'അച്ഛൻ ഇങ്ങനെയുള്ള ഒരാളാണെന്ന് ഞാൻ കരുതിയില്ല...', ചെയ്യാത്ത തെറ്റിന് മകൾ പോലും സംശയിക്കുന്നു
Mail This Article
"പെണ്ണിനോട് വേണ്ട തുറിച്ചുനോട്ടം : അതേ... അയാളുടെ നോട്ടം വല്ലാതെ അലോസരപ്പെടുത്തുന്നതായിരുന്നു. ആ 29 സെക്കൻഡുകൾ ജീവിതത്തിലെ 29 ദിവസങ്ങൾ പോലെയാണെനിക്ക് തോന്നിയത്... പ്രതികരിക്കാനാകാതെ മറ്റൊരു വിനീതകുലീനയാവാൻ എനിക്ക് മനസ്സുവന്നില്ല... അവിടെനിന്ന് അടുത്ത സ്റ്റേഷനിൽ ഇറങ്ങി പൊലീസ് കണ്ട്രോൾ റൂമിൽ അറിയച്ചതിനെത്തുടർന്ന് എന്നെ അലോസരപ്പെടുത്തിയ ആ രൂക്ഷ നോട്ടത്തിനുറവിടമായ സ്ത്രീത്വത്തെ ബഹുമാനിക്കാനറിയാത്ത അയാളുടെ കഴുകക്കണ്ണുകളെ നിയമപാലകർക്ക് മുൻപിൽ ഏൽപ്പിക്കാനായതിന്റെ ചാരിതാർഥ്യമുണ്ട് ഈ സമയത്ത്... നാളെ നമ്മളും ഇതുപോലെ പ്രതികരിക്കണം, സ്ത്രീകൾ എന്തിനും ഏതിനും പന്താടാനുള്ള കളിപ്പാവകളാണെന്നാ ഇവറ്റകളുടെ വിചാരം... ആ കുറഞ്ഞസമയം കൊണ്ട് പകർത്തിയ അയാളുടെ ഫോട്ടോകൂടി ഇതോടൊപ്പം ചേർക്കുന്നു... നാളെ എവിടെയെങ്കിലും വച്ച് കണ്ടാൽ ചെരുപ്പുകൊണ്ടാകട്ടെ ഇയാൾക്കുള്ള മറുപടി എന്നോർമ്മിപ്പിച്ച് നിർത്തുന്നു..."
വിലാസിനി തന്റെ ഫേസ്ബുക്കിൽ അപ്പോൾ തന്നെ ചൂടോടെ പങ്കുവച്ചു.. "കലക്കി... സ്ത്രീകളായാൽ ഇങ്ങനെ വേണം...", "പ്രൗഡ് ഓഫ് യുവർ കറേജ് സിസ്റ്റർ...", "എന്തായാലും അവന്റെ ഫോട്ടോ ഇട്ടത് നന്നായി..." അങ്ങനെ പ്രതികരിക്കാനായി മുട്ടിനിൽക്കുന്ന സമൂഹം മുഴുവൻ വിലാസിനിക്കൊപ്പം ആ വിധിയെഴുത്ത് പലകയിൽ ഒത്തുകൂടി... ട്രെയിൻ ഇറങ്ങുമ്പോഴേക്കും ഏകദേശം 1200 ഷെയറും ലൈക്കും ഒക്കെ ആയി... വിലാസിനിയെ അലോസരപ്പെടുത്തിയ ആ നിമിഷങ്ങളുടെ ഭാരം അങ്ങനെ കുറഞ്ഞുവന്നു... അയാളെ പൊലീസിൽ ഏൽപ്പിച്ച് അതേ ട്രെയിനിൽ തന്നെ വിലാസിനി വീട്ടിലേക്ക് മടങ്ങി... "ഇങ്ങോട്ട് നോക്കടാ... നീ പെണ്ണുങ്ങളെ വഴിനടക്കാൻ സമ്മതിക്കില്ല അല്ലേ!... അവന്റെ നോട്ടം കണ്ടില്ലേ... സാർ യവനിട്ട് രണ്ടെണ്ണം കൊടുക്കണം സാർ.." റെയിൽവേ സ്റ്റേഷനിൽ സ്ഥിരം പോക്കറ്റടി കേസിൽ പിടിച്ചകത്തിടുന്ന കത്തിര സാബു ജീപ്പിന്റെ പിൻസീറ്റിലിരുന്നു എസ്.ഐയോട് ഗർജ്ജിച്ചു... "എന്താടോ തന്റെ പേര്?" എസ്.ഐ അയാളോട് ചോദിച്ചു. "രതീശൻ" "സാർ ഞാനൊന്നും ചെയ്തിട്ടില്ല സർ, അവരെന്തോ സംശയത്തിന്റെ പേരിൽ പരാതിപ്പെട്ടതാകാം... പ്ലീസ് ഞാനൊന്ന് പറഞ്ഞോട്ടെ..." രതീശൻ പൊലീസിനോട് സംസാരിക്കാൻ ശ്രമിച്ചു.. "കൊടുക്കലും, വാങ്ങലും, പറച്ചിലും ഒക്കെ അങ്ങ് സ്റ്റേഷനിൽ ചെന്നിട്ടാകാം... നീയങ്ങട് നീങ്ങിയിരിക്ക്... ഹും, കേറടോ..."
അങ്ങനെ അയാളെയും കൊണ്ട് പൊലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും നേരെ പൊലീസ് സ്റ്റേഷനിലെത്തി. ജീപ്പിൽ നിന്നും ഇറങ്ങുമ്പോളാണ് അയാൾ അത് ശ്രദ്ധിച്ചത്.. "ട്രെയിനിൽ വച്ച് യുവതിയെ കടന്നാക്രമിച്ച പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.. റെയിൽവേ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. എരുമക്കയർമുക്ക് സ്വദേശിയാണ് പ്രതി എന്നും, ഇയാൾ ഇതിന് മുൻപും ഇത്തരത്തിലുള്ള കേസുകളിൽ പെട്ടിട്ടുണ്ടെന്നുമാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്നും നമുക്ക് അറിയാൻ സാധിക്കുന്നത്..." 'ആക്രിക്കവല വാപോയ കോടാലി' എന്ന ഓൺലൈൻ ചാനൽ കത്തിക്കയറുകയാണ്... നുണയെത്ര ഉള്ളതെത്ര എന്ന ഒരു നോട്ടവുമില്ല, എല്ലാം പറയുന്നവന്റെയും കാണുന്നവന്റെയും മനോഹിതം.. ജീപ്പിൽ നിന്നും ഇറങ്ങുമ്പോൾ ഒരു പൊലീസുകാരൻ അയാളുടെ കർചീഫ് എടുത്ത് രതീശന് കൊടുത്തുകൊണ്ട് പറഞ്ഞു.. "ഹും, മുഖം മറച്ചോളു.. ഇവറ്റോള് കൊത്തിപ്പറിക്കാൻ നിക്കാണ്, ജീപ്പിൽ നിന്നും ഇറങ്ങി നേരെ സ്റ്റേഷനകത്തേക്ക് കേറിയാൽ മതി.. മാഷ്ടെ സ്കൂളിലാണെന്റെ മോൻ പഠിക്കണത്, പേടിക്കണ്ട ഞാൻ എസ്.ഐയോട് കാര്യം പറഞ്ഞോളാം..." ആ പൊലീസുകാരൻ രതീശനോട് ജീപ്പിൽ നിന്നിറങ്ങുന്നതിന് മുൻപ് പറഞ്ഞു.. രതീശൻമാഷ് ആ പൊലീസുകാരനെ പ്രതീക്ഷയോടെ നോക്കി.. "ഹും, ഒന്നിറങ്ങടോ മനുഷ്യന് മൂത്രൊഴിക്കാൻ മുട്ടീട്ട് വയ്യ..." ജീപ്പിലുണ്ടായിരുന്ന കത്തിര സാബു രതീശനെ ഇറങ്ങാനായി തള്ളി.. രതീശൻമാഷ് ജീപ്പിൽനിന്നും ഇറങ്ങി മുഖം മറച്ചുപിടിച്ചു സ്റ്റേഷനിലേക്ക് ഓടിക്കയറി... കൂടെ സാബുവും പൊലീസുകാരും...
സ്റ്റേഷനിലെത്തിയതും എസ്. ഐ മുറിയിലേക്ക് വിളിപ്പിച്ചു. രതീശന്റെ ഒപ്പം കോൺസ്റ്റബിൾ വർഗീസും കയറിച്ചെന്നു... "സാർ, ഇദ്ദേഹം കടലാമപുരം ഹൈസ്കൂളിലെ മാഷാണ്, എന്റെ മോനെ പഠിപ്പിക്കണ സാറാ സർ, ഇങ്ങേരങ്ങനെ ചെയ്യണ ആളല്ല സാർ..." പൊലീസുകാരൻ വർഗീസ് എസ്.ഐയോട് പതിയെ പറഞ്ഞു.. എസ്.ഐ രതീശനേ ഒന്ന് രൂക്ഷമായി നോക്കി. "ദെന്താടോ ഇയാൾ ആ മൂലയിലേക്ക് നോക്കി നിക്കണേ, ഇങ്ങട് മോത്തേക്ക് നോക്കടോ..." എസ്.ഐ രതീശനോട് അൽപം കാർക്കശ്യത്തോടെ പറഞ്ഞു. "സാർ അദ്ദേഹത്തിന്റെ കണ്ണങ്ങനെയാണ് സർ, അദ്ദേഹം സാറേ തന്നെയാണ് നോക്കുന്നത്, സംഗതി ആ സ്ത്രീ തെറ്റിദ്ധരിച്ചതാണ്..." വർഗീസ് പറഞ്ഞു.. "ഓ! എന്നാലത് നേരത്തെ പറയണ്ടേ മാഷേ.., ഇതിപ്പോ പുലിവാലായല്ലോ... വാർത്തയും ചാനലും ഒക്കെ കൂടി നിങ്ങടെ ചോരയൂറ്റുന്നുണ്ടാകും. ആ പുറത്തേ വാർത്തക്കാർ പോയോടോ? നമുക്കും ഇതിൽ ഒരു പങ്കുള്ളതല്ലേ... അവരോട് പറഞ്ഞേക്കാം..." അങ്ങനെ എസ്.ഐ. ആ നാടൻ ചാനലിന്റെ ആൾക്കാരോട് കാര്യങ്ങൾ വിശദമാക്കി നിങ്ങൾ തിരുത്ത് കൊടുക്കണമെന്ന് പറഞ്ഞു... "പൊലീസിന്റെ തേർവാഴ്ച്ചയുടെ അടുത്ത ഇര..." എന്ന തലക്കെട്ടോടെ ആ മഹാന്മാർ അസ്സൽ തിരുത്ത് കൊടുത്തു. എന്നാൽ മറ്റേ വീഡിയോക്ക് കിട്ടിയ റീച്ച് ഇതിനുണ്ടായില്ല എന്ന് മാത്രം... "ടോ, നിങ്ങൾ ഈ മാഷേ വീട്ടിൽ കൊണ്ടാക്കണം ആ സ്ത്രീയോട് കാര്യങ്ങൾ ഞാൻ സംസാരിച്ചോളാം..." എസ്.ഐ കൂടെയുള്ള പൊലീസുകാരോട് പറഞ്ഞേൽപ്പിച്ചു...
അങ്ങനെ രതീശൻ മാഷ് വീട്ടിലെത്തി... കോളജിൽ പഠിക്കണ മകൾ മല്ലിക വാതിൽ തുറന്നു.. രതീശൻമാഷ് മോളോട് ചിരിച്ചു.. അവളൊന്നും പറയാതെ അകത്തേക്ക് പോയി.. രതീശൻ കൈയ്യിലെ ബാഗ് ഭാര്യയുടെ കൈയ്യിൽ കൊടുത്തു.. "എന്താ എല്ലാരുടെ മുഖത്തും ഒരു ഗൗരവം!, അച്ഛൻ വരാൻ വൈക്യോണ്ടാണോ? അവിടുന്നിങ്ങട് എത്തണ്ടേ.. എന്താ ഒരു തിരക്ക്... പച്ചവെള്ളം കുടിച്ചിട്ടില്ല, നീ കടുപ്പത്തിൽ ഒരു ചായട്..." മാഷ് ഭാര്യയോട് പറഞ്ഞു.. "അച്ഛൻ ഇങ്ങനെയുള്ള ഒരാളാണെന്ന് ഞാൻ കരുതിയില്ല... ഞങ്ങളാരും മണ്ടന്മാരൊന്നല്ല.. ഹും, ഒരു തിക്കും തിരക്കും.., ഒന്നുല്യങ്ങി ഞങ്ങൾ പെണ്മക്കളെ കുറിച്ചെങ്കിലും ഓർക്കാർന്നു... ആലോചിക്കുമ്പോ ചത്താമതീന്ന് തോന്നാ..." മകൾ മല്ലിക മുറിയിൽ നിന്നും മൊബൈലുമായി വന്ന് ഉച്ചത്തിൽ പറഞ്ഞു... ഇളയ മകൾ മാലിനി അമ്മ സീതയുടെ അരികിൽ സാരിത്തുമ്പിൽ പിടിച്ച് വിഷമിച്ച് നിന്നു.. രതീശൻ മാഷ് തലകുനിച്ചു നിന്നു.. "സീതേ, ഞാനൊന്ന് കിടക്കട്ടെ വല്ലാത്ത ക്ഷീണംപോലെ.." അതും പറഞ്ഞു രതീശൻമാഷ് കട്ടിലിൽ ചെന്ന് കിടന്നു. പിന്നെ ആ ഉറക്കം ഉണർന്നില്ല.. ചെയ്യാത്ത തെറ്റിന് സമൂഹം സംശയിച്ചതിലല്ല ആ ഹൃദയം വേദനിച്ചിട്ടുണ്ടാകുക... സ്വന്തം അച്ഛന്റെ കണ്ണിന്റെ ദീനം മനസ്സിനും ഉണ്ടാകും എന്ന് മക്കൾക്ക് തോന്നിക്കഴിഞ്ഞാൽ പിന്നെ ആരെ ബോധ്യപ്പെടുത്തിയിട്ടെന്തു കാര്യം എന്നദ്ദേഹം ചിന്തിച്ചു കാണും.. വിചാരണയ്ക്ക് മുൻപേ വിധിപറയുന്ന തുണ്ടുവാർത്തകളും സമൂഹമാധ്യമപോസ്റ്റുകളും അതിന് പുറകിലുള്ള ജീവിതങ്ങളെ പലപ്പോഴും വേണ്ടത്ര ഗൗനിക്കാറില്ല... എല്ലാം ഒരു കാഴ്ച്ച... വെറും കാഴ്ച്ച അത്രതന്നെ...