മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവിങ്, 'റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനടക്കാരനെ ഇടിക്കാൻ പോയ വണ്ടി...'
Mail This Article
"നമുക്ക് വഴി തെറ്റിയോ കൂട്ടുകാരാ?" പച്ചപ്പുനിറഞ്ഞ മലനിരകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വിജനമായ മലമ്പാത. വെള്ളപ്പുതപ്പണിഞ്ഞ കറുത്തിരുണ്ട പാറക്കെട്ടുകളുടെ വിദൂര കാഴ്ച. ചൂളം വിളികളോടെ താഴ്‌വരയിൽ നിന്നും വീശിയടിക്കുന്ന കാറ്റ്. പ്രകൃതിയുടെ ആ മനോഹാരിത അൽപ്പം പോലും ആസ്വദിക്കാനാകാത്ത വണ്ണം അമ്പരപ്പ് ഉണ്ടായിരുന്നു നിമിഷങ്ങൾക്ക് മുൻപ് ഞെട്ടി ഉണർന്ന രാജീവന്റെ മുഖത്ത്. "നീയെന്താണ് ഒന്നും പറയാതെ ചിരിക്കുന്നത്?" തന്റെ വാക്കുകൾക്ക് കൂട്ടുകാരൻ പ്രാധാന്യം നൽകുന്നില്ല എന്നു കണ്ടു കൊണ്ടാകണം രാജീവന്റെ വാക്കുകളിൽ അൽപ്പം ദേഷ്യം കലർന്നിരുന്നു. "അല്ലാതെ ഞാൻ എന്താ ചെയ്യാ?" ഡ്രൈവിംഗ് സീറ്റിൽ പിന്നിലേക്ക് ഒന്ന് ആഞ്ഞിരുന്ന് ശരത് രാജീവനെ നോക്കി വീണ്ടും ചിരിച്ചു. "എന്റെ കൂടെ പത്തു വർഷം മുൻപ് കൂടിയതാ ഇവൻ. എനിക്ക് വഴി തെറ്റിയാലും ഇവന് തെറ്റില്ല. ഞാൻ കാണാത്ത വഴികളുണ്ടോ. നടത്താത്ത യാത്രകളുണ്ടോ. ആ എന്നോടാണോ നീ?"
സ്റ്റിയറിംഗിൽ ഒന്ന് തട്ടി അഭിമാനപൂർവ്വം ശരത് പറഞ്ഞു. അവന്റെ മുഖത്ത് വീണ്ടും ചിരി നിറഞ്ഞു. രാജീവന് ഇപ്പോൾ അൽപ്പം ജാള്യതയായി. "എന്നാലും നീയിതെങ്ങോട്ടാ പോകുന്നേ? ഞാൻ വരാത്ത വീഥികൾ, കാണാത്ത കാഴ്ചകൾ. നമ്മളിതെങ്ങോട്ടാ?" രാജീവൻ പകപ്പോടെ ചുറ്റിലും കണ്ണോടിച്ചു. സാമാന്യം വേഗതയിലായിരുന്ന വണ്ടി ഒരു ചെറിയ കയറ്റം കയറാൻ തുടങ്ങുകയായിരുന്നു അപ്പോൾ. ഭൂമിയുടെ ഏറ്റവും അറ്റത്തേക്ക് എന്ന വണ്ണം പ്രകൃതി ചുരുങ്ങി വന്നിരുന്നു. ചുറ്റും ഉയരമുള്ള മലകൾ മാത്രം. മനുഷ്യവാസത്തിന്റെ ചെറു ലക്ഷണം പോലും എവിടേയും കാണപ്പെട്ടിരുന്നില്ല. മലയിടുക്കുകളിലൂടെ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ആദിത്യകിരണങ്ങൾ മാത്രം അവരോടൊപ്പം ആ യാത്രയിൽ കൂട്ടാളിയായി. "നിന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഞാൻ ആശിപ്പിക്കാറുള്ള ആ സ്ഥലമില്ലേ. അവിടേക്കാണ് നമ്മൾ ഇപ്പോൾ പോകുന്നത്." "ഏത് ശിവ ദുർഗിലേക്കോ?" രാജീവന്റെ ആകാംക്ഷയോടെയുള്ള ആ ചോദ്യം കേട്ട് ശരത്, മുഖം അവനു നേരെ ഒന്ന് തിരിച്ച്, 'അതെ' എന്ന് തലയാട്ടി, പിന്നെ ഭാവവ്യത്യാസമൊന്നുമില്ലാതെ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു.
ഒരു വളവുകൂടി തിരിഞ്ഞ് വണ്ടി കുത്തനെ ഉള്ള ഒരു ഇറക്കം ഇറങ്ങാൻ തുടങ്ങി. സൂര്യകിരണങ്ങൾക്ക് പ്രതിരോധം തീർത്തിരുന്ന മഞ്ഞുപാളികൾക്കിടയിലൂടെ രശ്മികൾ ഇടയ്ക്ക്, അവരുടെ മുഖത്ത് സ്വർണ്ണ നിറം വീഴ്ത്തിയിരുന്നു. അലക്ഷ്യമായി പുറം ലോകം വീക്ഷിച്ചിരുന്ന രാജീവൻ എന്തോ ഓർത്തെന്നവണ്ണം ആ സമയം ചോദിച്ചു. "എന്നാലും ആരോടും പറയാതെയുള്ള ഈ യാത്ര... വീട്ടുകാർ കാത്തിരിക്കുന്നുണ്ടാവില്ലേ? ഇന്നലത്തെ കാര്യമോർക്കുമ്പോൾ എനിക്ക് ഭയമാകുന്നു ശരത്." ഇടമുറിയാതെയുള്ള അവന്റെ വാക്കുകൾക്ക് പക്ഷേ മറുപടി ഒന്നും പറയാതെ ശരത് മുന്നോട്ട് തന്നെ നോക്കി ഇരുന്നു. "എനിക്ക് തലയ്ക്കൊക്കെ വല്ലാത്ത ഭാരം അനുഭവപ്പെടുന്നു. വെട്ടിപ്പൊളിയുന്ന പോലെ വേദന. എന്താണ് നമുക്ക് ഇന്നലെ സംഭവിച്ചത്. നമ്മൾ ഇന്നലെ കഴിച്ചത് ഓവർ ആയെന്ന് തോന്നുന്നു". രാജീവൻ ആത്മഗതം പറഞ്ഞ് ശരത്തിനെ നോക്കി. ശരത്തിന്റെ മുഖം ഗൗരവപൂർണ്ണമായിരുന്നു. ചെയ്തത് തെറ്റായി പോയി എന്ന ചിന്ത അവനിലും ഉണ്ടായിരുന്നു എന്ന പോലെ.
"ഒരുപാട് ഇരുട്ടിയല്ലേ നമ്മൾ അവിടെ നിന്നും ഇറങ്ങിയത്. ഇറങ്ങുമ്പോൾ നമ്മുടെ കാലുകൾ നിലത്ത് ഉറച്ചിരുന്നില്ല എന്നും ഞാൻ ഓർക്കുന്നു. വണ്ടി എടുക്കണ്ട ടാക്സി വിളിക്കാം എന്നും ഞാൻ സൂചിപ്പിച്ചതല്ലേ?" "അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ രാജീവ്... ഇനി അതൊക്കെ പറഞ്ഞിട്ടെന്താ?" രാജീവന്റെ പതം പറച്ചിൽ ശരത്തിന് സഹിക്കാതായപോലെ. അതാണ് ശരത്തിന്റെ സ്വഭാവം. കൂടുതൽ ഉപദേശങ്ങളോ അഭിപ്രായങ്ങളോ കേൾക്കുന്നത് ഇഷ്ടമല്ല. സ്വൽപ്പം തന്നിഷ്ടക്കാരനാണ്. എങ്കിലും കാര്യഗൗരവമുള്ളവനാണ്. വളരെ ഊർജ്വസ്വലനും, ആത്മവിശ്വാസവുമുള്ള ചെറുപ്പക്കാരൻ. എന്നാലും എല്ലാം തികഞ്ഞവൻ എന്ന ഒന്നില്ലല്ലോ.. അതുകൊണ്ടു തന്നെയാവാം ശരത്തിലും ചില ദു:സ്വഭാവങ്ങൾ കാണപ്പെട്ടിരുന്നത്. മദ്യം ശരത്തിനെ ആണ് കുടിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകും. "ജീവിതത്തിൽ ഒരുപാട് നേടി. ഉയർന്ന ഉദ്യോഗം, സമ്പത്ത്, എന്നാലും പൂർണ്ണത എത്താത്ത പോലെ." തങ്ങളുടെ ഒഴിവുവേളകളിലെ കൂടിച്ചേരലിൽ ശരത് രാജീവിനോടു പങ്കുവെക്കാറുള്ളതാണ് ആ വാക്കുകൾ.
പരസ്പരം യോജിക്കാനാവാതെ, മധുവിധു തീരും മുൻപേതന്നെ ഒഴിയേണ്ടി വന്നതാണ് ശരത്തിന് ദാമ്പത്യം. അന്നു മുതലാകണം അവന്റെ കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ വന്നു തുടങ്ങിയത്. "പൊലീസിന് നമ്മളെ മനസ്സിലായി കാണുമോ ശരത്?" ശരത്തിൽ നിന്നും മറുപടികൾ ഒന്നും കൃത്യമായി കിട്ടുന്നില്ലെങ്കിലും ഒരു ഇടവേളയ്ക്കു ശേഷം രാജീവൻ തന്റെ ആവലാതികൾ വീണ്ടും തുടർന്നു. "ഇല്ല... മനസ്സിലായി കാണില്ല. അവർ നോട്ട് ചെയ്യുന്നതിനു മുന്നേ നമ്മൾ പറത്തി വിട്ടില്ലേ?" സ്വയം അങ്ങനെ പറഞ്ഞ് രാജീവൻ ആശ്വസിച്ചു. "അവിടെ നിന്ന് ഇറങ്ങിയതും അവരുടെ വായിലല്ലേ ചെന്നുപെട്ടത്. അല്ലേ... ഭാഗ്യം.. വണ്ടിയെങ്ങാനും നിർത്തിയിരുന്നേൽ സ്റ്റേഷനിൽ കിടക്കേണ്ടി വന്നേനെ.." രാജീവൻ ഒന്ന് നെടുവീർപ്പിട്ടു. റോഡരുകിലെ മരത്തിലൂടെ ചാടിച്ചാടി നടക്കുന്ന കുരങ്ങിൻ കൂട്ടത്തിനു നേർക്ക് വെറുതെ ഒന്ന് നോട്ടമെറിഞ്ഞു. "അവർ നമ്മളെ ഫോളോ ചെയ്തിരുന്നു. കുറേ നേരം" മൗനത്തിനു വിരാമമിട്ട് ശരത്തിന്റെ വാക്കുകൾ.. "യേസ് യേസ് ഞാൻ ഓർക്കുന്നു. നീ അത്രയും സാഹസികമായി വണ്ടി ഓടിച്ചതു കൊണ്ടാ നമ്മൾ പിടി കൊടുക്കാതെ രക്ഷപ്പെട്ടത്..." രാജീവന്റെ ആ പറച്ചിൽ കേട്ട് ശരത്തിന് അഭിമാനം കുറച്ചു കൂടിയതുപോലെ... രാജീവന് മദ്യപാനം ശീലമുള്ളതൊന്നുമല്ല. എന്നാലും പ്രിയ സുഹൃത്ത് വിളിക്കുമ്പോൾ പോകാതിരിക്കുന്നത് എങ്ങനെയാണ്. ഓഫീസിൽ നിന്ന് ഇറങ്ങി നേരെ പോയതാണ് ബാറിലേക്ക്.
"നീ ശ്രദ്ധിച്ചിരുന്നോ വരുന്ന വഴി നമ്മുടെ വണ്ടി ഒരു കാൽനടക്കാരനെ ഇടിക്കാൻ പോയത്. കറുത്ത റെയിൻ കോട്ടും തൊപ്പിയും ധരിച്ച ഒരാൾ.. നാശം പിടിച്ചവൻ. നമ്മൾ പിടി കൊടുക്കാതിരിക്കാൻ വേഗതയിൽ വരുമ്പോഴാണ് റോഡ് ക്രോസ് ചെയ്യാൻ കണ്ടത്. വണ്ടി അയാളെ തട്ടി കാണുമെന്നാ ഞാൻ കരുതിയത്. അത്ര അടുത്തെത്തിയിരുന്നു അയാൾ.. ഇനി ശരിക്കും അയാളെ വണ്ടി തട്ടി കാണുമോ? അയാൾക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?" രാജീവൻ ഉദ്വേഗത്തോടെ ശരത്തിനെ നോക്കി. അയാൾ പക്ഷേ അതിന് മറുപടി ഒന്നും പറഞ്ഞില്ല. "പിന്നെയും ഓർമ്മയില്ലേ ആ വളവിൽ വെച്ച് നമ്മുടെ നേർക്ക് പാഞ്ഞടുത്ത ആ ആന വണ്ടി. എങ്ങനെയാ അതിൽ നിന്നും നമ്മൾ രക്ഷപ്പെട്ടത്. ഓർക്കുമ്പോഴേ ഭയമാകുന്നു..." രാജീവൻ കണ്ണുകൾ ചേർത്തടച്ചു ചാരിയിരുന്നു. എന്തോ ആലോചിക്കുന്നപോലെ അൽപ്പനേരം നിശബ്ദനായി... "പിന്നെ എപ്പോഴാണ് ഞാൻ ഉറങ്ങിപ്പോയത് ശരത്. പിന്നീട് ഉള്ള ഒന്നും എനിക്ക് ഓർമ്മയില്ല. ഇന്ന് ഈ പുലരിയിൽ ഈ മലനിരകളിലൂടെ സഞ്ചരിക്കുന്നത് വരെ.. നീയെന്താ എന്നെ ഉണർത്താതിരുന്നത്." ശരത് ഒന്നു ചിരിച്ചു. കുറച്ച് ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു. "ദാ... അവിടെയാണ് ശിവദുർഗ്"
ഉയരമുള്ള മലകൾക്കിടയിൽ ഒരുക്കിയ മനോഹരമായ ഒരു ഉദ്യാനം. ചുവപ്പും മഞ്ഞയും കലർന്ന പൂക്കളാൽ സമൃദ്ധമായ മരങ്ങൾ. ഒരുപോലെ ഒരുക്കി നിർത്തിയ കുറ്റിച്ചെടികളിൽ, അതിഥികളെ സ്വീകരിക്കാനെന്നവണ്ണം തലയാട്ടി നിൽക്കുന്ന പലവർണ്ണ പൂക്കൾ. പൂദളങ്ങളിൽ ചുണ്ടുകൾ ചേർത്തുരുമ്മി നാണത്തോടെ പാറിയകന്ന്, അതിമോഹത്താൽ വീണ്ടും വട്ടമിട്ടുപറക്കുന്ന ഏഴുനിറങ്ങളുള്ള ശലഭങ്ങൾ. പകലെന്നോ രാത്രിയെന്നോ തോന്നാത്തവണ്ണം പ്രകാശം പെയ്തിറങ്ങുന്ന പ്രകൃതി. മരങ്ങളിൽ നിന്നും ഊർന്നു വീഴുന്ന മഞ്ഞുകണങ്ങൾ. ശരത് വണ്ടി ഒതുക്കി നിർത്തി.. വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ രാജീവൻ പറഞ്ഞു. "മനോഹരമായ സ്ഥലമാണ് ഇത്. നീ എനിക്ക് ഫോട്ടോകൾ കാണിച്ചു തരാറില്ലേ... അതു പോലെ തന്നെ.. ആ പച്ചപ്പും കുന്നുകളും മഞ്ഞും. കൊള്ളാം.. പക്ഷേ, എനിക്ക് തലയ്ക്ക് വല്ലാത്ത ഭാരം ശരത്. തലയ്ക്കുള്ളിൽ എന്തോ വല്ലാത്ത വേദന..." "ഇന്നലെ നീ അമിതമായി കഴിച്ചതല്ലേ. അതുകൊണ്ടാകും. സാരമില്ല. വാ നടക്കാം. ഞാൻ നിനക്ക് ശിവദുർഗ് കാണിച്ചു തരാം..." ശരത് നടന്നു. അനുസരണയുള്ള കുട്ടിയെ പോലെ പിന്നാലെ രാജീവനും. ഉദ്യാനം കടന്ന്, മലകളെ ലക്ഷ്യമാക്കിയാണ് അവരുടെ നടപ്പ്. മലയുടെ ഓരം ചേർന്ന് പ്രകൃതി ഒരുക്കിയ ഒരു ഒറ്റയടി പാത. പാതയിൽ വലുതും ചെറുതുമായ കല്ലുകൾ നിരത്തിയിരിക്കുന്നു. ഒരുവശത്ത് അഗാധമായ കൊക്ക.
ആ വഴിയിലൂടെ ചിരപരിചിതനെപ്പോലെ ശരത് നടന്നു. മലയുടെ അരികുകളിൽ ചേർന്ന് പാറകളിൽ പിടിച്ച് താഴേക്ക് നോക്കാതെ നടന്ന രാജീവിന്റെ മുഖത്ത് പക്ഷെ ഭയമായിരുന്നു. "ഇത് ദുർഘടം പിടിച്ച സ്ഥലം തന്നെ. എനിക്ക് ഭയമാകുന്നു. നമുക്ക് തിരിച്ചു പോയാലോ ശരത്" "നീ പേടിക്കേണ്ട. ഞാൻ ഇല്ലേ കൂടെ. ഇനി അൽപ്പദൂരം കൂടി.. നിന്റെ ഏതു കാര്യത്തിനും ഉള്ള തോഴനല്ലേ ഞാൻ. ഒരിക്കലെങ്കിലും നിന്നെ ഇവിടെ കൊണ്ടുവരണമെന്ന് ഞാൻ കരുതിയിരുന്നതാണ്." തിരിഞ്ഞു നോക്കാതെ തന്നെ ശരത് പറഞ്ഞു. പാതയ്ക്ക് അൽപം കൂടി വീതിവെച്ചു. ഒരുമിച്ചു നടക്കാമെന്നായപ്പോൾ ശരത് രാജീവന്റെ കൈ പിടിച്ച് ചേർന്നു നടന്നു.. "ഞാൻ പറഞ്ഞിട്ടില്ലേ രാജീവ്.. ഇത് വളരെ ശ്രേഷ്ഠമായ ഒരിടമാണ്. ഒരു വ്യക്തിയുടെ ജീവിതയാത്രയിൽ ഒരിക്കലെങ്കിലും അയാൾ ഇവിടെ വന്നിരിക്കും. കാരണം എന്താണെന്ന് അറിയുമോ? ഭൂമിയിൽ നിന്നും യമപുരിയിലേക്കുള്ള കവാടമായാണ് ഇവിടം അറിയപ്പെടുന്നത്. ശരീരം ത്യജിച്ച് പോകുന്ന ആത്മാവിനെ ഇവിടെ വെച്ചാണ് യമൻ സ്വീകരിച്ച് കൊണ്ടുപോവുക എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇവിടം സന്ദർശിക്കാതെ പോകാൻ ആർക്കും സാധ്യമല്ല" "കേൾക്കുമ്പോൾ തന്നെ ഭയമാകുന്നു ശരത്" രാജീവൻ ശരത്തിന്റെ കൈ മുറുകെ പിടിച്ചു.
വഴി അവസാനിച്ചു. മുന്നിൽ ചെറുതും വലുതുമായ പാറക്കെട്ടുകൾ ദൃശ്യമായി. ഒരു വശത്ത് ഉയരമുള്ള പാറകൾക്കിടയിലൂടെ വെള്ളം താഴേക്കു പതിക്കുന്ന മനോഹര കാഴ്ച. താഴെ പാറയിടുക്കിൽ വന്നടിക്കുന്ന ജലം പതഞ്ഞ് പൊങ്ങി ജലകണങ്ങൾ അവരുടെ മുഖത്തേക്ക് പാറി വീണു കൊണ്ടിരുന്നു. "ഇത് തീർത്തും മനോഹരം തന്നെ ശരത്. പക്ഷേ ഭീതിജനവും..." "അതെ രാജീവ് നീ പറഞ്ഞത് ശരിയാണ്" രാജീവനോട് അങ്ങനെ പറഞ്ഞ്, വെള്ളച്ചാട്ടത്തിനോട് അഭിമുഖമായി, ഉയർന്ന ഒരു പാറയുടെ മുകളിലേക്ക് ശരത് കയറി. വെള്ളത്തിന് സമാന്തരമായി കാലുകൾ തൂക്കിയിട്ട്, നുരഞ്ഞ് പൊങ്ങുന്ന നീർ കുമിളകളിൽ മിഴികൾ പായിച്ചിരുന്നു. "നീ വാ... ഇവിടേക്ക് കയറി ഇരിക്ക്. എന്റെ ചാരത്തായി. ഈ പ്രകൃതിയിലേക്ക് അൽപ്പനേരം നമുക്ക് ചുരുങ്ങാം" ശരത് രാജീവന് നേർക്ക് കൈ നീട്ടി. ആ കൈയ്യിൽ മുറുകെ പിടിച്ച് രാജീവൻ മുകളിലേക്ക് കയറി. ശരത്തിന് അരികിലായി ഇരുന്നു. "നമ്മൾ ഇന്നലെ ചെയ്തത് ശരിക്കും അബദ്ധമാണ് ശരത്. നിനക്ക് അങ്ങനെ തോന്നുന്നില്ലേ.. എനിക്ക് ആ ചിന്തകൾ വിട്ടു പോകുന്നേ ഇല്ല. ഹോ നാശം പിടിച്ച ഈ തലവേദന. അത് കൂടി കൂടി വരുകയാണല്ലോ" രാജീവൻ കൈകളിൽ തല താങ്ങി താഴേക്ക് നോക്കി തല ഒന്നു കുടഞ്ഞു.
രാജീവന്റെ വാക്കുകൾക്ക് പക്ഷേ ശരത് മറുപടി ഒന്നും പറഞ്ഞില്ല. വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു. 'ഇത് തീർത്തും വിജനമായ സ്ഥലം തന്നെ. എന്തുകൊണ്ടായിരിക്കും ഈ മനോഹാരിത ആസ്വദിക്കാൻ ആരും ഇവിടേക്ക് വരാതിരിക്കുന്നത്?' രാജീവൻ ആത്മഗതം പറഞ്ഞ് തലയുയർത്തി ചുറ്റുപാടും കണ്ണോടിച്ചു. അടുത്ത നിമിഷം... എന്തോ കണ്ട് ഞെട്ടി, ചാടി എഴുന്നേറ്റു. "ശരത്.. ദാ... അവിടെ... അവിടേക്ക് നോക്ക്... അവിടെ ഒരാൾ.." രാജീവന്റെ ശരീരം ഭയം കൊണ്ട് വിറച്ചു. മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞു. അവൻ ശ്വാസം ആഞ്ഞു വലിക്കാൻ തുടങ്ങി. അവന്റെ തൊണ്ട വരണ്ടു. വാക്കുകൾ കിട്ടാതെ പതറി. അവൻ പാറകൾക്ക് മുകളിലേക്ക് വിരൽ ചൂണ്ടി നിന്നു. വിക്കി വിക്കി പറഞ്ഞു. "അയാളെ... അയാളെ നമ്മൾ എവിടെയോ കണ്ടിട്ടുണ്ട്. അതെ... അതെ ശരത്. അത് അയാളാണ്. കറുത്ത റെയിൻ കോട്ടും തൊപ്പിയും ധരിച്ച് ഇന്നലെ രാത്രിയിൽ നമ്മൾ കണ്ടില്ലേ... നമ്മുടെ വണ്ടിക്ക് മുൻപിൽ ചാടിയ ആ നാശം പിടിച്ചവൻ.. അയാൾ തന്നെ.. അയാളെങ്ങനെ ഇവിടെ..?" രാജീവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ശരത് തിരിഞ്ഞു. വെള്ളച്ചാട്ടത്തിന് വശങ്ങളിലെ പാറകളിൽ ചവിട്ടി ആയാസപ്പെട്ടു നടന്നു പോകുന്ന ഒരാൾ. ശരത് പാറകളിൽ നിന്ന് താഴെ ഇറങ്ങി. രാജീവന് മുഖം കൊടുക്കാതെ ആ കറുത്ത കോട്ടുകാരനെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
"ശരത്... ശരത്... നീ എന്താണ് കാണിക്കുന്നത്... ആ ഭ്രാന്തനു പുറകെ നീയ്യെന്തിനാണ് പോകുന്നത്.. അവൻ എവിടെ എങ്കിലും പോയി തുലയട്ടെ.'' രാജീവൻ അലറി. ശരത് പക്ഷെ അത് കേട്ടതായി നടിച്ചില്ല.. അവൻ പാറകളിൽ പിടിച്ച് വെള്ളച്ചാട്ടത്തിനരികിലൂടെ കയറാൻ തുടങ്ങി. രാജീവൻ വീണ്ടും അലറി. ശരത്തിനു പുറകെ നടക്കാനായി അവൻ മുന്നോട്ട് ആഞ്ഞെങ്കിലും അവന് സാധിച്ചില്ല. കാലുകൾ പാറകളിൽ ബന്ധിപ്പിക്കപ്പെട്ട പോലെ അവൻ നിശ്ചലനായി നിന്നു. "ശരത്... ശരത്... നീ എന്താണ് ചെയ്യുന്നത്... എന്റെ തൊണ്ട വരളുന്നു. ശരീരം കുഴയുന്നു... ശരത്.. ത്.. ത്.... അമ്മേ.. വെള്ളം... വെള്ളം..." രാജീവന്റെ ചുണ്ടുകൾ വെള്ളത്തിനായി യാചിച്ചു. അവന്റെ ചുണ്ടുകൾ നനഞ്ഞു. വെള്ളം തുള്ളി തുള്ളിയായി ചുണ്ടുകൾക്കിടയിലൂടെ വായിലേക്കിറങ്ങി. തൊണ്ടയിലൂടെ താഴേക്കിറങ്ങിയ തണുപ്പിൽ രാജീവൻ നിശബ്ദനായി. അടക്കിപ്പിടിച്ച സംസാരങ്ങളും തേങ്ങലുകളും രാജീവൻ കേട്ടു. ശിവദുർഗും, ശരത്തും കാഴ്ചയിൽ നിന്നും മാഞ്ഞു. കണ്ണിനെ മൂടി ഇരുട്ടു മാത്രം. തലയ്ക്കുള്ളിലെ അസഹ്യമായ വേദന മാത്രം മാറ്റമില്ലാതെ തുടർന്നു. ചുണ്ടുകൾ ഞൊട്ടി നുണഞ്ഞ് രാജീവൻ ദീർഘനിശ്വാസം എടുത്തു.
"രാജീവൻ... രാജീവൻ" ആരോ തോളിൽ തട്ടി വിളിച്ചു. "കണ്ണുകൾ തുറക്കൂ..." വീണ്ടും ആ സ്വരം. 'ശരത്താവും' രാജീവൻ ബലം പ്രയോഗിച്ച് കണ്ണുകൾ വെട്ടി വെട്ടി പതിയെ തുറന്നു. മങ്ങിയ കാഴ്ചകൾ. കണ്ണിനെ മൂടി മഞ്ഞുകണങ്ങൾ. ആ മൂടലിനിടയിലൂടെ ചെറിയ ഒരു വെളിച്ചം മാത്രം. പതിയെ മഞ്ഞുരുകി തെളിച്ചം വന്നു. മുന്നിൽ അപരിചിത മുഖങ്ങൾ. അവൻ സൂക്ഷിച്ചു നോക്കി. പുറകിലായി ചില പരിചിത മുഖങ്ങളെ കണ്ടു. രാജീവൻ ചുറ്റിലും കണ്ണോടിച്ചു. 'ശരത് എവിടെ.. തൊപ്പിക്കാരന് പുറകെ ശിവദുർഗ് കയറിപ്പോയ അവൻ അയാളെ പിടിച്ചു കാണുമോ..' "ശരത്... ശരത് എവിടെ?" കൂടി നിന്നവരോട് അവൻ ചോദിച്ചു. എല്ലാവരേയും മാറി മാറി നോക്കി. ആരും ഒന്നും പറഞ്ഞില്ല. "ശിവദുർഗിൽ നിന്ന് ഞങ്ങൾ എപ്പോഴാണ് വന്നത്. എന്താ എന്റെ തലയ്ക്ക് ഒരു കനം പോലെ?" അവൻ ഒന്നു ഞരങ്ങി. "ആക്സിഡന്റിൽ, രാജീവന് തലയ്ക്ക് മുറിവു പറ്റിയിട്ടുണ്ട്. സ്റ്റിച്ചും ഇട്ടിട്ടുണ്ട്. അതാ വേദന.." അപരിചിതൻ ഒന്ന് പറഞ്ഞ് നിർത്തി. "സാരമില്ല.. പതിയെ ശരിയാവും... പിന്നെ... ശരത്തിനെ കാണിക്കാം. നിങ്ങൾ ഇപ്പോൾ റെസ്റ്റ് എടുക്കൂ...'' അയാൾ പറഞ്ഞു.. ഒപ്പമുള്ളവർക്ക് എന്തൊക്കെയോ നിർദ്ദേശങ്ങളും കൊടുത്തു.
രാജീവന് ഒന്നും മനസ്സിലായില്ല. ‘എന്താണ് നിങ്ങൾ പറയുന്നത്’ എന്ന മട്ടിൽ അവൻ അയാളെ നോക്കി. മിഥ്യകളും യാഥാർഥ്യവും തിരിച്ചറിയാനാവാതെ അവൻ ഉഴറി. പല പല ചിത്രങ്ങൾ മിന്നിയും മറഞ്ഞും അവന്റെ തലച്ചോറിൽ സംഹാരതാണ്ടവമാടി. അവന്, ശരീരത്തിന് ഭാരം നഷ്ടമായി. ഒരു അപ്പൂപ്പൻ താടി പോലെ അവന്റെ മനസ്സ് പറക്കാൻ തുടങ്ങി. അവന്റെ കാഴ്ചകൾ വീണ്ടും മങ്ങി. കണ്ണുകളിൽ ഇരുട്ടു കയറി. മല കയറിപ്പോകുന്ന കറുത്ത കോട്ടുകാരന്റേയും, പിന്തുടർന്നിരുന്ന ശരത്തിന്റേയും പൊട്ടിച്ചിരികൾ അവന്റെ കാതുകളിൽ മുഴങ്ങി. അത് കാതടപ്പിക്കുന്ന ഒരു ശബ്ദമായി ഉള്ളിൽ നിറഞ്ഞു. വേദന താങ്ങാനാവാതെ വീണ്ടും മയക്കത്തിലേക്കവൻ മറിഞ്ഞു വീണു. ശരത്തിനെ അവൻ വീണ്ടും കണ്ടു. ആരെയോ കാത്തിരിക്കുന്ന പോലെ, ആ വെള്ളച്ചാട്ടത്തിനരികിൽ ഏകനായി അവൻ. രാജീവനെ കണ്ടതും അവൻ ചിരിച്ചു. സന്തോഷത്തോടെ കൈ ഉയർത്തി വീശിക്കാണിച്ചു. പിന്നെ തിരിഞ്ഞു നടന്നു. ശിവദുർഗിന്റെ പാറക്കെട്ടുകൾ കയറി വെള്ളച്ചാട്ടത്തിനരികിലൂടെ മുകളിലേക്ക്.