ADVERTISEMENT

സംശയം ഒന്നും വേണ്ട  ചിമ്മിനി ഡാം തന്നെ. പണ്ട് ചിമ്മിനി ഡാമിൽ പോയതും, ഡാമിനകത്ത്‌ റിസെർവോയറിലൂടെ വനംവകുപ്പിന്റെ ബോട്ടിൽ അരമണിക്കൂറോളം കാടിനുള്ളിലേക്ക് സഞ്ചരിച്ചു, കാട്ടിനുള്ളിൽ ഒരു ദിവസം കഴിഞ്ഞതും ഇന്നലെ എന്നപോലെ മനസ്സിലേക്ക്  ഓടിയെത്തി. പയസ്സ് സർ ആയിരുന്നു അന്നവിടത്തെ വനം വകുപ്പ് മേധാവി, ചെല്ലുമ്പോൾ ഞങ്ങളെ കാത്ത് അദ്ദേഹം നിന്നിരുന്നു. രണ്ട് കുടുംബങ്ങൾ. ഞങ്ങളോടൊപ്പം മൂന്നുപേർ ഭക്ഷണം പാകം ചെയ്യാനും സഹായിക്കാനുമായി ബോട്ടിൽ കയറി. ജീവിതത്തിൽ ആദ്യമായി വനത്തിനുള്ളിൽ താമസിക്കാൻ പോകുന്നു. ബോട്ടിൽ  കയറുമ്പോൾ തന്നെ മൊബൈൽ  സിഗ്നൽ ഇല്ലാതായി. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കാട്ടിനുള്ളിൽ ഒരു ദിവസം. കാടിനുള്ളിലേക്ക് ബോട്ട് കയറുമ്പോൾ ഇടതുവശത്ത് ഒരു ട്രീഹൗസ് കണ്ടു. അത് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ് എന്നറിഞ്ഞു.

എല്ലാവരും കൈകളെല്ലാം വെള്ളത്തിലേക്ക് താഴ്ത്തി, കൈകളുടെ നനവ് മുഖത്ത് പടർത്തി. ചുറ്റും കൊടും കാട്. ബോട്ടിന് മുകളിലൂടെ പറക്കുന്ന വലിയ പക്ഷികൾ. നിഗൂഢമായ ഏതോ ഇടത്തേക്ക് കുതിക്കുന്ന ബോട്ട്. അവസാനം ഞങ്ങൾ ആനപ്പോര് എന്ന് വിളിക്കുന്ന ക്യാമ്പിലേക്ക് എത്തി. എല്ലാവർക്കും സുഖമായി കിടക്കാനുള്ള ഇടമുണ്ട്, സ്ലീപ്പിങ് ബാഗ്‌സ് ആണ് ഉറങ്ങാൻ. മുമ്പ് കട്ടിലൊക്കെ ഉണ്ടായിരുന്നത്രെ, മലയിറങ്ങി വന്ന ആരോ എടുത്തുകൊണ്ടുപോയി. ഏറ്റവും വലിയ കാര്യം നല്ല ടോയ്‌ലറ്റും, കുളിക്കാനുമുള്ള സൗകര്യവുമുണ്ട്. കൂടെ വന്ന മൂന്നുപേർ കുറച്ചപ്പുറത്തെ ഒരു ടെന്റിൽ ഭക്ഷണം തയ്യാറാക്കാനുള്ള തിടുക്കത്തിലാണ്. ക്യാമ്പിന്റെ ഇറയത്തിരുന്നാൽ റിസെർവോയർ കാണാം. ക്യാമ്പിന് ചുറ്റും വലിയ കിടങ്ങാണ് ഉള്ളിലേക്ക് കടക്കാൻ, ചെറിയ ഒരു പാലം മാത്രം. ആനകൾ കടക്കാതിരിക്കാനുള്ള ഒരു ശ്രമം. വേണമെന്ന് ആന വിചാരിച്ചാൽ കടന്നിരിക്കും. പലപ്പോഴും ആന അവിടെ വെള്ളം കുടിക്കാൻ വരാറുണ്ടെന്ന് കൂടെ വന്നവർ പറഞ്ഞു. 

രാത്രിയിൽ കാടിന്റെ കനത്ത സംഗീതമായിരുന്നു. പാതിരക്ക് എപ്പോഴോ ഒരു വലിയ മ്ലാവ് മുന്നിൽ വന്നു ഒച്ചയിടാൻ തുടങ്ങി. എല്ലാവരും എഴുന്നേറ്റു, പേടിയുള്ളതിനാൽ ചെറിയ ജനൽ പാളിയിലൂടെ തുറന്നു നോക്കിയപ്പോൾ, കൂടെ വന്നവർ മ്ലാവിനെ ആട്ടി ഓടിക്കുകയായിരുന്നു. പുറത്തിറങ്ങേണ്ട, അവർ പറഞ്ഞു. കാട്ടിനുള്ളിലെ കനത്ത കാറ്റും, എവിടെനിന്നൊക്കെയോ ഉയരുന്ന മൃഗങ്ങളുടെ ശബ്ദവും ക്യാമ്പിനുള്ളിൽ മുഴങ്ങുന്നതായി തോന്നി. അതിരാവിലെ മുതൽ ട്രെക്കിങ്ങിന് പോയി. സഹായികൾക്ക് വഴികൾ നന്നായി അറിയാം. എപ്പോഴോ ആന പോയതിന്റെ പാടുകൾ കണ്ടു. ആന വന്നാൽ എന്ത് ചെയ്യും? ആരോ ചോദിച്ചു. അതിൽ ഒരാൾ പറഞ്ഞു. നമ്മൾ ഒന്നും ചെയ്യാനില്ല, എല്ലാം ആന ചെയ്തോളും! പ്രകൃതിയുടെ ഹൃദയത്തിലൂടെ ഒരു യാത്ര, ഇന്നുവരെ കാണാത്ത വന്മരങ്ങൾ. പടർന്നിറങ്ങുന്ന ചില്ലകൾ. തഴുകിയൊഴുകുന്ന അരുവികൾ. ഭൂമിയെ അറിഞ്ഞുള്ള യാത്ര. 

ഇടയ്ക്ക് കണ്ട ഒരു ചെറിയ വെള്ളച്ചാട്ടത്തിന് താഴെ നിന്ന് എല്ലാവരും കുളിച്ചു. മൂന്ന് മണിക്കൂർ നീണ്ട സാഹസികയാത്ര കഴിഞ്ഞു എത്തിയപ്പോൾ ആകെ തളർന്നിരുന്നു. ക്യാമ്പിന്റെ മുന്നിലെ തിണ്ണയിൽ കിടന്നാണ് എല്ലാവരും മയങ്ങിയത്. തണുത്ത കാറ്റ്, നടന്ന ക്ഷീണം, ഇരുന്നതും ഉറങ്ങിപ്പോയി. ഉച്ചഭക്ഷണം കഴിഞ്ഞു മൂന്നു മണിയോടെ ബോട്ട് വരും തിരിച്ചുപോകാൻ. ജീവിതത്തിൽ അത്യപൂർവ്വമായ ഒരു ദിവസം. തിരിച്ചുപോകാനേ തോന്നുന്നില്ല. ഉള്ളിലേക്ക് പിടിച്ചുവലിക്കുന്ന ഒരു ശക്തി കാടിനുണ്ട്. വരൂ, എന്റെ അകംകാടുകളിൽ നിന്നെക്കാത്ത് ഒരുപാട് അത്ഭുതങ്ങൾ കാത്തിരിക്കുന്നു. വരൂ, എന്ന് വീണ്ടും വീണ്ടും പ്രകൃതി പറയുന്നതുപോലെ. അകലെനിന്നും ആ പച്ചബോട്ട് ഞങ്ങളെ തിരിച്ചുകൊണ്ടുപോകാൻ വരുന്നത് കാണാം. ചിമ്മിനി ഡാം ചെക്ക് പോയന്റിൽ എത്തിയപ്പോഴാണ് അയാൾ പഴയ ഓർമ്മകളിൽ നിന്ന് ഉണർന്നത്. 

ടിക്കറ്റ് എടുത്ത് അകത്തു കയറി. ഇത്തവണ കൂടെ ആരും തന്നെയില്ല. പതിവുപോലെ റിസെർവോയർ ഭാഗത്തേക്ക് നടന്നു. വെള്ളം കുറവാണ്, എങ്കിലും കണ്ണുകൾ നിറക്കുന്ന കാഴ്ചകൾ. ഇവിടം പ്രകൃതിയുടെ മായാജാലമാണ്. കുറെ പേർ വീഡിയോ എടുക്കുന്നു. അധികവും ചെറുപ്പക്കാർ. സൈക്കിൾ സവാരിയും, ചൂരത്തല വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങും, കൊട്ടവഞ്ചിയിലെ സവാരിയും ലഭ്യമാണ്. കാടിനകത്തുള്ള താമസം കുറച്ചുനാളായി നിർത്തിവെച്ചിരിക്കുകയാണ്, വീണ്ടും തുടങ്ങിയോ എന്നറിയില്ല. റിസെർവോയറിന്റെ ഉള്ളിലേക്ക്, ആകാശത്തേക്ക് പറക്കാൻ എന്നപോലെ ഊഞ്ഞാലിൽ ആടുന്ന ചിലർ. മരത്തിന്നടിയിലെ ഒരു ബെഞ്ചിൽ അയാൾ ഇരുന്നു. തണുത്ത ഇളംകാറ്റ് ഉറക്കം തലോടുന്ന പോലെ. താൻ ഉറങ്ങിപ്പോകുന്നുണ്ടോ, അയാൾ അറിയാതെ ഉറക്കത്തിലേക്ക് വീണെന്ന് തോന്നുന്നു. 

അയാൾ കൊട്ടവഞ്ചിയിൽ പോകാനുള്ള ടിക്കറ്റ് എടുക്കാൻ നിൽക്കുകയാണ്. നാനൂറ് രൂപ, നാല് ആൾക്ക് പോകാം. താൻ ഒരാളെ ഉള്ളൂ, എങ്കിലും അയാൾ നാനൂറ് രൂപകൊടുത്തു ഒരു ടിക്കറ്റ് എടുത്തു. തന്റെ പുറകിൽ മുഖമൊക്കെ മറച്ചു ഒരു സ്ത്രീ ഉണ്ടായിരുന്നു. താഴേക്ക് കൊട്ടവഞ്ചി തുടങ്ങുന്ന ഭാഗത്തേക്ക് അയാൾ പതുക്കെ ഇറങ്ങി, അപ്പോഴും മുഖം മറച്ച ആ സ്ത്രീ തന്നെ പിന്തുടരുന്നതായി അയാൾ അറിഞ്ഞു. ആരാണവർ, എന്തിനാണ് അവർ തന്നെ പിന്തുടരുന്നത്? ആരെങ്കിലുമാകട്ടെ, താൻ മാത്രമല്ലല്ലോ, ഇവിടെ ഒരുപാടു പേരുണ്ട്. ടിക്കറ്റ് കാണിച്ചു കൊട്ടവഞ്ചിയിൽ കയറുമ്പോൾ വഞ്ചി തുഴയുന്ന ആൾ ചോദിച്ചു, ഒരാൾ ഉള്ളോ സർ, അതെ എന്ന് പറയാൻ തുടങ്ങുന്നതിന് മുമ്പ്, മുഖം മറച്ച സ്ത്രീ വഞ്ചിയിൽ കയറി ഇരുന്നു. അയാൾക്ക്‌ ഒന്നുംതന്നെ പറയാൻ കഴിഞ്ഞില്ല. എന്തായാലും നാനൂറ് രൂപ കൊടുത്തു, നാലാൾക്ക് പോകാം, എന്നാൽ അവർകൂടി കേറിക്കോട്ടെ. 

കൊട്ടവഞ്ചികൾ ഇരുപത് മിനിറ്റ് റിസെർവോയറിലൂടെ സഞ്ചരിച്ചു കഴിഞ്ഞു കരയിൽ അടുക്കാറാകുമ്പോൾ വളരെ വേഗത്തിൽ കൊട്ടവഞ്ചികൾ ഒന്ന് കറക്കും, അത് ഒരു ഒന്നൊന്നര കറക്കമാണ്, ഭയപ്പെട്ട്‌ പോകും. തിരിച്ചെത്തിയ ഒരു കൊട്ടവഞ്ചി അതിവേഗത്തിൽ കറക്കുന്നത് കണ്ടപ്പോൾ മുഖം മറച്ച സ്ത്രീ കൈകൾ കൊട്ടി ആർത്തു ചിരിച്ചു. അയാൾ അവരെ ആശ്ചര്യത്തോടെ നോക്കി. ഞങ്ങളുടെ കൊട്ടവഞ്ചി, കുറെയധികം റിസെർവോയറിന്റെ അകത്തേക്ക് പോയി, തിരിക്കാവുന്ന ഇടമെത്തിയപ്പോൾ, ആ സ്ത്രീ വഞ്ചിക്കാരനോട് ചോദിച്ചു, ഇവിടെ എത്ര ആഴം കാണും? അയാൾ പറഞ്ഞു, എന്തായാലും ഒരമ്പതടിയിൽ കൂടുതൽകാണും. മുങ്ങിയാൽ പിന്നെ പൊങ്ങില്ലയല്ലെ? അവർ ചോദിച്ചു. റിസെർവോയറിന്റെ അടിയിലേക്ക് താഴ്ന്നുപോകുമ്പോൾ അതിന്റെ ആഴത്തിലേക്ക് പിടിച്ചു വലിക്കുന്ന ഒരു ശക്തിയുണ്ട്, എത്ര ശ്രമിച്ചാലും, നമുക്ക് മുകളിലേക്ക് കുതിച്ചുയരാൻ കഴിയാത്തതുപോലെ തോന്നും. 

വളരെ നല്ലയിടം. നിങ്ങൾ കരയിലെത്തുമ്പോൾ നടത്തുന്ന കൊട്ടവഞ്ചി വളരെ വേഗം കറക്കുന്ന അഭ്യാസം ഇവിടെ പറ്റുമോ? അവർ ചോദിച്ചു. പറ്റും, എന്നാൽ കരക്കടുത്ത് മാത്രം ചെയ്യാനാണ് ഞങ്ങൾക്കുള്ള നിർദേശം. ഞാൻ കൂടുതൽ കാശ് തരാം, താനൊന്ന് കറക്ക്. അവർ പറഞ്ഞു. അയാളാണെങ്കിൽ ഒന്നും പറയാനാകാതെ ഇരിക്കുകയാണ്, നടക്കുന്നതൊന്നും അത്ര ശരിയല്ലെന്ന് അയാൾക്ക്‌ തോന്നി, എന്നാൽ ശബ്ദം പുറത്തു വരുന്നില്ല, തൊണ്ടയിൽ ആരോ കയറി പിടിച്ചതുപോലെ. പെട്ടെന്ന് വഞ്ചിക്കാരൻ കൊട്ടവഞ്ചി കറക്കാൻ ആരംഭിച്ചു, അയാൾ ഭയന്ന് കൊട്ടവഞ്ചിയുടെ വശങ്ങളിൽ പിടിച്ചു. ആ സ്ത്രീ പെട്ടെന്ന് വഞ്ചിയിൽ എഴുന്നേറ്റ് നിന്ന് കൈകൾ കൊട്ടി പൊട്ടിച്ചിരിച്ചു. പിന്നെ അതിവേഗം അയാളെയും ഒപ്പം കൊട്ടവഞ്ചിയിൽ നിന്ന് തള്ളിവീഴ്ത്തിക്കൊണ്ട് റിസെർവോയറിന്റെ അടിയിലേക്ക് താഴ്ന്നുപോയി. 

താഴ്ന്നുപോകുന്ന അയാൾ വെള്ളത്തിന് മുകളിലേക്ക് കുതിച്ചുയരാൻ ശ്രമിച്ചു. എന്നാൽ ആ സ്ത്രീ അയാളുടെ കാലുകളിൽ പിടിച്ചു താഴേക്ക്, ആഴങ്ങളിലേക്ക് വലിക്കുകയാണ്. അപ്പോഴും ചിരിക്കുന്ന അവരുടെ മുഖം അയാൾക്ക്‌ കാണാം. അയാൾ അയാളുടെ മുഖം അവരുടെ മുഖത്തിന്നടുത്തേക്ക് കൊണ്ടുവന്നു കാതുകളിൽ ചോദിച്ചു, "ആരാണ് നീ". അയാളുടെ കാതുകളിൽ ചുണ്ടുകൾ ചേർത്ത് അവർ പറഞ്ഞു "ജെസ്സി, ജെസ്സി ഇട്ടിക്കോര, തന്നെയും കൊണ്ടേ ഇത്തവണ ഞാൻ പോകൂ, കുറേ നാളായില്ലേ താൻ എന്റെ കൈകളിൽ നിന്ന് വഴുതി മാറുന്നു". അവരെ തള്ളിമാറ്റി അയാൾ മുകളിലേക്ക് കുതിക്കാൻ കൈകൾ ആഞ്ഞു വീശി. 

കൈകൾ ആഞ്ഞു വീശിയപ്പോൾ മയക്കത്തിൽ ബെഞ്ചിൽ നിന്ന് താഴെ വീണ അയാൾ ചുറ്റും നോക്കി. ആളുകൾ എല്ലാം പോയിക്കഴിഞ്ഞിരുന്നു. താൻ കുറച്ചധികം മയങ്ങിയോ? പെട്ടെന്നാണ് കൊട്ടവഞ്ചി തുഴയുന്ന ഒരാൾ അയാളുടെ അടുത്തേക്ക് വന്നത്. സർ അവസാന ട്രിപ്പിന് സമയമായി, നിങ്ങൾ പോരുന്നുണ്ടോ? വഞ്ചിയിൽ ഒരാൾ മാത്രമേയുള്ളൂ, നിങ്ങളോടു കൂടി ചോദിക്കാൻ അവർ പറഞ്ഞു. ആര്? അയാൾ ചോദിച്ചു. അയാൾ ദൂരെ കൊട്ടവഞ്ചിയിലിരിക്കുന്ന ആളെ ചൂണ്ടിക്കാണിച്ചു, അയാൾ ഞെട്ടിപ്പോയി, അത് ആ മുഖം മറച്ച സ്ത്രീ ആയിരുന്നു.

English Summary:

Malayalam Short Story ' Chimmini ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com