വാതായനങ്ങൾ – സുരേഷ് കുമാർ പുന്നാട് എഴുതിയ കവിത

Mail This Article
വാതായനങ്ങൾ മലർക്കെ തുറക്കണം
വാതിൽപുറം കാഴ്ച കാണണം നാം
വാതിൽപുറം കാഴ്ച കാണുന്ന നമ്മളിൽ
വാതവും മെല്ലെ തഴുകിടുന്നു
ചിന്തതൻ ഭാരം മനസ്സിൽ നാം പേറുമ്പോൾ
അന്തിയിൽ ചന്ദ്രോദയം പോലെയായ്
അന്തിച്ചുവപ്പിന്റെ സൗന്ദര്യ ഭാവങ്ങൾ
പൊന്തി പരക്കും മനസ്സിലെന്നും.
കിളികളുടെ മൊഴികളും മൊഴികളിൽ തെളിയുന്ന
പ്രകൃതിയുടെ മൃദുമന്ദഹാസങ്ങളും
ദലമർമ്മരത്തിന്റെ മാസ്മരികഭാവങ്ങൾ
അലകളായ് മനസ്സിലേക്കൊഴുകി വന്നു.
പൊഴിയുന്ന മഴയിലും ഉരുകുന്ന വെയിലിലും
കുളിരണിയിക്കും തുഷാര ബിന്ദുക്കളിൽ
കാണുവാൻ കഴിയുന്ന സ്നേഹാർദ്ര ഭാവങ്ങൾ
കാണാൻ തുറക്കണം വാതായനങ്ങൾ നാം.
കൊട്ടിയടക്കുന്ന വാതിലുകൾക്കുള്ളിൽ
കെട്ടുപോകുന്നുണ്ട് തീപ്പൊരി നാളങ്ങൾ
അന്ധകാരത്തിന്റെ നീർച്ചുഴിയിൽ മുങ്ങുന്ന
വന്ധ്യമാം ചിന്തകൾ ദൂരെ കളയണം.
പ്രകൃതിയുടെ താളത്തിനനുതാളമേകുവാൻ
സുകൃതമാം കർമ്മത്തിൻ സാക്ഷിയായ് മാറണം
വാതായനങ്ങൾക്കുമപ്പുറം ചിന്തകൾ
പാതയായ് നീണ്ടുനിവർന്നു കിടക്കണം.