ADVERTISEMENT

തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ഗിരീഷ് എ.ഡി.യുടെ പ്രേമലു ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സച്ചിനും റീനുവും അമൽ ഡേവിസുമൊക്കെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറിയെങ്കിലും ഇപ്പോൾ കഥാപാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.  സച്ചിന്റെ നിസ്സഹായനായ സഹപാഠി വൈശാഖ് മുരളി എന്ന കഥാപാത്രം ജീവിതത്തിൽ തോറ്റുപോയ നിരവധി മനുഷ്യരുടെ പ്രതീകമാണ് എന്ന തരത്തിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ‘പ്രേമലു’വിലെ യഥാർഥ നായകൻ വൈശാഖ് എന്ന കഥാപാത്രമാണെന്ന് പറയുന്നവരുമുണ്ട്. ഗിരീഷ് എ.ഡി.യുടെ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ സ്കൂൾകുട്ടി ആയി അഭിനയിച്ച ജോർജ് വിൻസന്റ് ആണ് പ്രേമലുവിൽ വൈശാഖ് മുരളി ആയി എത്തിയത്. എല്ലവരുടെയും ജീവിതം എപ്പോഴും ഫെയർ ആയിരിക്കില്ല എന്നും പലപ്പോഴും അൺഫെയർ ആയ അവസ്ഥ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നുമാണ് ജോർജ് വിൻസന്റ് പറയുന്നത്. ബ്ലോക്ക്ബസ്റ്റർ ആയ പ്രേമലുവിൽ ഒരു കഥാപാത്രമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്നെ പരിഗണിച്ച ഗിരീഷ് എ.ഡി.യോട് നന്ദിയുണ്ടെന്നും ജോർജ് വിൻസന്റ് മനോരമ ഓൺലൈനിനോട് പറഞ്ഞു  

ഗിരീഷ് എ.ഡി. എന്ന ബ്ലോക്ക്ബസ്റ്റർ സംവിധായകൻ

ഞാൻ കോർപറേറ്റ് കമ്പനികളിൽ റീട്ടയിൽ വർക്ക് ചെയ്തിരുന്ന ആളാണ്. ഇരിങ്ങാലക്കുടക്കടുത്ത് മുരിയാട് ആണ് സ്വദേശം. ആദ്യമായി അഭിനയിച്ചത് ഗിരീഷ് എ.ഡി.യുടെ തണ്ണീർമത്തൻ ദിനങ്ങളിൽ ആണ്.  അതിൽ കുട്ടികളുടെ ഗ്യാങ്ങിലെ ഒരു കുട്ടി ആയിരുന്നു. കുറേ കുട്ടികൾക്കിടയിൽ ഒരു കുട്ടി.  പക്ഷേ ആ കുട്ടി ആകാൻ ഗിരീഷേട്ടൻ എന്നെ തിരഞ്ഞെടുത്തതിൽ സന്തോഷവും നന്ദിയുമുണ്ട്.  എനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ് ഗിരീഷ് എന്ന സംവിധായകൻ.  ഗിരീഷേട്ടന്റെ പടങ്ങൾ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്.  തണ്ണീർമത്തൻ ദിനങ്ങൾ നമ്മളെ വീണ്ടും സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സിനിമയായിരുന്നു. ആ സിനിമ വലിയ വിജയമാണ് നേടിയത്. ആ സിനിമയിൽ അഭിനയിച്ചതിൽ എനിക്ക് ഭയങ്കര അഭിമാനവും സന്തോഷവുമായിരുന്നു.   അതിനു ശേഷം ‘പത്രോസിന്റെ പടപ്പുകൾ’ എന്ന ചിത്രത്തിലും  അഭിനയിച്ചു.  വീണ്ടും ഗിരീഷേട്ടൻ 'പ്രേമലു'വിലേക്ക് വിളിച്ചു. പടം ഇപ്പോൾ ബ്ലോക്ക്ബസ്റ്റർ ആണ്.  ചെയ്തത് എത്ര ചെറിയ കഥാപാത്രമായാലും  ഒരു സാധാരണക്കാരനായ എന്നെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഗിരീഷേട്ടനോടുള്ള സ്നേഹവും നന്ദിയും എത്ര പറഞ്ഞാലും തീരില്ല.     

george-vincent-premalu
‘പ്രേമലു’ സിനിമയില്‍ നസ്‌ലിനൊപ്പം ജോർജ്

വെറുതെ ഒരു ഫോട്ടോ അയച്ചതാണ്

തണ്ണീർമത്തൻദിനങ്ങളിൽ ഓഡിഷൻ വഴിയാണ് കിട്ടിയത്. അന്ന് ആ സിനിമയിൽ അഭിനയിക്കാൻ കുറെ കുട്ടികളെ വേണമായിരുന്നു. അതിന്റെ കാസ്റ്റിങ് കോൾ കണ്ടാണ് പോയത്. അതിൽ നിന്ന് തിരഞ്ഞെടുക്കുമെന്ന് കരുതിയില്ല.  കിട്ടിയപ്പോ സന്തോഷമായി. അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് മനസ്സിലായിരുന്നു.  ഓഡിഷന് പോയ സമയത്ത് അവർ പറഞ്ഞതിൽ നിന്ന് കൂടുതൽ പ്രായം ഉണ്ടായിരുന്നു, എന്നാലും ഞാൻ രണ്ടു ഫോട്ടോ അയച്ചുനോക്കി. അവർ ഓഡിഷൻ ചെയ്യിച്ചു നോക്കിയപ്പോൾ ഇഷ്ടപ്പെട്ട് എടുത്തതാണ്.  

വൈശാഖ് മുരളി ശ്രദ്ധിക്കപ്പെടുന്നതിൽ സന്തോഷം 

സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിലെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  അതൊരു വലിയ കാര്യമൊന്നും അല്ല, സ്കൂളിലെ എല്ലാവരും എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കും ഞാനും പങ്കെടുത്തു.  അല്ലാതെ അഭിനയ പരിചയം ഒന്നുമില്ല.  തണ്ണീർമത്തൻ ദിനങ്ങളിൽ അഭിനയിച്ചപ്പോ സന്തോഷം തോന്നി.  ഗിരീഷേട്ടന് ഇഷ്ടപ്പെട്ടിട്ടുണ്ടാകും അതാണ് അദ്ദേഹം ‘പ്രേമലു’ എടുത്തപ്പോൾ വിളിച്ചത്.  ഗിരീഷേട്ടൻ ആണ് ഒരു കഥാപാത്രം ചെയ്യാനുണ്ട് വരൂ എന്ന് പറഞ്ഞത്. സച്ചിന്റെ സുഹൃത്തായ വൈശാഖ് മുരളി എന്ന കഥാപാത്രമാണ്. രണ്ടു ദിവസത്തെ ഷൂട്ട് ആണ് ഉണ്ടായിരുന്നത്.  പക്ഷേ ആ സിനിമ ഇത്രത്തോളം ശ്രദ്ധിക്കപ്പെടും എന്ന് കരുതിയില്ല. പടം ഇറങ്ങിയപ്പോഴും എന്റെ കഥാപാത്രം ആരും അധികം ശ്രദ്ധിച്ചിട്ടില്ല. ഇപ്പൊ പടം ഒടിടിയിൽ ഇറങ്ങിയപ്പോഴാണ് വൈശാഖ് എന്ന കഥാപാത്രത്തെ എല്ലാവരും ശ്രദ്ധിച്ചത്.  

geroge-girish
ഗിരീഷ് എ.ഡി.ക്കൊപ്പം ജോർജ് വിൻസന്റ്

ജീവിതം പലപ്പോഴും അൺഫെയർ ആണ് 

നസ്‌ലിൻ ചെയ്ത കഥാപാത്രമായ സച്ചിന്റെ കോളജ് ജീവിതം കാണിക്കുന്ന സീനിൽ ആണ് ഞാനുള്ളത്. പിന്നീട് സച്ചിൻ സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ വൈശാഖിനെ കാണുന്നുണ്ട്.  അതിനു ശേഷം അവൻ ഒരു ബ്രേക്ക്അപ്പ് കഴിഞ്ഞ് ചെന്നൈയിൽ വരുന്നത് എന്റെ അടുത്തേക്കാണ്.  അപ്പോഴാണ് അവൻ വളരെ വിഷമിച്ച് സംസാരിക്കുന്നത്.  ജീവിതം പലപ്പോഴും പലരുടെ നേരെയും ന്യായരഹിതമാണ്.  പല കാരണങ്ങളാൽ ജീവിതത്തിൽ ഒന്നുമാകാതെ പോകുന്നവരുണ്ട്. എന്റെ ജീവിതം അങ്ങനെ ആണോ എന്ന് ചോദിച്ചാൽ പലപ്പോഴും അങ്ങനെ ആയിരുന്നു.  ജീവിതം അൺഫെയർ ആയ ചില സമയങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പലരുടെയും ജീവിതം അങ്ങനെ ആയിരിക്കും. രണ്ടു മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടും എന്റെ ജീവിതവും ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്. എന്റെ ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിൽ ഇപ്പോൾ എനിക്ക് സന്തോഷമുണ്ട്.  വൈശാഖ് എന്ന കഥാപാത്രത്തെപ്പറ്റി ഒരുപാട് പേര് സംസാരിക്കുന്നുണ്ട്, ഒരുപാട് പേര് എഴുതുന്നത് കാണുന്നുണ്ട്.  സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ വിളിക്കുന്നുണ്ട്.

geroge-naslen
‘പ്രേമലു’ സിനിമയില്‍ നസ്‌ലിനൊപ്പം ജോർജ്

‘പ്രേമലു 2’ൽ ജീവിതം ഫെയർ ആകട്ടെ  

പ്രേമലുവിന്റെ വിജയാഘോഷത്തിനു പോയിരുന്നു.  ‘പ്രേമലു 2’ ഉണ്ടാകും എന്ന് അവിടെ വച്ചാണ് അറിഞ്ഞത്.  ‘പ്രേമലു 2’ൽ എന്റെ കഥാപാത്രവും ഉണ്ടാകണം എന്ന് ആഗ്രഹമുണ്ട്. വൈശാഖിന്റെ ജീവിതം !പ്രേമലു 2’ൽ എങ്കിലും അൺഫെയർ മാറി ഫെയർ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

george-vincent-naslen
തണ്ണീർമത്തൻ ദിനങ്ങളുടെ സെറ്റിൽ നിന്നും

ശ്യാം പുഷ്കരൻ പറഞ്ഞതുപോലെ നൂറുകോടി പടത്തിലെ നടൻ 

പ്രേമലു ഒരു അടിപൊളി സിനിമയാണ്.  നസ്‌ലിനും മമിതയും സംഗീതും ശ്യാമും ഒക്കെ അടിപൊളി ആയി അഭിനയിച്ചതുകൊണ്ടാണ് പടം ഇത്തരത്തിൽ വിജയിച്ചത്.  പടം ഒരു ബ്ലോക്ക്ബസ്റ്റർ ആകുമെന്നൊന്നും ഞാൻ കരുതിയിട്ടില്ല. പക്ഷേ ഗിരീഷേട്ടന്റെ പടമല്ലേ ശ്രദ്ധിക്കപ്പെടും എന്ന് അറിയാമായിരുന്നു.  എന്തായാലും ശ്യാം പുഷ്കരൻ ചേട്ടൻ പറഞ്ഞതുപോലെ നൂറുകോടി ക്ലബ്ബിൽ കയറിയ പടത്തിലെ നടൻ ആണ് ഞാനും എന്നതിൽ അഭിമാനമുണ്ട്. ഇനിയും കൂടുതൽ കഥാപാത്രങ്ങളും സിനിമകളും കിട്ടട്ടെ എന്നാണ് ആഗ്രഹവും പ്രതീക്ഷയും.

English Summary:

Chat With Actor George Vincent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com