ADVERTISEMENT

"പാട്ടുകൾ കേട്ട് കരഞ്ഞിട്ടുണ്ടോ?" പാട്ടുകളെക്കുറിച്ചെഴുതുന്നത് വായിച്ച് അഭിപ്രായം പറയാറുള്ള പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ ചോദ്യമായിരുന്നത്. "ഉവ്വല്ലോ എത്രയോ വട്ടം" എന്ന് സുഹൃത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ കേൾവിയിൽ കണ്ണ് നിറച്ച ഒരുപാട് പാട്ടുകൾ മനസ്സിൽ മുഴങ്ങി. ഇന്നുകളിൽ ജീവിക്കുകയും ഇന്നലെകളെ ഹൃദയത്തോട് ചേർക്കുകയും ചെയ്യുന്ന ഒരാളായത്കൊണ്ട് ചില പാട്ടുകൾ വല്ലാതെ വികാരഭരിതനാക്കാറുണ്ട്. അങ്ങനെയുള്ള ചില പാട്ടോർമ്മകൾ പങ്ക് വെക്കാം. 

പണ്ട് ചെറുപ്പത്തിൽ എന്നെ അമ്മാവന്റെ വീട്ടിലും ചേച്ചിമാരെ ഇളയമ്മമാരുടെയും കൂടെയാക്കി അമ്മ അച്ഛയുടെ അടുത്തേക്ക് സലാല എന്ന സ്ഥലത്തേക്ക് പോയ ദിവസങ്ങളിൽ അമ്മയെ ഓർത്ത് സങ്കടപ്പെട്ടിരിക്കുന്ന എന്റെ നിറഞ്ഞ കണ്ണുകൾ തുളുമ്പാൻ കാരണമാക്കിയ താരാട്ട് പാട്ടിന്റെ വരികളാണ് ആദ്യം ഓർമ്മയിൽ. 

"ഇത്തിരിത്തേനിൽ പൊന്നുരച്ചു

ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു

കൊഞ്ചും മൊഴിയിൽ തേനുതിരും

എന്റെ പൊന്നും‍‌കുടമായ് വളര്...

പൊന്നിൻ‌കുടമായ് വളര്..." 

ഒഎൻവി എഴുതി ഔസേപ്പച്ചൻ ഈണം പകർന്ന് യേശുദാസും ചിത്രയും ആലാപനം കൊണ്ട് മനോഹരമാക്കിയ അന്നലൂഞ്ഞാൽ പൊൻപടിയിൽ എന്ന് തുടങ്ങുന്ന ആ പാട്ട് ഇന്നും കേൾക്കുമ്പോൾ ഞാൻ വീണ്ടും ആ എട്ട് വയസ്സ്കാരനാകും. അമ്മയില്ലാത്ത ആ നാളുകൾ ഓർമ്മ വരും. കണ്ണ് നിറയും. 

പിന്നെ പാട്ടെന്നെ കരയിപ്പിച്ചത് ഏറെ നാളിന് ശേഷമാണ്. ഒരു നാലുമണി നേരത്താണ് ദൂരദർശനിൽ എപ്പോഴോ കിരീടം സിനിമ ഞാൻ കാണുന്നത്. അതിനും മുൻപ് സിനിമ കണ്ട കൂട്ടുകാർ കഥ പറഞ്ഞു തന്നിരുന്നു. കൈതപ്രം എഴുതി ജോൺസൺ മാഷിന്റെ ഈണത്തിൽ എംജി ശ്രീകുമാർ അനശ്വരമാക്കിയ കണ്ണീർപൂവിന്റെ കവിളിൽ തലോടി എന്ന പാട്ട് ഓരോ കേൾവിയിലും കണ്ണീർപൂവായി മാറി. അനുപല്ലവിയിലെ വരികൾ പ്രത്യേകിച്ചും. 

"ഉണ്ണിക്കിടാവിന്നു നല്‍കാന്‍

അമ്മ നെഞ്ചില്‍ പാലാഴിയേന്തി

ആയിരം കൈ നീട്ടി നിന്നു

സൂര്യതാപമായ് താതന്റെ ശോകം" 

തലയിലേറ്റപ്പെട്ട കിരീടത്തിന്റെ ഭാരത്തോടെ ഇരുളിലേക്ക് നടന്നകലുന്ന മകനെ നോക്കി കണ്ണീർപൊഴിക്കുന്ന അമ്മയെയും അച്ഛനെയും ഓർക്കുമ്പോൾ ഇന്നും കണ്ണീർപൂവ് എന്റെ കണ്ണ് നിറക്കാറുണ്ട്. 

പിന്നെ പാട്ട് കരയിച്ചത് പത്താംക്ലാസ് കഴിയുന്ന അന്നത്തെ ദിവസത്തിന്റെ ഓർമ്മയിലാണ്. നിലത്തു വീണ് ചിതറിയ മയിൽ‌പീലിതുണ്ടുകളും എന്റെ ക്‌ളാസ് ഫോട്ടോയും ഓട്ടോഗ്രാഫും എല്ലാമെടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ "പോട്ടെ" എന്ന് യാത്ര പറഞ്ഞു ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട് അവൾ നടന്നകലുന്നതും നോക്കി നിന്നപ്പോൾ മനസ്സിൽ നിറഞ്ഞത് കൂട്ടുകാരനും ഗായകനുമായ അനിൽ എപ്പോഴും ചെവിയിൽ പാടാറുള്ള വീണപൂവ് എന്ന ചിത്രത്തിലെ ശ്രീകുമാരൻ തമ്പി എഴുതി വിദ്യാധരൻ മാഷ് ഈണം പകർന്ന് യേശുദാസ് ആലപിച്ച നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു എന്ന പാട്ടിന്റെ ചരണത്തിലെ അവസാന വരികളാണ്. 

"കരളാലവളെന്‍ കണ്ണീരു കോരി

കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -

ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകി

കൊഴിഞ്ഞൊരാ വീഥിയില്‍

പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍

വീണപൂവായവള്‍ പിന്നേ.." 

ഇന്നും ആ പാട്ട് കേൾക്കുമ്പോൾ വീണ്ടും ആ പത്താംക്ലാസ് ഓർമ്മകളിൽ ഞാൻ വീണുപോകാറുണ്ട്. 

നാളുകൾ കഴിഞ്ഞ് പിന്നെയും പാട്ട് കേട്ട് കരഞ്ഞത് ദേശാടനത്തിലെ "എങ്ങനെ ഞാൻ ഉറക്കേണ്ടൂ" എന്ന പാട്ട് കേട്ടപ്പോഴായിരുന്നു. ഉറങ്ങാൻ എനിക്കൊരു കഥ പറഞ്ഞുതരൂ എന്ന് പറഞ്ഞ് അമ്മയുടെ മാറിലേക്ക് ചായുന്ന മകന് വേണ്ടി അമ്മ പാടുന്നതാണ് ആ പാട്ട്. മകനെ സന്യാസത്തിലേക്ക് അയക്കുന്നത് ഓർത്ത് പിടയുന്ന അമ്മയുടെ മനസ്സാണ് പാട്ടിൽ തെളിഞ്ഞത്. 

"എങ്ങി നിൽക്കും അമ്പാടിയിൽ 

തേങ്ങിയോടും കാളിന്ദിയായ് 

പൂക്കടമ്പായ് പൈക്കിടാവായ്

നീയണയാൻ കാത്തിരിപ്പൂ.." 

മകനെ താലോലിച്ചു മതിയാവാതെ അവനെ പിരിയേണ്ടി വരുന്ന അമ്മയെക്കുറിച്ചോർക്കുമ്പോൾ ആ പാട്ട് ഇന്നും കണ്ണ് നിറക്കാറുണ്ട്. 

വല്ലാതെ സങ്കടപ്പെടുത്തിയ മറ്റൊരു പാട്ട് ബാലേട്ടൻ എന്ന സിനിമയിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജയചന്ദ്രൻ ഈണം പകർന്ന് യേശുദാസ് ആലപിച്ച ഇന്നലെ എന്റെ നെഞ്ചിലെ എന്ന പാട്ടാണ്. ഓരോ കേൾവിയിലും ഇന്നും വ്യക്തിപരമായി എന്നെ വല്ലാതെ ഉലച്ചു കളയുന്ന പാട്ട്. ജനിമൃതികളുടെ തീരത്തേക്ക് യാത്രയായ എന്റെ അച്ഛയുടെ ഓർമ്മകൾ മനസ്സിലുണർത്തുന്ന പാട്ട്. ചരണത്തിലെ വരികൾ ഒരു മന്ത്രണം പോലെ നെഞ്ചിലുണ്ട് എപ്പോഴും. 

"ജീവിത പാതകളില്‍

ഇനി എന്നിനി കാണും നാം

മറ്റൊരു ജന്മം കൂടെ നടക്കാൻ

പുണ്യം പുലര്‍ന്നീടുമോ.." 

അടുത്ത പാട്ട് ശരിക്കും അച്ഛനില്ലാത്ത മകൾക്ക് വേണ്ടി അമ്മ പാടുന്ന പാട്ടാണ്. എന്നാൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന മറ്റൊരു മുഖമുണ്ട്. അഞ്ചു വയസ്സുള്ള ഒരു കുഞ്ഞിന്റെ മുഖം. വർഷങ്ങൾക്ക് മുൻപ് അളിയന്റെ ഒരു പെണ്ണുകാണൽ ചടങ്ങിനിടയിൽ തീർത്തും യാദൃശ്ചികമായാണ് അച്ഛൻ നഷ്ടപ്പെട്ടുപോയ ആ കുഞ്ഞിനെ ഞാൻ കണ്ടത്. 

പെൺകുട്ടിയുടെ സഹോദരിയുടെ മകൻ. അവന്റെ അച്ഛൻ ഒരു ആക്സിഡന്റിൽ മരിച്ചു പോയി. വല്ലാത്ത ഒരു നിസ്സഹായാവസ്ഥ ഉണ്ടായിരുന്നു അവന്റെ മുഖത്ത്. അടുത്ത് വിളിച്ച് ചേർത്തു നിർത്തി അവന്റെ കവിളിൽ ഞാനൊരുമ്മ കൊടുത്തു. ആ ഉമ്മയുടെ ഓർമ്മ ആ കുഞ്ഞു മനസ്സിൽ ഇന്നും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു ഞാൻ. യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നെ നോക്കിയ അവന്റെ കണ്ണിൽ കണ്ട സ്നേഹവും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും ഇന്നും മനസ്സിലുണ്ട്. ആ കുഞ്ഞിന്റെ മുഖമാണ് ഈ പാട്ടെനിക്ക്. 

"പൊന്നും തിങ്കള്‍ പോറ്റും മാനേ

മാനേ കുഞ്ഞികലമാനേ..

പൂമിഴികള്‍ പൂട്ടി മെല്ലേ

നീയുറങ്ങീ ചായുറങ്ങി

സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളേ

വിണ്ണില്‍ വെണ്‍താരങ്ങള്‍ 

മണ്ണില്‍ മന്ദാരങ്ങള്‍

പൂത്തു വെണ്‍താരങ്ങള്‍ 

പൂത്തു മന്ദാരങ്ങള്‍" 

സങ്കടപ്പെടുത്തിയ പിന്നെയുമെത്രയോ പാട്ടുകളുണ്ട്. പാട്ടുകളിൽ വിരിഞ്ഞത് ചിരി മാത്രമായിരുന്നില്ല. കണ്ണീരും കൂടിയായിരുന്നു. എപ്പോഴും കൂടെയുള്ള കൂട്ടാണ് എനിക്ക് പാട്ടുകൾ. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് പ്രിയമുള്ള ഓരോ പാട്ടുകളും.

English Summary:

Malayalam Article ' Kannilude Ozhukiyirangiya Pattukal ' Written by Rajeev Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com