ADVERTISEMENT

"ഇന്നേക്ക് രണ്ട് ദിവസം ആയിരിക്കുന്നു താൻ വീട് വിട്ട് ഇറങ്ങിയിട്ട് അല്ല വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടിട്ട്" രണ്ട് ദിവസമായിട്ട് ഫെഡറൽ ബാങ്കിലെ സെക്യൂരിറ്റി വാസുവേട്ടന്റെ കാരുണ്യത്താൽ ബാങ്കിന്റെ മുൻവശത്ത് കിടക്കുവാനൊരിടം കിട്ടി. ബാങ്ക് ശനിയും ഞായറും അവധിയായതിനാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എന്റെ മനസ്സ് പഴയ കാലത്തിലേക്ക് തിരിച്ചു പോയി. വർഷങ്ങൾക്ക് മുൻപ് മണലാരണ്യത്തിൽ കഷ്ടപ്പെട്ട് കിട്ടുന്നത് മുഴുവൻ സഹോദരങ്ങൾക്ക് അയച്ചു കൊടുത്തു. അവരൊക്കെ നല്ല വീട് കെട്ടി. അവരുടെ കല്യാണം മുഴുവൻ ചിലവും എടുത്ത് നടത്തി കൊടുത്തു. പക്ഷേ തന്റെ പേരിൽ ഒന്നും സ്വരൂപിച്ചു വച്ചില്ല. ഗൾഫിൽ ജോലി ചെയ്യുന്ന സമയം തന്റെയും വിവാഹം നടന്നു വളയത്തുനിന്നാണ് വിവാഹം കഴിച്ചത്. അതിൽ രണ്ട് ആൺമക്കളെ ദൈവം തനിക്ക് തന്നു. സന്തോഷത്തിന്റെ വർഷങ്ങളായിരുന്നു പിന്നീട്. ഇടയ്ക്ക് നാട്ടിൽ വന്നാൽ മക്കളും ഭാര്യയും മാത്രമുള്ള ഒരു ലോകം.. വർഷങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷവും കാര്യമായി ഒന്നും വീട്ടിലേക്ക് അയക്കാൻ കഴിയാറില്ല. സഹോദരങ്ങളുടെ വീട് പണി മറ്റ് ആവശ്യങ്ങൾ എല്ലാത്തിനും ഞാൻ മാത്രമല്ലെ ഉള്ളൂ. 

കുറെ വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചു വന്ന താൻ ഒരു പലചരക്ക് കടയിട്ടു പക്ഷേ അത് വേണ്ട വിധം വിജയിച്ചില്ല. അപ്പോഴെക്കും ശരീരം തന്നെ തളർത്തിയിരുന്നു. മറ്റ് ജോലിക്ക് പോകാൻ സാധിക്കാതായി അതോടെ ഭാര്യക്കും മക്കൾക്കും താനൊരു ബാധ്യതയായി തീർന്നു. അവർ ഓരോന്നും പറഞ്ഞ് കുറ്റപ്പെടുത്താൻ തുടങ്ങി. നിങ്ങൾ എന്തുണ്ടാക്കി ഈ കുടുംബത്തിനു വേണ്ടി എല്ലാം അനിയൻമാർക്കും ചേട്ടൻമാർക്കും അല്ലെ കൊടുത്തത്. അവർ പറയുന്നതിൽ കാര്യമുണ്ട് താൻ സ്വയം ആശ്വസിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കൂടി  വന്നു കൊണ്ടിരുന്നു. അങ്ങനെയൊരുനാൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പാനൂരിലുള്ള സഹോദരന്റെ വീട്ടിൽ എത്തി. തന്റെ അധ്വാന ഫലമാണ് ഈ വീട് ഇവിടെ ആരും തന്നെ ഇറക്കി വിടില്ല. വീടിനു മുന്നിൽ എത്തിയപ്പോൾ ഉമ്മറ കോലായിൽ കസേരയിൽ പത്രം വായിച്ചിരിക്കുകയായിരുന്നു തന്റെ സഹോദരൻ. തന്നെ കണ്ടതും അവൻ ചിരിച്ചു. പക്ഷേ തന്റെ കൈയ്യിൽ ഒരു ബാഗ് കണ്ടതോടെ ആ ചിരി മാഞ്ഞു. ഞാൻ ഉമ്മറത്ത് എത്തി അവനെ നോക്കി ചിരിച്ചു. 

പക്ഷേ തിരിച്ചു ഒന്നും ചോദിക്കാതെ അവൻ അകത്തേക്ക് പോയി അടുക്കളയിൽ ആയിരുന്ന ഭാര്യയോട് പറഞ്ഞു ഏട്ടൻ ഭാര്യവീട്ടിൽ നിന്നും പിണങ്ങി വരികയാണെന്നു തോന്നുന്നു പുറത്ത് ഒരു ബാഗുമായി വന്നിട്ടുണ്ട്. പുറത്ത് നിന്നും ഞാൻ ഇവരുടെ സംഭാഷണം കേൾക്കുന്നുണ്ട്. അവന്റെ ഭാര്യ പൊട്ടിത്തെറിക്കുകയാണ്... ദേ മനുഷ്യാ വീട്ടിൽ കയറ്റി പാർപ്പിക്കുന്നതൊക്കെ ശരി വയ്യാത്ത മനുഷ്യനാണ്  അയാളെ പരിചരിക്കാൻ ഒന്നും എന്നെ കിട്ടില്ല. സംഭാഷണങ്ങൾക്കൊടുവിൽ അവർ തീരുമാനിച്ചു ഒരാഴ്ച ഇവിടെ നിക്കട്ടെ എന്നിട്ട് ഏട്ടന്റെ വീട്ടിൽ പോകട്ടെ, അവൻ പുറത്തേക്ക് വന്നു. എന്റെ കൈയ്യിലെ ബാഗ് വാങ്ങി എന്നോട് ഉള്ളിൽ കയറിയിരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അവന്റെ പിന്നാലെ നടന്നു. ഒരാഴ്ച മുഴുവൻ നിൽക്കാൻ സാധിച്ചില്ല അവന്റെ 19 വയസ്സുള്ള മകൻ ടോയ്‌ലറ്റ് ശരിക്കും വൃത്തിയാക്കിയില്ലെന്ന് പറഞ്ഞു ബഹളം വച്ചു. അവസാനം രാത്രി തന്റെ അനുജൻ തന്നെ ഇറക്കി വിട്ടു. പാവം അവന് സങ്കടമുണ്ട്. അച്ഛൻ അവന് ഒരു വയസ്സുള്ളപ്പോൾ മരണപ്പെട്ടതാണ് പിന്നെ അവന്റെ അച്ഛനും ചേട്ടനും ഒക്കെ താനായിരുന്നു. പക്ഷേ ഭാര്യയുടെയും മക്കളുടെയും ഭരണമാണ് വീട്ടിൽ. അവിടെ നിന്നും ഇറങ്ങിയ താൻ പിന്നെ മറ്റ് സഹോദരങ്ങളുടെ വീട്ടിൽ ഒന്നും പോയില്ല. അങ്ങനെയാണ് ഇവിടെ ബാങ്കിന്റെ മുന്നിൽ താൽക്കാലിക അഭയം തേടിയത്.

ഇന്ന് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ബാങ്ക് തുറക്കുകയാണ്. അവര് വന്നാൽ തന്നോട് ഇവിടുന്നു പോകാൻ പറയുമോ എന്തോ അങ്ങനെ ഓരോന്നും ചിന്തിച്ച്  ഒന്നു മയങ്ങി. കണ്ണുതുറന്നപ്പോൾ മുന്നിൽ ഒരാൾ തന്നെ നോക്കി നിൽക്കുവാണ്. ബാങ്കിലെ ജീവനക്കാരനാണ് എന്ന് തോന്നുന്നു അതെ അയാൾ ബാങ്കിലെ ജീവനക്കാരൻ തന്നെയാണ് ബാങ്കിന്റെ ഐഡി കാർഡ് ധരിച്ചിട്ടുണ്ട്. താൻ കണ്ണ് തുറന്നത് കണ്ട് അയാൾ എന്നോട് എന്താ ഇവിടെ ഇരിക്കുന്നേ എന്ന് ചോദിച്ചു.. ഞാൻ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു. ഉടൻ അയാൾ തന്റെ പേഴ്സിൽ നിന്നും നൂറ് രൂപ എടുത്ത് നീട്ടിയതിന് ശേഷം ചായ കുടിച്ചിട്ടു വരാൻ ആവശ്യപ്പെട്ടു. താൻ വേണ്ടെന്ന് പറഞ്ഞു നോക്കി അയാൾ സമ്മതിച്ചില്ല. ശേഷം അയാൾ ആരെയോ ഫോൺ ചെയ്ത് എന്തോ പറയുന്നത് കേട്ടു. അൽപ സമയത്തിന് ശേഷം ജനമൈത്രി പൊലീസും  പൊതു പ്രവർത്തകരും ഒക്കെ എത്തിചേർന്നു. അവരും എന്നോട് എല്ലാം ചോദിച്ചു മനസ്സിലാക്കി. 

താൻ അവരോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു തനിക്ക് വീട്ടിൽ തല ചായ്ക്കാനൊരിടം മാത്രം മതി. താൻ എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചോളാം. അവർ തന്റെ അനുജന്റെ വീട്ടിലേക്ക് പോയി സംസാരിക്കാം എന്ന് പറഞ്ഞു കൊണ്ട് ജീപ്പുമെടുത്ത് പോയി. വീണ്ടും ഒന്നു മയങ്ങി എണീറ്റപ്പോൾ മുന്നിൽ അനുജൻ തന്റെ തെറ്റ് മനസ്സിലാക്കി വന്നതാണ്. കുമാരേട്ടാ മാപ്പ് മാപ്പ് അവൻ പൊട്ടിക്കരഞ്ഞു. ഞാനവനെ തന്നോട് ചേർത്ത് ആശ്വസിപ്പിച്ചു. സാരമില്ലെടാ നീ വന്നല്ലോ സന്തോഷമായെടാ ഏട്ടന് സന്തോഷമായി. ഞാനും അനുജനും  ബാങ്കിലെ ജീവനക്കാരനോട് യാത്ര പറഞ്ഞു സന്തോഷത്തോടെ  വീട്ടിലേക്ക് നടന്നു. കുറച്ചു നടന്നു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടു ഞങ്ങൾ പോകുന്നതും  നോക്കി അയാൾ അവിടെ തന്നെ നിൽക്കുകയാണ്. നൻമയും മനുഷ്യത്വവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബന്ധങ്ങൾക്ക് പോലും വിലകൽപ്പിക്കാത്ത  ഈ കാലഘട്ടത്തിലും നല്ലവനായ ആ ബാങ്ക് ജീവനക്കാരനെ പോലെ ഉള്ളവർ ഉണ്ടെന്നത് ആശ്വാസകരം തന്നെ.

English Summary:

Malayalam Short Story ' Njan Anathan Alla ' Written by Anil Kootteri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com