ADVERTISEMENT

എഴുപത്തിരണ്ടാം വയസ്സിലേക്ക് കടന്നിരിക്കുന്നു.. സ്വാഭാവികമായും ശരീരം മെല്ലെ മെല്ലെ ദുർബലമായിതീരുന്നുവെന്നത് ഞാൻ അറിയുന്നു. എന്നാൽ പ്രതീക്ഷകൾക്കുമപ്പുറം മനസ്സ് കൂടുതൽ കരുത്താർജ്ജിച്ചിരിക്കുന്നു എന്ന വസ്തുതയാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. പ്രായത്തിന്റെ പരിമിതികളിൽ സംഭവിക്കാറുള്ള ഒരു പ്രതിഭാസമായിരിക്കാം,.. കുറച്ചു നാളുകളായി സുഖനിദ്ര.. ദിനം തോറും ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന സുഖപ്രദമായ ആ മരണം എനിക്ക് അന്യമായിരിക്കുന്നു. ഹ്രസ്വമായ നിദ്രകളിൽ അവ്യക്തമായി തെളിയുന്ന സ്വപ്നങ്ങളുമായി എന്റെ രാവുകൾ പരിമിതപ്പെട്ടിരിക്കുന്നു. ഒരു പക്ഷേ, മനസ്സിൽ അനിയന്ത്രിതമായി നിറയുന്ന ചിന്തകളുടെ ബാഹുല്യമായിരിക്കുമോ ഇതിനു കാരണം.

ചിന്തകൾ.. അവ പലപ്പോഴും ക്ഷണിക്കപ്പെടാതെ വന്നെത്തുന്ന അതിഥികളെ പോലെയാണ്.. ഹൃദയമിടിപ്പു പോലെ.. ശ്വാസഗതി പോലെ അവ അനിയന്ത്രിതമായി മനസിലേക്കൊഴുകിയെത്തിക്കൊണ്ടിരിക്കും. ഭൂതകാലത്തിലെ ദുരനുഭവങ്ങളും ഭാവികാലത്തിന്റെ അനിശ്ചിതത്വങ്ങളും സംവഹിച്ചു കൊണ്ട് ഒരു നദീജലപ്രവാഹം പോലെ അവ ചിലപ്പോൾ മനുഷ്യ മനസിനെ ഭീതിതമാക്കും. ഒരു പക്ഷേ പ്രളയജലം പോലെ ആർത്തലച്ചു വരുന്ന ചിന്തകൾ മനുഷ്യമനസ്സിന്റെ സന്തുലിതാവസ്ഥയെത്തന്നെ തകിടം മറിച്ചേക്കാം. ചിന്തകളിൽ എപ്പോഴും ഇഴ ചേർന്നു നിൽക്കുക അസ്തിത്വമില്ലാത്ത ഭൂതകാലത്തെ ഓർമ്മകളും ഭാവികാലത്തെക്കുറിച്ചുള്ള ഭാവനകളുമായിരിക്കും. എന്നാൽ അസ്തിത്വമുള്ള ഇന്നിന്.. വർത്തമാന കാലത്തിന് ചിന്തകളിൽ സ്ഥാനവുമില്ലല്ലോ.

ജനനം എന്ന ആകസ്മികതയ്ക്കും മരണം എന്ന അനിവാര്യതയ്ക്കും ഇടയിലെ അനിശ്ചിതമായ ജീവന്റെ സ്പന്ദനങ്ങൾ ഇനി എത്ര നാൾ.. ശരീരം തിന്നും കുടിച്ചും ഉറങ്ങിയും ചിലവഴിച്ച നാളുകളിൽ, ഒരുപക്ഷേ മനസ്സിന്റെ പ്രതിരൂപമായ ആത്മാവ് ദീര്‍ഘമായ നിദ്രയിലായിരുന്നിരിക്കാം. ഇപ്പോൾ.. ജീവിതയാത്രയുടെ ഈ അവസാന നാളുകളിൽ.. ആത്മാവ് ഉണർന്ന നാൾ മുതൽ.. കാര്യകാരണങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും യുക്തിസഹജമായി ചിന്തിക്കാനും അതിനനുസൃതമായി പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നു.

ബൗദ്ധികമായി അതിമേന്മ അവകാശപ്പെടാനില്ലാത്ത ഒരു ശരാശരി മനുഷ്യനായ എന്റെ മനസ്സിൽ പോലും.. ഉത്തരം കിട്ടാതെ അനേകം ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു... വ്യക്തമായ ഉത്തരങ്ങൾ ലഭിക്കാത്ത അനേകം ചോദ്യങ്ങൾ. ഈ ഭൂമിയിൽ ജനിച്ചു ജീവിച്ച്.. ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ മനസ്സിൽ ബാക്കി വച്ച് കടന്നുപോയ കോടാനുകോടി മനുഷ്യരെ പോലെ ഞാനും ഒരു നാൾ ഈ ലോകത്ത് നിന്നു കടന്നുപോകും. എങ്കിലും ഒരു ശരാശരി മനുഷ്യന്റെ യുക്തിബോധവും മനസ്സിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന അന്വേഷണകൗതുകവും മൂലം പ്രസക്തമായി തോന്നിയ ചില ചോദ്യങ്ങൾക്ക് ചിന്തകളിലൂടെ ഉത്തരം കണ്ടെത്താൻ തുടർച്ചയായി ശ്രമിക്കുകയായിരുന്നു ഞാൻ. ഇതുവരെ ഞാൻ കണ്ടെത്തിയ നിഗമനങ്ങൾ ശരിയോ തെറ്റോ.. ആർക്കറിയാം.

പ്രപഞ്ചസൃഷ്ടിയും സൃഷ്ടാവും, ഭൂമിയിലെ ജീവന്റെ ആദ്യസ്പന്ദനവും, അന്യഗ്രഹങ്ങളിലെ ജീവനും, മനുഷ്യന്റെ അസ്തിത്വവും മനസ്സും, ആത്മീയതയും, മതങ്ങളുടെ സൃഷ്ടിയായ മരണാനന്തര ജീവിതവുമെല്ലാം എന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ചിലതു മാത്രമായി ഇപ്പോഴും അവശേഷിക്കുന്നു.

ഒരുപക്ഷെ ബാല്യകാലത്ത് എനിക്ക് ലഭിച്ച മതബോധനം മനസ്സിന്റെ ആഴങ്ങളിൽ വരച്ചിട്ട "മരണാനന്തരജീവിത"ത്തെക്കുറിച്ചുള്ള നിറമാർന്ന കഥകളാകാം.. സ്വർഗ്ഗരാജ്യവും ശുദ്ധീകരണസ്ഥലവും നരകവുമെല്ലാം എന്റെ ചിന്തകളിലും സ്വപ്നങ്ങളിലും കാൽപ്പനികത നിറഞ്ഞ ഭാവനകൾ രൂപപ്പെടാൻ കാരണമായത്. നന്മ ചെയ്യുന്നവർക്ക് "പറുദീസ"യാണ് വാഗ്ദത്തരാജ്യം. മരണശേഷം അവർ "പറുദീസ" എന്ന സ്വർഗ്ഗരാജ്യത്തിൽ എത്തുമ്പോൾ അനുഭവവേദ്യമാകുന്ന രാജകീയ ജീവിതം... തിന്മ പ്രവർത്തിക്കുന്നവർ നരകത്തിൽ എത്തുമ്പോള്‍ നേരിടേണ്ടി വരുന്ന പീഢകളും ദുരനുഭവങ്ങളും. അവയെല്ലാം നിറം ചാലിച്ച കഥകളിലൂടെ വിവരിച്ചു തന്ന ആ കന്യാസ്ത്രീ വളരെ നാളുകൾക്കു മുമ്പേ തന്നെ അജ്ഞാതമായ ആ ലോകത്തേക്ക്.. മരണാനന്തരജീവിതത്തിലേക്ക്.. പറുദീസയിലേക്കോ.. ശുദ്ധീകരണസ്ഥലത്തേക്കോ.. നരകത്തിലേക്കോ, അതുമല്ലെങ്കിൽ അജ്ഞാതമായ മറ്റെവിടേക്കോ.. കടന്നു പോയിരിക്കുന്നു. എന്തായാലും മനുഷ്യരായ നമുക്ക് അന്തിമമായി എത്തിച്ചേരേണ്ട ഇടം വർണ്ണനാതീതവും ദൃശ്യമനോഹരവുമായ പറുദീസയെന്ന് അറിയപ്പെടുന്ന ദൈവത്തിന്റെ സ്വന്തം ഭവനമാണെന്ന ദൃഢമായ വിശ്വാസം, ബാല്യം മുതൽ എന്നിൽ രൂപപ്പെടുത്താൻ അവർക്ക് കഴിഞ്ഞു എന്നതാണ് പരമാർഥം.

ഉറക്കം വന്നതേയില്ല. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. സമയം.. പുലർച്ചയുടെ ആദ്യ യാമങ്ങളിലെത്തിയിരിക്കുന്നു. നഗരവീഥികൾ വിജനമാകുന്ന സമയമാണിത്. എങ്ങും നിശബ്ദതയാണ്. മനുഷ്യരടക്കം സകല ജീവജാലങ്ങളും സുഖനിദ്രയിലാഴുന്ന സമയം. നേർത്ത ജനൽ വിരിയിലൂടെ കടന്നുവരുന്ന നിലാവിന് അസാധാരണമായ പ്രകാശം പോലെ.. യാന്ത്രികമായി എഴുന്നേറ്റ് ജനലിനരികിലെത്തി പുറത്തേക്ക് നോക്കി. അതുവരെ കാണാത്ത രീതിയില്‍ പൂർണചന്ദ്രൻ പ്രകാശമയമായിരിക്കുന്നു. അതിനു ചുറ്റിനുമായി കാണപ്പെട്ട പ്രഭാവലയത്തിൽ നിന്നും ഒഴുകിയെത്തിയ അവർണനീയ പ്രകാശത്തിൽ നിറഞ്ഞു നിൽക്കുന്ന ഭൂപ്രകൃതി..

നോക്കി നിൽക്കെ എന്നിലെ ഞാൻ ആ പ്രകാശത്തിന്റെ ആകർഷണവലയത്തിലേക്ക് അലിഞ്ഞുചേർന്നതു പോലെയും.. എനിക്ക് അതുവരെ അന്യമായിരുന്ന അനന്ത ശൂന്യതയിലേക്ക്... നിതാന്തമായ ഒരു യാത്രയിലേക്ക് ഞാൻ സംവഹിക്കപ്പെടുന്നതായും എനിക്കനുഭവവേദ്യമായി. അത്യത്ഭുതത്തോടെയും തെല്ലൊരു ഉൾഭയത്തോടെയും ഞാൻ അറിഞ്ഞു.. എന്റെ ആ യാത്രയിൽ.. പിന്നിലേക്കുള്ള അപൂർവ യാത്രയിൽ ഞാൻ ഏകനാണെന്ന്.. മിന്നൽപിണർപോലെ അതിവേഗതയിൽ.. സ്വയം തിളങ്ങുന്ന ഒരു ഗോളം പോലെയും.. ഒഴുകിയകന്നു പോകുന്ന ഭാരരഹിതമായൊരു പഞ്ഞിക്കെട്ടുപോലെയും.. ഞാൻ ഭൂഗോളത്തെ പിന്നിലേക്ക് വലം വച്ചുകൊണ്ടിരുന്നു. കഴിഞ്ഞ കാലങ്ങളിലൂടെ.. നൂറ്റാണ്ടുകളിലൂടെ.. സഹസ്രാബ്ദങ്ങളിലൂടെ.. പിന്നോട്ടുള്ള തന്റെ അപൂർവ യാത്ര തുടർന്നുകൊണ്ടിരുന്നു.

യാത്രകൾ.. അവ  മുന്നോട്ടായാലും പിന്നോട്ടായാലും അവസാനിക്കുക ഒരിടത്താണല്ലോ. ഉയരവും ആഴവും.. ഇരുളും വെളിച്ചവും.. ചൂടും തണുപ്പും.. അളവുകളും കാലങ്ങളും സമയവും.. എല്ലാം.. എല്ലാം.. ദിശകൾ പോലെ അനന്തവും ആപേക്ഷികവുമാണല്ലോ. പിന്നിലേക്കുള്ള എന്റെ അപൂർവ യാത്രയിൽ.. കഴിഞ്ഞു പോയ സഹസ്രാബ്ദങ്ങളിലെ മഹായുദ്ധങ്ങളും, പ്രളയങ്ങളും, പ്രകമ്പനങ്ങളും, മഹാമാരികളും അവ വിതച്ച ഭീകരതകളും എനിക്ക് അനുഭവവേദ്യമായി.. ആദിമനുഷ്യൻ രൂപം കൊണ്ടതിനും മുൻപുണ്ടായിരുന്ന മൃഗാധിപത്യകാലവും.. അതിനും മുമ്പേയുണ്ടായിരുന്ന സസ്യ നിബിഡമായ ഭൂമിയെയും.. പഴയ കാലത്തെ പാറക്കെട്ടുകളും മരുഭൂമികളും മാത്രം നിറഞ്ഞ.. വിജനമായ ആ ഭൂഗോളത്തെയും ഞാൻ കണ്ടറിഞ്ഞു..

ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച്, മേഘപടലങ്ങൾക്കിടയിലൂടെ ഞാൻ പുറത്തേക്ക് ഒഴുകിയെത്തിയിരിക്കുന്നു.. ശൂന്യാകാശത്തിലൂടെ.. പ്രകാശത്തിന്റെ പതിൻമടങ്ങ് വേഗതയിൽ എന്റെ പിന്നോട്ടുള്ള പ്രയാണം തുടർന്നു കൊണ്ടിരുന്നു. സൗരയൂഥവും കോടാനുകോടി നക്ഷത്രസമൂഹങ്ങൾ നിറഞ്ഞ ക്ഷീരപഥങ്ങളും.. അതിവേഗതയോടെ പാഞ്ഞു പോകുന്ന ഛിന്നഗ്രഹങ്ങളും.. കത്തിജ്വലിച്ചു പായുന്ന ഉൽക്കകളും.. എനിക്കനുഭവവേദ്യമായി. നക്ഷത്ര ഗോളങ്ങളിൽ നിന്നു വമിച്ച അത്യുഗ്ര താപവും, തണുത്തുറഞ്ഞ ഗ്രഹങ്ങളിൽ നിന്നുള്ള കൊടും ശൈത്യവും എനിക്ക് ശുദ്ധീകരണ സ്ഥലങ്ങളായി. അഗ്നിയാലും ജലത്താലും സ്ഫുടം ചെയ്യപ്പെട്ട ഞാൻ ഒരമൂല്യ തേജസായി രൂപാന്തരപ്പെടുകയായിരുന്നു.

എന്റെ ഗോളാന്തരയാത്രയ്ക്ക് പതിന്മടങ്ങ് വേഗത കൈവരിച്ചിരിക്കുന്നതായും.. പാതയിലെ പ്രകാശത്തിന്റെ അളവ് കുറഞ്ഞുവരുന്നതുമായും എനിക്ക് അനുഭവപ്പെട്ടു. താമസിയാതെ.. കൂരിരുട്ടും നിശബ്ദതയും ഒന്നായി അലിഞ്ഞു ചേർന്നിരിക്കുന്ന ഒരനന്ത ശൂന്യതയിൽ എത്തിച്ചേർന്നിരിക്കുന്നതായി ഒരുൾക്കിടിലത്തോടെ ഞാൻ മനസിലാക്കി. ഒരു പക്ഷേ ഇവിടെയായിരിക്കുമോ ഉൽപ്പത്തിയുടെ.. സൃഷ്ടി കർമത്തിന്റെ.. ആദ്യ സ്പന്ദനങ്ങൾ രൂപം കൊണ്ടത്? സമയത്തിനും കാലത്തിനും അതീതമായ.. പ്രപഞ്ച സൃഷ്ടിയുടെ തുടക്കം കുറിച്ച ആദ്യവചനത്തിന്റെ ഗംഭീര ശബ്ദം മുഴങ്ങിയത്? അതോ മനുഷ്യന്റെ പരിമിതബുദ്ധിയിൽ ഉത്തരം കിട്ടാതെ വന്നപ്പോൾ മെനഞ്ഞെടുക്കപ്പെട്ട അബദ്ധസിദ്ധാന്തമായ "മഹാവിസ്ഫോടന"ത്തിന്റെ മാറ്റൊലി മുഴങ്ങിയത്? ഇരുളിനെയും നിശബ്ദതയെയും പിന്നിട്ട് എന്റെ യാത്ര തുടരുകയായിരുന്നു. ശൂന്യതയിലൂടെ പിന്നോട്ടുള്ള.. അനന്തമായ ആ യാത്ര.

എന്റെ യാത്രയുടെ വേഗത കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടു. ഇരുൾ മൂടിയ തുരങ്ക പാതയിലൂടെയുള്ള അനന്തമായ ആ യാത്ര അവസാനിക്കാറായതു പോലെ.. അങ്ങകലെ പ്രകാശത്തിന്റെ വെള്ളിവെളിച്ചം കണ്ടു തുടങ്ങിയിരിക്കുന്നു. എന്റെ പ്രത്യാശയിലെ സ്വപ്നഭൂമി സമീപസ്ഥമായിരിക്കുന്നു. ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായവന്റെ വാസസ്ഥലം.. എനിക്ക് ചെന്നെത്തേണ്ടയിടം.. ദൈവത്തിന്റെ സ്വന്തം നാടായ പറുദീസയിൽ ഞാൻ എത്തിച്ചേർന്നിരിക്കുന്നു. അത്ഭുതപരതന്ത്രനായി ഞാൻ നോക്കി നിന്നു. ആ വർണനാതീതമായ കാഴ്ചകൾ. പച്ചയായ പുൽത്തകിടികളും.. പ്രശാന്തമായ ജലാശയവും ഞാൻ കണ്ടു. ഇളംപുല്ലുകളിൽ മേഞ്ഞും, ജലാശയത്തിലെ തെളിനീർ കുടിച്ചും തുള്ളിക്കളിക്കുന്ന മാൻകൂട്ടങ്ങളെയും. പൂക്കൾക്കു ചുറ്റിലും പാറിപ്പറക്കുന്ന സ്വർണ്ണ നിറമാർന്ന പൂമ്പാറ്റകളെയും.. പൂമരച്ചില്ലകളിൽ സല്ലപിക്കുന്ന പറവക്കൂട്ടങ്ങളെയും ഞാൻ കണ്ടു. അങ്ങകലെ മാനം മുട്ടെ ഉയർന്നു നിൽക്കുന്ന പച്ച പുതച്ച മലനിരകളിൽ വസന്തം അണിയിച്ചൊരുക്കിയ വർണ്ണപ്പകിട്ടും.. മലനിരകള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന സ്വർഗീയ ദീപ്തിയും കണ്ട ഞാൻ, ദൈവത്തിന്റെ സ്വന്തം നാടായ പറുദീസയിൽ എത്തിച്ചേർന്നതിന്റെ ആനന്ദലഹരിയിൽ.. ആത്മസംതൃപ്തിയോടെയും.. നിറകണ്ണുകളോടെയും.. തൊഴുകൈകളുമായി നിൽക്കുകയായിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്.. എന്റെ ശരീരം ശക്തിയായി ഉലയുന്നതു പോലെ.. ആരോ എന്നെ വിളിച്ചുണർത്താൻ ശ്രമിക്കുന്നതുപോലെ.. പരിഭ്രമത്തിന്റെയും നിലവിളികളുടെയും വിറയലാർന്ന സ്വരങ്ങൾ. "ഡാഡീ.. എന്തു പറ്റി?" ഭയപ്പാടെയുള്ള സ്വരങ്ങൾ.. "ഇല്ല.. എനിക്കൊന്നുമില്ല.. എന്തോ ഒരു സ്വപ്നം പോലെ..." അപ്പോഴും.. ഉയർത്തെഴുന്നേറ്റ എന്റെ മനസ്സിൽ.. പറുദീസായിലെ.. ദൈവത്തിന്റെ ആ സ്വന്തം നാട്ടിലെ.. പീരുമേട്ടിലെയും.. വയനാട്ടിലെയും.. കുട്ടനാട്ടിലെയും.. അതിമനോഹര ദൃശ്യഭംഗികൾ മിന്നിമറയുകയായിരുന്നു!

English Summary:

Malayalam Short Story ' Parudeesa ' Written by Jose Pallath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com