ജീവിത യാത്ര – സഹദുള്ള കെ. എഴുതിയ കവിത

Mail This Article
വ്യസന ഭാരവും പേറിക്കൊണ്ടൊരുവൻ
പാതയോരം വഴി വേലയ്ക്കു പോകവെ
നേരം തെറ്റി പെയ്തൊരാ ചാറ്റൽ മഴയിൽ നിന്നും
ഓടിക്കയറി അവൻ ഒരാൽചുവട്ടിൽ
കഷ്ട്ടങ്ങൾ മാത്രം നടക്കുമീ ജീവിതത്തെ
ഒട്ടാകെ പഴിച്ച് കൊണ്ടിരിക്കും നേരം
ചടകുടെ വന്നൊരാ പൊട്ടിച്ചിരിയുടെ
ഉറവിടം ആരെന്ന് മിഴിച്ചു നോക്കി
ആയിരം കഥകളിൽ അമ്മൂമ്മ ഓതിയ
ആചാര്യനൊരുവൻ ഇരിക്കുന്നു ഓരത്
ആരാരും കേൾക്കാ ശബ്ദത്തിലദ്ദേഹം
ആംഗ്യങ്ങളോടെ പറഞ്ഞതോ ഇങ്ങനെ
ജീവിതമാകുന്നതൊരു യാത്രയാകുന്നു പുതിയ
പൂങ്കാവനമിലൂടെ ഉള്ളൊരു സഞ്ചാരം
അവിടമിൽ ദർശിക്കും നീ അനവധി പുഷ്പങ്ങൾ
വാടിത്തളർന്നതും തണ്ടറ്റു വീണതും
എന്നാലൊരിക്കലും കാണാതെ പോവരുതാ
സുന്ദര സുരഭില മലർക്കൂട്ടമത്രയും
ശേഖരിക്കുവിൻ നീ അവയിൽ നിന്നൊരോന്നും
ശേഷം തുടരുക ആ പാത മുന്നോട്ട്
ഒരു നാൾ നീ എത്തീടും ഈ പ്രായത്തിലന്നേരം
ഓർത്തു ചിരിക്കുമാ ശപിച്ച ദിനങ്ങളെ
ഒടുവിലാ ജ്ഞാനം അണയുന്ന നേരത്തോ
ഓതീടുമീ ജീവിതം അഖിലവും സുന്ദരം