കീർത്തിയെ കാത്തിരുന്ന ഭീഷണിക്കത്ത്; സൂസന്റെ ആത്മഹത്യയും പിന്തുടരുന്നയാളും തമ്മിലെന്തു ബന്ധം?
Mail This Article
അധ്യായം: പന്ത്രണ്ട്
"എനിക്കറിയില്ലെടോ... എന്തായാലും അയാളൊരു സാധാരണക്കാരനല്ല. മൂർച്ചയേറിയ വാക്കുകളാണ് അയാളുടേത്. വാക്കുകൾ അറിഞ്ഞുപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അവ മനസ്സിൽ തുളഞ്ഞു കയറും. ഒന്നിനേയും കൂസാത്ത ആ സംസാരത്തിന് മുന്നിൽ ആരും തോറ്റ് പോകും. എന്ത് പറയണമെന്നും എന്ത് ചെയ്യണമെന്നും വ്യക്തമായ ധാരണയുള്ള ഒരാളാണയാൾ എന്നാണ് എനിക്ക് തോന്നിയത്."
"ഏതെങ്കിലും മാഫിയയുടെ ആളായിരിക്കും മാഡം. അല്ലെങ്കിൽ മാഡം ശിക്ഷ വാങ്ങിക്കൊടുത്ത ഏതെങ്കിലും ക്രിമിനലായിരിക്കും. അങ്ങനെയാണെങ്കിൽ രണ്ട് ഓപ്‌ഷനുകളാണ് ഉള്ളത്. ഒന്നുകിൽ അയാളുമായി ഒരു സെറ്റിൽമെന്റിന് തയ്യാറാവുക. അല്ലെങ്കിൽ ഡിപ്പാർട്മെന്റിനോട് പ്രൊട്ടക്ഷൻ ആവശ്യപ്പെടുക." അനിരുദ്ധ് ഇത് പറഞ്ഞപ്പോൾ കീർത്തിയുടെ ചുണ്ടിൽ ഒരു വിളറിയ ചിരി പ്രത്യക്ഷപ്പെട്ടു.
ക്ഷീണിച്ച കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൾ പറഞ്ഞു: "സെറ്റിൽമെന്റും പ്രൊട്ടക്ഷനും..! എടോ, ഇതൊക്കെ ഉണ്ടായിട്ടും ഇവിടെ പോലീസുകാർ അപകടത്തിലാകുന്നില്ലേ? നമ്മളെ അപകടത്തിലാക്കണമെന്ന് ദൃഢനിശ്ചയം ചെയ്തൊരുത്തൻ ഇറങ്ങിത്തിരിച്ചാൽ തീർച്ചയായും അവനത് സാധിച്ചിരിക്കും. അതിന് തടസ്സമാകുന്ന സകലതിനേയും അവൻ മറികടക്കുക തന്നെ ചെയ്യും. മാർഗരറ്റിന്റെ കാര്യം തന്നെ എടുക്കാം. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു മുഹാജിർ. പക്ഷേ അയാളെ അവർ കൊത്തിനുറുക്കി. അതാണ് ഞാൻ പറഞ്ഞത്, മനസ്സാണ് എല്ലാം നിയന്ത്രിക്കുന്നത്. മനസ്സുകളിൽ ഉടലെടുക്കുന്ന ശക്തമായ തീരുമാനങ്ങളെ തടഞ്ഞു വെക്കാൻ ഒന്നിനുമാകില്ല."
"അപ്പോ...ഇനി എന്ത് ചെയ്യും?" അനിരുദ്ധ് പരിഭ്രമത്തോടെ ചോദിച്ചു.
"വരട്ടെ... നോക്കാം. മരിക്കാൻ എന്തായാലും എനിക്ക് ഭയമില്ല." അവൾ എഴുന്നേറ്റശേഷം പറഞ്ഞു: "എന്റെ ഫോൺ ഞാൻ സ്വിച്ച് ഓഫ് ചെയ്യുകയാണ്.അയാൾ എന്നെ പിന്തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ നീക്കം പരാജയപ്പെടുത്താമല്ലോ. നീ നിന്റെ ഫോണിൽ നിന്നും എസ്.പി സാറിന്റെ നമ്പറൊന്ന് ഡയൽ ചെയ്യ്.ഞാൻ അദ്ദേഹവുമായി ഒന്ന് സംസാരിക്കട്ടെ..."
"ശരി മാഡം..."-അനിരുദ്ധ് ഉടൻ തന്നെ തന്റെ ഫോണിൽ നിന്നും എസ്.പിയെ വിളിച്ചു. ഫോൺ അവൾക്ക് കൈമാറി. അവൾ വിശദമായിത്തന്നെ എസ്.പിയോട് കാര്യങ്ങൾ പറഞ്ഞു. അയാൾ എല്ലാം ക്ഷമയോടെ കേട്ടു. അൽപ്പസമയത്തെ ആലോചനക്കുശേഷം അയാൾ പറഞ്ഞു: "കീർത്തീ... അനിരുദ്ധിന്റെ ക്വാർട്ടേഴ്സിൽ തന്നെ വെയിറ്റ് ചെയ്യ്. അരമണിക്കൂറിനുള്ളിൽ നമ്മുടെ ആളുകൾ അവിടെയെത്തും. അവർ നിനക്ക് മറ്റൊരു ഫോണും സിമ്മും തരും. തൽക്കാലം അതുപയോഗിക്കുക. നിന്റെ ഫോൺ നീ ഉപയോഗിക്കേണ്ട. പക്ഷേ ഓൺ ചെയ്ത് വെക്കണം. അല്ലെങ്കിൽ നീ ചില മുൻകരുതലുകളൊക്കെ എടുക്കാൻ തുടങ്ങിയെന്ന് അയാൾക്ക് മനസ്സിലാകും. അത് നമുക്ക് കൈയെത്തിപ്പിടിക്കാവുന്നതിനുമൊക്കെ അപ്പുറത്തേക്ക് അയാൾ മാറിക്കളയാൻ കാരണമാവുകയും ചെയ്യും. അയാൾ നിന്നെ ലൊക്കേറ്റ് ചെയ്യും എന്നുറപ്പാണ്. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് നമ്മുടെ ആളുകൾക്കൊപ്പമല്ലാതെ തനിച്ചെങ്ങും പോകേണ്ട. അയാൾ നാളെ രാവിലെ വിളിക്കുമല്ലോ. ബാക്കി കാര്യങ്ങൾ നമുക്ക് അപ്പോൾ നോക്കാം. നീ അയാളുടെ കോളിന്റെ ഡീറ്റൈൽസും ക്ലിപ്‌സും എനിക്ക് അയച്ചേക്ക്. നിന്റെ വീട് കാവലിന് ഞാനൊരു കോൺസ്റ്റബിളിനെ ഏർപ്പാടാക്കാം."
"ശരി സർ." ഫോൺ കട്ടായി. എസ്.പി പറഞ്ഞത് പോലെ അവൾ അനിരുദ്ധിന്റെ ക്വാർട്ടേഴ്സിൽ തന്നെയിരുന്നു.അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പോലീസ് വണ്ടി ആ ക്വാർട്ടേഴ്സിന്റെ മുന്നിൽ വന്ന് നിന്നു. ഒരു എ.എസ്.ഐയും കോൺസ്റ്റബിളും വണ്ടിയിൽ നിന്നിറങ്ങി. രണ്ടുപേരും അവിടേക്ക് വേഗത്തിൽ നടന്നെത്തി അവളെ സല്യൂട്ട് ചെയ്തു.
"ഞങ്ങൾ എസ്.പി ദീപക് സാർ പറഞ്ഞിട്ട് വന്നതാണ് മാഡം." ഇതും പറഞ്ഞ് എ.എസ്.ഐ ഒരു പാക്കറ്റ് അവൾക്ക് നൽകി. അതിൽ ഫോണും സിമ്മുമൊക്കെ ഉണ്ടായിരുന്നു. അവൾ സിം ആ മൊബൈലിലിട്ട് അത് ആക്ടീവേറ്റ് ചെയ്തശേഷം തന്റെ മൊബൈൽ ഓൺ ചെയ്തു.
"മാഡം വരൂ. വീട് വരെ ഞങ്ങൾ കൂടെ വരാം." എ.എസ്.ഐ പറഞ്ഞു.
"ശരി." അവൾ അനിരുദ്ധിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. പോലീസ് വണ്ടി അവളുടെ കാറിനെ പിന്തുടർന്നു. വീടിന് മുന്നിൽ എത്തിയപ്പോൾ അവൾ പോലീസുകാരെ കൈവീശി യാത്രയാക്കി. അവൾ പോർച്ചിൽ കാർ നിർത്തി കോളിംഗ് ബെല്ലടിച്ചു. അമ്മയാണ് വാതിൽ തുറന്നത്.
"മോളെന്താ വൈകിയത് ?" അമ്മ ചോദിച്ചു.
"മീറ്റിങ് ഉണ്ടായിരുന്നമ്മേ." കള്ളമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ അവൾ അമ്മയുടെ മുഖത്ത് നോക്കാതെയാണിത് പറഞ്ഞത്.
"അതേയ്... ഒന്ന് നിന്നേ" തന്റെ മുറിയിലേക്ക് നടക്കാനൊരുങ്ങിയ അവളെ അമ്മ തടഞ്ഞു നിർത്തി. പിന്നെ ചെറിയൊരു എൻവലപ്പ് എടുത്ത് അവൾക്ക് നൽകി.
"ഇത് നിനക്ക് തരാൻ പറഞ്ഞ് ഒരു പയ്യൻ കൊണ്ട് തന്നതാണ്." അവളുടെ കണ്ണുകൾ മിഴിഞ്ഞു.
"ഏത് പയ്യൻ..? ഏത് പയ്യനാണ് വന്നത്..?" അവൾ ഒരൽപ്പം സംഭ്രമത്തോടെ ചോദിച്ചു.
"ഇതിന് മുൻപ് കണ്ട് പരിചയമില്ല മോളേ... വല്ലവരും വല്ല പരാതിയും എഴുതിക്കൊടുത്ത് വിട്ടതായിരിക്കും." ഇതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി. അവൾ വേഗത്തിൽ മുറിയിലേക്കെത്തി. പിന്നെ ആകാംക്ഷയോടെ ആ എൻവലപ്പ് തുറന്നു.
ആ എൻവലപ്പിനകത്ത് ഒരു ചെറിയ കടലാസിൽ ടൈപ്പ് ചെയ്തിരിക്കുന്നു.
“കോൾ ട്രാക്ക് ചെയ്യാൻ പറ്റിയില്ല. അല്ലേ? പക്ഷെ വിവരങ്ങൾ ഡിപ്പാർട്മെന്റിനെ അറിയിച്ചു. അത് മണ്ടത്തരമായിപ്പോയി കേട്ടോ. സ്വന്തം കുഴിതോണ്ടുന്ന ഏർപ്പാടായിപ്പോയി. സൂസന്റെ ആത്മഹത്യക്ക് പിന്നിലെ യാഥാർഥ്യങ്ങൾ പുറംലോകമറിയാൻ നീ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കിൽ രാവിലെ കൃത്യം ഏഴ് മണിക്ക് ഒറ്റക്ക് രഹസ്യമായി കണ്ടെയ്‌നർ ടെർമിനലിനടുത്തുള്ള പാലത്തിനടുത്ത് വരിക."
അയാൾ തന്റെ വളരെ അടുത്തുണ്ട്..! തന്റെ ഓരോ നീക്കവും അറിയുന്നുണ്ട്..!
വല്ലാത്തൊരു തളർച്ചയോടെ അവൾ കിടക്കയിലേക്കിരുന്നു. തന്റെ ശരീരമാകെ ഒരുതരം വിറയൽ അനുഭവപ്പെടുന്നത് അവളറിഞ്ഞു.അവൾക്ക് തല കറങ്ങി. സൂസൻ പിന്നെയും പിന്നെയും തന്നെ പിന്തുടരുകയാണ്. വേട്ടയാടുകയാണ്. എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയ സത്യങ്ങൾ വീണ്ടും എങ്ങനെയാണ് പൊന്തിവരുന്നത്? തന്റെ നല്ല കാലം അസ്തമിക്കുകയാണോ? തിരിച്ചടികൾക്ക് തുടക്കമാവുകയാണോ? തിരിച്ചിറക്കത്തിന് തുടക്കമാവുകയാണോ? ആർക്കുമറിയാത്ത യാഥാർഥ്യങ്ങൾ അറിയാമെന്നും പറഞ്ഞ് പൊടുന്നനെ ഒരാൾ രംഗപ്രവേശം ചെയ്തതിന്റെ അർത്ഥമെന്താണ്? ആരാണ് ഇതിന്റെ പിന്നിൽ? ഭയത്തോടെയും അത്ഭുതത്തോടെയും അവൾ ചിന്തിച്ചത് അതാണ്.
അവൾ ലൈറ്റണച്ച് കിടന്നു.
"കഴിക്കുന്നില്ലേ മോളേ..." അമ്മ വിളിച്ചു ചോദിച്ചു.
"എനിക്കിപ്പോ വേണ്ട അമ്മേ... ഞാനിത്തിരി നേരമൊന്ന് കിടക്കട്ടെ." അവൾ ദുർബലമായ ശബ്ദത്തിൽ പറഞ്ഞു. ആ രാത്രി അവൾ ഉറങ്ങിയില്ല.ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ മുട്ടിത്തിരിഞ്ഞുകൊണ്ടിരുന്നു. ഭയാശങ്കകൾ അവളെ പൊതിഞ്ഞു നിന്നു.ആർക്കും കീഴടങ്ങാത്ത പ്രകൃതവും ,ഒന്നിലും തളരാത്ത മനസ്സും തനിക്ക് നഷ്ടമാകുന്നത് അവൾ അറിയുകയായിരുന്നു. സൂസൻ എന്ന സങ്കടം, കുറ്റബോധം ഒരു വല്ലാത്ത ടെൻഷനായി തന്നെ വരിഞ്ഞുമുറുക്കുന്നത് അവൾ അറിയുകയായിരുന്നു. അവളെ വിളിച്ചയാൾ അവൾക്ക് ശുഭരാത്രി നേർന്നു. നല്ല സ്വപ്‌നങ്ങൾ ആശംസിച്ചു. അതിന്റെ യഥാർത്ഥ അർത്ഥം അവൾ തിരിച്ചറിയുകയായിരുന്നു. നിദ്രാവിഹീനമായ കാളരാത്രിയും, അസ്വസ്ഥതകൾ പെരുമ്പറ കൊട്ടുന്ന യമങ്ങളും..! ഇതാണയാളുടെ ആശംസയുടെ പൊരുൾ.
ഒരുവിധത്തിലാണവൾ നേരം വെളുപ്പിച്ചത്. ആറ് മണിക്കുതന്നെ റെഡിയായി ഇറങ്ങി. സുഹൃത്തിനെ കണ്ടിട്ട് വരാമെന്ന് അമ്മയോട് പറഞ്ഞു. എസ്.പി കൊടുത്ത ഫോൺ അവൾ എടുത്തില്ല. തന്റെ പേർസണൽ ഫോൺ തന്നെ കൈയിലെടുത്തു. വീടിന്റെ മുന്നിൽ ഒരു കോൺസ്റ്റബിളിനെ ഡ്യൂട്ടിക്കിട്ടിരുന്നു.അയാൾ മഫ്ടിയിലായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയൊരു കാവൽ അവിടെയുണ്ടെന്ന് ആരും അറിയരുത് എന്ന് എസ്.പിക്ക് നിർബന്ധമുണ്ടായിരുന്നു. കീർത്തിയുടെ മനോഗതവും അതുതന്നെയായിരുന്നു. ആ സെക്യൂരിറ്റിക്കാരന്റെ കണ്ണ് വെട്ടിക്കാനായി അവൾ വീടിന് പിന്നിലെ പറമ്പിലൂടെ റോഡിലേക്കെത്തി. പിന്നെ ഒരു ഓട്ടോ പിടിച്ച് കണ്ടെയ്‌നർ ടെർമിനലിന്റെ അടുത്തുള്ള പാലത്തിലെത്തി. തനിക്ക് കിട്ടിയ കുറിപ്പിൽ പറഞ്ഞത് പോലെ ഒറ്റക്ക്, രഹസ്യമായി പറഞ്ഞ സമയത്തിനും മുൻപേ അവൾ അവിടെ എത്തി.
കൃത്യം ഏഴു മണിയായപ്പോൾ ഒരു ചുവന്ന ഇന്നോവ അവിടേക്ക് വന്നു.അത് അവൾ നിൽക്കുന്നതിന്റെ മുന്നൂറടി അകലത്തിൽ നിന്നു. ഉടനെ ആരും പുറത്തിറങ്ങിയില്ല. അവൾ കാത്ത് നിന്നു.തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും നീക്കങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് വണ്ടിയിലുള്ളവർ എന്നവൾക്ക് മനസ്സിലായി. ഏതാണ്ട് ഇരുപത് മിനിറ്റിന് ശേഷമാണ് ഇന്നോവയിൽ നിന്നും ഒരാൾ പുറത്തിറങ്ങിയത്. അയാൾ വേഗത്തിൽ അവൾക്കടുത്തേക്ക് നടന്നെത്തി. "വരൂ പോകാം..." ഇത്രമാത്രം പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു. അവൾ അയാൾക്ക് പിന്നാലെ ചെന്ന് വണ്ടിയിൽ കയറി.
(തുടരും)