ബാല്യം – ശ്യാമള ഹരിദാസ് എഴുതിയ കവിത

Mail This Article
ഓർക്കുന്നു ഞാനെൻ ബാല്യകാലം
ഒളി മങ്ങാത്ത നാട്യങ്ങളില്ലാത്ത ബാല്യകാലം
നിഷ്കളങ്കതയുടെ ശാലീനതയിൽ
അമ്മതൻ മടിത്തട്ടിൽ നിന്നിറങ്ങി
താളം പിടിച്ച് ചുവടുവെച്ചു ഞാൻ നീങ്ങി.
അന്തി വെളിച്ചം അകത്തളത്തിലെത്തവേ
കണ്ടു ഞാൻ
നാമ ജപത്തിന്റെ ശാന്തതയും
അയവിറക്കും സായം സന്ധ്യയും.
കുസൃതിത്തരത്തിൻ കരിവണ്ടായ്
പാറി പാരിലാകെ ഉഴറുമ്പോൾ കൂട്ടിനായ്
നീയെന്നരികിലിപ്പോഴുമുണ്ടല്ലോ?.
വെണ്ണിലാ രാവുകളിൽ
ചന്നം പിന്നം മഴയത്തു
കളിത്തോണിയുണ്ടാക്കിയതും,
എൻ പുത്തനുടുപ്പിൽ ചെളിവെള്ളം
തെറിപ്പിച്ചോടിയതും നീയല്ലേ?
മധുരിക്കും ഓർമ്മകൾക്ക്
മാധുര്യം പകരാനായ് നീയരികെഎത്തും,
ഒരു നിഴലായ് കൂടെയുണ്ടെപ്പോഴും,
എൻ കൂടെയുണ്ടെപ്പോഴും...
മാമ്പു പൂക്കുന്നകാലം
മുറ്റത്തു ഇലകൾ പറക്കുന്നകാലം
കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ഉണ്ടാക്കി
കളിക്കും കാലം
നമ്മൾ തമ്മിൽ അടികൂടിയ കാലം
നിന്നോർമ്മയിലുണ്ടോ?
കാട്ടു ചോലകൾക്കപ്പുറം തിങ്ങി നിൽക്കും
വള്ളിപ്പടർപ്പുകളിൽ തിങ്ങിനിൽക്കും
കാട്ടുപൂക്കളെ പറിക്കാനായ്
പോയതും ഉദയസൂര്യന്റെ കിരണങ്ങൾ
ഏറ്റു വാങ്ങിയതും ഒരിക്കലും
മായുകയില്ലെൻ ഓർമ്മയിൽ.
ആനന്ദ ഹേമന്ത സന്ധ്യയിൽ
എന്നനുഭൂതിതൻ സ്വർണ്ണ തലങ്ങളാൽ
നിന്നെ പൂർണ്ണ പുഷ്കരമണിയിക്കാം.
ഒരുദിനം നീയെൻ അരികിലെത്തുമോ.
സ്നേഹത്തിൻ കൈകുമ്പിളുമായ്
അന്ന് ഞാൻ നിന്നെ എൻ ഹൃദയത്തിലേറ്റാം.
ഹൃദയത്തിലേറ്റാം.....
ഭാവി ജന്മത്തിൽ സീമയിൽ
മന്ത്ര തൂലികകൊണ്ടു ഞാൻ
മന്ദമായ് ഉഴിഞ്ഞീടവെ നിൻ
മിഴികൾ അണപ്പൊട്ടിയൊഴികിയതു
എന്തിനായിരുന്നു?
നിൻ ഹൃദയം തേങ്ങിയതെന്തിനു
വേണ്ടിയായിരുന്നു?
അന്തിയിൽ വിരിഞ്ഞ വസന്തചന്ദ്രികക്ക്
പറന്നുപോയ പഞ്ചവർണ്ണകിളിപോലെ
എന്തൊരു സൗന്ദര്യം..... സൗന്ദര്യം.