ശിലായുഗം മുതൽ എഐ വരെ; ശാസ്ത്ര പ്രേമികൾക്കായി ഹരാരിയുടെ പുതിയ പുസ്തകം വരുന്നു
Mail This Article
'സാപിയൻസ്', 'ഹോമോ ഡ്യൂസ്' എന്നിവയിലൂടെ പ്രശസ്തനായ ചരിത്ര എഴുത്തുകാരൻ യുവാൽ നോഹ ഹരാരി പുതിയ പുസ്തകവുമായി വരുന്നു. 'നെക്സസ്' എന്നു പേരിട്ടിരിക്കുന്ന പുസ്തകം സെപ്റ്റംബർ 10 ന് പുറത്തിറങ്ങും. ശിലായുഗം മുതൽ എഐ കാലഘട്ടം വരെയുള്ള വിവരശൃംഖലകളുടെ ഒരു സംക്ഷിപ്ത ചരിത്രമാണിതിൽ പറയുന്നത്.
ആശയവിനിമയത്തിന്റെ ആദ്യ രൂപങ്ങൾ മുതൽ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ വരെയുള്ള വിവര ശൃംഖലകളുടെ പരിണാമത്തിന്റെ സംഗ്രഹം മാത്രമല്ല വിവരങ്ങളുടെ ഒഴുക്ക് മനുഷ്യ സമൂഹങ്ങളെ എങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു എന്നതിന്റെ വിവരണവും ഇതിലുണ്ട്. അറിവ് പകരാൻ മനുഷ്യർ ആശ്രയിച്ചിരുന്ന കഥപറച്ചിലും ഗുഹാചിത്രങ്ങളും പോലെയുള്ള ശ്രോതസ്സുകളിലൂടെ ശിലായുഗത്തിലെ വിവരശൃംഖലകളുടെ ഉത്ഭവം കണ്ടെത്തിക്കൊണ്ടാണ് ഹരാരി പുസ്തകം ആരംഭിക്കുന്നത്. എഴുത്ത് സംവിധാനങ്ങൾ, ലൈബ്രറികൾ, പ്രിന്റിംഗ് പ്രസ്സുകൾ എന്നിവയുടെ വികസനം വിവരങ്ങൾ രേഖപ്പെടുത്തുകയും സംഭരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ചു.
പുരാണങ്ങളും മതങ്ങളും നാഗരികതകളും രൂപപ്പെട്ടതും സാമ്രാജ്യങ്ങളുടെ ഉയർച്ച–തകർച്ചകളും വ്യാവസായിക വിപ്ലവത്തിന്റെ കടന്നു വരവും സാങ്കേതികവിദ്യയിലും ഗതാഗതത്തിലും സംഭവിച്ച ഗണ്യമായ പുരോഗതിയും എങ്ങനെ ആശയവിനിമയത്തെ സ്വാധീനിച്ചുവെന്നതിന്റെ വിശദ വിവരങ്ങൾ പുസ്തകത്തിലുണ്ട്. ആളുകളെ ബന്ധിപ്പിക്കുന്നതിലും ദൂരങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിലും റെയിൽവേ, സ്റ്റീംഷിപ്പുകൾ, ടെലിഗ്രാഫുകൾ, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയുടെ പങ്ക് ഹരാരി എടുത്തുകാണിക്കുന്നു.
സമൂഹ മാധ്യമങ്ങൾ, സെർച്ച് എഞ്ചിനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഭാവിയിൽ ഉയർന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും അവ പൊതുജനാഭിപ്രായത്തെ എങ്ങനെ സ്വാധീനിക്കാമെന്നതിനെക്കുറിച്ചും ഹരാരി വിശദീകരിക്കുന്നു. ചരിത്രപരമായ ആഖ്യാനങ്ങൾ, ദാർശനിക ഉൾക്കാഴ്ചകൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം ചേർന്ന് അദ്ദേഹം ഈ വിഷയത്തിൽ ശ്രദ്ധേയവും ചിന്തോദ്ദീപകവുമായ ഒരു വിവരണമാണ് ‘നെക്സസ്’ എന്ന പുസ്തകം. ഹരാരിയുടെ ഈ രചന ചർച്ചകൾക്ക് തുടക്കമിടുമെന്ന് ഉറപ്പാണ്.