ആ ബോൾഡ് സീനുകൾ ചിത്രീകരിച്ചത് ഇങ്ങനെ: ‘പണിയിലെ കലിപ്പന്റെ കാന്താരി’ പറയുന്നു

Mail This Article
ജോജു ജോർജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ‘പണി’ എന്ന സിനിമയിലെ വില്ലനായ സാഗർ സൂര്യയുടെ കഥാപാത്രവും കാമുകിയുമായുള്ള സീനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. സാഗർ സൂര്യയുടെ കാമുകിയായി അഭിനയിച്ചത് ഡെന്റിസ്റ്റ് ആയ മെർലെറ്റ് ആൻ തോമസ് ആണ്. ഒരു ‘കലിപ്പന്റെ കാന്താരി’യുടെ വേഷമാണ് പണിയിൽ ആനിന്. പഠനത്തിനിടയിലും ഒരു നടിയാകണമെന്ന സ്വപ്നം ഉള്ളിൽ താലോലിച്ചു വളർന്ന ആളാണ് താനെന്ന് ആൻ പറയുന്നു. പ്രഫഷനൽ കോഴ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ പാഷന് പിന്നാലെ പോകാൻ പാടുള്ളൂ എന്ന അച്ഛനമ്മമാരുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഡെന്റൽ ഡോക്ടറാകായ ആൻ കുറച്ചുകാലം ജോലി നോക്കിയതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ‘കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് ജോജു ജോർജ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചത്. ഒരു നടി എന്ന നിലയിൽ കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി എന്തും ചെയ്യേണ്ടിവരുമെന്ന് ബോധ്യമുണ്ട്. വിമർശനങ്ങളും നല്ല പ്രതികരണങ്ങളും പോസിറ്റീവ് ആയി എടുക്കുന്നു’ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ മെർലെറ്റ് ആൻ തോമസ് പറഞ്ഞു.
ദന്തഡോക്ടറിൽ നിന്ന് സിനിമയിലേക്ക്
ഞാൻ ഒരു ദന്തഡോക്ടർ ആണ്. ചെറുപ്പം മുതൽ എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്റേത് ഒരു ഓർത്തഡോക്സ് ഫാമിലി ആയതുകൊണ്ട് അഭിനയിക്കാൻ വിടില്ല എന്ന് തീർച്ചയായിരുന്നു. പഠിക്കുമ്പോഴൊക്കെ ഓഡിഷൻ കോളുകൾ കാണും, അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്ന് ചോദിച്ചു കോളുകളും വന്നിട്ടുണ്ട്. പക്ഷേ എന്റെ അച്ഛനും അമ്മയും അപ്പോൾ തന്നെ ഇല്ല എന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. എന്റെ ആഗ്രഹം കണ്ടിട്ട് മാതാപിതാക്കൾ പറഞ്ഞു ഒരു കരിയർ ഉണ്ടാക്കി എടുത്തിട്ട് നിനക്ക് എന്ത് വേണമെങ്കിലും ചെയ്തോ എന്ന്. കുടുംബത്തിൽ സിനിമയുമായി ബന്ധമുള്ള ആരുമില്ല. സിനിമയിൽ എത്തിപ്പെടുക വളരെ ബുദ്ധിമുട്ടാണെന്ന് മനസ്സിലായിരുന്നു.

ഞാൻ ഡെന്റൽ കോളജിൽ പഠിക്കാൻ പോയി. അപ്പോഴേക്കും ഇനി അഭിനയവും ഒന്നും നടക്കില്ല എന്ന് വിചാരിച്ചിരുന്നു. പഠന സമയത്ത് കടുത്ത തിരക്കിലായി. അങ്ങനെ ജീവിതം മുഴുവൻ അതിലേക്ക് ആയി. ഹൗസ് സർജൻസി ആയപ്പോൾ കുറച്ച് സമയം ഒക്കെ കിട്ടി. അപ്പോൾ എന്റെ സുഹൃത്ത് ഫോട്ടോഗ്രാഫറോടൊപ്പം ചേർന്ന് ഫോട്ടോസ് എടുത്ത് എന്റെ ഒരു പോർട്ട് പോളിയോ ഒക്കെ തയാറാക്കി. എന്നോട് പലരും ഷോർട്ട് ഫിലിം ചെയ്യാൻ താല്പര്യമുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ ഹൗസ് സർജൻസി കഴിഞ്ഞപ്പോഴേക്കും ഞാൻ ചെന്നൈയിൽ ഒരു ആശുപത്രിയിൽ ജോലിക്ക് കയറി. അപ്പോൾ വീണ്ടും കൂടുതൽ തിരക്കായി. ഞായറാഴ്ച പോലും അവധിയില്ലാത്ത അവസ്ഥ.

കൊച്ചിയിൽ വന്നത് ജീവിതം മാറ്റിമറിച്ചു
എഴുത്തോല എന്ന സിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. വളരെ യാദൃശ്ചികമായിട്ടാണ് അത് സംഭവിക്കുന്നത്. ഒരിക്കൽ രണ്ടുദിവസം ലീവ് കിട്ടിയ സമയത്ത് കൊച്ചിയിൽ വന്നു. ആ സമയത്ത് എന്റെ ഒരു സുഹൃത്തിന്റെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. എനിക്ക് അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് സുഹൃത്തുക്കൾക്കൊക്കെ അറിയാം. ആ സമയത്ത് എന്റെ ഒരു സുഹൃത്ത് പറഞ്ഞു, ചാലക്കുടിയിൽ ഒരു ഷൂട്ട് നടക്കുന്നുണ്ട്. നീ നിന്റെ ഫോട്ടോ അയച്ചു കൊടുക്ക് അവർക്ക് അവർക്ക് ഒരു കുട്ടിയെ ആവശ്യമുണ്ടെന്ന് പറഞ്ഞുവെന്ന്. ഞാൻ അയച്ച ഫോട്ടോ കണ്ടിട്ട് അവർ എന്നെ ഒന്ന് നേരിട്ട് കാണണമെന്ന് പറഞ്ഞു. കണ്ടു കുറച്ചു കഴിഞ്ഞ് തിരിച്ചു വിളിച്ചു ഓക്കെയാണെന്ന് പറയുകയും അടുത്ത ദിവസം ജോയിൻ ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുകയും ചെയ്തു. ഏഴുദിവസത്തെ ഷൂട്ട് ഉണ്ടൊയിരുന്നു. പക്ഷേ അന്ന് രാത്രി എനിക്ക് തിരിച്ചു ചെന്നൈയിലേക്ക് പോകുകയും വേണം. എന്തുചെയ്യണം എന്ന് അറിയാത്ത അവസ്ഥ, ഒടുവിൽ ഞാൻ അഭിനയിക്കാൻ തന്നെ തീരുമാനിച്ചു.

ഹോസ്പിറ്റലിൽ വിളിച്ചിട്ട് എനിക്ക് ഒരു ഫാമിലി എമർജൻസി ഉണ്ട് ഒരാഴ്ച ലീവ് വേണം എന്ന് പറഞ്ഞു. അതുവരെ ഞാൻ ലീവ് ഒന്നും എടുക്കാത്തത് കൊണ്ട് എനിക്ക് ലീവ് തന്നു. അങ്ങനെയാണ് ഞാൻ ‘എഴുത്തോല’ എന്ന സിനിമയിൽ അഭിനയിച്ചത്. വളരെ ആഗ്രഹിച്ച കാര്യം ഒട്ടും വിചാരിക്കാത്ത ഒരു സമയത്ത് നടക്കുകയാണ്. അതുകഴിഞ്ഞപ്പോൾ വീണ്ടും അവസരങ്ങൾ എന്നെ തേടി വന്നു. അതോടെ ഞാൻ വീട്ടിൽ വിളിച്ചിട്ട് എനിക്ക് അഭിനയിക്കണം ജോലി വിടുകയാണ് എന്നൊക്കെ പറഞ്ഞു, വീട്ടുകാർ അന്തം വിട്ടു പോയി. പിന്നീട് ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി ഇതുതന്നെയാണ് എന്റെ വഴി എന്നു പഞ്ഞു. ‘എഴുത്തോല’യ്ക്ക് ശേഷം ‘പ്രഹരം’ എന്ന സിനിമയിലും അഭിനയിച്ചു അതിനുശേഷം ആന്റണിയും പണിയും ചെയ്തു.

ആന്റണി കഴിഞ്ഞ് ജോജു തന്ന ‘പണി’
ആന്റണിയിൽ ചെറിയൊരു വേഷമാണ് ചെയ്തത്, ജോജു ചേട്ടന്റെ കൂട്ടുകാരന്റെ ഭാര്യയായി. ‘ആന്റണി’യിലെ അഭിനയം കണ്ടിട്ടാണ് ജോജു ചേട്ടൻ എന്നെ ‘പണി’യിലേക്ക് വിളിച്ചത്. ‘പണി’യിലെ കഥാപാത്രം എന്താണ് എന്നും എങ്ങനെയൊക്കെ ചെയ്യണമെന്നും എല്ലാം പറഞ്ഞിട്ടാണ് അദ്ദേഹം വിളിച്ചത്. നിനക്ക് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. കഥാപാത്രം എന്തായിരിക്കും എന്ന് എനിക്ക് നന്നായി മനസ്സിലായിരുന്നു. ചെയ്യാൻ എനിക്ക് കുഴപ്പമില്ല എന്ന് ഉറപ്പു കൊടുത്തതിനുശേഷം ആണ് ജോജു ചേട്ടൻ എന്നെ അതിൽ കാസ്റ്റ് ചെയ്തത്.
കഥാപാത്രത്തെപ്പറ്റി വീട്ടുകാരോട് പറഞ്ഞു മനസ്സിലാക്കി
‘പണി’യുടെ അവസരം വന്നപ്പോൾ തന്നെ ഞാൻ വീട്ടുകാരെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് സിനിമയാണ് ഞാൻ അഭിനേതാവാൻ ആഗ്രഹിക്കുന്ന ആളാണ് അപ്പോൾ എനിക്ക് പലതരം വേഷങ്ങൾ ചെയ്യേണ്ടിവരും എന്ന് പറഞ്ഞിരുന്നു. അതുപോലെതന്നെ ‘പണി’യിലെ കഥാപാത്രം കുറിച്ച് വിമർശനങ്ങൾ കിട്ടാൻ സാധ്യതയുള്ള കഥാപാത്രമാണ് പക്ഷേ ഒരു നടി എന്ന നിലയിൽ എനിക്ക് അതെല്ലാം ചെയ്തു മതിയാകൂ എന്ന് ഞാൻ പറഞ്ഞിരുന്നു. എനിക്ക് ജോലിയോടുള്ള ആത്മാർഥത എന്റെ വീട്ടുകാർക്ക് അറിയാം അതുകൊണ്ട് അവർ സമ്മതിച്ചു. സിനിമ ഇറങ്ങിക്കഴിഞ്ഞ് എന്തെങ്കിലുമൊക്കെ വിമർശനങ്ങൾ കേട്ടാൽ അത് അച്ഛനും അമ്മയും മൈൻഡ് ചെയ്യേണ്ട അത് മാറിക്കോളും എന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ മാതാപിതാക്കൾ സിനിമ കണ്ടു. അവർ ബഹറൈനിൽ ആണ്, അവിടെ കുറെ സീനൊക്കെ കട്ട് ചെയ്തിട്ടാണ് കാണിച്ചത്. അതുകൊണ്ട് അവർ ഇന്റിമേറ്റ് സീനുകളും വയലൻസും ഒന്നും അധികം കണ്ടിട്ടില്ല. വീട്ടുകാർ അങ്ങനെ ഒരുപാട് സിനിമ കാണുന്നവരല്ല, അതുകൊണ്ട് ഒടിടിയിൽ വന്നപ്പോഴും അവർ കണ്ടിട്ടില്ല. ജസ്റ്റ് തിയറ്ററിൽ പോയി സിനിമ കണ്ടു. അത് അവർ അവിടെ മറന്നു അത്രയേ ഉള്ളൂ.

കലിപ്പന്റെ കാന്താരിക്ക് കിട്ടിയ എട്ടിന്റെ പണി
പണി തിയറ്ററിൽ ഇറങ്ങിയപ്പോൾ തന്നെ എന്റെ കഥാപാത്രത്തിന് ഒരുപാട് വിമർശനങ്ങളും അഭിപ്രായങ്ങളും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ പ്രതീക്ഷിച്ച വിധത്തിലുള്ള അഭിപ്രായം ഒന്നും കിട്ടിയില്ല. ഇപ്പോൾ ഒടിടിയിൽ സിനിമ ഇറങ്ങിയതിനു ശേഷം വലിയ തോതിലുള്ള റെസ്പോൺസ് ആണ് എന്റെ കഥാപാത്രത്തിന് കിട്ടുന്നത്. ഒരുപാട് ട്രോളുകളും വിമർശനങ്ങളും നല്ല അഭിപ്രായങ്ങളും ഒക്കെ കിട്ടുന്നുണ്ട്. പല സൈറ്റുകളിലും എന്റെ സാഗറിന്റെയും പടങ്ങൾ ഞാൻ കണ്ടു. ഇന്നത്തെ പെൺകുട്ടികൾ ഇങ്ങനെയാണ്, അധികം കാലം പരിചയമില്ലാത്ത ആളിനോടൊപ്പം ഇറങ്ങിപ്പോകും എന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളൊക്കെ കണ്ടു. ഒരുകണക്കിന് സിനിമ അത്തരമൊരു മെസ്സേജ് കൂടിയാണല്ലോ നൽകുന്നത്. പെൺകുട്ടികൾ ഇങ്ങനെ നടന്നാൽ അവർക്ക് പണി കിട്ടും എന്ന രീതിയിലുള്ള മെസ്സേജ് ആണ് കഥാപാത്രത്തിലൂടെ നൽകിയിരിക്കുന്നത്.

എന്റെ കഥാപാത്രത്തെക്കുറിച്ച് അത്തരം അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിൽ ആ കഥാപാത്രം ഞാൻ നല്ലതുപോലെ ചെയ്തു എന്നതാണല്ലോ അതിന്റെ അർഥം. ആ രീതിയിൽ എനിക്ക് സന്തോഷമുണ്ട്. ഈ കഥാപാത്രത്തെ കുറിച്ച് വളരെ നന്നായി ജോജു ചേട്ടൻ പറഞ്ഞു തന്നിരുന്നു കഥാപാത്രം എന്താണെന്ന് എന്തൊക്കെ ചെയ്യേണ്ടി വരുമെന്നും ആദ്യം തന്നെ എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുപോലെതന്നെ എന്റെ വീട്ടുകാരിൽ നിന്നും അനുവാദവും എടുത്തിട്ടാണ് ഞാൻ കഥാപാത്രം ചെയ്യാനായി ഇറങ്ങിത്തിരിച്ചത്. വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രമാണ് അതിന് ഏതൊക്കെ തരത്തിലുള്ള സീനുകൾ ഉണ്ടായിരിക്കും എന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു. എന്നെ കുറിച്ചുള്ള ചില പോസ്റ്റുകൾ വായിച്ച ആദ്യം ഒന്ന് രണ്ട് ദിവസം എനിക്ക് വിഷമം തോന്നിയിരുന്നു. പിന്നെ ഞാൻ വിചാരിച്ചു ഞാൻ വിഷമിക്കുന്നത് എന്തിനാണ് എന്റെ കഥാപാത്രത്തെകുറിച്ചാണ് അവർ പറയുന്നത് ഒരു നടി എന്ന നിലയിൽ വിമർശനങ്ങളും പോസിറ്റീവ് റെസ്പോൺസും ഒക്കെ സ്വീകരിക്കാൻ ഞാൻ ബാധ്യസ്ഥയാണല്ലോ.

കഫേ സീനിൽ ആദ്യം പേടി തോന്നി
കഥാപാത്രത്തെ പറ്റി എനിക്ക് നന്നായി അറിയാമായിരുന്നെങ്കിലും അഭിനയിക്കേണ്ട സമയത്ത് ഞാൻ കുറച്ചു പേടിച്ചു. എങ്ങനെയായിരിക്കും ഇത് ചെയ്യുക എന്നൊക്കെ കരുതി ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. ആദ്യത്തെ ഷോട്ട് എടുക്കാൻ നേരം ഉള്ളിൽ ഞാൻ വിറയ്ക്കുകയായിരുന്നു. ആദ്യമായി എടുത്തത് കഫെയിലെ ബാത്റൂമിൽ ഞാനും സാഗറും ഒരുമിച്ചുള്ള സീൻ ആയിരുന്നു. സിനിമ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ ഞാൻ കമല്‍ഹാസൻ സാറിന്റെ പതിനാറു വയതിനിലെ എന്ന സിനിമ കണ്ടു നോക്കി. പിന്നെ ബാൻഡിറ്റ് ക്വീൻ എന്ന സിനിമയും സീമ വിശ്വാസിന്റെ അഭിനയവും കണ്ടിരുന്നു. അവർ ആ ചിത്രത്തിൽ നഗ്നയായി അഭിനയിച്ചിരുന്നു. അതുപോലെതന്നെ കമല്‍ഹാസൻ സാറും കുറച്ചു നഗ്നനായി അഭിനയിച്ച സീനുകൾ ഉണ്ടായിരുന്നു. പക്ഷേ അവരൊക്കെ ആ കഥാപാത്രം വളരെ നന്നായി അഭിനയിക്കുന്നത് ഞാൻ കണ്ടു.

ഞാനൊരു അഭിനേതാവാകാൻ ഇറങ്ങിത്തിരിച്ച ആളാണല്ലോ അപ്പോൾ ഏതുതരം കഥാപാത്രങ്ങളും ചെയ്യേണ്ടിവരും എന്ന് ഞാൻ അറിയേണ്ടതാണ്. എന്റെ കഥാപാത്രം ഒരു സീൻ ആവശ്യമുണ്ടെങ്കിൽ അത് ഞാൻ ചെയ്തേ മതിയാകൂ അത് എത്രത്തോളം ഭംഗിയായി ചെയ്യണം പറ്റുമോ അത്രത്തോളം നന്നായി ചെയ്യണം. എങ്കിലും ഷോട്ട് എടുക്കാൻ നിൽക്കുന്ന സമയത്ത് ഒരു വല്ലാത്ത മാനസികാവസ്ഥ ആയിരുന്നു. സെറ്റിൽ എല്ലാവരും പറഞ്ഞു ഇതൊരു ചാലഞ്ച് ആയിട്ട് എടുക്കൂ, ആൻ മാത്രമല്ലല്ലോ കേരളത്തിൽ ആദ്യമായി ചുംബന സീൻ ചെയ്യുന്നത് എന്നൊക്കെ. ഞാൻ എന്നോട് തന്നെ പറഞ്ഞു പഠിപ്പിച്ചു, ആ ഒരു സീൻ മാത്രമല്ല സിനിമയിൽ ഉള്ളത്, സിനിമയിലുടനീളം പലയിടത്തും ഞാൻ വരുന്നുണ്ട് പലതും ചെയ്യാനുണ്ട്. ഇവിടെ പിഴച്ചു കഴിഞ്ഞാൽ ശരിയാകില്ല. എനിക്ക് ഒരു അഭിനേതാവ് എന്ന നിലയിൽ കഴിവ് തെളിയിക്കാനുള്ള ഒരുപാട് സീനുകൾ സിനിമയിൽ ഉണ്ടായിരുന്നു.

ഈ കഥാപാത്രം ജോജു ചേട്ടൻ എന്നെ ഏൽപ്പിച്ചതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട്. എന്നോടുള്ള വിശ്വാസം കൊണ്ടാണല്ലോ അദ്ദേഹം എന്നെ കഥാപാത്രം ഏൽപ്പിച്ചത് അപ്പോൾ ഞാൻ അദ്ദേഹത്തെ നിരാശപ്പെടുത്താൻ പാടില്ല. അതുകൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഭംഗിയായി ചെയ്തു. ‘ആന്റണി’യിൽ ഉണ്ടായിരുന്ന ചെറിയ ഒരു കഥാപാത്രത്തെ കണ്ടിട്ട് ജോജു ചേട്ടൻ എനിക്ക് ഈ കഥാപാത്രം തന്നില്ലേ അത് തന്നെ വലിയ കാര്യമാണ്.

ആ സീൻ ചെയ്തത് ഇങ്ങനെ
സാഗറുമായിട്ടുള്ള സെക്സ് സീനിൽ അഭിനയിക്കുന്ന സമയത്ത് വീണ്ടും ഞാൻ നെർവസാകാൻ തുടങ്ങി. പക്ഷേ ജോജു ചേട്ടനും സാഗറും ഒക്കെ ആത്മവിശ്വാസം പകർന്നു തന്നു. പിന്നെ എല്ലാവരും വിചാരിക്കുന്നതുപോലെയുള്ള മൂഡിലൊന്നും ആയിരിക്കില്ലല്ലോ നമ്മൾ അവിടെ ഇരിക്കുന്നത്. ഒരു ഷോട്ട് കഴിഞ്ഞ് അടുത്ത ഷോട്ട് ഇതാണ് ചെയ്യേണ്ടത് എന്ന് വന്നു പറയുകയാണ്. അപ്പോൾ നമ്മൾ ഒരു ജോലി ചെയ്യുന്നതുപോലെ അത് അവിടെ ചെയ്യുന്നു. പിന്നീട് തിയറ്ററിൽ കാണുമ്പോഴാണല്ലോ മ്യൂസിക് എല്ലാം ഇട്ട് ആൾക്കാർ അത് കാണുന്നത്. അവിടെ നിന്ന് അഭിനയിക്കുമ്പോൾ ഞങ്ങൾക്ക് ആ മാനസികാവസ്ഥ ഒന്നുമല്ല.

ഞങ്ങൾ ഒരുമിച്ചുള്ള സെക്സ് സീനിൽ എന്റെ ശരീരത്ത് തൊടാതിരിക്കാൻ സാഗർ മാക്സിമം ശ്രമിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ എന്റെ ദേഹത്ത് ഒരു പലക പോലെയുള്ള ഒരു സാധനം ഇട്ടിട്ട് അതിനുമുകളിൽ ആണ് സാഗർ കിടക്കുന്നത്. എന്റെ ഷോൾഡർ മാത്രമേ അതിൽ കാണിക്കുന്നുള്ളൂ. പിന്നെ ഞങ്ങളുടെ മുഖത്തെ ഭാവങ്ങൾ ആണ് ആ സീനിൽ കൂടുതലായി കാണിക്കുന്നത്. അത് വച്ചിട്ട് ആ സീൻ ഇത്തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഒരു നടി എന്ന നിലയിൽ ഞാൻ വിജയിച്ചു എന്നല്ലേ അർഥം.

വൈറലാകുന്ന സീനുകൾക്ക് അപ്പുറം
എനിക്കിപ്പോൾ ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട്. എല്ലാവരും പറയുന്നത് ആ കഥാപാത്രത്തെ പറ്റിയും അവസാനം ഞാൻ കൊടുക്കുന്ന അടിയെപ്പറ്റിയും ഒക്കെ ആണ്. എന്നോട് ആരും ഇതുവരെ മോശമായി വന്നത് സംസാരിച്ചത് ഒന്നുമില്ല വളരെ നല്ല മെസ്സേജുകൾ ആണ് അയക്കുന്നത്. ഇൻസ്റ്റാ റീലുകളിൽ ആയാലും ഫെയ്സ്ബുക്കിൽ ആയാലും ഞാനും സാഗറും ഒരുമിച്ചുള്ള സീനാണ് കൂടുതലും. എന്റെ ഒരു ഫ്രണ്ട് എനിക്ക് ഒരു പോസ്റ്റ് അയച്ചുതന്നു. നിങ്ങൾ കണ്ണടച്ച് ഈ സീൻ കേട്ടാൽ ഒരു ശബ്ദം കേൾക്കാം എന്ന്. ശരിക്കും പറഞ്ഞാൽ ഞാൻ ആ ശബ്ദം ഒന്നും കേട്ടില്ല. ഞാൻ സാഗറിന് അയച്ചു കൊടുത്തിട്ട് ചോദിച്ചു, എടാ നീ ഒരു ശബ്ദം കേൾക്കുന്നുണ്ടോ? അവനും പറഞ്ഞു ഞാൻ ഒന്നും കേൾക്കുന്നില്ല എന്ന്. ആൾക്കാർ ഈ സീൻ കണ്ടിട്ട് ഓരോന്ന് ആലോചിച്ചു കൂട്ടുകയാണ്. സൗണ്ട് മിക്സ് ചെയ്ത ആളിന്റെ കഴിവാണ് എന്നൊക്കെയാണ് ആൾക്കാർ കമന്റ് ചെയ്യുന്നത്.

ഇങ്ങനെയുള്ള കുറെ കോമഡികൾ നടക്കുന്നുണ്ട് എങ്കിലും എനിക്ക് കിട്ടുന്ന അഭിപ്രായങ്ങൾ വളരെ സപ്പോർട്ട് ആണ്. പിന്നെ എന്റെ ലുക്കിനും നല്ല അഭിപ്രായം കിട്ടുന്നുണ്ട് എന്റെ ലുക്ക് മുഴുവൻ ജോജു ചേട്ടന്റെ കൺസെപ്റ്റ് ആണ്. നല്ല നീളമുള്ള മുടിയാണ് എനിക്കുള്ളത്. ആദ്യം തന്നെ അദ്ദേഹം പറഞ്ഞിരുന്നു എന്റെ മുടി ഈ ലുക്ക് വേണം എന്ന്. ആദ്യം മേക്കപ്പ് ചെയ്തു വന്നപ്പോൾ ആ ലുക്ക് കുറച്ച് ഓവർ അല്ലേ എന്ന് തോന്നിയിരുന്നു പക്ഷേ അഭിനയിച്ചു കഴിഞ്ഞ് സിനിമയിൽ വന്നപ്പോൾ ആ കഥാപാത്രത്തിന് വളരെ ചേരുന്ന ലുക്ക് ആയി അത് തോന്നി. ആ കഥാപാത്രം കുറച്ച് ഇന്നസെന്റ്റ് ആയ എന്തൊക്കെയോ ആകാൻ ശ്രമിക്കുന്ന ആളാണ്. കുട്ടിത്തവും കാണിക്കുന്നുണ്ട് അതുപോലെ തന്നെ വേണ്ട സമയത്ത് ധൈര്യവും കാണിക്കുന്നുണ്ട്.

ആദ്യമായി പൊലീസ് സ്റ്റേഷനിൽ
പൊലീസ് സ്റ്റേഷനിൽ പോകുന്ന സീൻ ഭയങ്കര രസമായിരുന്നു. അത് യഥാർഥ പൊലീസ് സ്റ്റേഷൻ ആയിരുന്നു. ഞാൻ സിനിമയിൽ പറയുന്നതുപോലെ തന്നെ ജീവിതത്തിലും ആദ്യമായാണ് പൊലീസ് സ്റ്റേഷനിൽ കയറുന്നത്. ശരിക്കും ടെൻഷനായി ചെയ്യേണ്ട സീനാണ്. പക്ഷേ ഞങ്ങളുടെ ഡയലോഗ് ആ സീൻ രസകരമാക്കി. കമ്മിഷണർ ഞങ്ങളെ ചോദ്യം ചെയ്യുന്ന സീനാണ് ചെയ്യേണ്ടത്. കമ്മിഷണർ ആയി അഭിനയിച്ചത് രഞ്ജിത്ത് ചേട്ടനാണ്. കമ്മിഷണർ ചോദിക്കുമ്പോൾ ഭയങ്കര ആത്മവിശ്വാസത്തോടെ പറയുകയാണ് ‘നാലാഴ്ച പരിചയം ഉള്ള ബോയ് ഫ്രണ്ട് ആണ്’ എന്ന്. ആ സീൻ ഒക്കെ കണ്ടപ്പോൾ ചിരി വന്നു എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു.

അപ്പോഴൊക്കെ ജോജു ചേട്ടൻ പറയുന്നത് അഭിനയിക്കുന്നു എന്നല്ലാതെ ഞാൻ ആയി ഒന്നും കൂടുതൽ ചെയ്തിട്ടില്ല. ഞങ്ങളുടെ മുഖത്ത് എത്ര എക്സ്പ്രെഷൻ ഇടണം, ഡയലോഗ് എങ്ങനെ പറയണം എല്ലാം ജോജു ചേട്ടൻ പറയും. സിനിമ മുഴുവൻ ജോജു ചേട്ടന്റെ മനസ്സിൽ ചെയ്തു വച്ചിട്ടുണ്ട്. ജോജു ചേട്ടൻ ഒരു നല്ല നടൻ മാത്രമല്ല ബ്രില്യന്റ് സംവിധായകൻ കൂടിയാണ്. സിനിമ ഒക്കെ ചെയ്‌തു കഴിഞ്ഞാണ് ഞങ്ങൾ എല്ലാവരും സുഹൃത്തുക്കൾ ആവുകയും ഒരു കുടുംബം പോലെ ആവുകയും ചെയ്തത്. സാഗറും ജുനൈസും ഒക്കെ ഒരുപാട് സീനുകൾ ചെയ്യാൻ ഉള്ളതുകൊണ്ട് അവരെ സംസാരിക്കാൻ പോലും കിട്ടില്ല. എന്റെ സീൻ ഉള്ളപ്പോഴേ ഞാൻ വരൂ. പിന്നീട് സാഗറും ജുനൈസും ഒക്കെ എന്റെ നല്ല സുഹൃത്തുക്കൾ ആയി മാറി.

കുടുംബമാണ് ശക്തി
അടൂരാണ് എന്റെ നാട്. എന്റെ മാതാപിതാക്കൾ രണ്ടുപേരും ബഹറൈനിലാണ് ജോലി ചെയ്യുന്നത്. ഞാൻ ഏഴാം ക്ലാസ് വരെ ബഹറൈനിൽ ആയിരുന്നു. അതിനു ശേഷം നാട്ടിൽ വന്ന് ഗ്രാൻഡ് പേരൻസിന്റെ കൂടെ നിന്ന് പഠിച്ചു. ചെന്നൈയിൽ ആയിരുന്നു ബിഡിഎസ് പഠനം. എനിക്ക് ഒരു അനുജത്തി ആണ് ഉള്ളത് മെർലിൻ, ആറാം ക്ലാസ്സിൽ പഠിക്കുകയാണ്. ആറാം ക്ലാസ്സിൽ ആണെങ്കിലും എന്നെക്കാൾ മച്യുരിറ്റി ഉണ്ട് അവൾക്ക്. അവൾക്ക് എൻറെ ലുക്കും അഭിനയവുമൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. അമ്മയ്ക്കും എന്റെ ലുക്ക് ഇഷ്ടപ്പെട്ടു.

മാതാപിതാക്കളും അനുജത്തിയുമാണ് എന്റെ ലോകം. അവർ പറയുന്നതുപോലെ പഠിച്ച് ഒരു ജോലി ഒക്കെ നേടിയതിനു ശേഷമാണല്ലോ ഞാൻ എന്റെ പാഷൻ തേടി പോയത്. അതുകൊണ്ട് അവർക്ക് സന്തോഷമുണ്ട്. എന്റെ ഇഷ്ടത്തിന് അവർ എതിര് നിൽക്കില്ല. അവരാണ് എന്റെ ശക്തിയും ധൈര്യവും.

എനിക്ക് കിട്ടിയ നല്ല ‘പണി ’
പണി എനിക്ക് തന്ന സന്തോഷം വളരെ വലുതാണ്. ഒരുകാലത്ത് സിനിമ ആഗ്രഹിച്ചു നടന്നിട്ട് ഇനി ചെയ്യാൻ കഴിയില്ല എന്ന് നിരാശപ്പെട്ടിടത്ത് ഞാൻ ഇവിടെ വരെ എത്തി. ഇത് ഞാൻ പ്രതീക്ഷിച്ചതുപോലെ അല്ല. ഇന്നിപ്പോൾ എന്റെ കയ്യിൽ ഒരു നല്ല പ്രഫഷൻ ഉണ്ട്, എന്ന് വേണമെങ്കിലും ഒരു ജോലി നേടി എടുക്കാം. പക്ഷേ സിനിമ ഇപ്പോഴേ ചെയ്യാൻ പറ്റൂ. പറ്റുന്നിടത്തോളം നല്ല വേഷങ്ങൾ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ‘പണി’യിലെ കഥാപാത്രം എനിക്ക് ഒരുപാട് നല്ല പ്രതികരണങ്ങൾ നേടി തന്നു. ഒരുപാട് ആളുകൾ തിരിച്ചറിയുന്നുണ്ട്.

അഭിനയ സാധ്യതയുള്ള നല്ലൊരു വേഷമാണ് കിട്ടിയത്. ഇപ്പോൾ സിനിമകൾ എന്നെ തേടി എത്തുന്നുണ്ട്, പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുകയാണ്. പ്രഹരം ആണ് അടുത്തതായി ഇറങ്ങാൻ ഉള്ള സിനിമ. അതിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചെയ്തത്. ഇനിയും ഒരുപാട് നല്ല സിനിമകളും കഥാപാത്രങ്ങളുമൊക്കെ ചെയ്ത് ഒരു നല്ല ആർട്ടിസ്റ്റ് ആയി അറിയപ്പെടണം എന്നാണ് ആഗ്രഹം.