‘ആ പേരിൽ നിന്നും അവന്റെ ബാപ്പയെ കണ്ടെത്താൻ എനിക്ക് യാതൊരു വിഷമം ഉണ്ടായിരുന്നില്ല...’

Mail This Article
കടംകഥ (കഥ)
എന്റെ ഓർമ്മകളുടെ മലകയറ്റം ചെന്നവസാനിച്ചത് കൂറ്റൻ മതിലുകൾക്കകത്ത് നാലഞ്ചുനില കെട്ടിടമായി തലയുയർത്തിനിൽക്കുന്നൊരു വലിയ കലാലയത്തിലേക്കായിരുന്നു. മുപ്പതു കൊല്ലം മുമ്പ് കുന്നുകയറി വരുമ്പോൾ ഇവിടെ ആകെയുണ്ടായിരുന്നത് പണി തീരാത്ത ഒരുനില കെട്ടിടവും അതിന് അലങ്കാരമെന്നോണം അരഞ്ഞാണമില്ലാത്തൊരു വലിയ മുറ്റവും പിന്നെ ഒരു തൈ ബദാമും മാത്രം. ഇപ്പോഴത്തെ വലിയ ഗേറ്റ് കടന്നകത്തു കയറിയപ്പോഴേക്കും കൂറ്റൻ ബദാം മരത്തിന്റെ തണൽ എന്റെ മേലേക്ക് വന്നു വീണു. ഞാൻ തലയുയർത്തി നോക്കി ആകാശനീലിമയെ മറച്ചുകൊണ്ട് മയിൽപ്പീലി വിടർത്തി നിൽക്കുന്ന ഗരിമയിൽ ബദാം മരം കാറ്റിനെയൊക്കെ വെല്ലുവിളിച്ചു കൊണ്ട് തലയെടുപ്പോടെയങ്ങനെ അഞ്ചു നില കെട്ടിടത്തോളം ഉയർന്നു നിൽക്കുന്നു. ബദാം മരത്തെ കടന്നു പോയപ്പോൾ ഒന്നു രണ്ടിലകൾ പൊഴിച്ചു എന്നോട് സ്നേഹം പ്രകടിപ്പിച്ചോ...? എന്ന് സംശയത്തിൽ ചലിക്കവേ എന്നോടൊപ്പമെത്തിയ പഴയ സഹപാഠികൾ വളരെ അകലത്തെത്തിയിരുന്നു. കോളജിന്റെ ഓരോ പടികൾ കയറുന്നതോടൊപ്പം ചില ഓർമ്മപ്പെടുത്തലുകൾ എന്റെ പിന്നാലെ മന്ദം മന്ദം കയറിവന്നു.
പഴയ പ്രീഡിഗ്രി പഠനകാലം, ക്ലാസ് മുറിയിലെ ജനവാതിൽ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് തുറന്ന കാഴ്ചകളുടെ അതിർവരമ്പിനറ്റത്തൊരു കുഞ്ഞു ബദാം മരം മിക്കപ്പോഴും കാറ്റത്ത് അടിക്കളിച്ചു നിന്നിരുന്നു. മഴയിൽ കുളിച്ചും വെയിലിൽ തോർത്തിയും കുട്ടികളോടൊപ്പം കുഞ്ഞു മരവും വളർച്ച പ്രാപിച്ചു കൊണ്ടിരുന്നു. സമരക്കാറ്റ് ആഞ്ഞുവീശിയൊരു ചൂടൻ പ്രഭാതത്തിൽ 'എനിക്കൊരു പത്തു രൂപ തരാമോ..?' എന്ന പതിഞ്ഞ ശബ്ദത്തിന്റെ ഉടമയെ എന്റെ കണ്ണുകൾ തെല്ലു സംശയത്തോടെ തേടിച്ചെന്നു. നീണ്ടു മെലിഞ്ഞ് പുറത്ത് ചെറിയ തോൽ സഞ്ചിയും തൂക്കി വെളുത്ത പൊടിമീശക്കാരന്റെ കോളജിൽ അവിടെയിവിടെയായി കണ്ട രൂപം ഓർമകളിൽനിന്ന് പെറുക്കിയെടുത്തപ്പോഴേക്കും അവൻ കുഞ്ഞു ബദാമിന്റെ സമീപത്തെത്തിയിരുന്നു. എന്തിനാടേ... കാശ്, എന്താണ് കാശിനിത്ര ആവശ്യം..? എന്റെ ചോദ്യത്തിന് മറുപടി ഉടനെത്തി. പേഴ്സ് ബസ്സിൽ പോക്കറ്റടിച്ചു പോയി, അടുത്ത ജില്ലയിലെ ഒരു ഉൾഗ്രാമത്തിന്റെ പേര് അവന്റെ ഉത്തരത്തിനിടയിലെവിടെയോ എന്റെ ചെവിയിലൂടെ കയറിയിറങ്ങി പോയി. എന്റെ പോക്കറ്റിൽ ആകെ ഉണ്ടായിരുന്ന ആറു രൂപയിൽ നിന്ന് അഞ്ചു രൂപയും അപ്പോൾ അടുത്തുണ്ടായിരുന്നൊരു കൂട്ടുകാരനിൽ നിന്ന് വാങ്ങിയ ബാക്കി അഞ്ചു രൂപയും കൂടി ചേർത്ത് അവന് നൽകുമ്പോൾ പുതിയൊരു സൗഹൃദത്തിന്റെ തിളക്കം അവന്റെ കണ്ണുകളിൽ മിന്നിയാടി. ഇതിനെല്ലാം സാക്ഷിയായി ബദാം തൈമരം ഞങ്ങൾക്കൊപ്പം ആടിയുലഞ്ഞു നിന്നു. പിറ്റേ ദിവസവും അത് കഴിഞ്ഞിട്ടുള്ള പലദിവസങ്ങളിലും എന്റെ കണ്ണുകൾ അവന്റെ സാന്നിധ്യം കൊതിച്ചു. മരച്ചുവട്ടിലെത്തുമ്പോഴെല്ലാം ഞാനവനെ ഓർക്കും. പതുക്കെ പതുക്കെ എന്റെ ഓർമ്മകളിൽ അവനില്ലാത്ത ബദാംമരം മാത്രമായി തീർന്നു. പിന്നീട് ഒരിക്കലും അവൻ ക്യാമ്പസിലേക്ക് കടന്നുവന്നില്ല. കൂട്ടുകാരിൽ നിന്നറിഞ്ഞ അവന്റെ തിരോധാനത്തെക്കുറിച്ച് വിഭിന്നമായ വാർത്തകൾ എന്നെ കൂടുതൽ അസ്വസ്ഥനാക്കി.
കൂടെ വന്ന മൂന്ന് സഹപാഠികളും പ്രിൻസിപ്പലിന്റെ മുറിയിലെത്തിക്കഴിഞ്ഞു. ഞാനും പഴയ ഓർമ്മകളെ പടിയിറക്കി അടുക്കും ചിട്ടയുമുള്ള പ്രിൻസിപ്പലിന്റെ മുറിയിലെ പുതിയ മാറ്റങ്ങളിലേക്ക് കാഴ്ചയെ പറിച്ചു നട്ടു. ബിരുദത്തിന് കൂടെ പഠിച്ച പഴയ സഹപാഠികളുടെയെല്ലാം മേൽവിലാസവും ശേഖരിച്ച് പടിയിറങ്ങുമ്പോൾ പുതിയ പ്രിൻസിപ്പലും യാത്ര അയയ്ക്കാനായി മുറിക്ക് പുറത്തേക്ക് വന്നു. താമസിച്ചെത്തിയ കൂട്ടുകാരനും ചേർന്ന് ഞങ്ങൾ അഞ്ചുപേരും ബദാം മരച്ചുവട്ടിൽ എത്തിയപ്പോഴേക്കും സൂര്യനെ മറച്ചു തണലൊരുക്കി ബദാം മരം ഞങ്ങൾക്കായി കാത്തു നിന്നു. പെട്ടെന്നുദിച്ച ഞങ്ങളുടെ ചിന്തകൾ ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ സെൽഫിയിൽ നിന്നും ഫോണിന്റെ ബാക്ക് ക്യാമറയിലേക്ക് അൽപം വഴിമാറി സഞ്ചരിച്ചു. ഞങ്ങൾ അഞ്ചു പേരും പുറകിൽ ആ ബദാം മരവും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ പെട്ടെന്ന് ഞങ്ങളുടെ ആവശ്യ പ്രകാരം കടന്നുവന്ന മുടിയും താടിയും നീട്ടി വളർത്തിയ ന്യൂജെൻ വിദ്യാർഥി നിമിഷ നേരം കൊണ്ട് ഫോട്ടോ പകർത്തി ഞങ്ങളുടെ മനം കവർന്നു. അവന്റെ പെരുമാറ്റം എന്നെ ഹഠാദാകർഷിച്ചു എന്നു മാത്രമല്ല അവന്റെ പേര് എന്നിൽ ആശ്ചര്യം ഉളവാക്കുകയും ചെയ്തു.
മുഹമ്മദ് നാസർ പുതിയേടത്ത് എന്ന പേരിൽ നിന്നും അവന്റെ ബാപ്പയെ കണ്ടെത്താൻ എനിക്ക് യാതൊരു വിഷമം ഉണ്ടായിരുന്നില്ല. പണ്ട് പത്തു രൂപ കടം വാങ്ങി അപ്രത്യക്ഷനായ നാസർ പുതിയേടത്തിന്റെ മകൻ കഥകൾ ഓരോന്നായി കെട്ടഴിച്ചപ്പോൾ എന്റെ സഹപാഠികൾ എല്ലാം എന്നോടൊപ്പം കേട്ടു നിന്നു. കോളജ് പഠനകാലത്ത് നാസറിന്റെ ബാപ്പയുടെ മരണവും തുടർന്ന് ബിസിനസ് എല്ലാം ഏറ്റെടുത്ത് നടത്തി അതിൽ ബാപ്പ ഉണ്ടാക്കിയ കടങ്ങളെല്ലാം വീട്ടി. അപ്പോഴും ഭാവിയിൽ ഈ പത്തു രൂപയുടെ കടം ഹജ്ജ് കർമ്മത്തിന് വിലങ്ങുതടിയായി തീർന്നേക്കാം എന്ന മാനസികാവസ്ഥയിൽ എത്തിച്ചേർന്നിരുന്നു. ഏതാണ്ട് രണ്ടു വർഷം മുൻപായിരുന്നു നാസറിന്റെ മരണം. മുഹമ്മദ് നാസർ പുതിയേടത്ത് വിതുമ്പലോടെ പറഞ്ഞ് നിർത്തി. ബദാം മരം പെട്ടെന്ന് ഒരു പച്ചില കൂടി പൊഴിച്ച് ദുഃഖത്തിൽ പങ്കുചേർന്നു. പെട്ടെന്ന് മുഹമ്മദ് നാസർ പോക്കറ്റിലെ പേഴ്സിൽ നിന്നും പുറത്തെടുത്ത പത്ത് രൂപയുടെ നോട്ട് വാങ്ങണമോ വേണ്ടയോ എന്ന ധർമ്മസങ്കടത്തിൽ നിൽക്കവേ, എല്ലാ കടങ്ങളും തീർത്തു ഹജ്ജ് കർമ്മത്തിന് പോകുന്നവരുടെ പത്രവാർത്തകൾ എന്റെ മനസ്സിൽ വന്ന് നിറഞ്ഞു. കടം ചെറുതായാലും വലുതായാലും കടം കടം തന്നെ എന്ന സത്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കവേ എല്ലാറ്റിനും സാക്ഷികളായി എന്റെ നാല് സഹപാഠികളും പിന്നെ ആ ബദാംമരവും.
Content Summary: Malayalam Short Story ' Kadamkadha ' written by Solamon Joseph