വായിക്കാം, അധ്യാപകര്‍ കഥാപാത്രങ്ങളായി വരുന്ന 5 പുസ്തകങ്ങൾ
![teachers-lit-l teachers-lit-l](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2024/9/4/teachers-lit-l.jpg?w=1120&h=583)
Mail This Article
വിദ്യാർഥികൾക്ക് അവരുടെ ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ സുഖപ്രദവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ചില അധ്യാപകരുണ്ട്.
വിദ്യാർഥികളിൽ മായാത്ത മുദ്ര പതിപ്പിക്കുകയും അവരുടെ മനസ്സിനെ രൂപപ്പെടുത്തുകയും ഹൃദയങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അത്തരം ചിലർ സാഹിത്യത്തിലുമുണ്ട്. മികച്ച അധ്യാപകരെ കഥാപാത്രങ്ങളാക്കിയ 5 കൃതികൾ പരിചയപ്പെടാം.
![teachers-day-2024--1- teachers-day-2024--1-](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
റോൾഡ് ഡാലിൻ എഴുതിയ മെറ്റിൽഡ
ബ്രിട്ടീഷ് എഴുത്തുകാരനായ റോൾഡ് ഡാലിന്‍ 1988ൽ എഴുതിയ കുട്ടികളുടെ നോവലാണ് 'മെറ്റിൽഡ'. മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാതെ വളരുന്ന അവൾ തന്റെ കിന്റർഗാർഡൻ അധ്യാപികയായ മിസ് ഹണിയുമായി അടുക്കുന്നു. മറ്റാരും അവളുടെ മൂല്യം കാണാത്തപ്പോൾ അവളെ പഠനത്തിലും വൈകാരികമായും പിന്തുണയ്ക്കുന്ന മിസ് ഹണി, ദയയും അനുകമ്പയും ഉള്ളവളാണ്. അവര്‍ മെറ്റിൽഡയുടെ അസാധാരണമായ ബുദ്ധി തിരിച്ചറിയുകയും അവളുടെ പൂർണ്ണ ശേഷിയിൽ എത്താൻ സഹായിക്കുകയും ചെയ്യുന്നു.
![teachers-day-2024--5- teachers-day-2024--5-](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എൽ.എം. മോണ്ട്‌ഗോമറി എഴുതിയ ആന്‍ ഓഫ് ഗ്രീൻ ഗേബിൾസ്
'ആൻ ഓഫ് ഗ്രീൻ ഗേബിൾസിൽ' പ്രധാന കഥാപാത്രമായ ആന്‍ എന്ന കുട്ടിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അധ്യാപികയാണ് മിസ് മ്യൂറിയൽ സ്റ്റേസി. വിദ്യാർഥികൾക്ക് അനഭിമതനായിരുന്ന മുൻ അധ്യാപകൻ മിസ്റ്റർ ഫിലിപ്സിന് പകരമാണ് മിസ് സ്‌റ്റേസി വന്നത്. ആനിയെ പ്രചോദിപ്പിക്കുകയും അവളുടെ പഠനത്തില്‍ സഹായിക്കുകയും ചെയ്യുന്ന ഊർജ്ജസ്വലതയും അനുകമ്പയും ഉള്ള ഒരു അധ്യാപികയാണ് അവർ. അസാധാരണവും ഉദാരവുമായ അധ്യാപന രീതികളാണ് അവർക്കുള്ളത്. എന്നാൽ ആനിയുടെ സ്വഭാവത്തെയും ഭാവി അഭിലാഷങ്ങളെയും രൂപപ്പെടുത്തുന്നതിൽ മിസ് മ്യൂറിയൽ സ്റ്റേസിയുടെ സ്വാധീനം നിർണായകമാണ്.
![teachers-day-2024--4- teachers-day-2024--4-](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പെട്രീഷ്യ പൊലാക്കോ എഴുതിയ താങ്ക് യൂ മിസ്റ്റർ ഫോക്നർ
'താങ്ക് യൂ മിസ്റ്റർ ഫോക്നർ' എന്ന പുസ്‌തകത്തിൽ ട്രീഷ്യ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നിർണായക പങ്കു വഹിക്കുന്ന അധ്യാപകനാണ് മിസ്റ്റർ ഫോക്നർ. ട്രീഷ്യയ്ക്ക് ഡിസ്‌ലെക്സിയ ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നു. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള ഒരു പഠന വൈകല്യമാണ് ഡിസ്‌ലെക്സിയ. ബുദ്ധിമുട്ടുന്ന ഒരു വിദ്യാർഥിനിയായി അവളെ തള്ളിക്കളയുന്നതിനുപകരം, മിസ്റ്റർ ഫോക്നർ ക്ഷമയോടെ അവളോടൊപ്പം പ്രവർത്തിക്കുന്നു, അവളുടെ വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുന്നതിന് ക്രിയാത്മകവും പിന്തുണയുള്ളതുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു. ട്രീഷ്യയിൽ പഠനത്തോടുള്ള ഇഷ്ടവും ശക്തമായ ആത്മാഭിമാനവും വളർത്തിയെടുക്കാൻ തന്റെ പ്രോത്സാഹനത്തിലൂടെ മിസ്റ്റർ ഫോക്നർ പ്രചോദിപ്പിക്കുന്നു. പഠനപ്രയാസങ്ങൾക്കിടയിലും അവൾ മഹത്തായ കാര്യങ്ങൾക്ക് പ്രാപ്തയാണെന്ന് അദ്ദേഹം കാണിച്ചുകൊടുക്കുന്നുണ്ട്.
![teachers-day-2024--2- teachers-day-2024--2-](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഏണസ്റ്റ് ജെ. ഗെയിൻസ് എഴുതിയ എ ലെസൺ ബിഫോർ ഡൈയിങ്
ഏണസ്റ്റ് ജെ. ഗെയ്ൻസ് എഴുതിയ 'എ ലെസൺ ബിഫോർ ഡൈയിങ്' ലെ അധ്യാപകനാണ് ഗ്രാന്റ് വിഗ്ഗിൻസ്. പാർശ്വവൽക്കരിക്കപ്പെട്ടവരോ ബുദ്ധിമുട്ടുന്നവരോ ആയ വിദ്യാർഥികളുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുള്ള ഒരു യുവ അധ്യാപകനാണ് 'ഗ്രാന്റ് വിഗ്ഗിൻസ്'. ചെയ്തിട്ടില്ലാത്ത ഒരു കൊലപാതകക്കുറ്റത്തിന്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കറുത്തവർഗക്കാരനായ യുവാവാണ് ജെഫേഴ്സൺ. ജെഫേഴ്സന്റെ അമ്മായിയുടെ നിർബന്ധം മൂലം ജയിൽ സന്ദർശനത്തിനായി പോകുന്ന ഗ്രാന്റ് വിഗ്ഗിൻസ്, ജെഫേഴ്സണുമായി അപ്രതീക്ഷിതമായി സൗഹൃദം സ്ഥാപിക്കുന്നു. അതിലൂടെ ഇരുവരും അനുകമ്പയും ചെറുത്തുനിൽപ്പിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതാണ് കഥ.
![teachers-day-2024--3- teachers-day-2024--3-](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ആർ. ജെ. പലാസിയോയുടെ വണ്ടർ
ദയ, സ്വീകാര്യത, സ്ഥിരോത്സാഹം എന്നിവയുടെ പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള ഹൃദയസ്പർശിയായ ഒരു കഥയാണ് ആർ.ജെ. പലാസിയോയുടെ 'വണ്ടർ'. വ്യത്യാസമുഖത്തോടെ ജനിച്ച ഓഗസ്റ്റ് പുൾമാന്റെ സ്കൂളിലെ അധ്യാപകനാണ് മിസ്റ്റർ ബ്രൗൺ. ഓഗിയുടെ സവിശേഷ സാഹചര്യത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്ന മിസ്റ്റർ ബ്രൗൺ അവനോട് ആദരവോടും അനുകമ്പയോടും കൂടി പെരുമാറുന്നു. ഒരു അധ്യാപകന് കുട്ടിയുടെ ജീവിതത്തിൽ ചെലുത്താൻ കഴിയുന്ന ശക്തമായ സ്വാധീനത്തിന്റെ തെളിവാണ് ഈ കഥ.