സ്വന്തം കുടുംബം നശിപ്പിച്ചവനോട് കരുണ കാട്ടുന്നു, 'പഴയതൊക്കെ ക്ഷമിക്കാൻ ഈ മനുഷ്യന് എങ്ങനെ കഴിയുന്നു...'
Mail This Article
(മായാത്ത മുറിവുകൾ – ഭാഗം 2)
രാജു.. അവനെ ഒന്ന് വിളിക്കണം. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ അവന്റെ വീട്ടിലേക്ക് വിളിച്ചതാണ്. അവൻ വീട്ടിൽ വരാൻ നിർബന്ധിച്ചാലോ? എനിക്ക് എന്താണെന്നറിയില്ല ആ വീട്ടിലേക്ക് പോകാൻ മനസ് വരുന്നില്ല. അവന്റെ അമ്മയോട് ക്ഷമിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കാൻ ഞാൻ ആര്. പക്ഷെ, അവന്റെ അച്ഛനെ ഒന്നു കാണണം എന്നുണ്ട്. ആ വലിയ മനുഷ്യനെ മനസിലാക്കാൻ അവർക്കു കഴിഞ്ഞില്ലല്ലോ. എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസിലാകുന്നില്ല.
എന്റെ ഒരു ദിവസം സന്തോഷിനോടൊപ്പം ചിലവഴിക്കാനായി തീരുമാനിച്ചപ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാവുമെന്ന് ഒരിക്കലൂം പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷ് ആരെന്നു പറഞ്ഞില്ലല്ലോ. അവൻ എന്റെ സഹമുറിയൻ ആയിരുന്നു ഹോസ്റ്റലിൽ. ഇപ്പോൾ സുപ്രീം കോടതിയിൽ പേരുകേട്ട വക്കീൽ. ഞാൻ കോടതിയുമായി ബന്ധപ്പെട്ട ഒരു കഥ എഴുതാൻ ആലോചിച്ചപ്പോൾ തന്നെ ആദ്യം ഓർമ്മ വന്നത് സന്തോഷിനെ ആണ്. ഒരു വക്കീൽ പ്രധാന കഥാപാത്രം ആയതുകൊണ്ട് അവനെ കുറച്ചു ബുദ്ധിമുട്ടിക്കാമെന്നു തീരുമാനിച്ചു. എന്റെ കുറെ സംശയങ്ങൾ, അവന്റെ കുറെ അനുഭവങ്ങൾ, അങ്ങനെ അങ്ങനെ.. പല പല കാര്യങ്ങളുമായി ഒരാഴ്ച പിന്നിട്ടു. ഇന്ന് മുഴുവൻ സമയവും അവന്റെ കൂടെ തന്നെ.. - ഒരു വക്കീലിൻെറ കൂടെ ഒരു ദിവസം - അതും പരിപാടി ഇട്ടിരുന്നത് പോലെ തന്നെ.
മാറി നിന്ന് നോക്കുമ്പോൾ തിരക്കുള്ള വക്കീലന്മാരുടെ ജീവിതം വളരെ സുഖകരമാണെന്നു തോന്നും. അടുത്തറിഞ്ഞപ്പോൾ അത്ര സുഖകരമല്ല എന്ന് മനസിലായി. എന്തായാലും എന്നെക്കൊണ്ട് പറ്റുന്ന പണിയല്ല അത്. ഒരുപാടു കാര്യങ്ങൾ ഓർത്തിരിക്കണം നിയമങ്ങൾ, കേസ് നമ്പറുകൾ, തിയതികൾ, അങ്ങനെ എന്തെല്ലാം എന്തെല്ലാം.. അതും കൂടാതെ ഓരോ കക്ഷിയും അവരുടെ ജീവിതം ആവും വക്കീലിനോട് പറയുക. വികാരങ്ങൾക്ക് അടിമപ്പെടാതെ അതൊക്കെ നന്നായി വിശകലനം ചെയ്തു, വേണ്ട കാര്യങ്ങൾ മനസ്സിൽ കുറിച്ചു വച്ച്, ആവശ്യമുള്ള സമയത്തു ഉപയോഗിക്കുക എന്നത്.. വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ. ഒരു കേസിൽ നിന്ന് മറ്റൊരു കേസിലേക്ക് switch ചെയ്യുന്നത് അതിലും ബുദ്ധിമുട്ടാണ്. ഒരു നല്ല ടീം ഉണ്ടെങ്കിൽ കാര്യങ്ങൾ കുറെ എളുപ്പമാവും. സന്തോഷ് അക്കാര്യത്തിൽ ഭാഗ്യവാൻ ആണെന്നാണ് എനിക്ക് തോന്നിയത്.
എവിടെയോ കണ്ടുമറന്ന ഒരു മുഖം
രാവിലെ അവന്റെ ഓഫീസിൽ എത്തിയത് മുതൽ അവനെ തന്നെ നിരീക്ഷിച്ചുകൊണ്ട് അടുത്ത ക്യാബിനിൽ ഇരിക്കുകയായിരുന്നു ഞാൻ. ഇടയ്ക്കിടയ്ക്ക് അവന്റെ അസിസ്റ്റന്റ് വന്നു സഹായം വല്ലതും വേണോ എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. എത്ര പേരെയാണ് അവൻ ഒരു ദിവസം കാണുന്നത്? ഇവരെയൊക്കെ അവന് ഓർത്തിരിക്കാൻ പറ്റുന്നുണ്ടാവുമോ? Amazing skills! അവന്റെ കക്ഷികളുമായുള്ള സംസാരത്തിൽ മറ്റുള്ളവർ ഇടപെടുന്നതു അവന് ഇഷ്ടമല്ല. അത് വളരെ ശരിയായ കാര്യമാണ്. കക്ഷികൾ പറയുന്ന രഹസ്യങ്ങൾ മറ്റുള്ളവർ കേൾക്കാൻ പാടില്ല. ഡോക്ടറോടും വക്കീലിനോടും കള്ളം പറഞ്ഞുകൂടാ എന്നല്ലേ? അതുകൊണ്ട് എനിക്ക് ഗ്ലാസ് വാളിനു ഇപ്പുറത്തു ഇരുന്നു അവരുടെ ആക്ഷൻസ് കാണാൻ മാത്രമേ അനുവാദം ഉള്ളു. എനിക്കവരുടെ മാനറിസംസ്,എക്സ്പ്രെഷൻസ് ഒക്കെ ഇപ്പുറത്ത് ഇരുന്നു കാണാം. And, that helps me a lot.
അങ്ങനെ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോൾ, ഒരാൾ ഒരു 55-60 വയസു പ്രായം കാണും, അവനെ കാണാൻ വന്നു. നല്ല പരിചയം ഉള്ള മുഖം. എവിടെയോ കണ്ടു മറന്ന ഒരു മുഖം. കുറെ ആലോചിച്ചു നോക്കി. കിട്ടുന്നില്ല. വെറുതെ തോന്നുന്നതാവും. അല്ലെങ്കിൽ എനിക്കറിയാവുന്ന മറ്റാരെങ്കിലുമായി ഇയാൾക്ക് സാമ്യം ഉണ്ടാകാം. അവനോടു ചോദിക്കുന്നതും ശരിയല്ല. പക്ഷെ എന്നാലും.. തിരിച്ചു വീട്ടിലേക്കു പോകുന്നവഴിക്ക് ഇന്നത്തെ കുറെ കേസുകളെ കുറിച്ച് അവൻ സംസാരിച്ചു. കാര്യങ്ങൾ വിശദീകരിക്കുമ്പോൾ കക്ഷികളുടെ ഒരു വിവരങ്ങളും അതിൽ ഉണ്ടാകാതിരിക്കാനുള്ള ബോധപൂർവമായ ശ്രമം സമ്മതിക്കണം. പക്കാ പ്രൊഫഷണൽ. വീട്ടിലെത്തി അവന്റെ ഫയലുകളും കുപ്പായവുമൊക്കെ അതാതു സ്ഥലങ്ങളിൽ വയ്ക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കണ്ടിട്ട് അവൻ പറഞ്ഞു “ഞാൻ ചെയ്യുന്നതെല്ലാം ഇങ്ങനെ നീ നോക്കുന്നത് കാണുമ്പോൾ, അറിയാതെ ഞാൻ കുറച്ചു കോൺഷ്യസ് ആകുന്നോ എന്നൊരു സംശയം”
“കുളിയൊക്കെ കഴിഞ്ഞു ഒരു ഡ്രിങ്ക്സ് സെഷനു ഇരിക്കാം. ഇന്ന് കണ്ട ഒരാളെ പറ്റി നമുക്ക് സംസാരിക്കാനുണ്ട്.” ഒരു പക്ഷെ പ്രൊഫഷണൽ കാര്യങ്ങളാവില്ല അവൻ സംസാരിക്കാൻ പോകുന്നത്. അവന്റെ മുഖവുര കേട്ടിട്ട് അങ്ങനെ ആണ് തോന്നുന്നത്. ഇത് കേട്ടുകൊണ്ടാണ് രമ്യ അങ്ങോട്ട് വന്നത്. രമ്യ സന്തോഷിന്റെ വാമഭാഗം. “എനിക്ക് അങ്ങോട്ട് വരാമല്ലോ?... എന്തോ മനസിനെ ഒന്ന് ഉലച്ചിട്ടുണ്ട്. അതാണ് ഈ ഡ്രിങ്ക്സ് സെഷൻ, അല്ലെ?” “ഏയ് അങ്ങനെ ഒന്നും ഇല്ല. എന്നാൽ, ഒട്ടും അസ്വസ്ഥനായില്ല എന്ന് പറഞ്ഞാലത് കള്ളം ആകും” “ശരി. നിങ്ങളുടെ പരിപാടി നടക്കട്ടെ. ഞാൻ ഇന്ന് ഡിന്നർ പുറത്തു നിന്നാണ് പരിപാടി ചെയ്തിരിക്കുന്നത്. എന്തൊക്കെ വേണം എന്ന് ചോദിക്കാൻ വന്നതാണ്” രമ്യ, ഓർഡർ ചെയ്യാനുള്ള പ്ലാൻ ഒക്കെ ഫൈനലൈസ് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ കുളിക്കാനായി പോയി.
കുളിച്ചുകൊണ്ടിരുന്നപ്പോൾ മുഴുവൻ എന്റെ മനസ്സിൽ ആ മുഖം ആയിരുന്നു. എത്ര ആലോചിച്ചിട്ടും എവിടെ വച്ചാണ് അയാളെ മുൻപ് കണ്ടിട്ടുള്ളതെന്നു ഓർക്കാൻ പറ്റുന്നില്ല. സന്തോഷിനോട് ചോദിക്കാനും ഒരു മടി. കുളി ഒക്കെ കഴിഞ്ഞു. വീട്ടിലേക്കു ഫോൺ ചെയ്തുകൊണ്ടിരുന്നപ്പോൾ സന്തോഷ് വിളിച്ചു. “എടാ നമുക്കൊന്നിരിക്കാം?” അത് ഫോണിൽ കൂടെ കേട്ട ഭാര്യയുടെ ചോദ്യം. “എന്താ പരിപാടി? എല്ലാം മനസ്സിലാവുന്നുണ്ട് എനിക്ക്..” “മനസിലായെങ്കിൽ പിന്നെ താമസിപ്പിക്കാതെ ഫോൺ വച്ചുകൂടെ?” അവൾക്കു ദേഷ്യം വരില്ല എന്നുറപ്പുള്ളതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
ഒരു ഡ്രിങ്ക് കഴിഞ്ഞതും സന്തോഷ് വിഷയത്തിലേക്കു വന്നു. “എന്റെ പഴയ ഒരു കക്ഷി കാണാൻ വന്നിരുന്നു. വളരെ വ്യത്യസ്‌തനായ ഒരു മനുഷ്യൻ. സഹദേവൻ എന്നാണയാളുടെ പേര്. പല തരത്തിൽ ആണയാൾ എന്നെ അതിശയിപ്പിച്ചത്.. ഒരിക്കൽ അയാളുടെ കേസിന്റെ കാര്യത്തിൽ, ഇപ്പോൾ അയാൾ ചെയ്യുന്ന നിസ്സ്വാർഥമായ നല്ല കാര്യങ്ങൾ..” “ചിലപ്പോൾ തോന്നും ദൈവം വളരെ ക്രൂരൻ ആണെന്ന്.. പ്രത്യേകിച്ചും അയാളുടെ കാര്യത്തിൽ.” “ഹി ഡെഫിനിറ്റിലി ഡെസേർവ് എ ബെറ്റർ ലൈഫ്” “പത്തു വർഷത്തിന് മുകളിൽ ആയിക്കാണും.. വിനയൻ എന്നൊരാൾ… കോടതി പരിസരത്തു വച്ച് ഇയാളെ കുറെ provoke ചെയ്തു. തീരെ സഹിക്കാതായപ്പോൾ അയാൾ ഒരെണ്ണം കൊടുത്തു. താഴെ വീണിട്ടും പച്ച തെറി വിളിച്ചു കൊണ്ട് തിരിച്ചു തല്ലാൻ വന്ന വിനയനെ സഹദേവൻ ഒന്നും ചെയ്തില്ല. അല്ലെങ്കിൽ ചെയ്യേണ്ടി വന്നില്ല എന്ന് പറയുന്നതാവും ശരി. അതിനു മുൻപേ മറ്റു ചിലർ അയാളെ കൈകാര്യം ചെയ്തു.”
“കാര്യം എന്താണെന്നു മനസിലാകാതെ നിന്ന സഹദേവന്റെ മുൻപിലിട്ടു അവർ വിനയനെ ചവിട്ടിക്കൂട്ടി. ഒടുവിൽ പൊലീസ് എത്തി അയാളെ ഹോസ്പിറ്റലിൽ ആക്കി. കേസായി.. പ്രതി പട്ടികയിൽ സഹദേവനും.” “പൊലീസിന് വേണമെങ്കിൽ സഹദേവനെ ഒഴിവാക്കാമായിരുന്നു. പക്ഷെ സഹദേവനുമായി ഇതിനു മുൻപും പലതവണ ഇതേ പോലെ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ടെന്ന് വിനയൻ പറഞ്ഞത്, പൊലീസിന് നിസാരമായി കളയാൻ പറ്റുമായിരുന്നില്ല” കേസ് പഠിക്കുന്നതിന് എനിക്ക് അയാളോട് കുറെ സംസാരിക്കേണ്ടി വന്നു. എത്ര ചോദിച്ചിട്ടും വിനയനുമായി എന്താണ് പ്രശ്നം എന്നതിന് ശരിയായ ഒരു ഉത്തരം തരാതെ ഒഴിഞ്ഞു മാറി. വിനയനെ തല്ലിയവരുടെ കൂട്ടത്തിൽ അയാളുടെ ഭാര്യയുടെ സഹോദരനും ഉണ്ടായിരുന്നു. ചന്ദ്രൻ എന്നോ മറ്റോ ആണ് അയാളുടെ പേര്. അയാളുടെ സഹോദരിയെ വേണ്ടാന്ന് വെച്ചിട്ടു വിനയൻ മറ്റേതോ പെണ്ണിന്റെ കൂടെ പോയി. അതിന്റെ ദേഷ്യം തീർക്കാൻ ചന്ദ്രനും അയാളുടെ സുഹൃത്തുക്കളും കൊടുത്ത പണിയായിരുന്നു വിനയന് കിട്ടിയത്. അതിന്റെ ഇടയിൽ സഹദേവൻ പെട്ടുപോയതായിരിക്കാം എന്നാണ് ആദ്യം തോന്നിയത്.
പക്ഷെ, കൂടുതൽ അന്വേഷിച്ചപ്പോൾ ഒരു കാര്യം മനസ്സിൽ ആയി. സഹദേവന്റെ ഭാര്യ ആണ് വിനയന്റെ കൂടെ താമസിച്ചിരുന്നതെന്നു. അവർ മകനെയും സഹദേവനെയും വിട്ടിട്ടു വിനയന്റെ കൂടെ താമസമാക്കിയത്രേ. ഇതേ കാരണം കൊണ്ടാണ് സഹദേവനും വിനയനും പലതവണ ഏറ്റുമുട്ടിയതെന്നും. കേസിന്റെ കാര്യങ്ങൾക്കായി, വിനയനെതിരെ തെളിവുകൾ സംഘടിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സഹദേവൻ വളരെ വിദഗ്‌ധമായി ഒഴിഞ്ഞു മാറി. പിന്നീട് അയാളുടെ വശം ചിന്തിച്ചപ്പോൾ കാര്യങ്ങൾ കുറെ മനസിലായി. ഈ കേസിലേക്ക് അയാളുടെ ഭാര്യയുടെ പേര് വലിച്ചിഴക്കുന്നത് അയാൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നതായിരുന്നു യാഥാർഥ്യം. കേസൊക്കെ അതിന്റെ വഴിക്കു പോയി. ചന്ദ്രന് ആയിരുന്നു കൂടുതൻ ശിക്ഷ കിട്ടിയത്. സഹദേവൻ നേതൃത്വം നൽകുന്ന ഒരു ട്രസ്റ്റ് ഉണ്ട്. ഒരുപാട് നല്ലകാര്യങ്ങൾ ഈ ട്രസ്റ്റ് വഴി അവർ ചെയ്യുന്നുണ്ട്. പലപ്പോഴും നിയമപരമായ ഉപദേശങ്ങൾക്കു വേണ്ടി അവർ എന്നെ ബന്ധപ്പെടാറുണ്ട്. അങ്ങനെ ഞാനും ആ ട്രസ്റ്റും ആയി ഒരു ബന്ധം ഉണ്ട്.
ഇന്നലെ വന്നപ്പോൾ അയാൾ പറഞ്ഞ ഒരു കാര്യം ആണ് എന്നെ അതിശയിപ്പിച്ചത്. മുൻപേ പറഞ്ഞ ആ വിനയൻ, സ്വന്തം ഭാര്യയെ തട്ടിയെടുത്തവൻ, ഇപ്പോൾ പരിതാപകരമായ അവസ്ഥയിൽ ആണത്രേ. മറ്റാരുടെയോ കൈയ്യിൽ നിന്നും തല്ലുവാങ്ങി, നട്ടെല്ലിന് എന്തൊക്കയോ പ്രശ്‍നം ആയി കിടപ്പാണ്. അത് അവന്റെ കർമഫലം എന്ന് കരുതുന്നതിനു പകരം, കഴിഞ്ഞ ഒരു വർഷമായി സഹദേവന്റെ ട്രസ്റ്റ് ഇയാൾക്ക് എല്ലാമാസവും ഒരു തുക കൊടുക്കുന്നുണ്ടത്രെ. അതും സഹദേവൻ initiative എടുത്തു ശരിയാക്കിയത്. അയാളോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്. തെറ്റുകൾ മനുഷ്യസഹജമാണ്. വിനയന്റെ ഇപ്പോഴത്തെ സ്ഥിതി മാത്രമേ അയാൾ നോക്കുന്നുള്ളു എന്ന്. പഴയതൊക്കെ ക്ഷമിക്കാൻ ഈ മനുഷ്യന് എങ്ങനെ കഴിയുന്നു? സന്തോഷ് വാതോരാതെ സഹദേവനെ പ്രശംസിക്കുമ്പോൾ എന്റെ മനസ് വേറെവിടെയോ ആയിരുന്നു. ഇന്ന് ഞാൻ അവന്റെ ഓഫീസിൽ വച്ച് കണ്ടതു സഹദേവനെ ആയിരിക്കുമോ? രാജുവിന്റെ അച്ഛന്റെ പേര് സഹദേവൻ എന്നാണോ? അമ്മയുടെ പേര് ശാന്ത എന്നാണ്. എന്നാലും.. ഇതൊക്കെ എനിക്കു വെറുതെ തോന്നുന്നതായിരിക്കും. സന്തോഷിനോട് ചോദിച്ചു വെറുതെ കുളം ആക്കേണ്ട.
“നിന്റെ നാട്ടിലെവിടെയോ ആണ് ഇയാളുടെ മകനും കുടുംബവും ഒക്കെ. സഹദേവൻ പക്ഷെ അവിടേക്കു പോകാറില്ല.” അതും കൂടി കേട്ടപ്പോൾ എന്റെ സംശയം കൂടുതൽ ബലപ്പെട്ടു. “അയാളുടെ ഭാര്യയുടെയോ മകന്റെയോ പേരറിയാമോ നിനക്ക്?” വളരെ യാന്ത്രികമായി ചോദിച്ചു പോയി. ഉത്തരവും ഏറെക്കുറെ എനിക്കറിയാമായിരുന്നു. “ഭാര്യ ശാന്ത. മകന്റെ പേര് എനിക്ക് ഓർമയില്ല. അയാൾക്കു ഒരു കടയുണ്ടെന്നാണ് എന്റെ അറിവ്” “ഇനി നീ പറയേണ്ട. മകന്റെ പേര് രാജ് കുമാർ. എന്റെ കൂടെ സ്കൂളിൽ പഠിച്ചിരുന്നവൻ. വിനയൻ ഒരിക്കലും കരുണ അർഹിക്കുന്നില്ല. രാജുവിന്റെ കൈകൊണ്ട് കൊല്ലപ്പെടേണ്ടവൻ. ഇപ്പോൾ നിന്റെ കക്ഷി ചെയ്യുന്നത് ഒട്ടും ശരിയാണെന്നു എനിക്ക് തോന്നുന്നില്ല. ഒരു കുടുംബം നശിപ്പിച്ചവൻ. അവനെ എന്തിനു സഹായിക്കണം” - എന്നൊക്കെ പറയണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ വികാരങ്ങൾ അല്ലെങ്കിൽ ഇമോഷൻസ് വികാരവിക്ഷോഭങ്ങൾ.. അത് ഒരു പരിധി വരെ നിയന്ത്രിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.