ADVERTISEMENT

ആദ്യമായ് കടൽ കാണാൻ പോയപ്പോൾ കൂടെയുണ്ടായിരുന്നത് ആരായിരുന്നുവെന്ന് ഓർക്കുന്നില്ല. ജീവിതത്തിലെ ആദ്യത്തെ ആ കടൽ കാഴ്ചയിൽ കടലുപോലെ ചോദ്യങ്ങളുടെ ഒരു വേലിയേറ്റമായിരുന്നു മനസ്സുനിറയെ. കടലിലേക്ക് ഇറങ്ങുമ്പോൾ അധികം അകലങ്ങളിലേക്ക് പോവണ്ട എന്ന പ്രിയപ്പെട്ട ആരുടെയൊക്കെയോ സ്വരം പിറകിലേക്ക് കടൽക്കാറ്റിലൂടെ തട്ടിതെറിച്ച് ഞങ്ങളുടെ കൈകോർത്ത് പിടിച്ചിരുന്നു. സമയം കഴിയുന്തോറും കരയിൽ വരച്ച വാക്കുകളും പേരുകളും തിരയിൽ ഒലിച്ചു പോയത് പോലെ കടലിന്റെ അപ്പുറം എന്തെന്നും, കടലിന്റെ അടിയിൽ എന്തായിരിക്കുമെന്നുമൊക്കെയുള്ള കൗതുകം ചോദിക്കാനുള്ള ചമ്മൽക്കൊണ്ടും പറഞ്ഞാൽ പൊട്ടത്തരമാകുമോ എന്ന് പേടിയിലും ചോദിക്കാമായിരുന്നിട്ടും ആരോടും ചോദിക്കാതെയും പറയാതെയും പതിയെ മാഞ്ഞുപോയിരുന്നു.

ഈ എഴുത്ത് നിറയെ ചോദ്യങ്ങളായിരിക്കും. ഓർമകളുടെ ആഴങ്ങളിൽ പരതിയാൽ ഉത്തരങ്ങൾ കിട്ടുമെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ. സ്നേഹിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളപ്പോഴും ആരുമില്ല എന്ന് തോന്നുമ്പോഴും നമ്മളെ തന്നെ സ്നേഹിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന, മറന്നു പോകുമ്പോൾ വീണ്ടും ഓർമ്മിപ്പിക്കുന്ന മനുഷ്യരെപ്പറ്റി!. കോളജ് ടെക് ഫെസ്റ്റിൽ ക്യാഷ് പ്രൈസ് കിട്ടിയാൽ ഒരു ഷൂ മേടിച്ചു തരുമോ എന്ന കളിവാക്കിനെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കിട്ടിയ പൈസയിൽ കുറച്ചു മാറ്റിവെച്ച് എനിക്ക് ഷൂ മേടിച്ചു തന്ന അജുവിനെ പോലെ, നാട്ടിൽ പോയി തിരിച്ച് ഹോസ്റ്റലിൽ വരുമ്പോൾ കൊണ്ടുവരുന്ന നല്ല കോഴിക്കോടൻ ഹൽവ ബാക്കിയുള്ളവർ എടുക്കാതെ എനിക്കായി ചുമരലമാരിയിൽ തുണികൾക്കിടയിൽ ഒളിച്ചുവച്ചിരുന്ന AGJ നെ പോലെ ചിലരെപ്പറ്റി. പ്രതികൂല സാഹചര്യങ്ങളുടെ തിരകൾ പ്രക്ഷുബ്ധമാകുമ്പോൾ കാലങ്ങളുടെ കാതങ്ങൾ താണ്ടി ഓർമകളുടെ അടിത്തട്ടിൽ നിന്നും പ്രതീക്ഷയുടെ തീരങ്ങളിൽ അടിഞ്ഞു കൂടുന്ന മുഖങ്ങൾ ഏതെല്ലാമായിരുന്നു? മടങ്ങിവരാൻ കഴിയാത്തവണ്ണം മറവിയുടെ ആഴങ്ങളിലേക്ക് ഉപേക്ഷിക്കപ്പെട്ടവർ ആരെല്ലാമായിരുന്നു?

ഒരിക്കൽ കൂടി ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരുപാട് ദിവസങ്ങളിൽ അമ്മയുടെ ജപമാലയുടെ കുരുക്കുകൾ അഴിക്കപ്പെട്ടത് എനിക്കുവേണ്ടി മാത്രമായിരുന്നു. അമിതമായ ആശങ്ക ആത്മവിശ്വാസം ഇല്ലാതാക്കും എന്ന് ഏറ്റവും കൂടുതൽ ഞാൻ കേട്ട സ്വരം ജിനി ചേച്ചിയുടേതായിരുന്നു. അനാവശ്യമായ അഭിപ്രായ വിസ്ഫോടനങ്ങൾ നടത്താതെ നിരന്തരം എന്നെ കേട്ട് നിശബ്ദമായി എന്നിൽ ആശ്വാസം നിറച്ചിരുന്നത് ചാലു ആയിരുന്നു. ആഗ്രഹിച്ചത് നേടുമ്പോൾ ആത്മാർഥമായി എപ്പോഴും എന്നെ തേടിവന്നിരുന്ന ആശംസകളും അവരുടേതായിരുന്നു. അമ്മയുടെ ജപമാല മണികൾ അപ്പോഴും എനിക്ക് വേണ്ടി ഉരുണ്ടുകൊണ്ടിരിക്കും. നിറങ്ങളെക്കാൾ മുഖങ്ങൾ ആണ് ഹൃദയത്തിന്റെ ആഴങ്ങളിൽ പതിയുന്നത് എന്ന് തോന്നുന്നു. നൽകിയ നാടകീയതകൾ മാത്രം ബാക്കിയാക്കി വിസ്മൃതിയിൽ അതിവേഗം ആണ്ടു പോകുന്നതും ചില മുഖങ്ങൾ തന്നെയാണ്.

ജോലികിട്ടി ആദ്യമായി ബാംഗ്ലൂരിൽ പോയപ്പോൾ ജീസ്മോനും ഞാനും ഒരേ മുറിയിലായിരുന്നു താമസം. അവിടെയെത്തി ആദ്യ കുറച്ചു മാസങ്ങളിൽ പനിയും വല്ലാത്ത ചുമയും ആയിരുന്നു. എന്റെ ചുമ ജീസ്മോന്റെ ഉറക്കമാണ് ഇല്ലാതാക്കിയത്. പിറ്റേദിവസം കാലത്ത് എണീറ്റപ്പോൾ ഞാൻ അവനോട് ചോദിച്ചത് തൊട്ടടുത്ത് കിരണിന്റെ മുറിയിലേക്ക് കുറച്ചുനാളത്തേക്ക് മാറുന്നോ എന്നാണ്. അങ്ങനെ ചെയ്താൽ ശരിയാവുമോ എന്ന ഞങ്ങളുടെ ആശയക്കുഴപ്പം മാറ്റിയത് ജീസ്മോന്റെ അമ്മയുടെ അന്നേരം വന്ന ഫോൺകോൾ ആയിരുന്നു. അതിനുശേഷം യാതൊരു ആശയക്കുഴപ്പവും ഉണ്ടായില്ല. എവിടെയും ഞങ്ങൾ ഒരുമിച്ചായിരുന്നു. മാറാൻ അവസരം ഉണ്ടായിരുന്നിട്ടും അന്ന് അവൻ മാറിയില്ല. മാറരുത് എന്ന അമ്മയുടെ നിർദ്ദേശത്തിൽ നിന്നും ആവശ്യങ്ങളിൽ അറിഞ്ഞു കൂടെ നിൽക്കേണ്ടവനാണ് ആത്മാർഥ സുഹൃത്ത് എന്ന് ഉൾക്കൊള്ളാൻ അവന് അധികം ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഒരാൾക്ക് ആവശ്യമുള്ള സഹായം, അധികമൊന്നും ആലോചിക്കാതെ സാധിക്കും പോലെ ചെയ്തുകൊടുക്കാൻ ജീസ്മോൻ ഇന്നും പലപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ട്.

ഒരു ഇടദിവസം കാലത്ത് പള്ളിയിൽ പോയി വീട്ടിൽ തിരിച്ചു വരുമ്പോൾ ഫാദർ മര്‍ഫിയും കൂടെയുണ്ടായിരുന്നു. വള്ളി പൊട്ടാറായ പഴയൊരു ചെരുപ്പിട്ടാണ് ഞാൻ പോയിരുന്നത്. വീട്ടിൽ പശയുണ്ട് ഒട്ടിക്കണം എന്ന് ഫാദർ ഓർമ്മിപ്പിച്ചിരുന്നു. അന്നേദിവസം എനിക്കെന്തോ ആവശ്യത്തിന് പുറത്തു പോകേണ്ടതായിട്ടുണ്ടായിരുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചു വന്നപ്പോൾ പാതി പൊട്ടിയ പഴയ ചെരുപ്പിൽ പശ തേച്ച് അത് ഉണങ്ങുന്നതിനു മുൻപ് വള്ളി ഊരി പോകാതിരിക്കാൻ പ്രത്യേകമായി കുറുകെയൊരു റബർ ബാൻഡും ചുറ്റി ആരോ ഉറപ്പിച്ചു വച്ചിരുന്നു. അച്ചനുൾപ്പെടെ പത്ത് പേരോളം താമസിക്കുന്ന ഞങ്ങളുടെ വീട്ടിൽ പറയാതെ തന്നെ പരസ്പരം ലഭിക്കുന്നതും ചെയ്യുന്നതുമായ എല്ലാ സഹായങ്ങൾക്കും അറിയാതെ തന്നെ ഞങ്ങളുടെ മനസ്സിൽ അച്ചന്റെ മുഖമാണ്. വള്ളി പൊട്ടിയ പഴയ ചെരുപ്പിൽ പശ തേച്ചതും ഉറക്കും മുൻപ് ഊരി പോകാതിരിക്കാൻ റബർബാൻഡ് ചുറ്റിയതും ആരെന്ന് ഞാനും തിരക്കിയില്ല.

കോളജിലെ ഏതോ പ്രോഗ്രാമിന് കളിക്കാനുള്ള ഗ്രൂപ്പ് ഡാൻസ് പ്രാക്ടീസ് ചെയ്തത് കോതമംഗലത്ത് നികുലിന്റെ വീട്ടിലായിരുന്നു. വൈകുന്നേരം മുതൽ രാത്രി വരെ വീടിന് മുന്നിലെ കൽചുമരിൽ കൊതുകടിയുംകൊണ്ട് ഞങ്ങൾ ഒരുപാട് സമയം ഇരുന്നിരുന്നു, സംസാരിച്ചിരുന്നു, കഥകൾ പറഞ്ഞിരുന്നു, കനാലിൽ കുളിക്കാൻ പോയിരുന്നു. ഏതു വർഷമായിരുന്നെന്നോ, എന്ത് പ്രോഗ്രാമായിരുന്നെന്നോ, ഏതു പാട്ടായിരുന്നുവെന്നോ എനിക്ക് ഓർമ്മയില്ല. കുളികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വന്നപ്പോൾ, ഭക്ഷണം ഒരുക്കി തയ്യൽ പണികളിൽ മുഴുകിയിരുന്ന അമ്മ നന്നായി തല തോർത്താൻ ഞങ്ങളെ ഓർമിപ്പിച്ചത്, അകത്തെ മുറിയിൽ എനിക്കായി ഒരു മുണ്ട് മടക്കി വെച്ചിരുന്നത്, അടുത്തദിവസം ഭക്ഷണം കഴിച്ച് തിരിച്ചു കോളജിലേക്ക് പോകുമ്പോൾ വിടർന്ന ഒരു പുഞ്ചിരിയോടെ ഇനിയും വരണം എന്ന് സ്നേഹപൂർവ്വം നിർബന്ധിച്ചത് എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ട്.

അമ്മ വിളമ്പി തന്നതിനെല്ലാം ഇന്നും നല്ല രുചിയാണ്. കണ്ട് മറക്കാനിടയുള്ള കാഴ്‌ച്ചകളെക്കാൾ കണ്ടുമുട്ടിയ ചില ആളുകളാണ് ആദ്യത്തെ യാത്രകളിൽ, അപരിചിതമായ അനുഭവങ്ങളിൽ, ആകസ്മികമായ ചില തീരുമാനങ്ങളിൽ നമുക്ക് കൂട്ടാകുന്നത്. കാനഡയിലേക്ക് പോരുമ്പോൾ അടുത്ത വരവിന് വീണ്ടും കാണാം എന്നെനിക്ക് ആത്മാർഥമായി പറയാൻ അധികമാരും ഉള്ളതായി തോന്നിയില്ല. യാത്രക്ക് മുൻപ് കാണണം എന്ന് കരുതിയവരെ കണ്ടിരുന്നു സാധിക്കാതെ പോയവരെ ലിസ്റ്റ് ആയി വിളിച്ചിരുന്നു. ഹൈദരാബാദിലെ കുറഞ്ഞ കാലംകൊണ്ട് കുറെ കാര്യങ്ങൾ പങ്കുവെച്ച വിബിൻ, പനിച്ച് കിടന്ന സമയത്ത് ബാഗ്ലൂരിൽ ആശുപത്രിയിൽ കൂട്ടുനിന്ന ജിഷ്ണു, ഇഷ്ടങ്ങൾ മനസ്സിലാക്കി കേൾക്കാൻ പാട്ടുകളുടെ നീണ്ട നിരകൾ അയച്ചു തരുന്ന ചെന്നൈയിലെ ഹരി, ജോലിയില്ല പ്രതിസന്ധിയിൽ താൽകാലിക ആശ്വാസം പോലെയൊന്ന് കണ്ടെത്തി തരാൻ അധിക സമയം മാറ്റിവെച്ച തിരുനെൽവേലിക്കാരൻ വിനീതേട്ടൻ, വിശേഷങ്ങൾ അറിയാനും പറയാനും എന്നപോലെ കുറെകൂടുമ്പോൾ വിളിച്ച് വായിക്കാനും എഴുതാനും കൂടി ഓർമിപ്പിക്കുന്ന ഒറ്റപ്പാലത്തെ സഫീർ, ആരെയെല്ലാമോപ്പോലെ പിന്നെയും ആരെല്ലാമോ. അവരുടെയെല്ലാം ഒരു കുഞ്ഞുലിസ്റ്റ്.

ജീവിതത്തീരങ്ങളിലെ പൂഴിമണലിൽ പണ്ടെപ്പോഴോ പതിഞ്ഞ അറിവില്ലായ്മയുടെയും ആത്മവിശ്വാസ കുറവിന്റെയും ചോദ്യങ്ങളുടെ കാൽപ്പാടുകൾ മായ്ച്ച് ഉത്തരങ്ങളുടെ നനവ് പടർത്തിയ തിരകൾ ലോകത്തിന്റെ ഏതൊക്കെയോ കോണിലെ ആരെയൊക്കെയോ അനുസ്മരിപ്പിക്കുന്നു. ബാംഗ്ലൂരിൽ നിന്നും കാനഡയിലേക്ക് ഫ്ലൈറ്റ് കയറാൻ ഡിസംബറിലെ ആ രാത്രി തൃശ്ശൂർ റയിൽവേ സ്റ്റേഷൻ റോഡിൽ ബസ് കാത്തുനിൽക്കുമ്പോൾ എന്നെ യാത്രയാക്കാൻ അമ്മയും ചാലുവും നിഷാന്തേട്ടനും പിള്ളേരും മേമയും പേപ്പനും അമലും വിമലും നിർമ്മലും ഫ്രാങ്കോയും ഉണ്ടായിരുന്നു. ഒഴിവാക്കാനാകാത്ത ചില തിരക്കുകൾ കാരണം ചേച്ചിക്കും ഡിക്സൻ ചേട്ടനും അന്ന് വരാൻ സാധിച്ചില്ല. ബസ്സിൽ കയറി കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ കണ്ടതായി ഓർമ്മയിലുള്ള മുഖങ്ങൾ ഇവരെല്ലാവരുടെയും തന്നെയാണ്. ജീവിതത്തിൽ എന്തെങ്കിലും നേടുമ്പോൾ എന്തെങ്കിലും നഷ്ടപ്പെടുമ്പോൾ ചിലപ്പോഴെല്ലാം എന്നെക്കാൾ കൂടുതലായി സന്തോഷിച്ചത് എന്റെ നഷ്ടങ്ങളിൽ കൂടുതലായി വിഷമിച്ചത് ജിനി ചേച്ചിയാണെന്ന് തോന്നിയിട്ടുണ്ട്. 

ആ രാത്രി ബസ്സിൽ കേറുമ്പോഴും ഇതു വരെയുള്ള എന്റെ എല്ലാ യാത്രകളിലും ഫോണിൽ വന്ന് വീണ നോട്ടിഫിക്കേഷൻസിൽ കൂടുതലും ചേച്ചി തന്നെയായിരുന്നു. ലോകത്തിൽ സംഭവിക്കുന്ന എല്ലാ നന്മകൾക്കും ഒരു അവകാശിയുണ്ടെന്ന് മുൻപൊരിക്കൽ വായിച്ചിരുന്നു. നമുക്കും നമുക്ക് ചുറ്റിലും അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന എല്ലാത്തിനും എല്ലാ നന്മകൾക്കും നമുക്ക് വളരെ സുപരിചിതമായ ഒരു മുഖം കൂടി ലഭിക്കുന്നുണ്ടെന്ന് തോന്നുന്നു. അമ്മയെപ്പോലെയെന്നോ ചേച്ചിമാരെപ്പോലെയെന്നോ പോൾ മർഫിയെപ്പോലെയെന്നോ ജീസ്മോൻ എന്നോ നികുലിന്റെ അമ്മയെന്നോ പേരിട്ട് വിളിക്കാൻ തോന്നിപ്പിക്കുന്ന മുഖ സാദൃശ്യം. ഓർമ്മകളുടെ പവിഴപ്പുറ്റുകൾ ഉള്ള തിരിച്ചറിവുകളുടെ തീരങ്ങളിൽ നിസ്വാർഥമായ സ്നേഹം കൊണ്ട് നങ്കൂരമിട്ട് ആരുമല്ലാതായിരുന്ന ചിലരെല്ലാം ആരെല്ലാമോ ആയിത്തീരുന്നു. നമ്മൾ ജീവിക്കുകയാണ്!. അറിഞ്ഞും അറിയാതെയും ഓർമകളും..! ആഗ്രഹിച്ചത് ലഭിക്കുമ്പോൾ, അർഹതപ്പെട്ടത് നിഷേധിക്കപ്പെടുമ്പോൾ നിങ്ങളുടെ ഓർമയിൽ വരുന്ന മുഖം ഏതാണ്?

English Summary:

Malayalam Article ' Choychu Choychu Povam ' Written by Francy Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com