നമുക്ക് അകത്തേക്ക് പോകാം."
"എന്താ ചാരൂ.."
"നീ വേഗം ബാഗ് പാക് ചെയ്യ്. നമുക്ക് പോകണ്ടേ."
"എവിടേക്ക്....."
"വാഗമണിലെ പ്രോജക്ട് ന്റെ കാര്യം നീ മറന്നോ. ഫുൾ ക്രൂ വെയിറ്റിങ് ആണ്. നമ്മൾ രണ്ട് പേരും ഇന്ന് തന്നെ പോകണം. ബാക്കി ഉള്ളവർ മറ്റന്നാൾ എത്തും."
"ഞാൻ ലീവ് കൊടുത്തിട്ടാ വന്നത്. എനിക്ക് ഈ പ്രോജക്ട്ന് വരേണ്ട കാര്യമില്ല."
"അതൊന്നും പറഞ്ഞാ പറ്റില്ല. നീ ഇല്ലാതെ ഒരു രസം ഇല്ലാ."
"രസിക്കാൻ ഇത് ടൂര്‍ പോകുന്നതല്ലല്ലോ. തീര്‍ത്തും ഒഫീഷ്യൽ അല്ലേ."
"എനിക്ക് ഇത് ടൂര്‍ തന്നെ. പ്രോജക്ട് അങ്ങ് കൂടെ നടന്നോളും."
"എന്നാ നീ പൊയ്ക്കോ. എന്നെ നിര്‍ബന്ധിക്കണ്ട." മായ അവിടുന്ന് എഴുന്നേറ്റ് മുറ്റത്തേക്ക് നടന്നു. "അത് എന്ത് വർത്താനാ. നീ വന്നേ പറ്റൂ."
"ഞാൻ അതിനു പറ്റിയ ഒരു മാനസികാവസ്ഥയില്‍ അല്ല ഇപ്പൊ. നീ എന്നെ വെറുതെ വിട്ടേക്ക്."
"ലോങ് ലീവും എടുത്ത് എന്തിനാ നീ ഈ പട്ടിക്കാട്ടിൽ വന്നു നില്‍ക്കുന്നെ. എന്താ നിന്റെ പ്രശ്നം."
"ഇത് പട്ടിക്കാട് ഒന്നുമല്ല. 22 വയസ്സ് വരെ ഞാൻ ജീവിച്ച നാടാ.. എന്റെ സ്വന്തം നാട്... പുറത്ത് നിന്ന് നോക്കുമ്പോ അങ്ങനെ ഒക്കെ തോന്നും. അതൊന്നും നീ എന്നോട് പറയണ്ട."
"എടി.... ഞാൻ ഒന്നും മനസ്സിൽ വെച്ച് പറഞ്ഞതല്ല."
"നീ വേഗം പോവാന്‍ നോക്ക്. വൈകിയാ ചെക്ക് പോസ്റ്റ് അടയ്ക്കും. പിന്നെ ഫോറസ്റ്റ് കടക്കാന്‍ പറ്റില്ല."
"എന്നെ പറഞ്ഞു വിടാന്‍ തിരക്കായോ."
"വേണ്ട ചാരൂ.. ഇത് തന്നെ പറഞ്ഞാ നമ്മൾ തമ്മില്‍ മുഷിയേണ്ടി വരും."
"നിന്നെ ഞാൻ നിര്‍ബന്ധിക്കുന്നില്ല. നിനക്ക് ഒരു ചേഞ്ച് ആയിക്കോട്ടെന്ന് വിചാരിച്ചാ ഞാന്‍. ഒറ്റക്ക് ഇരുന്നാല്‍ വിഷമം കൂടുകയേ ഉള്ളൂ മായേ. "
"എന്റെ വിഷമം. അത് നിനക്ക് എങ്ങനെ അറിയാം."
"കാരണം അറിയില്ലെങ്കിലും നിന്റെ മുഖം കണ്ടാല്‍ എനിക്കറിയാം നീ അനുഭവിക്കുന്ന വേദന. പിന്നെ ഒരു കാര്യവുമില്ലാതെ ആരോടും പറയുക പോലും ചെയ്യാതെ ലീവ് എടുത്തു ഇവിടെ ഒറ്റക്ക് വന്ന് നില്‍ക്കില്ലല്ലോ."
"നീ എന്നെ മനസ്സിൽ ആക്കിയതില്‍ സന്തോഷം. പക്ഷെ എല്ലാം അറിയുന്ന ആ ഒരാൾ മാത്രം." നിറഞ്ഞു വന്ന കണ്ണുകൾ ചാരുലതയില്‍ നിന്നും മറച്ച് പിടിച്ച് അവൾ പടികള്‍ കയറി. ഉമ്മറത്തേക്ക് കയറിയ ശേഷം അവൾ തിരിഞ്ഞു നിന്നു ചാരുലതയോട് പറഞ്ഞു. "ഞാൻ വരാം. നീ എന്നെ വിളിക്കാൻ ഇത് വരെ വന്നതല്ലേ. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്."
" നീ പറഞ്ഞോ മായേ."
"പ്രോജക്ട് ഹെഡ് ആയോ ടീം മെമ്പര്‍ ആയോ എന്നെ പ്രതീക്ഷിക്കേണ്ട. ചിലപ്പോ രണ്ട് ദിവസം കഴിഞ്ഞ് അല്ലെങ്കി എനിക്ക് തോന്നുമ്പോ ഞാൻ തിരിച്ച് പോരും. പ്രോജക്ട് കംപ്ലീറ്റാവാനൊന്നും ഞാൻ നില്‍ക്കില്ല."
"ഓക്കേ നീ ചുമ്മാ എന്റെ കൂടെ ഒന്ന് വന്നാ മതി. വര്‍ക്ക് ഒക്കെ ഞങ്ങൾ ഏറ്റു."
ബാഗ് ഒക്കെ തയ്യാറാക്കിയ ശേഷം രണ്ടു പേരും പോകാനായി ഇറങ്ങി. ചാരുലതയുടെ കാറിലാണ് അവർ പോയത്. "ശെരിക്കും തന്റെ നാട് അടിപൊളിയാ കേട്ടോ. വർക്ക് ഒക്കെ മാറ്റിവെച്ച് റിലാക്സ് ചെയ്യാൻ തോന്നുമ്പോ വരാൻ പറ്റിയ സ്ഥലം." " എന്നിട്ടാണോ നീയെന്നെ പിടിച്ച പിടിയാലെ ഇവിടുന്ന് കൊണ്ട് പോകുന്നെ ." "അങ്ങനെ ഇപ്പൊ നീ ഒറ്റക്കിരുന്ന് മനസ്സ് മടുപ്പിക്കണ്ടാ. ആശ്വാസം ആവില്ല, ചിലപ്പോ വല്ല വിഷാദ രോഗവും വരും." മായ വഴിയോര കാഴ്ചകളിൽ കണ്ണും നട്ട് പുറത്തേക്ക് നോക്കിയിരുന്നു. മുന്നോട്ട് നീങ്ങുന്ന വാഹനത്തോടൊപ്പം പിന്നോട്ട് പോവുന്ന മരങ്ങളെ നോക്കി അങ്ങനെ ഇരിക്കുമ്പോള്‍ മായയുടെ മനസ്സും പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു.
"ഓടക്കുഴലിന്റെ ശബ്ദം കേട്ട് വന്നതാ ഞാൻ. മഞ്ചാടി മരത്തിന്റെ ചുവട്ടില്‍ തന്നെ ഉണ്ടാവുംന്ന് എനിക്ക് ഉറപ്പായിരുന്നു."
"ഇത്രമേല്‍ മനോഹരമായ മറ്റൊരിടം.... അത് വേറെ എവിടെയാ മായേ........"
"ഇന്ന് ഓടക്കുഴൽ വായിച്ചപ്പോ ഞാൻ ശ്രദ്ധിച്ചു. മാധുര്യം അൽപം കൂടീലേന്ന് ഒരു സംശയം. ഉം... ഗോപികമാരെ ആകര്‍ഷിക്കാന്‍ കണ്ണന്റെ അടവ്."
"ഗോപികമാരെ അല്ലാ. എനിക്ക് ഒരു ഗോപികയെ ആകര്‍ഷിച്ചാ മതി."
"അങ്ങനെ ആണോ. എന്നാ ശെരി. എനിക്ക് ഒന്ന് കൂടി കേൾക്കണം നേരത്തെ വായിച്ചത്."
"പോകാൻ നേരത്ത് ആവാം. നീ ഇവിടെ ഇരിക്ക്. ചോദിക്കട്ടെ." അടുത്തുള്ള പാറ കല്ലിന്റെ മുകളില്‍ മായ ഇരുന്നു. സംസാരിക്കുന്നതിന് ഇടയില്‍ താഴെ വീണു കിടക്കുന്ന മഞ്ചാടിക്കുരു ഓരോന്നായി എടുത്ത് അവൾ തന്റെ വെള്ള പാവാടയില്‍ ഇട്ട് കൊണ്ടിരുന്നു.
"പരീക്ഷ എങ്ങനെ ഉണ്ട്? "
"കൊഴപ്പല്ല്യാ.."
"എന്താ വാക്കിന് ശക്തി പോരല്ലോ മായേ.."
"ഏയ്... അരവിന്ദേട്ടന് തോന്നിയതാ."
"ഇവിടുത്തെ കോളേജില് ഒരപേക്ഷ കൊട്ക്കായിരുന്നില്ലേ."
"അത്.."
"ന്താ...... ഒരു ഭാവമാറ്റം. ന്റെ ക്ലാസിൽ ഇരിക്കേണ്ടി വരും ന്ന് വെച്ചിട്ടല്ലേ."
"ഞാൻ കേള്‍ക്കാത്തെ ഒന്നും അല്ലല്ലോ ആ ക്ലാസ്."
"പിന്നെ."
" ഒന്നുല്ല്യാ... അരവിന്ദേട്ടാ... മലയാളം വാദ്ധ്യാര് ഇനി അതീ പിടിച്ച് കേറണ്ടാ. പട്ടണത്തിലെ കോളേജിൽ പോണം ന്നാ അച്ഛന്. പിന്നെ... ന്റെ വിഷയം ഇവിടെ ഇല്ലാലോ."
"വീട്ടിലേക്ക് വരുന്നോ... അമ്മ നിന്നെ അന്വേഷിച്ചിരുന്നു.."
"പിന്നെ വരാം അരവിന്ദേട്ടാ...."
പട്ടണത്തിലെ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോ മനസ്സ് സന്തോഷിച്ചെങ്കിലും നാടും വീടും വിട്ട് ഹോസ്റ്റലില്‍ നില്‍ക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു മായക്ക്.
"എവിടൊക്കെ നോക്കീന്നറിയോ, മഞ്ചാടി മരത്തിന്റെ ചോട്ടിലും കണ്ടില്ല, ഓടക്കുഴൽ നാദോം കേട്ടില്ല, മടിയില്‍ തന്നെ ഉണ്ടല്ലോ കുഴല്. എന്നിട്ടാണോ..."
"നീ എന്തിനാ എന്നെ തിരഞ്ഞെ."
"മറന്നോ... ഇന്നാ ഞാൻ പോണേ.."
"ഇന്നലെ കണ്ടപ്പോ അമ്മാവന്‍ പറഞ്ഞിരുന്നു.."
"പിന്നെന്താ അങ്ങോട്ട് വരാതെ ഇവിടെ വന്നിരിക്കണേ..."
"ഹാ.. അതാ ഇപ്പൊ നന്നായേ. നീ വൈകീട്ട് അല്ലെ മായേ പോണേ. പിന്നെന്താ.. അല്ലാ ഞാൻ ഇവിടെ ഉണ്ടെന്ന് ആരാ പറഞ്ഞെ."
"വീട്ടില്‍ പോയിരുന്നു. ജാനമ്മ പറഞ്ഞതാ അമ്പല കുളത്തിന്റെ അവിടെ കാണും ന്ന്."
"അമ്മയോട് പറഞ്ഞില്ലേ പോണ കാര്യം."
" ആഹ്... യാത്ര പറഞ്ഞ് അനുഗ്രഹം വാങ്ങാൻ കൂടിയാ പോയത്. അവിടെ ഒരു പെണ്‍കുട്ടിയെ കണ്ടല്ലോ. ആരാത്.."
"ചോദിക്കായിരുന്നില്ലേ ആളോട് തന്നെ."
"ഞാൻ വരുമ്പോ കുളിക്കാന്‍ കേറുവായിരുന്നു. മുഖം പോലും ശെരിക്കും കണ്ടില്ല. പിന്നെ ജാനമ്മ ആയിട്ട് വർത്താനം പറഞ്ഞിരുന്നപ്പോ ചോദിക്കാനും വിട്ട് പോയി. ഞാൻ പോരുന്നത് വരെ ആ കുട്ടി കുളിമുറി ന്ന് ഇറങ്ങീട്ടില്ല."
"അത് അച്ഛന്റെ വകേലെ ചന്ദ്രമാമയെ നിനക്ക് അറീലെ. മേലേടത്ത് പറമ്പിലെ. ചന്ദ്രമാമന്റെ ഇളയ മോള് ആണ് മാളു."
"ആ കുട്ടി പഠിക്ക്യായിരുന്നില്ലേ."
"ഡിഗ്രിക്ക് പോവാനാ എല്ലാരും പറയണേ. പക്ഷെ.... ഡോക്ടർ ആവണം ന്നാ അവള്‍ക്ക്. നല്ല മാര്‍ക്ക് ഒക്കെ ഉണ്ട്."
"പിന്നെന്താ പഠിക്കാൻ പോണില്ലേ."
"അതിനൊക്കെ ഒത്തിരി പണം വേണ്ടെ. MBBS ന് പഠിപ്പിക്കാനൊന്നും ചന്ദ്രമാമക്ക് ഇപ്പൊ പറ്റില്ല. തറവാട്ടില് ഇത്തിരി കഷ്ടാ ഇപ്പൊ."
"അപ്പൊ ജാനമ്മയെ നോക്കാന്‍ വന്നേ ആണോ."
"അങ്ങനെം പറയാം. അമ്മക്ക് ഇപ്പൊ തീരെ വയ്യല്ലോ. ഞാൻ കോളേജിൽ പോയ പിന്നെ ആരാ ഒരു സഹായത്തിന് ഉണ്ടാവാ. മാളൂ ന്റെ പഠിത്തം നിര്‍ത്തണ്ടാന്ന് ഞാൻ പറഞ്ഞിണ്ട്. മെറിറ്റ് സീറ്റ് കിട്ടിയ നമുക്ക് എന്തേലും സഹായിക്കാലോ."
"വേഗം പോണം. സാധനങ്ങള്‍ എടുത്ത് വെച്ച് കഴിഞ്ഞില്ല."
"നിക്ക് മായേ, ഇനി എന്നാ ഇങ്ങോട്ട്."
"മിക്കവാറും ഓണത്തിന് ആവും."
"ഉം..."
"അരവിന്ദേട്ടാ.. ഒന്ന് വായിക്കോ, ഇനി അടുത്തൊന്നും എനിക്ക് കേൾക്കാൻ പറ്റില്ലല്ലോ ഈ നാദം."
അരവിന്ദന്‍ ഓടക്കുഴൽ തന്റെ ചുണ്ടോടു ചേര്‍ത്തുവെച്ചു. മധുരമായ നാദം അതിൽ നിന്ന് ഒഴുകി വരാൻ തുടങ്ങി. ആ നാദവും കേട്ട് അമ്പലകുളത്തിന്റെ പടവുകളിലിരിക്കുമ്പോൾ അവൾ സ്വയം മറന്ന് അതിൽ ലയിച്ചു പോയിരുന്നു. "അസ്സലായി. ഈ ഓടക്കുഴൽ ഇങ്ങനെ കൈയിൽ തന്നെ ചേർന്നിരിക്കണം. അതാ എനിക്ക് ഇഷ്ടം." ഒന്ന് ചിരിച്ചതല്ലാതെ അരവിന്ദൻ മറുപടി പറഞ്ഞില്ല.
മായ ഇരുന്നിരുന്ന പടവിൽ നിന്നെഴുന്നേറ്റു. പടികള്‍ കയറി മുകളില്‍ എത്തിയപ്പോള്‍ അവൾ അരവിന്ദനെ തിരിഞ്ഞു നോക്കി. അയാൾ കുളത്തിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവൾ അരവിന്ദനെ നീട്ടി വിളിച്ചു.
"അരവിന്ദേട്ടാ...... യാത്രയാക്കാൻ വൈകിട്ട് റെയിൽവെ സ്റ്റേഷനിലേക്കൊന്നും വന്നേക്കരുത്. പറഞ്ഞേക്കാം. എനിക്ക് ചിലപ്പോ....." നിറഞ്ഞു വന്ന കണ്ണുകളെ ശാസനയോടെ തടഞ്ഞു കൊണ്ട് അവൾ ഓടി പോയി.
ചാരുലത പെട്ടെന്ന് കാർ നിർത്തി. അപ്പോഴാണ് മായ ഓര്‍മകളില്‍ നിന്ന് ഉണരുന്നത്. " എന്താ ചാരൂ... ബ്ലോക്ക് ആണോ."
" അറീല... ആക്സിഡന്റ് ആണെന്ന് തോന്നുന്നു."
"നമുക്ക് ഇറങ്ങി നോക്കിയാലോ."
"വേണ്ട, മുന്നില്‍ ഒക്കെ വണ്ടികളാ. ആകെ ബ്ലോക്ക് ആണ്. നീ അവിടെ ഇരിക്ക്."
തന്റെ ഹൃദയമിടിപ്പ് മുഴങ്ങി കേള്‍ക്കുന്നതായി മായക്ക് തോന്നി. എന്തോ കാരണം അറിയാത്ത ഒരു അസ്വസ്ഥത പോലെ. അവൾ കാറിന് പുറത്ത് ഇറങ്ങി. ആളുകൾ ഓടി കൂടുന്നുണ്ട്. ശബ്ദം മുഴക്കി ആംബുലന്‍സ് വന്നു നിർത്തി. ആളുകൾ വഴി മാറി കൊടുക്കുന്നുണ്ട്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആ യുവാവിനെ രണ്ട് മൂന്ന് പേർ ചേര്‍ന്നു സ്ട്രക്ചറിലേക്ക് കയറ്റുന്നത് മായ കണ്ടു. വെള്ള മുണ്ടും ഇളം നീല നിറത്തില്‍ ഉള്ള ഷർട്ടും ആണ് വേഷം. കുറച്ച് ദൂരെ ആയതിനാല്‍ മുഖം വ്യക്തമായില്ല. ആംബുലന്‍സിലേക്ക് കയറ്റുമ്പോഴാണ് അയാളുടെ കൈയിലെ പച്ച കുത്തിയ ഓടക്കുഴൽ ചിത്രം മായയുടെ ശ്രദ്ധയില്‍ പെട്ടത്. എന്തോ ഓര്‍മ വന്ന പോലെ അവൾ പെട്ടെന്ന് കാറിൽ കയറി.
"ചാരൂ....... വണ്ടി എടുക്ക്..... വേഗം..." ."തിരക്കല്ലേ.... മായേ......... ബ്ലോക്ക് തീരുന്നല്ലേ ഉള്ളൂ."."വേഗം ആവട്ടെ. ആ ആംബുലന്‍സിന്റെ പിന്നാലെ വിട്ടാ മതി."
"എന്താ..... മായേ........" "എനിക്ക് അയാളെ അറിയാന്ന് തോന്നുന്നു.". ചാരുലത കാർ ആംബുലന്‍സിന് പിന്നാലെ വിട്ടു. മായയുടെ ആലോചന മുഴുവന്‍ ആ പച്ച കുത്തിയ കൈകളുടെ ഉടമയെ കുറിച്ചായിരുന്നു.
"ഇത് കൊള്ളാലോ അരവിന്ദേട്ടോ..." ഓടക്കുഴൽ പച്ച കുത്തിയ കൈകൾ പിടിച്ച് നോക്കി കൊണ്ട് മായ പറഞ്ഞു. "നീ ഇങ്ങനെ ഉരസി നോക്കിയാലൊന്നും അത് പോവില്ല മായേ...... പച്ച കുത്തിയതാ."
"ഓടക്കുഴല്‍ മാത്രേ ഉള്ളൂ. ഒരു കണ്ണനെ കൂടി ആവായിരുന്നു." "ഒന്ന് പോടീ... പെണ്ണേ.... എന്ത് വേദനയാന്ന് അറിയോ..."
"ആണോ...... അതെനിക്ക് അറിയില്ലായിരുന്നു.." "അത് സാരമില്ല. പിന്നെ നീ പറഞ്ഞിരുന്നില്ലേ..... ഈ ഓടക്കുഴൽ എന്റെ കയ്യോട് ചേര്‍ന്നിരിക്കണം ന്ന്."
അപ്പോഴേക്കും അവർ ഹോസ്പിറ്റലിൽ എത്തിയിരുന്നു. ആംബുലന്‍സിൽ നിന്നിറക്കി ആ യുവാവിനെ സ്ട്രക്ചറിൽ കയറ്റി കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മായ വേഗം അങ്ങോട്ട് ചെന്നു. ഓടി ചെന്നു ആ യുവാവിനെ കാണുമ്പോള്‍ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. "അരവിന്ദേട്ടാ ..............." മായ അയാളുടെ കൈകൾ പിടിച്ചു കൊണ്ട് വിളിച്ചു. അരവിന്ദന്‍ പാതി ബോധത്തില്‍ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. "റോ.... റോഷ............." വാക്കുകൾ മുറിഞ്ഞു പോയി. അപ്പോഴേക്കും അരവിന്ദന്റെ ബോധം മറഞ്ഞിരുന്നു. "റോഷന്‍....." പതിയെ മനസ്സിൽ പറഞ്ഞു കൊണ്ട് മായ അയാളുടെ കൈകൾ വിട്ടു. അപ്പോഴേക്കും അരവിന്ദനെ ഐ സി യൂ വിലേക്ക് കയറ്റിയിരുന്നു. മായ അവിടെ തന്നെ ഒരു പ്രതിമ കണക്കെ നില്‍ക്കുകയായിരുന്നു. ചാരുലത അവളെ അടുത്തുള്ള കസേരയില്‍ കൊണ്ട് ചെന്നിരുത്തി. "മായേ...... ഞാൻ ആ ആളുകളോട് സംസാരിച്ചു. ഇത് നമ്മൾ വിചാരിച്ച പോലെ ആക്സിഡന്റൊന്നും അല്ല. ആരോ കുത്തിയതാ."
"ഉം..."
"മായേ..... ഞാൻ പറയുന്ന വല്ലോം നീ കേള്‍ക്കണ്ടോ."
"ഉം...."
ഡോക്ടർ വന്നപ്പോൾ മായയും ചാരുലതയും അങ്ങോട്ട് ചെന്നു. "പോലീസിൽ അറിയിച്ചിട്ടുണ്ട്. കുത്ത് കേസ് ആണല്ലോ. അല്ലാ അയാളുടെ ആരാണ് നിങ്ങൾ.". "മായേ..... പറ..... "ചാരുലത മായയെ തട്ടി വിളിച്ചു. "എന്റെ കസിനാണ്....."
"ഓക്കേ.... കുറച്ച് സീരിയസ് ആണ്....... കുത്തേറ്റത് മാത്രമല്ല...... വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ചിട്ട് ഉണ്ട്..... ബോധം വരാൻ ചിലപ്പോ സമയം എടുക്കും."
"ഡോക്ടർ......... അരവിന്ദേട്ടൻ....."
"ഡോണ്ട് വറി. അയാൾ പെട്ടെന്ന് റിക്കവർ ആകാൻ നമുക്ക് പ്രാർഥിക്കാം. പിന്നെ ആളുടെ വീട്ടില്‍ അറിയിച്ചില്ലേ. ചിലപ്പോ ഒരു സർജറി വേണ്ടി വരും. ആളുടെ വൈഫ് അല്ലെങ്കി അച്ഛൻ, അമ്മ ആരേലും ഇവിടെ വേണം."
"അരവിന്ദേട്ടൻ കല്യാണം കഴിച്ചിട്ടില്ല. പിന്നെ അച്ഛനും അമ്മേം ഒന്നും ജീവിച്ചിരിപ്പില്ല."
"ഓ... പിന്നെ ആരാ ഇപ്പൊ.... " "ഞാൻ ഇവിടെ ഉണ്ടാവും ഡോക്ടർ....." " ഓക്കേ... "
രാത്രി വരെ മായ ഒരേ ഇരിപ്പ് തന്നെ ആയിരുന്നു. "രാവിലെ മുതല്‍ തുടങ്ങിയ ഇരിപ്പല്ലേ. നീ ഒന്നും കഴിച്ചില്ലല്ലോ മായേ... " "എനിക്കൊന്നും വേണ്ട...... നീ പോയി കഴിച്ചോ....... "
"എടി.... ഇങ്ങനെ ഒന്നും തിന്നാതേം കുടിക്കാതേം ഇരുന്നാ നീ എവിടേലും തലകറങ്ങി വീഴും മായേ....."അപ്പോഴാണ് രണ്ട് ചെറുപ്പക്കാര്‍ അങ്ങോട്ട് വന്നത്. " മായേച്ചീ...."
"നിങ്ങള് എങ്ങനെ അറിഞ്ഞെ."
" അരവിന്ദേട്ടനെ കാണാഞ്ഞപ്പോ വിളിച്ച് നോക്കിയതാ. പോലീസ്കാരാ ഫോൺ എടുത്തത്. കാര്യങ്ങളെല്ലാം അവര് പറഞ്ഞറിഞ്ഞു."
" ഐ സി യു വിലാണ്."
"ചേച്ചിക്ക് ഒന്ന് വിളിക്കായിരുന്നു.". "വല്ലാത്തൊരു സിറ്റുവേഷന്‍ ആയിരുന്നു. ഓർത്തില്ലാ.... ഞാൻ."
"ഇനിപ്പൊ ഞങ്ങള് ണ്ടല്ലോ...... ചേച്ചി പൊക്കോ...... ". "അത് സാരല്ല്യാ."
"പറയുന്നെ കേള്‍ക്ക്. ചെല്ല് എന്തേലും ആവശ്യം വന്നാ വിളിക്കാം." മനസ്സില്ലാ മനസ്സോടെ മായ ആശുപത്രിയില്‍ നിന്നിറങ്ങി.
"എന്റെ ഫ്ലാറ്റിലേക്ക് പോകാം. എന്താ മായേ.... "
"അത്...... "
"അല്ലേ ഞാൻ നിന്നെ നിന്റെ ഫ്ലാറ്റില് വിടാം. അത് മതിയോ...... "
"അത് വേണ്ട.... "
"അപ്പോ പിന്നെ എന്റെ കൂടെ പോര്. ഇവിടുന്ന് കുറച്ച് ദൂരം അല്ലേ ഉള്ളൂ.."
"തറവാട്ടിൽക്ക് പോയാ മതിയാരുന്നു."
"നിനക്കെന്താ മായേ.... ഈ രാത്രി ഇനി അത്ര ദൂരം പോകാനോ. കൂടാതെ ചെക്ക് പോസ്റ്റ് അടക്കേം ചെയ്യും. അതൊന്നും വേണ്ട. ഇന്ന് നീ എന്റെ കൂടെ നിന്നാ മതി." അവർ ചാരുലതയുടെ ഫ്ലാറ്റിലേക്ക് പോയി. ചാരുലത ഒരുപാട് നിര്‍ബന്ധം പിടിച്ചപ്പോഴാണ് മായ എന്തെങ്കിലും കഴിക്കാന്‍ വന്നത്. ഡൈനിംഗ് ടേബിളിൽ ഒരു ജഗ് വെള്ളം കൊണ്ട് വെച്ച ശേഷം ചാരുലതയും അവളോടൊപ്പം ഇരുന്നു.
"ചപ്പാത്തിയാ....... "
"മതി ചാരൂ..... ഞാൻ എടുത്തോളാം......"
"നീ ഒന്നും എടുക്കില്ല..... അതാ....."
മനസ്സിൽ തോന്നിയ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളെ ചാരുലത ആ സംഭാഷണത്തിലേക്ക് എടുത്തിട്ടു.
"അരവിന്ദന് കൂട്ടിരിക്കാൻ വന്നതാരാ മായേ......"
"എന്റെ വല്ല്യച്ചന്റെ മക്കളാ......... "
"ചേച്ചി ന്നു വിളിച്ചപ്പോ തോന്നി..... ബന്ധുക്കള്‍ തന്നെ ആവും ന്ന്. അരവിന്ദന്‍ നിന്റെ ക്ലോസ് റിലേറ്റീവ് ആണോ.... അതോ......"
"ന്റെ അമ്മായീടെ മകനാ. അച്ഛന്റെ സഹോദരിയുടെ മകന്‍."
"അപ്പൊ നിങ്ങള്......"
"നിനക്കെന്താ അറിയേണ്ടത്. ഓപ്പണ്‍ ആയി തന്നെ ചോദിച്ചോ. ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കേണ്ട."
"നീ ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചോദിച്ചില്ലല്ലോ."
മറുത്തൊന്നും പറയാതെ മായ എഴുന്നേറ്റു പോയി. കുറച്ച് നേരം കഴിഞ്ഞപ്പോൾ മായക്ക് വല്ലാത്ത വിഷമം തോന്നി. താന്‍ ചാരുലതയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നവൾക്ക് തോന്നി. അവൾ ചാരുലതയുടെ മുറിയിലേക്ക് ചെന്നു. അവൾ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു.
"ചാരൂ....... സോറി...... ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു."
"സാരമില്ല. നിന്റെ സിറ്റുവേഷന്‍ ഞാനും മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. അതാ..... പിന്നെ..... ഇന്ന് നീ അത്രയും വിഷമിച്ച് കണ്ടപ്പോ.... നിനക്ക് അത്രയേറെ ആത്മബന്ധമുള്ള ആളാണ് അരവിന്ദന്‍ എന്ന് തോന്നി. അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാ. നിനക്ക് പറയാൻ പ്രയാസം ആണെങ്കി വേണ്ട. ഒന്നും പറയേണ്ട. "
"എന്ത് പ്രയാസം ചാരൂ... അങ്ങനെ ഒന്നും ഇല്ലാ. ഞാനും അരവിന്ദേട്ടനും ഒന്നിച്ച് കളിച്ച് വളര്‍ന്നവരാ. നന്നായി പരസ്പരം അറിയാവുന്നവര്‍. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുമായിരുന്നു. രഹസ്യങ്ങളൊന്നും ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ലെന്ന് തന്നെ പറയാം. എന്തിന്.... റോഷനെ കുറിച്ച് പോലും ഞാൻ ആദ്യം പറഞ്ഞത് അരവിന്ദേട്ടനോടാ."
"മായേ...... അയാള്‍ക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നോ."
"ഒന്ന് ദേഷ്യപ്പെട്ടോ കയർത്തോ സംസാരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല. ആരോടും നീരസോം ഇല്ലാ. കോളേജ് അധ്യാപകന്‍ ആയിരുന്നു. പഠിപ്പിക്കുന്ന കുട്ടികളോട് പോലും മുഖം കറുത്തൊന്ന് സംസാരിക്കാത്ത ഒരു സാധു. പിന്നെ ആ പാവത്തിന് എവിടുന്ന് ശത്രുക്കൾ ഉണ്ടാവാനാ.."
"കുത്തേറ്റതല്ലേ..... അതുകൊണ്ട് ചോദിച്ചതാ..... "
"അതിന് ശത്രുക്കള്‍ തന്നെ ആവണം എന്നില്ലല്ലോ...... ചാരൂ....... "
മായ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ലെങ്കിലും ചാരുലത അതേ കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല. ഉറക്കം വരുന്നുണ്ടെന്ന് ചാരുലതയോട് പറഞ്ഞ് മായ മുറിയിലേക്ക് പോയെങ്കിലും ഉറക്കം വരാത്ത ആ രാത്രിയെ എങ്ങനെ തള്ളി നീക്കണമെന്ന ആലോചനയിലായിരുന്നു അവൾ. വീണ്ടും മനസ്സ് ആ മഞ്ചാടി മരത്തിന്റെ ചുവട്ടിലേക്ക് പോകുമ്പോള്‍ അന്നവള്‍ അവിടെ തനിയെ ആയിരുന്നു. പെട്ടെന്ന് ഉണ്ടായ അച്ഛന്റെയും അമ്മയുടെയും മരണം അവളില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. അടിക്കടി നാട്ടിലേക്ക് ഉള്ള യാത്ര പോലും കുറഞ്ഞ് വന്നിരുന്നു.
"എന്തിനാണ് എന്നെ ഈ ജീവിതത്തിൽ തനിച്ചാക്കി നിങ്ങൾ ഇത്ര പെട്ടെന്ന് പോയത്. അന്ന് ആ യാത്രയില്‍ എന്നെ കൂടി കൂട്ടായിരുന്നില്ലേ. അങ്ങനെ ആയിരുന്നെങ്കില്‍ അവസാന യാത്രയും നമുക്ക് ഒരുമിച്ച് ആകാമായിരുന്നല്ലോ." ഓരോന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മായ ഓരോ മഞ്ചാടി കുരു താഴെ നിന്ന് പെറുക്കി എടുത്തു കൊണ്ടിരുന്നു. ആരോ തോളത്ത് കൈവെച്ചത് അറിഞ്ഞ് മായ തിരിഞ്ഞ് നോക്കിയപ്പോള്‍ അരവിന്ദൻ ആയിരുന്നു.
"മായ വന്നിട്ടുണ്ടെന്ന് വല്ല്യ മാമ പറഞ്ഞു. എനിക്ക് തോന്നി ഇവിടെ കാണും ന്ന്....."
"ഇന്ന് കോളേജില് പോയില്ലേ."
"അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോണം. അപ്പൊ ലീവ് എടുത്തു."
"മാളു...... അവൾ ഇപ്പൊ ഇല്ലേ അവിടെ......."
"അവള്‍ക്ക് നഴ്സിങ്ന് അഡ്മിഷൻ കിട്ടി. എറണാകുളം മെഡിക്കല്‍ കോളേജിലാ. "
"അപ്പൊ പിന്നെ ആരാ ജാനമ്മയെ നോക്കാൻ..... "
"ആരും ഇല്ല്യ..... ഇപ്പൊ കുറച്ചൊക്കെ നടക്കും. പിന്നെ രാവിലെ അടുക്കള പണിക്ക് ഒരു ചേച്ചി വരും."
"പോവുന്നേന്റെ മുന്നേ ഞാൻ വരാം."
"അമ്മ എന്നും ചോദിക്കും. ഇപ്പൊ നീ അങ്ങനെ നാട്ടില്‍ക്ക് വരാറ് ഇല്ലല്ലോ. ഞങ്ങളെ മറന്ന് ന്ന് വിചാരിച്ചു."
"ഞാൻ വിളിക്കാറുണ്ടല്ലോ അരവിന്ദേട്ടാ...."
"അല്ലേ ഓരോ ആഴ്ച കൂടുമ്പോ വിളിക്കണ പെണ്ണാ. അതിന്റെ ഇടവേള ഇപ്പൊ കൂടി കൂടി വരാ. "
"ഇപ്പൊ വന്നേന് ഒരു കാര്യം ഉണ്ട്.. ഞാൻ വിളിച്ചപ്പോ പറഞ്ഞിരുന്നില്ലേ.. "
"ആള് നിന്റെ കൂടെ പഠിക്കണത് ആണോ..."
"അല്ലാ...ഡോക്ടറാ....."
"ഞാൻ വല്ല്യ മാമയോട് പറയാം. ജാതി ഒക്കെ ഒന്നായതോണ്ട് എതിര്‍ക്കാൻ തരംല്ല്യാ."
"അവന്റെ ഹൌസ് സർജൻസി തീരാന്‍ രണ്ട് മാസോം കൂടി ഇണ്ട്. അത് കഴിഞ്ഞാല് സിറ്റീലെ ഹോസ്പിറ്റലീ തന്നെ ജോലിക്ക് കേറും. എന്നിട്ട് വന്ന് ചോദിക്കാൻ ഇരിക്ക്യായിരുന്നു."
"ആയിക്കോട്ടെ. ഞാൻ ഒന്ന് സൂചിപ്പിച്ച് വെക്കാം."
ഓരോന്ന് ആലോചിച്ചു മനസ്സിനെ വീണ്ടും അസ്വസ്ഥതയിലേക്ക് തള്ളിയിട്ട് അവൾ കിടന്നു. കണ്ണടച്ച് സ്വയം തന്നിലേക്ക് ഒതുങ്ങാൻ ശ്രമിച്ചപ്പോഴും ഓര്‍മകള്‍ അവളെ വേട്ടയാടി കൊണ്ടിരുന്നു. അന്ന് തിരിച്ച് പോകുന്നതിന് മുന്‍പ് യാത്രപറയാൻ ആയിരുന്നു അരവിന്ദേട്ടന്റെ വീട്ടില്‍ പോയത്. ജാനമ്മയുടെ സംസാരം മുറ്റത്ത് നിന്ന് തന്നെ കേള്‍ക്കാമായിരുന്നു. അമ്മയും മകനും തന്നെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് തോന്നിയപ്പോൾ എന്തോ അവിടെ തന്നെ നിന്നു പോയി.
"എനിക്ക് മായയെ വല്ല്യ ഇഷ്ടായിരുന്നു മോനെ. അവള് ഈ വീട്ടില് നിന്റെ ഭാര്യയായി വരണം ന്ന് ഞാൻ ഒരുപാട് ആശിച്ചതാ." "ഈ അമ്മക്ക് ഇത് എന്താ. ഇനി ഇത് വേറാരോടും പറയാനൊന്നും നിക്കണ്ട ട്ടോ." എന്തോ ആ സംസാരം കൂടുതൽ കേട്ട് നിൽക്കാനായില്ല. ഒരു വാക്കും മിണ്ടാതെ അന്ന് അവിടുന്ന് പോരുമ്പോൾ ഒരു സംശയം മനസ്സിൽ ബാക്കിയായിരുന്നു. ഇനി അരവിന്ദേട്ടനും തന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നോ. ഓര്‍മകളെ പിന്നോട്ട് വിടുമ്പോൾ അതിന് മാത്രം തെളിവുകൾ ഒന്നും ഇല്ലായിരുന്നു. അപ്പൊ അതൊക്കെ ജാനമ്മയുടെ ഓരോ ആഗ്രഹങ്ങള്‍ ആയിരിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു.
എന്തോ ശബ്ദം കേട്ട് മായ ഞെട്ടി ഉണര്‍ന്നപ്പോള്‍ അത് ചാരുലത ആയിരുന്നു.
"നീ വേഗം റെഡി ആയി വാ....... ഞാൻ നിന്നെ ഹോസ്പിറ്റല് ആക്കി തരാം...... എന്നിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ........"
"അപ്പൊ വാഗമണ്‍ പ്രോജക്ടോ......... ഞാൻ ഇല്ലെങ്കിലും നീ പോണം..........."
"നീ ഇല്ലാത്തോണ്ട് ഞാൻ പോവുന്നില്ല മായേ..... സുജിത്തിനെ ഏല്‍പ്പിച്ചിട്ടുണ്ട്. അവന്‍ ഇന്ന് അങ്ങോട്ട് തിരിക്കും."
" നിനക്ക് ബുദ്ധിമുട്ടായോ...... "
" എനിക്കെന്ത് ബുദ്ധിമുട്ട്. അതൊക്കെ ഇനി സുജിത്തിനല്ലേ... "
" അത് ശെരിയാണ്......... "
" ആ മായേ.. അല്ലാ... ഇന്നലെ നമ്മൾ ഹോസ്പിറ്റല്‍ വന്ന കാര്യം നീ റോഷനോട് പറഞ്ഞില്ലേ. "
"അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല........ "
"അതെന്താ മായേ.... റോഷന്‍ അവിടുത്തെ ഡോക്ടർ അല്ലെ. അപ്പൊ നീ ഒന്ന് പറയേണ്ടത് ആണ്. എന്നെ ഇന്നലെ അവിടെ കണ്ടിട്ട് അവന്‍ വിളിച്ചിരുന്നു. കാര്യം ചോദിച്ചു. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. നിന്നെ അവന്‍ കണ്ടില്ലെന്ന് തോന്നുന്നു. "
"കണ്ട് കാണും ചിലപ്പോ........ നിന്നോട് പറയാത്തതാ."
"അതെന്താ നീ അങ്ങനെ പറഞ്ഞേ....... നിങ്ങൾ തമ്മില്‍ എന്താ പ്രശ്നം."
"പ്രശ്നം എന്താ ഇല്ലാത്തത് എന്ന് ചോദിക്ക് ചാരൂ ആ ബന്ധം ഇപ്പൊ കഴുത്തിൽ കെട്ടിയ ഈ താലിയിലും നിയമ രേഖകളിലും മാത്രേ ഉള്ളൂ." കൂടുതലൊന്നും ചോദിക്കാതെ ചാരുലത വേഗം പോകാൻ ഇറങ്ങി. അവർ നേരെ ആശുപത്രിയിലേക്ക് ആണ് പോയത്. മുകളിലത്തെ നിലയിലേക്ക് പോകാനായി അവർ ലിഫ്റ്റിൽ കയറി. അടയാനായ ലിഫ്റ്റിലേക്ക് ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു. കിതച്ചു കൊണ്ട് അയാൾ ലിഫ്റ്റിലേക്ക് കയറിയ ശേഷം കഴുത്തിൽ ഇട്ട സ്തെതസ്കോപ് ഒന്ന് കൂടി നേരെ ആക്കി.
"ഹാ ചാരുലത ആയിരുന്നോ......"
"ഹായ്... റോഷന്‍......"
"എന്താ മിസിസ് മായ ദേവി ഒന്നും മിണ്ടുന്നില്ലല്ലോ." മായയെ നോക്കി കൊണ്ട് റോഷന്‍ ചോദിച്ചു.
മായ മുഖം ഉയർത്തി അയാളെ നോക്കി. "റോഷന്‍ അരവിന്ദേട്ടനെ കണ്ടിരുന്നോ."
"കണ്ട ആരോടേലും തല്ലും കൂടി കുത്തും കൊണ്ട് കിടക്കുന്ന ഒരാളെ കാണേണ്ട കാര്യം എനിക്കില്ല."
"എന്താ നീ പറഞ്ഞെ....... നീയല്ലേ അരവിന്ദേട്ടനെ........ " മായ റോഷന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
"ടീ....... " റോഷന്‍ അവള്‍ക്ക് നേരെ ശബ്ദം ഉയർത്തി.
ചാരുലത വേഗം മായയെ പിടിച്ചു മാറ്റി. അപ്പോഴേക്കും ലിഫ്റ്റ് അവരുടെ ഫ്ലോറിൽ എത്തിയിരുന്നു. ചാരുലത മായയെ കൂട്ടി ലിഫ്റ്റിൽ നിന്ന് ഇറങ്ങി. റോഷന്‍ ആ ലിഫ്റ്റ് ല്‍ തന്നെ മുകളിലത്തെ നിലയിലേക്ക് പോയി.
"എന്ത് പണിയാ രണ്ടാളും കൂടി കാണിച്ചെ. ഇത് നിങ്ങടെ വീടല്ല, ഹോസ്പിറ്റലാ.. ഭാഗ്യത്തിന് ആ ലിഫ്റ്റ് ല്‍ വേറെ ആരും ഉണ്ടായില്ല. പിന്നെ നീ എന്താ അവനോട് പറഞ്ഞത്."
"സത്യാ..... ചാരു..... ബോധം മറയുന്നേന് മുന്നേ അരവിന്ദേട്ടൻ എന്നോട് പറഞ്ഞതാ. റോഷന്‍ ആണ് അത് ചെയതത്."
"ഏയ്....... റോഷന്‍ അങ്ങനെ ചെയ്യോ.... മായേ..... "
"ഇല്ല...... പക്ഷെ...... അരവിന്ദേട്ടൻ ഒരിക്കലും കള്ളം പറയില്ല."
"എന്തിന് റോഷന്‍ അങ്ങനെ ചെയ്യണം." മായ കരഞ്ഞു കൊണ്ട് ചാരുലതയുടെ തോളത്തേക്ക് ചാഞ്ഞു.
"മായേ........ "
"എന്നും പ്രശ്നങ്ങള്‍ ആയിരുന്നു ചാരൂ...... റോഷന് സംശയം ആയിരുന്നു. എന്നെം അരവിന്ദേട്ടനേം ചേര്‍ത്ത് ഓരോന്ന് പറയാൻ തുടങ്ങിയിരുന്നു. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വന്നപ്പോഴാ ഞാൻ വീട് വിട്ട് ഇറങ്ങിയത്."
"നീ കരയാതെ മായേ.. ആളുകൾ ശ്രദ്ധിക്കുന്നു." മായ പെട്ടെന്ന് കണ്ണുകൾ തുടച്ചു. അവർ അരവിന്ദനെ പോയി കണ്ടു. അയാള്‍ക്ക് അപ്പോഴും ബോധം തെളിഞ്ഞിട്ട് ഉണ്ടായിരുന്നില്ല.
ചാരുലത പോകാനായി ഇറങ്ങി. മായയും അവളോടൊപ്പം ചെന്നു.
"നീ ഇന്ന് ഇവിടെ തന്നെ ഇരിക്കാന്‍ പോവാണോ...... "
"ഇല്ലാ.... ചാരൂ..... ഇവിടെ ഇരുന്നാ റോഷനെ ഫേസ് ചെയ്യേണ്ടി വരും. അത് കൊണ്ട് ഞാൻ നാട്ടിലേക്ക് തന്നെ തിരിച്ച് പോവാ."
"ശെരി.... നീ കേറ്.... ഞാൻ ബസ് സ്റ്റോപ്പില്‍ വിടാം."
തറവാട്ടിൽ എത്തിയിട്ടും മായയുടെ മനസ്സ് ആശുപത്രിയില്‍ തന്നെ ആയിരുന്നു. അവൾ കുറെ നേരം കുളക്കടവിൽ തന്നെ ഇരുന്നു. നേരം സന്ധ്യ കഴിഞ്ഞ് ഇരുട്ട് വീണ് തുടങ്ങിയിരുന്നു. അവൾ അവിടുന്ന് എഴുന്നേറ്റ് വീട്ടിലേക്ക് കയറുമ്പോഴാണ് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത്. മായ മുറ്റത്ത് തന്നെ നിന്നു. അത്രയും ദിവസം തോന്നലായി അവിടെ എത്തിയ ആൾ ഇന്ന് നേരിട്ട് എത്തിയപ്പോൾ അവള്‍ക്ക് സന്തോഷം ആയിരുന്നില്ല ഉള്ളില്‍ ഭയമായിരുന്നു. അവളുടെ മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം റോഷന്‍ വീട്ടിലേക്ക് കയറി. മായയും അയാളുടെ പിന്നാലെ ചെന്നു.
"കുടിക്കാന്‍ എന്തെങ്കിലും......"
"കുറച്ച് വെള്ളം വേണം. ഇത്രയും ദൂരം ബൈക്ക് ഓടിച്ചു വന്നതല്ലേ." മായ വെള്ളം എടുത്ത് വന്നപ്പോഴേക്കും റോഷന്‍ അകത്തേക്ക് കയറി ഇരുന്നിരുന്നു.
"മറുപടി പറയാൻ പറ്റിയ സ്ഥലം അല്ലായിരുന്നു. അതാ ഞാൻ ഇന്ന് ഒന്നും മിണ്ടാതിരുന്നത്."
"തെറ്റ് ചെയ്തിട്ട്..... ഇനി അത് ന്യായീകരിക്കാൻ നിക്കണ്ട.... "
"ആരാടീ..... തെറ്റ് ചെയ്തേ........"
"എന്തിനാ.... എന്തിനാ അരവിന്ദേട്ടനെ നീ......" പൊട്ടിക്കരഞ്ഞു കൊണ്ട് മായ കട്ടിലില്‍ ഇരുന്നു. റോഷന്‍ അവളുടെ തോളത്ത് കൈ വെച്ചു. അവൾ മെല്ലെ മുഖം ഉയർത്തി അവനെ നോക്കി. തലോടുമെന്ന് വിചാരിച്ചെങ്കിലും ആ കൈകളുടെ ഉദേശം അതായിരുന്നില്ല. അവസാന തുള്ളി കണ്ണുനീരും തലയിണയെ നനച്ച് കൊണ്ട് ഒഴുകുമ്പോഴേക്കും ബുള്ളറ്റിന്റെ ശബ്ദം നേര്‍ത്ത് വന്നിരുന്നു.
പിറ്റേദിവസം മായ രാവിലെ തന്നെ ഉണര്‍ന്നു. ഫോൺ ഒന്ന് ഓൺ ചെയ്യാൻ നോക്കിയിട്ടും പറ്റുന്നുണ്ടായിരുന്നില്ല. അവൾ അത് അവിടെ തന്നെ വെച്ച ശേഷം അടുക്കളയിലേക്ക് പോയി. ഒരു ചായ ഉണ്ടാക്കി അതുമായി ഉമ്മറത്തെക്ക് വന്നു. ചാരുകസേരയില്‍ ഇരുന്ന് അവൾ പുറത്തെ കാഴ്ചകള്‍ കണ്ടു കൊണ്ട് ചായ കുടിച്ചു. അന്നേ ദിവസം അവൾ ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല. ഓരോന്ന് ആലോചിച്ചു കൊണ്ട് അവിടൊക്കെ നടന്നും ഇരുന്നും സമയം നീക്കി. ഉച്ച തിരിഞ്ഞ സമയത്ത് ആണ് ഒരു കാർ അവിടേക്ക് വന്നത്. ചാരുലത ആയിരുന്നു അത്. ശബ്ദം കേട്ടതും മായ പുറത്തേക്ക് വന്ന് നോക്കി.
"എന്താ ചാരൂ....... പെട്ടെന്ന്......."
"നീ എന്താ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുന്നേ. ഒരു അത്യാവശ്യം പറയാന്‍ വിളിച്ചാ കിട്ടണ്ടേ."
"അത്.... ചാരു....."
"അല്ലാ... നിന്റെ നെറ്റിയില്‍ ഇത് എന്താ പറ്റിയെ."
"റോഷന്‍ ഇന്നലെ വന്നിരുന്നു. ഹോസ്പിറ്റലില് ഉണ്ടായേന്റെ ബാക്കി ഇവിടെ നടന്നു. "
"നെറ്റിയിലെ മുറിവ് ആരാ മരുന്ന് വെച്ച് കെട്ടിയെ."
"മുറിവേല്‍പ്പിച്ച കൈകൾ ഫസ്റ്റ് ഐഡ് ഒക്കെ തന്നാ പോയത്. ഡോക്ടർ അല്ലേ. എത്തിക്സ് വിട്ട് ഒരു കളിയും ഇല്ലാ."
"മായേ...... നീ...... "
"അതൊന്നും സാരമില്ല..... ഇതൊക്കെ എനിക്ക് ഇപ്പൊ ശീലായി. ഫോണ്‍ ഇന്നലത്തെ വഴക്കിന്റെ ഇടക്ക് വീണ് പൊട്ടി. അതാ നീ വിളിച്ചിട്ട് കിട്ടാഞ്ഞെ. അല്ലാ നീ എന്താ പറയാൻ വന്നത്. "
"നിന്നെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോ നിന്റെ കസിൻസ് ഓഫീസില് വന്നിരുന്നു. അരവിന്ദന് ബോധം വന്നു. എന്തോ പറയാൻ ശ്രമിച്ചത്രേ. മാ... മാ... എന്നൊക്കെയാ അവര് കേട്ടത്. അപ്പോഴേക്കും ബോധം മറഞ്ഞു. നിന്നെ ആയിരിക്കും അന്വേഷിച്ചത് ചിലപ്പോ. നിന്റെ പ്രസൻസ് അവിടെ ഉള്ളത് നന്നാവും ന്നാ ഡോക്ടർ പറഞ്ഞത്."
"ആണോ.... എന്നാ ഞാൻ വേഗം ഇറങ്ങാം......... "
അവർ ഉടനെ ആശുപത്രിയിലേക്ക് തിരിച്ചു. മായയെ അവിടെ കൊണ്ട് വിട്ട ശേഷം ചാരുലത പോയി. മായ അരവിന്ദനെ ചെന്ന് കണ്ടു. പല തവണ വിളിച്ച് നോക്കിയെങ്കിലും അയാളിൽ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. സമയം രാത്രിയായിരുന്നു.
" ചേച്ചി..... രാത്രി ഇവിടെ കുറെ പേര്‍ക്ക് ഇരിക്കാൻ പറ്റില്ല."
"അത് ഞാൻ മറന്നു."
"സമയം വൈകിയില്ലേ. ഒറ്റക്ക് പോവണ്ട. ഞാൻ ചേച്ചിയെ ഫ്ലാറ്റില് കൊണ്ട് വിടാം."
"വേണ്ട.... ഞാൻ ഓട്ടോ വിളിച്ച് പൊക്കോളാ."
അങ്ങനെ പറഞ്ഞ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയെങ്കിലും മായയുടെ മനസ്സ് ശൂന്യമായിരുന്നു. ആ സമയത്ത് നാട്ടിലേക്ക് തിരിച്ചാൽ ചെക്ക് പോസ്റ്റ് അടയ്ക്കുന്നതിന്റെ മുമ്പ് എത്താന്‍ പറ്റില്ലെന്ന് അവള്‍ക്ക് തോന്നി. തന്നെയുമല്ല ആ സമയത്ത് അങ്ങോട്ട് ബസ്സും ഉണ്ടായിരുന്നില്ല. ചാരുലതയുടെ ഫ്ലാറ്റിലേക്ക് പോയി അവളെ ബുദ്ധിമുട്ടിക്കാനും മായക്ക് മനസ്സ് വന്നില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് റോഷന്റെ ബൈക്ക് അവളുടെ മുന്നില്‍ വന്ന് നിർത്തിയത്. അയാൾ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു.
"വാ കേറ്........."
"വേണ്ട........"
"കേറ്..... ലേറ്റ് ആയില്ലേ. ഇവിടെ ഇങ്ങനെ നിക്കണ്ട." മായ റോഷന്റെ ബൈക്കില്‍ കയറി. അവർ നേരെ റോഷന്റെ ഫ്ലാറ്റിലേക്ക് ആണ് പോയത്.
"നീ എന്താ കേറാത്തെ....... വാ......" മുറ്റത്ത് തന്നെ നിന്ന മായയോട് റോഷന്‍ പറഞ്ഞു. മായ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. "നിന്നോടല്ലേ വരാൻ പറഞ്ഞത്. " റോഷന്‍ മായയുടെ കൈ പിടിച്ച് അകത്തേക്ക് കയറി. പഴയതില്‍ നിന്നും വ്യത്യസ്തമായി അന്ന് അവിടെക്ക് കയറുമ്പോള്‍ അവളുടെ ഉള്ളില്‍ ചെറിയൊരു ഭയം ഉണ്ടായിരുന്നു.
മുറിയിലേക്ക് ചെന്നപ്പോൾ അവിടെ ആകെ അലങ്കോലപ്പെട്ട് കിടക്കുന്നതാണ് മായ കണ്ടത്. വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം വലിച്ച് വാരി ഇട്ടിരിക്കുകയായിരുന്നു. അടുക്കളയില്‍ ചെന്ന് നോക്കിയപ്പോൾ അവിടുത്തെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു. കുറച്ച് ദിവസം മായ മാറി നിന്നതിന്റെ എല്ലാ കുറവും ആ വീട്ടില്‍ കാണാമായിരുന്നു.
"ഞാൻ ഭക്ഷണം വാങ്ങീട്ടുണ്ട്......"
"എനിക്കൊന്നും വേണ്ട......."
"മായ ഇപ്പൊ ഞാൻ പറയുന്നത് കേട്ടാ മതി. വന്നിരിക്ക്."
മായ റോഷനോടൊപ്പം കഴിക്കാൻ ഇരുന്നു. അവൾ ആലോചനയിലായിരുന്നു. മുമ്പും അവന്റെ ദേഷ്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇന്നും അത് തന്നെ ചെയ്യുന്നു. പിന്നെ എന്തിനാണ് താന്‍ ഇവിടെ വിട്ട് പോയത്. വീണ്ടും ഇഷ്ടമില്ലാതെ ഇന്ന് ഇങ്ങോട്ട് വന്നത്. വിധി തന്നെ വീണ്ടും ഇവിടേക്ക് പറിച്ചു നടുകയാണോ എന്നവൾ ചിന്തിച്ചു. ഉറങ്ങാൻ കിടക്കുമ്പോഴാണ് റോഷന്‍ മുറിയിലേക്ക് വന്നത്. മായ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു."എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. മായ സമാധാനമായി കേൾക്കണം." "റോഷന്‍ പറഞ്ഞോളൂ...."
"എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല മായേ..... എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാ. ആദ്യം അവര് നമ്മളെ തമ്മില്‍ അകറ്റി. പിന്നെ അരവിന്ദനെ അപകടപ്പെടുത്തി."
"ആരെ കുറിച്ചാ നീയീ പറയണെ. എന്തിനാ അവര് ഇങ്ങനെ ഒക്കെ ചെയ്യണെ."
"ഞാൻ എല്ലാം പറയാം മായേ... അരവിന്ദനും നീയും ചേര്‍ന്ന് പത്രത്തിൽ എഴുതുന്ന ഒരു ഫീച്ചര്‍ ഇല്ലേ. അതാ എല്ലാത്തിനും കാരണം."
"സത്യത്തിൽ അത് അരവിന്ദേട്ടൻ തനിയേ എഴുതുന്നതാ. കാണാതെ പോയ പെൺകുട്ടികളെ കുറിച്ചുള്ള ലേഖനം ആണെന്ന് മാത്രേ എനിക്ക് അറിയൂ."
"നീ പറയുന്നത് സത്യാണോ..... "
" അതേ... റോഷന്‍.... ഈ ആവശ്യവുമായി അരവിന്ദേട്ടൻ എന്റടുത്ത് വന്നിരുന്നു. പത്രം ഓഫീസിൽ ഞാനാ അരവിന്ദേട്ടനെ കോൺടാക്ട് ചെയ്ത് കൊടുത്തത്.
അതിന്റെ ഇൻട്രോ എഴുതി എന്നല്ലാതെ ഓരോ ആഴ്ചയിൽ പ്രസിദ്ധീകരിക്കുന്ന അതിന്റെ ഒരു ഭാഗം പോലും ഞാൻ വായിച്ചിട്ടില്ല."
"നിനക്കൊരു മാളവിക രാമചന്ദ്രനെ അറിയോ. അവളുടെ തിരോധാനത്തെ കുറിച്ചാ അരവിന്ദന്‍ എഴുതുന്നത്."
" അതാരാ..... "
" നിങ്ങടെ നാട്ടുകാരിയാ....... എറണാകുളം മെഡിക്കൽ കോളേജില് നഴ്സിങ് ന് പഠിക്ക്യായിരുന്നു."
"ആ.... അത് മാളു ആയിരിക്കും. അരവിന്ദേട്ടന്റെ അച്ഛന്റെ കുടുംബത്തില് ഉള്ള കുട്ടിയാ. അവൾ അരവിന്ദേട്ടന്റെ വീട്ടില്‍ ഉണ്ടായിരുന്നു കുറച്ച് കാലം. പക്ഷെ അവളെ കാണാതായ വിവരം ഞാൻ അറിഞ്ഞിരുന്നില്ല."
"വിവാഹ ശേഷം നീ അങ്ങനെ നാട്ടിലേക്ക് പോവാറില്ലല്ലോ. അതാവും അറിയാതെ പോയത്."
" എന്നാലും ആ ഫീച്ചർ കാരണം നമ്മൾ തമ്മില്‍ അകന്നത് എന്താ.. ഒന്ന് പറ... റോഷന്‍.... എനിക്കൊന്നും മനസ്സിലാകുന്നില്ല."
" മായേ.... നീയും അരവിന്ദനും ചേര്‍ന്നാണ് അത് എഴുതുന്നത് എന്നാണ് അവർ വിചാരിച്ചിരിക്കുന്നെ. നമ്മൾ തമ്മില്‍ പ്രശ്‌നത്തില്‍ ആയാല്‍ നിന്റെ എഴുത്തില് ശ്രദ്ധ കുറയുമെന്നും നീ അത് നിര്‍ത്തുമെന്നും അവര്‍ക്ക് തോന്നി കാണും. നിന്നേം അരവിന്ദനേം ചേര്‍ത്ത് ഓരോന്ന് പറഞ്ഞ് അവരെന്റെ മനസ്സിനെ മാറ്റിയെടുത്തു. പലപ്പോഴും മദ്യത്തിന്റെ ലഹരിയില്‍ ഞാൻ അതൊക്കെ വിശ്വസിച്ചു."
" ആരാ..... ഇതൊക്കെ ചെയ്യുന്നേ.... റോഷന്‍..... "
" നിര്‍ഭാഗ്യവശാല്‍ അവർ എന്റെ സുഹൃത്തുക്കള്‍ ആണ്."
"ഇപ്പോഴും എനിക്ക് പലതും വ്യക്തമാകുന്നില്ല."
"എനിക്കും ഒന്നും അറിയില്ലായിരുന്നു. അവരുടെ വാക്കുകള്‍ വിശ്വസിച്ച് ഞാനൊരു വിഡ്ഢിയായി. നിന്നെ മനസ്സിലാക്കിയില്ല.
ഇന്നലെ ക്ലബിൽ ചെന്നപ്പോ അവർ സംസാരിക്കുന്നത് പുറത്ത് നിന്ന് കേട്ടു. അപ്പോഴാ സത്യങ്ങൾ അറിഞ്ഞത്."
"അപ്പൊ അരവിന്ദേട്ടനെ.... അവരാണോ.... "
"നമ്മൾ തമ്മില്‍ പിരിഞ്ഞിട്ടും ആ ഫീച്ചര്‍ തുടരുന്നത് കണ്ടപ്പോ അവർ അരവിന്ദനെ ഭീഷണിപ്പെടുത്തി. ഒടുവില്‍ അയാൾ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോ അപായപ്പെടുത്താനും ശ്രമിച്ചു. ഒരിക്കലും പിടിക്കപ്പെടരുതെന്ന് കരുതി ആവും ഗുണ്ടകളോട് എന്റെ പേര് പറയാൻ പറഞ്ഞത്. അതാവും അരവിന്ദന്‍ നിന്നോട് അങ്ങനെ പറഞ്ഞെ. ആത്മാര്‍ഥ സുഹൃത്തുക്കൾ എന്നെ ചതിക്കുകയായിരുന്നു."
"പക്ഷേ.... റോഷന്‍.... മാളുവിന്റെ മിസിങുമായി അവര്‍ക്ക് എന്താ ബന്ധം."
"മാളവിക ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോ ഞങ്ങൾ അവിടെ ഹൌസ് സർജൻസി ചെയ്യുവായിരുന്നു. അവളുടെ സീനിയര്‍സ് ആയിട്ട് തുടങ്ങിയ പ്രശ്നം ആയിരുന്നു. എന്റെ ഫ്രണ്ട്സ് അത് ഏറ്റുപിടിച്ചു. ആ കുട്ടി ഒരു പാവായിരുന്നു. അവൾ കംപ്ലൈന്റ് കൊടുത്തു. പിന്നീട് എല്ലാം കോംപ്രമൈസ് ആയതാ. പക്ഷെ അവർ അത് വിട്ടിരുന്നില്ല. ഞങ്ങൾ കോഴ്സ് കഴിഞ്ഞ് ഇറങ്ങിയ ശേഷവും അവർ അവള്‍ക്ക് പിന്നാലെ തന്നെ ആയിരുന്നു. അവൾ നാട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരു ദിവസം... അന്ന് ഒരുപാട് രാത്രിയായിരുന്നു. അവര് അവളെ അവിടുന്ന് പിടിച്ച് കൊണ്ടുപോയി. എല്ലാം ഇന്നലെയാണ് ഞാൻ അറിഞ്ഞത്."
"അരവിന്ദേട്ടന് ഇതെല്ലാം അറിയോ...."
"അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അരവിന്ദന് അറിയില്ല. അതിന്റെ അന്വേഷണത്തിൽ ആയിരുന്നു അയാൾ. അവരിലേക്ക് ആ അന്വേഷണം എത്തുമെന്ന് ഭയന്ന് ആണ് അവർ അരവിന്ദനെ കുത്താനുള്ള കോട്ടഷൻ കൊടുത്തത്."
"റോഷന്‍.... അപ്പൊ മാളു.... അവൾ ഇപ്പൊ എവിടെയാ......"
"അവൾ....... അവൾ ഇപ്പൊ ജീവനോടെ ഇല്ല മായേ........"
അത് കേട്ടതും മായ ആകെ തളര്‍ന്നു പോയി. പൊട്ടിക്കരഞ്ഞു പോയ അവളെ റോഷന്‍ തന്നോട് ചേര്‍ത്ത് പിടിച്ചു. അപ്പോഴാണ് റോഷന്റെ ഫോൺ റിംഗ് ചെയതത്. അയാൾ കോൾ എടുത്ത് സംസാരിച്ചു.
"ഹോസ്പിറ്റല്‍ ന്നാ മായേ..... അരവിന്ദന്റെ കാര്യങ്ങൾ അറിയാൻ ഞാൻ ഒരു നഴ്സ് നെ ഏല്‍പ്പിച്ചിരുന്നു. അവരാ വിളിച്ചത്. അരവിന്ദന് ബോധം വന്നു."
അത് കേട്ടതും മായക്ക് സന്തോഷമായി. ചിരിച്ച് നിന്ന അവളുടെ മുഖം മങ്ങി.
"റോഷന്‍ നമുക്ക് വേഗം അങ്ങോട്ട് പോകാം. പോലീസ് എത്തുന്നതിന് മുന്നേ ചെന്നില്ലെങ്കി അരവിന്ദേട്ടൻ ചിലപ്പോ നിന്റെ പേര് പറയും."
അവർ വേഗം വണ്ടി എടുത്ത് ആശുപത്രിയില്‍ ചെന്നു. അവർ അവിടെ എത്തുമ്പോൾ പോലീസ് അരവിന്ദന്റെ മൊഴിയെടുത്ത് പുറത്തേക്ക് ഇറങ്ങുന്നത് ആണ് കണ്ടത്. മായ വേഗം മുറിയില്‍ കയറി അരവിന്ദന്റെ അടുത്ത് ചെന്നിരുന്നു. "അരവിന്ദേട്ടാ....... റോഷന്‍ അല്ലാ...". "അത് നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം മായേ......." . "പിന്നെ അന്ന് എന്നോട് പറഞ്ഞതോ......."
"ആര് എന്ത് പറഞ്ഞാലും നീ റോഷനെ അവിശ്വസിക്കരുതെന്ന് പറയാൻ വന്നതാ.... പക്ഷെ..... അപ്പോഴേക്കും........". "സാരമില്ല..... അരവിന്ദേട്ടാ.... "
"പോലീസിനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. യഥാർഥ കുറ്റവാളികളെ ഇനി അവർ കണ്ടെത്തട്ടെ. മായേ.... മാളു...... അവളെ കുറിച്ച് എന്തേലും അറിഞ്ഞോ...."
"അരവിന്ദേട്ടാ...... നമ്മുടെ മാളു ഇപ്പൊ..... " എല്ലാം പറയാൻ തുനിഞ്ഞ മായയെ റോഷന്‍ കണ്ണുകൾ കൊണ്ട് വിലക്കി. അവൾ പിന്നെ ഒന്നും പറഞ്ഞില്ല. കുറച്ച് നേരം അവിടെ ഇരുന്ന ശേഷം അവർ പുറത്തേക്ക് ഇറങ്ങി. "നീ എന്തിനാ എന്നെ തടഞ്ഞത്. അരവിന്ദേട്ടനോട് എല്ലാം പറയണ്ടേ.". " വേണം. പക്ഷെ ഇപ്പോഴല്ല." . "അതെന്താ......." .."അരവിന്ദനെ നിനക്ക് നന്നായി അറിയാന്ന് പലപ്പോഴും നീ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ആ മനസ്സിൽ നിനക്ക് അറിയാത്ത പലതും ഇപ്പോഴും ബാക്കിയാണ് മായേ... "
റോഷന്‍ പറഞ്ഞത് മായക്ക് മനസ്സിലായില്ല. പക്ഷേ അവൾ കൂടുതല്‍ ഒന്നും ചോദിക്കാതെ അവന്റെ കൈ കോര്‍ത്ത് പിടിച്ചു മുന്നോട്ട് നടന്നു. നടക്കുമ്പോള്‍ റോഷന്‍ ആലോചിക്കുകയായിരുന്നു. ആദ്യം ബോധം വീണപ്പോള്‍ അരവിന്ദന്‍ അന്വേഷിച്ച ആ 'മ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരിന്റെ ഉടമയെ.... എല്ലാരും വിചാരിച്ച പോലെ അത് മായ ആയിരിക്കില്ല. അത് മാളു ആയിരിക്കാം എന്ന് റോഷന് തോന്നി. അവർ ബൈക്കില്‍ കയറി. അത് മുന്നോട്ട് സഞ്ചരിക്കാന്‍ തുടങ്ങി.
"ഇത് എങ്ങോട്ടാ....."
"നിന്റെ തറവാട്ടിലേക്ക്...."
"സത്യാണോ...."
"ഞാൻ കുറച്ച് ദിവസം ലീവ് എടുത്തു. ഇനി ആരുടെ ശല്യവും ഇല്ലാതെ നമുക്ക് മാത്രമായി കുറച്ച് ദിവസങ്ങൾ. അതിന് നിന്റെ നാടാ ബെസ്റ്റ്."
രാവിലെ ചായയുമായി റോഷന്റെ അടുത്ത് ചെല്ലുമ്പോൾ അവന്‍ എന്തോ പിന്നില്‍ ഒളിപ്പിച്ചത് മായ ശ്രദ്ധിച്ചു. "നീ കണ്ണ് ഒന്ന് അടച്ചേ...... " മായ കണ്ണുകൾ അടച്ചതും റോഷന്‍ അവളുടെ കൈയില്‍ ഒരു ബോക്സ് വെച്ച് കൊടുത്തു. മായ അത് തുറന്ന് നോക്കി. അതിൽ പുതിയൊരു മൊബൈൽ ഫോൺ ആയിരുന്നു. "ഞാനായിട്ട് എറിഞ്ഞ് പൊട്ടിച്ചതല്ലെ. അപ്പൊ അതിന് ആദ്യം പരിഹാരം കാണാമെന്ന് വെച്ചു." മായ ഫോൺ എടുത്ത് അതിൽ സിം കാര്‍ഡ് ഒക്കെ ഇട്ട ശേഷം ഓൺ ചെയ്തു. ഫോൺ ഓൺ ചെയ്തതും അതിലേക്ക് ആദ്യം വന്നത് ചാരുലതയുടെ കോൾ ആയിരുന്നു. "ഹലോ..... മായേ...... ഞാൻ വക്കീല്‍ നെ കണ്ടു. എല്ലാം അന്വേഷിച്ചു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്് ഇനി നീ അവന്റെ കൂടെ നിക്കണ്ട. ഡിവോഴ്സ് തന്നെയാ നല്ലത്."
"ചാരൂ..... നീ ഇത് എന്തൊക്കെയാ പറയണെ. അതിന് വേണ്ടുന്ന പ്രശ്നം ഒന്നുമില്ല.". "പ്രശ്നം ഇല്ലെന്നോ. എന്നിട്ടാണോ അന്ന് നിന്റെ നെറ്റി മുറിഞ്ഞത്."
"അത് വഴക്കിന്റെ ഇടയില്‍ സംഭവിച്ചതല്ലേ. ദേഷ്യവും വാശിയും ഞങ്ങള്‍ക്ക് ഒരുപോലെയാ. രണ്ട് പേരും വിട്ട് കൊടുക്കില്ല. അന്ന് എന്തൊക്കെയോ അവന്‍ എടുത്ത് എറിഞ്ഞു. വെള്ളം കുടിച്ച കുപ്പി ഗ്ലാസ്സും ഉണ്ടായിരുന്നു. അത് പൊട്ടി തെറിച്ച ഒരു ചില്ല് എന്റെ നെറ്റിയില്‍ കൊണ്ടു."
"അങ്ങനെ ആണോ നിന്റെ നെറ്റി മുറിഞ്ഞത്. അപ്പൊ ഞാൻ വിചാരിച്ചത് അല്ലാ.". "പിന്നെ നീ എന്താ വിചാരിച്ചേ....." അപ്പോഴേക്കും റോഷന്‍ മായയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി ചെവിയില്‍ വെച്ചു. "ഹലോ ചാരുലത...... റോഷനാ..... ഇയാള്‍ വിചാരിച്ചത് എനിക്ക് പിടികിട്ടി. ഞാൻ തന്റെ ഫ്രണ്ട് നെ മുടിക്ക് കുത്തി പിടിച്ച് തല ഭിത്തിയില് ഇടിച്ചു. അതല്ലേ തന്റെ കണ്ടെത്തൽ."
" അത് പിന്നെ... റോഷന്‍....". "പൊന്നു പെങ്ങളെ..... നമ്മളെ വിട്ടേക്ക്......" ആകെ ചമ്മിയ ചാരുലത ഫോൺ വെച്ചു.
" അവളെ അങ്ങനെ കളിയാക്കേണ്ടീരുന്നില്ല. "
" കുറച്ച് കൂടി കഴിഞ്ഞിരുന്നെ ചിലപ്പോ അവൾ എന്നെ പിടിക്കാൻ പോലീസ് നേം കൂട്ടി വന്നേനെ..... "
"അതാണ് ഫ്രണ്ട്. ഞാൻ വലിയ പ്രശ്നത്തില്‍ ആണെന്ന് വെച്ചിട്ടാ. പാവം ഞാൻ ഇവിടെ തനിച്ച് ആയപ്പോ അവൾ മാത്രാ അന്വേഷിച്ച് വന്നേ. അത്രക്ക് കാര്യാ എന്നോട്."
അന്നും രാത്രി ഒരുപാട് വൈകിയിരുന്നു. ഉറക്കം വരാതെ അങ്ങനെ കിടക്കുമ്പോള്‍ എവിടെ നിന്നോ ഒരു ഓടക്കുഴൽ നാദം മായയെ തേടി എത്തി. ആരാ ഈ നേരത്ത്..... കിടക്ക വിട്ട് എണീക്കാൻ തുടങ്ങിയ അവളെ ആ ബലിഷ്ഠമായ കൈകൾ ചേര്‍ത്ത് പിടിച്ചു. റോഷന്റെ കര വലയത്തിൽ അങ്ങനെ കിടക്കുമ്പോഴും അവൾ ആ വേണു നാദം കേള്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴും മഞ്ചാടി മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് ആ ചെറുപ്പക്കാരന്‍ ഓടക്കുഴൽ വായിക്കുകയായിരുന്നു. ആ നാദം കേൾക്കാൻ തന്റെ പ്രിയതമ ഇപ്പോൾ ജീവനോടെ ഇല്ലെന്ന് അറിയാതെ.......