ADVERTISEMENT

തിയറ്റർ മാനേജർ കുറച്ച് പരുഷമായാണ് ചോദിക്കുന്നത്... "നിന്റെ പേരെന്താടാ?" ശബ്ദത്തിൽ ദേഷ്യം പ്രകടമാണ്. 'അശോകൻ' ഞാൻ പേരു പറഞ്ഞു കൊടുത്തു. "അവന്റെയോ?" എന്റെ മറ്റേമ്മയുടെ മകൻ വേണുവാണ് കൂടെ നിൽക്കുന്നത്. അവന്റെയും പേര് പറഞ്ഞു കൊടുത്തു. "ഏത് സ്ക്കൂളിലാ നീയൊക്കെ പഠിക്കുന്നേ?" ഞാൻ സ്കൂളിന്റെ പേര് പറഞ്ഞു. "വീടോ." അപ്പോൾ ഞാൻ ഒന്നാലോചിച്ചു. വീടു പറഞ്ഞുകൊടുത്താൽ പണിയാകും! അച്ഛൻ അറിഞ്ഞാൽ നല്ല പുകിലാകും. പെട്ടെന്ന് ഒരു ഐഡിയ തോന്നി. ഞങ്ങളുടെ വീടിന് അൽപം അകലെ ബന്ധത്തിൽ ഒരു വീടുണ്ട്. വീട്ടുപേര് ശ്രീവിലാസം, വിചിത്രമായ ഒരു  കാര്യം അവിടെയും അശോകനും വേണുവും എന്നു പേരായ ഏകദേശം ഞങ്ങളുടെ പ്രായമുള്ള രണ്ടു സഹോദരങ്ങൾ ഉണ്ട്. ഒട്ടും മടിച്ചില്ല, അതങ്ങോട്ട് വിളമ്പി.

"അപ്പോൾ വീട്ടുപേര് ശ്രീവിലാസം അല്ലേ." "ആട്ടെ, നിങ്ങടെ സ്ക്കൂളില് ഇതാണോ പഠിപ്പിക്കണത്? ഞാൻ ഒന്ന് അന്വേഷിക്കട്ടെ." മാനേജർ കോപം കൊണ്ടുവിറയ്ക്കുകയാണ്. "സ്ക്കൂളിലെ ഗ്രേസി ടീച്ചറിനെ അറിയുമോ?" മാനേജർ ചോദ്യം തുടരുകയാണ്. "അറിയാം സാറെ. ഗ്രേസി ടീച്ചറാണ് ഞങ്ങടെ ക്ലാസ്സ് ടീച്ചർ." "അപ്പോൾ എന്റെ പെണ്ണുമ്പിള്ള തന്നെ നിന്റെയൊക്കെ ക്ലാസ്സ് ടീച്ചർ! ശരിയാക്കിത്തരാം ...ങ്ങാ." ശരിയാണ്, ഞങ്ങടെ ക്ലാസ് ടീച്ചറിന്റെ ഭർത്താവാണ് സിനിമ തിയേറ്റർ മാനേജർ. അടുത്ത നിമിഷമെന്തും സംഭവിക്കാം. ഞങ്ങൾ പൊട്ടിക്കരച്ചിലിന്റെ വക്കിലാണ്. "ശരി രണ്ടുപേരുടെയും ഷർട്ട് ഊരി ഇവിടെ വച്ചിട്ടു പൊയ്ക്കൊള്ളു..!"  "സാർ... ഇത്തവണത്തേയ്ക്ക് ഒരു മാപ്പു തരണം ദയവായി, ഇനി ഇത് ആവർത്തിക്കില്ല. ഇനി ഒരിക്കലും ഞങ്ങൾ സിനിമയ്ക്ക് ടിക്കറ്റില്ലാതെ ഒളിച്ചു കയറില്ല സർ." കേണു കരഞ്ഞപേക്ഷിച്ചിട്ടും മാനേജർ ഒട്ടും ദയവ് കാണിച്ചില്ല.

സിനിമ തലയ്ക്കു പിടിച്ച് ഭ്രാന്തായി നടന്നിരുന്ന ഒരു കുട്ടിക്കാലം.. സിനിമയിലെ സാഹസികനായകൻമാർ തലച്ചോറിനെ നിയന്ത്രിക്കുന്നു. തമിഴിലെയും മലയാളത്തിലെയും സ്റ്റണ്ടു നായകന്മാർ ഞങ്ങളുടെ ആരാധ്യപുരുഷരാണ്. നസീർ, MGR, ശിവാജി ഗണേശൻ... ഇവരുടെ സിനിമകൾ ഗ്രാമത്തിലെ ഓല മേഞ്ഞ തിയറ്ററിൽ വന്നാൽ അന്ന് ഉത്സവമാണ്.. പേരു കേട്ട ഏതെങ്കിലും പടം ഈ തിയറ്ററിൽ എത്തുമ്പോഴേക്കും റിലീസിനു ശേഷം വർഷം ഒന്നു കഴിഞ്ഞിട്ടുണ്ടാകും എന്നു മാത്രം! പ്രോജക്റ്ററിൽ ഓടിയോടി ഉരയൽ വീണ ഫിലിമിലെ പാടുകൾ പഴക്കത്തിന്റെ തെളിവാണ്. ടൗണിൽ പോയി റിലീസ് സിനിമ കാണുക എന്നത് ഞങ്ങൾക്ക് സ്വപ്നം മാത്രം.

അങ്ങനെയിരിക്കെ ഇഷ്ടനായകൻ പ്രേംനസീറിന്റെ അയലത്തെ സുന്ദരി എന്ന സിനിമ തിയറ്ററിൽ പ്രദർശനത്തിന് വന്നു. കശുവണ്ടിയും പുന്നയ്ക്കായും പെറുക്കി വിറ്റ് കിട്ടിയ കാശൊക്കെ കഴിഞ്ഞ ആഴ്ച വന്ന MGR ന്റെ ഉലകം ചുറ്റും വാലിബൻ കൊണ്ടു പോയപ്പോഴാണ് അയലത്തെ സുന്ദരി കടന്നുവരുന്നത്. ഇപ്പോൾ കൈയ്യിൽ നയാ പൈസയില്ല. സാധാരണ ഗതിയിൽ ഒരു നല്ല കളക്ഷൻ ചിത്രം വന്നാൽ, ഇടവേളയ്ക്കു ശേഷമാണ് മറ്റൊരു ഹിറ്റ് ചിത്രം ഈ തിയറ്ററിൽ പ്രദർശനത്തിന് വരാറ് പതിവ്. നല്ല അടിപ്പടമായിരിക്കും എന്നുറപ്പാണെങ്കിൽ അത് എങ്ങനെയും ഞങ്ങൾ കണ്ടിരിക്കും. പക്ഷേ ഇപ്പോൾ പ്രേംനസീറിനെയും ജയഭാരതിയെയും കാണാൻ കൈയ്യിൽ കാശൊന്നുമില്ല. ചിത്രത്തിൽ അത്യാവശ്യം ഇടിയുണ്ടെന്നും കേട്ടു. ഈ സിനിമ കാണാതെ പോയാൽ അതിൽപ്പരം നഷ്ടമൊന്നുമില്ലെന്ന ചിന്തയാണ് മനസ്സിൽ.

അതിനൊരവസരം കാത്തു നിൽക്കുമ്പോഴാണ് സ്കൂൾ വിട്ടു വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞത്. 'ഗോതമ്പ് പൊടിപ്പിക്കാനുണ്ട്. ഇപ്പോൾ തന്നെ കൊണ്ടു പൊയ്ക്കൊളു മില്ലിലേക്ക്. വലിയ തിരക്കുണ്ടാവും." ഞാനും വേണുവും സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. ചില പദ്ധതികൾ മനസ്സിൽ ഇതിനകം കണ്ടിരുന്നു. പൊടിമില്ലിൽ ഗോതമ്പു പൊടിക്കാൻ നല്ല തിരക്കായിരുന്നു. ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് ഗോതമ്പ് പൊടിച്ചു കിട്ടി. അപ്പോഴേക്കും സന്ധ്യയായി. അടുത്തുതന്നെയാണ് തിയറ്റർ. നേരത്തെ പ്ലാൻ ചെയ്ത പ്രകാരം ഗോതമ്പു പൊടി നിറച്ച സഞ്ചി അടുത്തുള്ള ഇടിഞ്ഞു പൊളിഞ്ഞു കാടുകയറിക്കിടക്കുന്ന ഒരു പഴയ കെട്ടിടത്തിന്റെ മൂലയിൽ പ്രതിഷ്ഠിച്ചു. അനന്തരം തിയറ്ററിന്റെ മുന്നിൽ പോയി നിന്നു. പടം തുടങ്ങി. ശബ്ദരേഖയിൽ നിന്ന് കുറെയൊക്കെ കഥ മനസ്സിലാകുന്നുണ്ട്.

ഞങ്ങൾക്ക് ഇടവേള വരെ കാത്തു നിക്കണം. ഇടവേള സമയത്ത് സിനിമ കാണാൻ കയറിയ ഭാഗ്യവാൻമാർ ബീഡിയും കപ്പലണ്ടിയും ചായയുമൊക്കെ വാങ്ങാനായി തിയറ്ററിന്റെ ഗേറ്റിന് വെളിയിലേക്കിറങ്ങി വരും. രണ്ടാം പകുതി പ്രദർശനമാകുമ്പോഴേക്കും ഞങ്ങൾ അവരുടെ കൂട്ടത്തിൽ ഇഴുകി ചേർന്ന് തിയറ്ററിനുള്ളിൽ എത്തും. ഈ സന്ദർഭമാണ് ഞങ്ങൾ കാത്തിരുന്നത്. അയലത്തെ സുന്ദരിയെ കുറച്ചെങ്കിലും പരിചയപ്പെടാമല്ലോ! ഇടവേളയായി.. അതാ, ആളുകൾ പുറത്തേക്കു വരുന്നു. ഞങ്ങൾ അവരുടെ ഭാഗമായി മാറി. ഒരു പൊതി കപ്പലണ്ടിയും വാങ്ങി സിനിമ കാണാൻ വന്നവരെപ്പോലെ തന്നെ നടിച്ചു തിയറ്ററിന്റെ കോമ്പൗണ്ടിൽ കയറി. അപ്പോഴാണ് വേണു പറഞ്ഞത്, എടാ നമ്മൾ ഇതുവരെ ഫസ്റ്റ് ക്ലാസിൽ ഇരുന്നു സിനിമ കണ്ടിട്ടില്ല. നമുക്ക് അങ്ങോട്ട് കയറാം. സ്മൂത്തായി ഫസ്റ്റ് ക്ലാസ്സിലേക്ക് നുഴഞ്ഞു കയറി. ഇരുട്ടത്ത് രണ്ട് സീറ്റും തരപ്പെടുത്തി അങ്ങനെ രാജകീയമായിട്ട് സിനിമ കണ്ടു തുടങ്ങിയപ്പോഴാണ്.. പുറകിൽ ഇരുന്നിരുന്ന മാനേജർ ഞങ്ങളുടെ നീക്കം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നത്രേ!

ഇടവേളയ്ക്ക് മുമ്പ് ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ പുതുതായി രണ്ടുപേർ വന്ന് കയറിയത് അദ്ദേഹം തിരിച്ചറിഞ്ഞു. സിനിമ നടക്കുകയാണ്. പതുക്കെ ഇരുട്ടത്ത് അദ്ദേഹം വന്ന് എന്റെ കൈയ്യിൽ കയറി പിടിച്ചു. "ഇറങ്ങടാ പുറത്ത്." ഒരാക്രോശം. എന്നെയും പിടിച്ചു വലിച്ചു കൊണ്ട് തീയറ്ററിന് വെളിയിലേക്ക് അയാൾ  ഇറങ്ങി. അപ്പോഴേക്കും വേണുവും പേടിച്ചു വിറച്ച് പുറത്തിറങ്ങി. ഞാൻ അങ്ങനെ നോക്കി നിൽക്കുമ്പോൾ ഒരൊറ്റക്കുതിപ്പിന് വേണു തിയറ്ററിന് മുമ്പിലുള്ള ബെഞ്ച് ക്ലാസിലേക്ക് ഓടിക്കയറുന്നു. അപ്പോഴും അവന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ തോന്നിയില്ല. എനിക്കും എന്തെന്നില്ലാത്ത ഊർജ്ജം കൈ വന്നു. മാനേജർ തിയറ്ററിലെ സഹായികളെ വിളിക്കുന്ന തക്കം നോക്കി ഞാൻ കൈകുടഞ്ഞ് പിടി വിടുവിച്ച് വേണുവിന്റെ പുറകെ പാഞ്ഞു. അവൻ ഇതിനകം ബെഞ്ച് ക്ലാസിലെ ഒരു മൂലയ്ക്ക് എത്തി സൗകര്യപ്രദമായി ഇരുന്ന് സിനിമ ആസ്വാദനം തുടങ്ങിയിരുന്നു. പുറകെ ഞാനും എത്തി അവന്റെ കൂടെ കൂടി.

'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ' എന്നു തുടങ്ങുന്ന നസീറും ജയഭാരതിയും തമ്മിലുള്ള പ്രേമഗാനമാണ്. അതും അങ്ങനെ ആസ്വദിച്ചിരിക്കുമ്പോൾ തിയറ്ററിൽ ഒരു ടോർച്ച് വെളിച്ചം കാണുന്നു. മാനേജരും കൂട്ടാളികളും ഞങ്ങളെ തെരഞ്ഞു വരികയാണ്. സിനിമയ്ക്ക് കയറിയിരുന്ന ആരോ ഒരാൾ ഞങ്ങളെ ചൂണ്ടിക്കാണിച്ചു. ഘടാകടന്മാരായ രണ്ടുപേർ ഞങ്ങളെ പിടുത്തമിട്ടു. അപ്രകാരം മാനേജരുടെ റൂമിൽ കൊണ്ടു പോയ ശേഷമുള്ള സംഭവങ്ങളാണ് ആദ്യം വിവരിച്ചത്. ഞങ്ങളുടെ ഷർട്ട് ഉരിഞ്ഞ് വയ്ക്കേണ്ട ഗതികേട് വരുമെന്ന് ഉറപ്പിച്ച സമയം. അതാ ഒരു ശബ്ദം കേൾക്കുന്നു, സാറേ രണ്ടുപേർ കൂടി പിടിയിലായി. മുരടനായ ഒരു തിയറ്റർ ജോലിക്കാരൻ രണ്ടുപേരെ പിടിച്ചോണ്ട് വരുന്നുണ്ട്. അവരെ അകത്തേക്ക് കയറ്റി. ഞാൻ ശ്രദ്ധിച്ചു. ഞെട്ടിപ്പോയി!

ഒറിജിനൽ ശ്രീവിലാസം വീട്ടിൽ വേണുവും അശോകനുമായിരുന്നു അവർ. ഓലമേഞ്ഞ മൂത്രപ്പുരയുടെ ഒരു ദ്വാരത്തിലൂടെ ഇടവേളയ്ക്ക് ശേഷം കയറിയവരായിരുന്നു അവർ. ഞങ്ങൾ അവരോട് പരിചയ ഭാവം പോലും കാണിച്ചില്ല. അവരും ഞങ്ങളോട്  തഥാ : അവരുടെ വിലാസം ഞങ്ങൾ ഇതിനകം തന്നെ ഉപയോഗിച്ചു കഴിഞ്ഞിരുന്നല്ലോ! ഇനി എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം. അവരെയും മാനേജർ ചോദ്യം ചെയ്യുന്നുണ്ട്, പേരും വിലാസവും ചോദിച്ചു. അവരും അശോകനും വേണുവും തന്നെ! (ഞാൻ എൽ എസ് അശോകൻ മറുപുറം എസ് എൽ അശോകൻ എന്നു മാത്രം) വീട്ടുപേരോ? ശ്രീവിലാസം. അതുകേട്ടപ്പോൾ മാനേജർ അത്ഭുതം പൂണ്ടു. ഞങ്ങളുടെ അപ്പോഴത്തെ മുഖഭാവം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. "ഇതെന്താ ഡബിൾ റോളോ? ഒരേ വീട്ടിൽ രണ്ട് അശോകനും രണ്ടു വേണുമാരും!" മാനേജർ കണ്ണുരുട്ടി. കൂടുതൽ പരുക്ക് പറ്റാതിരിക്കാൻ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു. "സാറേ ഞങ്ങളുടെ വീട് ലക്ഷ്മിവിലാസമാണ്. പറഞ്ഞപ്പോൾ തെറ്റിയതാണ്."

അങ്ങേർക്ക് കാര്യം പിടികിട്ടി, പിള്ളേര് നുണ പറയാനും വിദഗ്ധരാണ്. പിന്നെ നടപടിക്രമങ്ങളെല്ലാം വേഗത്തിൽ ആയിരുന്നു. നാലുപേരുടെയും ഷർട്ട് അവിടെ  ഊരിവെച്ചു. ഞങ്ങൾ ഷർട്ടിന്റെ ജാമ്യത്തിൽ പുറത്തേയ്ക്ക് ഇറങ്ങി. അയലത്തെ സുന്ദരി അകത്ത് തിമിർത്തു കളിക്കുന്നുണ്ട്. അതായിരുന്നു നിരാശ. ഇരുട്ടായിരുന്നതിനാൽ റോഡിലൂടെ ഷർട്ട് ഇല്ലാതെ നടക്കാൻ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. റോഡ് ഒക്കെ നനഞ്ഞിരിക്കുന്നു. അപ്പോഴാണ് ഓർത്തത്. അയ്യോ! മഴ പെയ്തിട്ടുണ്ട്, ഗോതമ്പുപൊടിയുടെ ഗതി എന്താവും ദൈവമേ. ഒളിപ്പിച്ചു വച്ചിരുന്ന ഗോതമ്പുപൊടി സഞ്ചി കണ്ടെടുത്തു. ചപ്പാത്തിക്കാണെങ്കിൽ അല്‍പം ഉപ്പും കൂടി ഇട്ട് കുഴച്ചാൽ മതി, എന്ന് മനസ്സിലായി. ഇത് വീട്ടിൽ കൊണ്ടു പോയി കൊടുക്കുമ്പോൾ, രൂപാന്തരപ്പെടുന്ന അമ്മയുടെ ദുർമുഖത്തെ എങ്ങനെ സാധാരണ നിലയിലാക്കുമെന്ന ആധിയായി. ഏതായാലും ഞങ്ങൾ വീട്ടിന് പുറകിലെത്തി. ഇനി ഷർട്ടിന് എന്ത് ചെയ്യും? നോക്കുമ്പോൾ അച്ഛന്റെ രണ്ട് ഷർട്ടുകൾ വിറകുപുരയിലെ അയയിൽ മഴ നനഞ്ഞു കിടപ്പുണ്ട്. വളരെ വലുതാണ്. സംതിങ് ഈസ് ബെറ്റർ ദാൻ നത്തിംഗ് എന്ന തിയറി ഓർമ്മ വന്നു. ഒന്നും നോക്കാതെ അത് രണ്ടുപേരും വലിച്ചു കയറ്റി. ഷർട്ടിന്റെ കീഴ്ഭാഗം മുട്ടുകാൽ കഴിഞ്ഞും കിടന്നു.

പതുക്കെ വീടിനു മുൻവശത്തെത്തി. നേരം വളരെ വൈകിയതിനാൽ അമ്മ ആധിയോടെ മുൻവശത്ത് തന്നെ ഞങ്ങളെ നോക്കിയിരിപ്പാണ്. ഭാഗ്യം; അച്ഛനെത്തിയിട്ടില്ല. ഏതായാലും ഞങ്ങളെ കണ്ടപ്പോൾ മനസ്സിന് സമാധാനം ലഭിച്ചതു കാരണം ഷർട്ടിനെ കുറിച്ച് ആദ്യം ഒന്നും പറഞ്ഞില്ല. അകത്തേക്ക് കയറിയപ്പോൾ ഉടൻ ചോദിച്ചു. "ഇതെന്താടാ." "ഇതാണിപ്പഴത്തെ ഫാഷൻ! വലിയ ഷർട്ട് - ഞങ്ങൾ ഇവിടെനിന്ന് അച്ഛന്റെ ഷർട്ട് എടുത്ത് ഇട്ടുകൊണ്ട് പോയതാണമ്മേ " പറഞ്ഞൊപ്പിച്ചു. "പിന്നെ ഒരു കാര്യം കൂടീണ്ട്. തിരിച്ചുവരണ സമയത്ത് ഒന്നു മഴ നനഞ്ഞു. തോട്ടിലും വീണു. ഷർട്ടും ഗോതമ്പ് പൊടീം ഒക്കെ നനഞ്ഞിട്ടുണ്ട് കേട്ടാ." കൂടുതൽ ബഹളത്തിന് അവസരം കൊടുക്കാതെ ഞങ്ങൾ മുറിയിലേക്ക് പാഞ്ഞു. അടുക്കളയിൽനിന്ന് ഗോതമ്പുപൊടിയുമായി അമ്മ മൽപ്പിടിത്തം തുടങ്ങി. ഗോതമ്പ് പൊടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട ശേഷമുള്ള അമ്മയുടെ ഹൈ ഫ്രീക്വൻസിയിലുള്ള വിലാപം ഇതിനകം ചെവിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം അറ്റൻഡൻസ് എടുത്ത ശേഷം ക്ലാസ്സ് ടീച്ചറായ ഗ്രേസി ടീച്ചർ എന്നെ വിളിച്ചു. എന്നോട് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു. "ദൈവമേ, അമ്മയുടെ പക്ഷത്തുനിന്ന് അടി കിട്ടാതെ ഒരുവിധം രക്ഷപ്പെട്ടതാണ്. ഇവിടെ പ്രശ്നം ഗുരുതരമാവും." അൽപ സമയം കഴിഞ്ഞ് ടീച്ചർ പുറത്തേക്ക് വന്നു. തലകുനിച്ചു കൊണ്ട് പേടിയോടെ നിന്നിരുന്ന എന്നെയും കൂട്ടി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് നടന്നു. സ്റ്റാഫ് റൂമിൽ വെച്ച് മറ്റു ടീച്ചർമാരുടെ ശ്രദ്ധയിൽ പെടാത്ത വിധം ടീച്ചർ ഒരു പൊതി എന്റെ നേരെ നീട്ടി. തുടർന്നു സൗമ്യമായി പറഞ്ഞു. "കുട്ടീ.. ഇത് നിങ്ങളുടെ ഷർട്ടുകൾ ആണ്. കൊണ്ടു പൊയ്ക്കൊള്ളു." ടീച്ചർ മറ്റൊന്നും പറഞ്ഞില്ല. വിറയ്ക്കുന്ന കൈകളോടെ ഞാൻ പൊതി വാങ്ങി.  ക്ലാസ്സിലേക്ക് മടങ്ങി. അന്ന് വൈകിട്ട് വീട്ടിലെത്തി പൊതി അഴിച്ചു. ഷർട്ടുകളുടെ കൂട്ടത്തിൽ നിന്ന് രണ്ട് കടലാസ് കഷണങ്ങൾ താഴെ വീണു. ഞാൻ ശ്രദ്ധിച്ചു. അയലത്തെ സുന്ദരി അടുത്ത ദിവസം കാണാനുള്ള രണ്ട് റിസർവ്ഡ് ടിക്കറ്റുകൾ ആയിരുന്നു അത്. എന്റെ കണ്ണുകൾ ഈറനണിഞ്ഞു.

English Summary:

Malayalam Memoir ' Ayalathe Sundariye Kanda Katha ' Written by Elles Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com