ADVERTISEMENT

ഞാൻ ആ മുഖത്തേക്കും കൈകളിലേക്കും മാറിമാറി നോക്കിയിരുന്നു. കൈകൾ ചുക്കി ചുളിഞ്ഞിരിക്കുന്നു. 87 വയസ്സിന്റെ എല്ലാ വിഷമതകളും മുഖത്തിൽ നിന്നും എനിക്ക് വായിച്ചെടുക്കാൻ പറ്റും. പക്ഷെ ആ കണ്ണുകൾ തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു. ആ കണ്ണുകളിലെ തിളക്കത്തിന് കാരണം എന്റെ കൂടെയുള്ള ആ യാത്ര ആയിരുന്നു. അവിടെ കണ്ട പരിചയക്കാരോട് ഒക്കെ 'അന്ത്രോന്റെ (അനിയൻ) മകന്റെ കൂടെ ചായ കുടിക്കാൻ ഇറങ്ങിയതാണ്' എന്ന് പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. ആ വാക്കുകൾ വേറേ രീതിയിൽ ഒരുപാട് വർഷം മുൻപ് കേട്ടിട്ടുണ്ട്. എന്നെയും 3 അനിയന്മാരെയും കൂട്ടി അങ്ങാടിയിലേക്ക് പോകുമ്പോൾ പരിചയക്കാരെ കാണുമ്പോൾ "അന്ത്രോന്റെ മക്കൾക്കു ചായയും കടിയും വാങ്ങി കൊടുക്കുവാൻ പോവുകയാണ്". ഞങ്ങളുടെ ആ യാത്രകൾ മൊയ്തുട്ടിക്കയുടെ കടയിലേക്ക് ആണ്. അവിടുന്ന് വാങ്ങിച്ചു തരുന്ന വെള്ള ചായയും കടിയും അന്നത്തെ ഞങ്ങളുടെ ആർഭാടങ്ങളിൽ ഒന്നായിരുന്നു.

വല്യച്ഛൻ, അച്ഛന്റെ ഏട്ടൻ ആണ്. അച്ഛനെക്കാളും 17 വയസ്സ് കൂടുതൽ ആണ് വല്യച്ഛന്. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛനെ വല്യച്ഛൻ നോക്കിയത് ഒരു മകനെ പോലെ ആണ് എന്ന്. അച്ഛന് അന്നും ഇന്നും ആ സ്നേഹം വല്യച്ഛനോട് ഉണ്ട്. അച്ഛനും അമ്മയും പറഞ്ഞ കഥകളിൽ നിന്നാണ് വല്യച്ഛനെ പറ്റി കൂടുതൽ അറിഞ്ഞത്. വല്യച്ഛൻ മുൻപ് വിവാഹിതൻ ആയിരുന്നു. എന്തോ കാരണത്താൽ ആ വിവാഹം വേർപെടുകയും വീണ്ടും ഒരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. ഇപ്പോളും എന്നെ തഴുകി നിൽക്കുന്ന ഈ ഇളം കാറ്റിന് വെളിച്ചെണ്ണയുടെ മണം ആണ്. എന്റെ വല്യച്ഛന്റെ മണം. തലയിൽ വെളിച്ചെണ്ണ തേച്ച്, മുടി ചീകി ഒതുക്കി, നീല കുപ്പായവും, വെള്ള മുണ്ടും ധരിച്ചു, ചെരുപ്പ് ഉപയോഗിക്കാത്ത, ഉറക്കെ സംസാരിക്കുന്ന, ചിരിക്കുന്ന വല്യച്ഛന്റെ ആ രൂപം ഓർമ്മവച്ച നാൾ മുതൽ ഞാൻ കാണുന്നത് ആണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ എന്റെയും അനിയന്മാരുടെയും ബാല്യ കൗമാര ദിനങ്ങൾ സന്തോഷപ്രദമാക്കിയ മൂന്ന് പേരിൽ ഒരാൾ. മറ്റ് രണ്ടു പേർ എന്റെ അച്ഛനും അമ്മയും. കള്ളവും ചതിയും വശമില്ലാത്ത മൂന്ന് പച്ചയായ മനുഷ്യർ.

വല്യച്ഛന്റെ ഓർമകൾക്ക്, സംസാരത്തിന് ഇന്ന് പ്രായത്തിന്റെ മങ്ങൽ വന്നിരിക്കുന്നു, പക്ഷേ എന്റെ ഓർമ്മകൾ കൂടുതൽ തെളിവോടെ എന്നെ കൊണ്ടുപോകുന്നത് ആ പഴയ കാലത്തേക്ക് ആണ്. കൊച്ചു കുട്ടികൾ ആയിരുന്നപ്പോൾ മുതൽ കോളജ് പഠനകാലം വരെ എന്നും വൈകിട്ട് വരുമ്പോൾ ഒരു കടലാസ് പൊതിയിൽ മധുര പലഹാരങ്ങൾ കൊണ്ട് വന്നിരുന്നു. അതിന് വേണ്ടി മാത്രം കാത്തു നിന്നിരുന്ന ഒരു ബാല്യ കാലം ഉണ്ടായിരുന്നു എനിക്കും അനിയന്മാർക്കും. ബാല്യകാലം മധുരമയമാക്കിയ ഓർമ്മകൾ. ഞങ്ങൾ വലിയ ക്ലാസ്സിൽ എത്തിയപ്പോൾ വല്യച്ഛൻ ഓഫീസിൽ നിന്നും വരുന്നത് ആയിരുന്നു ഞങ്ങളുടെ ആ ദിവസങ്ങളിലെ ഏറ്റവും സന്തോഷ നിമിഷങ്ങൾ. കാരണം മധുരപലഹാരങ്ങളുടെ കൂടെ നാണയ തുട്ടുകളും ഞങ്ങൾക്കായി വല്യച്ഛൻ കരുതിവെക്കുമായിരുന്നു. വീട്ടിൽ നിന്നും നോക്കുമ്പോൾ അങ്ങ് ദൂരെ നിന്നും ഇടവഴിയിലൂടെ വല്യച്ഛൻ വരുന്നത് ഞങ്ങൾക്കു കാണാമായിരുന്നു. വല്യച്ഛനെ അങ്ങ് ദൂരെ കാണുമ്പോളെക്കും ഞാനും അനിയന്മാരും ഓടി അടുത്തെത്തും. നാല് പേരും നാല് സ്ഥലത്തായി നിലയുറപ്പിക്കും. ഷർട്ടിന്റെ പോക്കറ്റിൽ  ആണ് നാണയം ഉണ്ടാകുക. ഒരാൾ എടുത്തു തീരുമ്പോൾ ഉടൻ അടുത്ത ആൾക്കുള്ള നാണയം വല്യച്ഛൻ പോക്കറ്റിൽ ഇടും. അങ്ങനെ നാലു പേരും നാണയ തുട്ടുകൾ എടുത്തു തീർന്നാൽ തലയും ഉയർത്തി നേർത്ത പുഞ്ചിരിയോടെ നടന്നു വീട്ടിലേക്കു പോകുന്ന വല്യച്ഛന്റെ ആ രൂപം ഇന്നും മനസ്സിൽ ഒരു ഇളം കാറ്റിന്റെ ഊഷ്മളതയോടെ, വെളിച്ചെണ്ണയുടെ മണത്തോടെ തെളിയുന്നു, അനുഭവിക്കുന്നു.

ഞങ്ങളിൽ വായനാശീലം നിറച്ചത് ആ നാണയത്തുട്ടുകൾ ആയിരുന്നു. ബാലരമയും, ബാലമംഗളവും ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത് അതിലൂടെ ആയിരുന്നു, കൂടെ കോൽഐസും ലൈംജ്യൂസും, ഇഞ്ചി മിട്ടായിയും. ബാല്യകാലം ഇത്രേമേൽ ആനന്ദകരമാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം. ഞങ്ങളുടെ വളർച്ചയിൽ അച്ഛനും അമ്മയും പോലെ സന്തോഷിച്ച വേറെ ഒരാൾ വല്യച്ഛൻ മാത്രമാണ്. അവർ  3 പേരും ആയിരുന്നു ഞങ്ങളുടെ ലോകം. കോളജിൽ എത്തിയതിനു ശേഷം വൈകുന്നേരത്തെ നാണയങ്ങൾ നോട്ടുകൾ ആയി മാറി. ഒന്നും ചോദിച്ചിട്ടല്ല, ചോദിക്കാതെ തരും. എപ്പോഴും പറയുക നന്നായി പഠിക്കണം, പുകവലിക്കരുത്, കള്ളു കുടിക്കരുത്, വലിയ ആളായാൽ അച്ഛനെയും അമ്മയെയും മറക്കരുത് എന്ന് പറയും. വല്യച്ഛനെ നോക്കണം എന്നോ, മറക്കരുത് എന്നോ അന്ന് പറയുമായിരുന്നില്ല. എല്ലാ ഞായറാഴ്ചയിലും എന്നെയും 3 അനിയന്മാരെയും കൂട്ടി പുറത്തു പോകും. എങ്ങോട്ടാണ് എന്ന് പറയില്ല. ഒരിക്കൽ വിമാനം കാണാൻ കോഴിക്കോട്ടെക്ക്, വേറൊരിക്കൽ ഫോട്ടോ എടുക്കാൻ കോട്ടക്കലിലെ ഓർമ സ്റ്റുഡിയോയിലേക്ക്, നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലിലേക്ക്, നീന്തൽ പഠിപ്പിക്കാൻ കുളങ്ങളിലേക്കു, നാലു പേരുടെയും കൈ മാറിമാറി പിടിച്ചു സ്നേഹത്തിന്റെ മറക്കാനാകാത്ത പൂക്കാലം ഞങ്ങൾക്കു സമ്മാനിച്ച ആ മനുഷ്യനോട് ഉള്ള സ്നേഹം ഒരിക്കലും വറ്റാത്ത നീരുറവ പോലെ ഞങ്ങൾ നാല് പേരിലും ഇന്നും നിറഞ്ഞു കവിയുന്നു. 

സഹോദര സ്നേഹം ഞങ്ങൾ പഠിച്ചത് അച്ഛനും വല്യച്ഛനും തമ്മിലുള്ള ബന്ധം കണ്ടിട്ടാണ്. എന്നും വൈകുന്നേരം ഒരു മണിക്കൂറോളം ആ ചെറിയ വീടിന്റെ ഉമ്മറത്തെ പടവിൽ ഇരുന്നു നാട്ടുവർത്തമാനം പറയുന്ന രണ്ടുപേരുടെയും രൂപം ഇടനെഞ്ചിൽ ഒന്നിനും മായ്ക്കാൻ പറ്റാത്ത രീതിയിൽ ഇന്നും തെളിയുന്നു. ഇന്ന് എല്ലാ ബന്ധങ്ങളും തകരുന്നത് ആശയവിനിമയത്തിന്റെ കുറവ് കൊണ്ടാണ് എന്ന് മനസ്സിലാക്കുമ്പോൾ എന്റെ മനസ്സിൽ പതിഞ്ഞ ആ ചിത്രത്തിന്റെ മഹത്വം മനസ്സിലാക്കുന്നത് കൊണ്ട് ഞാനും അനിയന്മാരും നല്ല രീതിയിൽ ഒരേ മനസോടെ മുൻപോട്ടു പോകുന്നു. എങ്ങോട്ടു പോവുകയാണ് എങ്കിലും അച്ഛനോട് ചോദിക്കാതെ വല്യച്ഛൻ പോകാറില്ല. അച്ഛൻ തിരിച്ചും. ഇന്ന് ഓർമ്മകൾക്ക് ചെറിയ കോട്ടം തട്ടിയിട്ട് പോലും അച്ഛനോട് ചോദിച്ചിട്ടാണ് വല്യച്ഛൻ വീട്ടിൽ നിന്നും പുറത്തു പോകാറുള്ളൂ. ആശുപത്രിയിലേക്കു ഞങ്ങളുടെ കൂടെ പോകുമ്പോൾ അച്ഛൻ എപ്പോഴും "കൃഷ്‌ണചാച്ചാ പോയി വരട്ടെ" എന്ന് പറയാറുണ്ട്. ജീവിതത്തിൽ പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ രക്തബന്ധം ഒന്നിനും മുറിച്ചുമാറ്റാൻ പറ്റില്ല എന്ന് അവരുടെ ജീവിതത്തിലൂടെ ഞങ്ങൾക്കു മനസിലാക്കുവാൻ പറ്റി.

ഉപരിപഠനത്തിന് ശേഷം, ദുബായിൽ പോകുവാൻ ഉള്ള വിസ കിട്ടിയ ദിവസം വീട്ടിൽ എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു. അന്ന് വല്യച്ഛൻ എന്നോട് സ്വകാര്യമായി പറഞ്ഞു "സുനി, നീ ദുബായിൽ എത്തിയാൽ വല്യച്ഛനെ മറക്കുമോ, വല്യച്ഛന് പ്രായം ആയി വരുന്നു, നോക്കണം". ആ നിമിഷം വരെ ഒന്നും പറയാത്ത, ചോദിക്കാത്ത വല്യച്ഛൻ അത് പറഞ്ഞപ്പോൾ മൂടിക്കെട്ടിയ കണ്ണുകളോടെ വല്യച്ഛനെ കെട്ടിപ്പിടിച്ചത് ഇന്നലെ കഴിഞ്ഞ പോലെ ഇന്നും ഓർക്കുന്നു. അന്ന് വല്യച്ഛനോടു ഒന്നും പറയാതെ ഇരുന്നത്, എല്ലാം പ്രവൃത്തിയിലൂടെ കാണിക്കാം എന്ന് കരുതി ആയിരുന്നു. ഇന്ന് ഞാനും അനിയന്മാരും ചെറുപ്പത്തിൽ വല്യച്ഛൻ ഞങ്ങളെ നോക്കിയപോലെ, വല്യച്ഛനെ ഒരു ചെറിയ കുട്ടിയായി കണ്ടു നല്ല പോലെ നോക്കുന്നു. അന്നത്തെ ആ ചോദ്യത്തിന് ഉള്ള മറുപടിയായി ഇതു മാത്രമേ വല്യച്ഛനോട് പറയാൻ ഉള്ളു, എന്നും ചേർത്ത് പിടിക്കും, കാരണം ഇന്ന് ഞാൻ അനുഭവിക്കുന്ന എല്ലാ സുഖ സൗകര്യങ്ങളിലും നിങ്ങളുടെ വിയർപ്പുതുള്ളികൾ പതിഞ്ഞിട്ടുണ്ട്. 

ഇന്ന് വല്യച്ഛനുമായി കാറിൽ യാത്ര ചെയ്യുമ്പോൾ, മുൻസീറ്റിൽ തലഉയർത്തി പിടിച്ചു അഭിമാനത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്. കാർ ചായക്കടയുടെ മുമ്പിൽ നിർത്തി, ഡോർ തുറന്ന് കൊടുത്തു, കൈപിടിച്ചു, അവിടെ പോയി ഇരുത്തി, വല്യച്ഛൻ ചായ കുടിക്കുന്നത് നോക്കി നിൽകുമ്പോൾ ഞാൻ അനുഭവിക്കുന്ന അനുഭൂതിക്ക് പകരം വക്കാൻ ഈ ലോകത്തിൽ ഇന്ന് വേറെ ഒന്നുമില്ല. വല്യച്ഛ, നിങ്ങളുടെ അന്ത്രോന്റെ മക്കൾ നിങ്ങളുടെ കൂടേ ഉണ്ടാകും, താങ്ങായി, തണലായി.. കാരണം ഞങ്ങളിൽ നന്മയുടെ വിത്തുകൾ പാകിമുളപ്പിച്ചത് നിങ്ങളാണ്. ഞാൻ സഞ്ചരിച്ച വഴികളിലൂടെ തിരിഞ്ഞ് നോക്കുമ്പോൾ, നിങ്ങളോളം നല്ലവരെ ഞാൻ കണ്ടിട്ടില്ല... ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം സുനി....

Content Summary: Malayalam Memoir written by Sunil Kumar Koolikkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT