കിളിയും ബുദ്ധനും മൂന്ന് കവിതകളും – സുജേഷ് പി. പി. എഴുതിയ കവിത

Mail This Article
കിളിയപ്പോൾ
ബുദ്ധനാവുകയായിരുന്നു,
ഉയർന്ന് ആകാശമാകുമ്പോഴും
താഴ്മയുടെ വേരിടങ്ങളെ
ചിറകോട് ചേർക്കുന്നു,
പകലിനെ പകുത്ത്
പഞ്ചശീലങ്ങളെ
പങ്കുവെക്കുന്നു,
ചില്ല, ഇലയിലെന്ന പോലെ
തൂവലിൽ തൊട്ടു വെച്ച്
കൂർത്ത മുഖമുനയാകെ
പൂമൊട്ടുകളെപ്പോൽ
കരുതിവെക്കുന്നു,
വസന്തമാകുന്നു
II
ഉണ്ടായിരിക്കണം
ബുദ്ധനിൽ
കിളിയുടെ ഒരു പകൽ
ആനന്ദമെന്നപോൽ പേരിട്ട്,
വിളിച്ചു ചേർക്കലിന്റെ
കൂട്ടമാകെ പങ്കുവെക്കുന്നത്,
ചിറക് പെരുക്കങ്ങളിൽ,
കാൽപ്പെരുമാറ്റങ്ങളിൽ,
ഭൂമിയടയാളങ്ങളിൽ
ചേർന്ന് ചേർന്ന്,
ആനന്ദത്തിന്റെ
ഇത്തിരി ചെരിവുകളെ
മഴ നനയാൻ
വിട്ടു കൊടുക്കുന്നു,
അപ്പോഴും
ബുദ്ധനൊരു ശിഷ്യൻ
കിളിയുടെ,
അവകാശങ്ങളേതുമില്ലാത്ത
ജീവിതത്തെ
പൂക്കളെപ്പോൽ
പങ്കുവെക്കുന്നു,
പാട്ട്, സുഗന്ധം,
തണ്ടൊടിഞ്ഞ നിലാവിൻ
ഇത്തിരി തെളിനീര്
III
ബുദ്ധൻ,
കിളിയായതിൽ
മന്ദഹാസം
വെളിച്ചത്തിന്റെ
ബാലപാഠങ്ങളിൽ
പൂക്കളെപ്പോൽ
കൊരുത്തിടുന്നു,
ഓരോ കയറ്റങ്ങളിലും
മേഘങ്ങളെ ഉപമയാക്കി
ചിറകിനെ പറക്കാൻ
അനുവദിക്കുന്നു,
മണ്ണിൽ തൊട്ടു കൊണ്ട്
പറക്കുക എന്നതിനെ
ധ്യാനത്തിൻ നേർത്ത
ശീലയിൽ കാറ്റിനെ
വരച്ചു കൊണ്ട്
ശൂന്യതയിൽ
പേരെഴുതുക
എന്നാവുന്നു
പതിയെ മൈത്രേയ
ബുദ്ധനപ്പോൾ
കാറ്റിനും പ്രാണനിലും
ഇടയിലെ
ആനന്ദത്തെ
കിളിയുടെ കണ്ണിൻ
മയക്കത്തിൽ
കണ്ടെത്തുന്നു
Content Summary: Malayalam Poem ' Kiliyum Budhanum Moonnu Kavithakalum ' written by Sujesh P. P.