ADVERTISEMENT

അലാറം കേൾക്കുന്നതിന് മുൻപേ ഞാനുണർന്നു. സമയം നോക്കിയപ്പോൾ 5.00 am. കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ദൈവത്തോട് നന്ദി പറഞ്ഞു. കാരണം.. ദൈവം കരുണ കാണിച്ചതു കൊണ്ടല്ലേ ഇന്നത്തെ ദിവസം കാണുവാൻ കഴിഞ്ഞത്. ഈ ദിവസത്തിലേക്ക് കണ്ണു തുറക്കാൻ ദൈവത്തിന്റെ കരുണയല്ലാതെ എന്റേതായ യാതൊരു കോൺട്രിബ്യൂഷനും ഇല്ലല്ലോ? ഉറക്കം പൂർണ്ണമായും വിട്ടു മാറിയതിനാൽ വീണ്ടും കിടക്കാൻ ശ്രമിച്ചിട്ടും ഒരു അസ്വസ്ഥത കാരണമുണ്ട്.. ഇന്ന് വെളളിയാഴ്ചയാണ്.. വെള്ളിയാഴ്ചയ്ക്കൊരു പ്രത്യേകതയുണ്ട്.. ശനിയാഴ്ച തങ്കച്ചിക്ക് അവധിയാണ്. സ്കൂൾ ടീച്ചർ ആയതിനാൽ ശനിയാഴ്ച ജോലിക്ക് പോകേണ്ട. അത്യാവശ്യമായി മറ്റു ജോലികൾ ഒന്നുമില്ലെങ്കിൽ അൽപം കൂടി ഉറങ്ങാമല്ലോ? എനിക്ക് രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയുമാണ് ബാങ്കിൽ അവധി. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന് തീരുമാനം എടുത്തിട്ടുണ്ട്. എന്ന് പ്രാബല്യത്തിൽ വരുമെന്ന് കണ്ടറിയണം. അതുകൊണ്ട് വെള്ളിയാഴ്ച അത്യാവശ്യ ജോലികൾ എല്ലാം തീർത്തിട്ട് ടെൻഷൻ ഫ്രീ മൈന്റോട് കൂടി അവർക്ക് ഉറങ്ങാമല്ലോ.. അക്കാരണത്താൽ ഞങ്ങൾ രണ്ടാളും കൂടി വെള്ളിയാഴ്ച വൈകിട്ടത്തേക്കുള്ളതു കൂടി രാവിലെ തന്നെ റെഡിയാക്കും.

രണ്ടു വർഷം മുൻപ് വരേയും ഇങ്ങനെയല്ലായിരുന്നു കേട്ടോ.. മോളും പ്ലസ് ടൂ കഴിഞ്ഞപ്പോൾ കുട്ടികൾ രണ്ടു പേരും സ്വന്തമായി പോകാനും വരാനും പ്രാപ്തരായി. ഒരു പക്ഷേ മക്കൾ എന്നെ മന:പൂർവ്വം ഒഴിവാക്കിയതാണോ?... അറിയില്ല.. അത് ഏതായാലും നന്നായി.. എത്ര വർഷമായുള്ള ഓട്ടമാണ്. ഇനിയെങ്കിലും അൽപം റെസ്റ്റ് ഇല്ലെങ്കിൽ തളർന്നു പോകും. തങ്കച്ചി പലപ്പോഴും ഓർമിപ്പിക്കുമായിരുന്നു.. പിള്ളേര് വളർന്ന് വലുതാകുമ്പോൾ അവർ അവരുടെ കാര്യം നോക്കി പോകും.. എനിക്ക് ഇപ്പഴേ വയ്യ.. എന്നേക്കൂടി പിടിച്ചോണ്ട് നടക്കാനുള്ളതാ.. പ്ലാവില എടുക്കാറായതിനേക്കൊണ്ട് പ്ലാവില എടുപ്പിക്കണം. അതാ എല്ലാവർക്കും നല്ലത്. എന്നാലും മക്കളുടെ മുഖം കാണുമ്പോൾ ഏത് അപ്പന്റെ മനസ്സാ അലിയാത്തത്.. പ്രത്യേകിച്ച് ചെറുപ്പകാലത്തെക്കുറിച്ച് നീറുന്ന ഓർമ പേറുന്ന എന്നേപ്പോലുള്ള അപ്പന്മാർ.. (വെള്ളം കോരൽ, പശുവിനുള്ള പുല്ല് പറിക്കൽ, കൃഷിയുണ്ടെങ്കിൽ നനയ്ക്കണം. etc) തങ്കച്ചി അടുക്കളയിലേക്ക് വരുന്നതിന് മുൻപേ ഞാൻ പണി തുടങ്ങി. എനിക്ക് നാളെ ബാങ്കിൽ പോകേണ്ടതാണ്. നാളെ ഒന്നാം ശനിയാഴ്ചയാണ്. നാളത്തെ പ്രഭാത ഭക്ഷണത്തിന് ഇന്നുണ്ടാക്കുന്നതിൽ നിന്ന് അൽപം എടുത്ത് തണുത്താലുടൻ ഫ്രിഡ്ജിൽ വയ്ക്കും. മിക്കവാറും ഇഡ്ഡലിയായിരിക്കും. നാളെ കഴിക്കാൻ അതു മതി. ഓവനിൽ വച്ച് ഒന്നു ചൂടാക്കിയാൽ മതി. അത് എനിക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ. 

മാവ് ഇഡ്ഡലി തട്ടിലേക്ക് പകരുന്നതിനിടെ തങ്കച്ചി എത്തി. "ഇന്ന് തങ്കച്ചൻ ഭയങ്കര ഫോമിലാണല്ലോ.?" അവൾ കള്ളച്ചിരിയോടെ പറഞ്ഞു.. "അതിന് ഇത് ആദ്യമായിട്ടൊന്നുമല്ലല്ലോ?" ഞാനും വിട്ടില്ല. "തങ്കച്ചൻ ആ തേങ്ങ കൂടി ചിരണ്ടി വച്ചിട്ട് പോയി കുളിച്ചോ?.." ഞാൻ വെറുതെ ചിരിച്ചു. കല്യാണം കഴിഞ്ഞ നാളു മുതൽ മീരയെ ഞാൻ തങ്കച്ചി എന്നാണ് വിളിക്കുന്നത്. മലയാളികളാണെങ്കിലും മാർത്താണ്ഡത്താണ് വീട്. അതുകൊണ്ട് സംസാരം അൽപം തമിഴ് ചൊവയുണ്ട്. മീരയുടെ അച്ഛൻ നാട്ടിലെ ശൈലി മൂലം തങ്കച്ചി എന്നാ മോളെ വിളിച്ചിരുന്നത്. അതു കേട്ട് ഞാനും തമാശിന് അങ്ങനെ വിളിച്ചു തുടങ്ങിയതാ. ഇപ്പം അതാ വിളി. മീരയും ഞാൻ വിളിക്കുന്നത് കേട്ട് വെറുതെ പ്രാസം ഒപ്പിച്ചു വിളിച്ചു തുടങ്ങിയതാ തങ്കച്ചാ ന്ന്. പത്ത് ഇരുപത് വർഷങ്ങൾ കഴിഞ്ഞതിനാൽ ഇപ്പം നാട്ടുകാരും എന്തിന് മക്കളു പോലും അങ്ങനെയാണ് വിളിക്കുന്നത്. മീര വീടിന് അടുത്തുള്ള സ്കൂളിലാണ് ജോലി ചെയ്യുന്നത്. ഞാനും നാട്ടിൽ തന്നെയായിരുന്നു. അസിസ്റ്റന്റ് മാനേജരായി പ്രമോഷൻ കിട്ടിയപ്പോഴാണ് കൊല്ലത്തേക്ക് ട്രാൻസ്ഫർ കിട്ടിയത്. രണ്ടു വർഷം കഴിഞ്ഞാലേ ഇനി വീണ്ടും മാറ്റം കിട്ടുകയുള്ളൂ. 

7.30 നുള്ള ജയന്തി ജനത പിടിച്ചാലേ 9.30 ബാങ്കിൽ എത്തുകയുള്ളൂ. താക്കോൽ എന്റെ കൈയ്യിലാണ്. അതുകൊണ്ട് ഉത്തരവാദിത്വം അൽപം കൂടുതലാ. കുളി കഴിഞ്ഞു വന്നപ്പോൾ പത്രം വന്നു കിടക്കുന്നു. കഴിച്ചു കൊണ്ടിരുന്നപ്പോൾ വെറുതെ ഒന്ന് പ്രധാന വാർത്ത നോക്കി. "എന്തിനാണാവോ ഇങ്ങനെ പത്രത്തിന് കാശ് വെറുതെ കളയുന്നെ..? ആരും ഇവിടെ നോക്കാറു പോലുമില്ല." തങ്കച്ചി ഞാൻ കേൾക്കാൻ വേണ്ടി തന്നെ പറഞ്ഞു. "എടീ.. പോത്തേ ! അത് ഒരു സംസ്ക്കാരമാണ്. പട്ടിക്കാട്ടിൽ ജീവിച്ച നിനക്കൊക്കെ ഇതൊന്നും തിരിയാത്." ഒരു പ്രകമ്പനം പ്രതീക്ഷിച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു. "ഓ.. പിന്നേ.. പട്ടിക്കാട് പോലും തമ്പുരാന് ദേവലോകത്തൊന്നും പെണ്ണില്ലാഞ്ഞിട്ടാണോ ഈ പട്ടിക്കാട്ടിൽ വന്ന് എന്നെ കെട്ടിയത്." അടച്ചിട്ട മുറിയിൽ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിൽ പൂച്ച പുലിയാകും എന്ന പഴമൊഴി ഉറപ്പിക്കാൻ ഞാൻ കാതോർത്തു. അധിനിവേശത്തിനുള്ള മിസൈലുകൾ തങ്കച്ചിയുടെ വായിലൂടെ പുറത്തു വരാൻ തുടങ്ങി. ഒള്ള മൂഡ് പോകും എന്നറിയാവുന്നതു കൊണ്ട് ഞാൻ പിന്നെ സംഭാഷണം ദീർഘിപ്പിച്ചില്ല. ഇസ്രയേൽ സൈന്യം അയൺ ഡോം സംവിധാനം കണ്ടുപിടിക്കാൻ കാരണം തങ്കച്ചിയുടെ ചെറുത്തു നിൽപ് കണ്ടിട്ടാണോ എന്ന് പലവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ട്.

മെയിൻ വാർത്ത ഉറക്കെ വായിച്ചു. ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബിട്ടു.. കുറേ ദിവസമായിട്ട് ഇതു തന്നെയാണ് വാർത്ത. പെട്ടെന്ന് മെയിൻ വാർത്തയുടെ മുകൾഭാഗത്ത് പ്രത്യേകമായ ഒരു വാർത്ത ശ്രദ്ധയിൽ പെട്ടു. സന്ദർഭത്തിന് അനുയോജ്യമല്ല എങ്കിലും അൽപം രസകരമായി തോന്നിയതിനാൽ അതും ഉറക്കെ വായിച്ചു. മക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു.. ജോലിക്ക് പോകാനുള്ള ഭർത്താവിന് സമയത്ത് ഒന്നും ഉണ്ടാക്കി കൊടുത്തു കാണില്ല. ഞാൻ ആത്മഗതം പോലെ അൽപം ഉച്ചത്തിൽ പറഞ്ഞു. "നിങ്ങളതിന് വ്യാഖ്യാനം ഒന്നും ഉണ്ടാക്കണ്ട. ക്ഷീണം കാരണം പാവം ഉറങ്ങിപ്പോയിക്കാണും." തങ്കച്ചി വിട്ടു തരാൻ ഭാവമില്ല. "രണ്ടു പേരും ജോലിക്കു പോകുന്നവരാണെങ്കിൽ രണ്ടു പേരും കൂടി വീട്ടുജോലി സഹകരിച്ചു ചെയ്യണം." "സമയത്ത് ഭക്ഷണം ഉണ്ടാക്കി കൊടുത്തോളാം എന്ന കരാറൊന്നും കല്യാണത്തിന് എടുക്കാറില്ലല്ലോ? പണ്ടുകാലത്തെ വീട്ടിൽ കുത്തിയിരിക്കുന്ന പെണ്ണുങ്ങളല്ല ഇന്നുള്ളത് ഒരു പക്ഷേ ഭർത്താവിനേക്കാൾ വിവരവും കഴിവുമുള്ളവർ തന്നെയാ നല്ലൊരു ഭാഗം സ്ത്രീകളും. പിന്നെ കുടുംബത്ത് സമാധാനം ഉണ്ടാകാൻ അൽപം വിട്ടുവീഴ്ച ചെയ്യുമ്പം... കഴിവുകേടായി കാണരുത്. അയ്യടാ.. ഈ ആണുങ്ങളെല്ലാം ഇങ്ങനെയാ.. എന്തെല്ലാം കിട്ടിയാലും ഒരു തൃപ്തിയുമില്ല."

ടെയിനിൽ ഇരിക്കുമ്പോൾ മുഴുവനും ഓഫീസ് ജോലികളേക്കുറിച്ചുള്ള ഹോം വർക്കായിരുന്നു. മാനേജർ ഇന്ന് വരില്ല. മൈക്രോ ഫൈനാൻസ് സംബന്ധിച്ച കേസിൽ കോടതിയിൽ പോകും. അതുകൊണ്ട് തന്നെ കൃത്യമായ കണക്കുകൂട്ടലോടെ നീങ്ങിയാലേ 5.15 നെങ്കിലും ബാങ്കിൽ നിന്നും ഇറങ്ങാൻ കഴിയൂ. രാവിലെ മുതൽ സിസ്റ്റത്തിൽ നോക്കിയിരുന്നതിന്റെ പൊകച്ചിൽ കണ്ണിനുണ്ടായിരുന്നെങ്കിലും അഞ്ചേകാലിനു തന്നെ ഓഫീസടയ്ക്കാൻ കഴിഞ്ഞു. വൈകുന്നേരം 5.30 നുള്ള പരശുരാം നെറ്റിലെ ആപ്പിൽ നോക്കിയപ്പോൾ 20 മിനിറ്റ് ലേറ്റ് കാണിക്കുന്നുണ്ട്. ആശ്വാസമായി. സൂചി കുത്താൻ ഇടയില്ലെങ്കിലും അതിൽ കയറി പറ്റിയത് മനസ്സിന്റെ ആവേശം കൊണ്ടു മാത്രമാണ്. രാത്രി 8 മണിയോടെ വീടെത്തി. പതിവു കട്ടനു ശേഷം കുളി. പൂജയും നാമജപവും കഴിഞ്ഞ് ഊണ് കഴിച്ചു കൊണ്ടിരിക്കെ തങ്കച്ചി പറഞ്ഞു. "തങ്കച്ചാ... സാവകാശം കഴിച്ചാൽ മതി.. ധൃതിയൊന്നും വേണ്ട. ഇന്നു നടക്കില്ല." ഞാൻ സംശയത്തോടെ തങ്കച്ചിയെ നോക്കി. "ങാ.. ആയി.." "അതെങ്ങനെ ശരിയാകും?" എനിക്ക് സംശയം. "45 കഴിഞ്ഞില്ലേ.? ഞാൻ പറഞ്ഞിട്ടില്ലേ. കുറച്ചു നാളായിട്ട് എനിക്ക് ഡിസോർഡറാന്ന്.. പക്ഷേ! ഇന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല." തങ്കച്ചി സാധാരണ മട്ടിൽ പറഞ്ഞു. എന്റെ കാലിന്റെ പെരുവിരൽ മുതൽ ഒരു പെരുപ്പ് ഉയർന്നു വരുന്നത് ഞാനറിഞ്ഞു. ദേഷ്യമോ..? അതോ നിരാശയോ..? എന്തായാലും ശുഭലക്ഷണമല്ല. പെട്ടെന്ന് രാവിലത്തെ പത്രവാർത്ത മനസ്സിൽ ഓർമ വന്നു. ചുമ്മാതല്ല ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നത്. ഞാൻ എന്റെ അന്നേരത്തെ മനോനില അനുസരിച്ച് അങ്ങനെ തന്നെ ഉറപ്പിച്ചു. 

അൽപ സമയത്തെ വിശകലനത്തിനിടയിൽ വീണ്ടും ഞാൻ ആഹാരം കഴിച്ചു തുടങ്ങി. "എന്താ പെട്ടെന്ന് ഒരു ഭാവ വ്യത്യാസം?" "ഏയ്... ഞാൻ ദുഃഖവെള്ളിയാഴ്ചയ്ക്ക് ഇനി എത്ര ദിവസമുണ്ടെന്ന് ആലോചിക്കുവാരുന്നു.. ഒരു ലീവ് കിട്ടുമായിരുന്നു." തങ്കച്ചി പറഞ്ഞു. "എനിക്ക് മനസ്സിലാകും. ഇനി വെള്ളിയും ശനിയും ഒന്നും നോക്കുന്നില്ല. കേട്ടോ തങ്കച്ചാ.. നമുക്ക് ഇനിയുള്ള ഏറ്റവും അടുത്ത ശുഭ മുഹൂർത്തതിൽ നോക്കാം." പ്രഭാത നടത്തം കഴിഞ്ഞു വന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ച ആശ്വാസം പോലെ തോന്നി ആ വാക്കുകൾ. ഞാൻ ചിന്തിച്ചു. പത്രത്തിൽ വായിച്ചറിഞ്ഞ ഭർത്താവ് എത്ര മണ്ടനാ.. നാളെ എന്ന ഒരു ഓപ്ഷൻ അയാൾ ഉപയോഗിച്ചില്ലല്ലോ? ചിന്തകൾ പിന്നെയും കാടു കയറി. ഇനി ഒരു പക്ഷേ അയാൾക്ക് പല നാളെകൾ കഴിഞ്ഞു കാണുമോ? വേണ്ട.. മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനാ ഇത്ര വേവലാതി. എനിക്ക് ഒരു നാളെയുണ്ടല്ലോ? ഒരു പ്ലാൻ ബി എന്റെ ഹൃദയത്തിൽ ഇല്ലായിരുന്നെങ്കിലും സാഹചര്യത്തിന് അനുസരിച്ച് ഞാൻ മാറി ചിന്തിച്ചു. ഊണ് കഴിഞ്ഞ് ഞാൻ വിശദമായ പത്ര വായനിലേയ്ക്ക് കടന്നു.. അന്നുവരെയില്ലാത്ത ഒരു പുതിയ സംസ്കാരത്തിന്റെ തുടക്കം. ഞാൻ തങ്കച്ചിയോടു പറഞ്ഞു. "ആരാ പറഞ്ഞേ പത്രത്തിനു കൊടുക്കുന്ന പൈസാ വേസ്റ്റാണന്ന്.? ഈ പത്രം കൂടി ഇല്ലായിരുന്നെങ്കിൽ... നാളെയെന്ന ഓപ്ഷൻ ഒരു പക്ഷേ ശൂന്യം. പത്രത്തിന് സ്തുതി.."

English Summary:

Malayalam Short Story ' Dukha Velli ' Written by Ananthapuri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com