ADVERTISEMENT

കുഞ്ചാക്കോ ബോബന്റെ കരിയർ ഹിറ്റായി മാറിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി തിയറ്ററിൽ ഇപ്പോഴും മികച്ച രീതിയിൽ മുന്നേറുകയാണ്. ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്റെ ബാച്ച്‌മേറ്റ് ആയെത്തിയ ഡിവൈഎസ്പി ഷാഹുൽ ഹമീദ് ആയി അഭിനയിച്ചത് നാടകങ്ങളിലൂടെയും വെബ് സീരീസിലൂടെയും സുപരിചിതനായ വൈശാഖ് ശങ്കർ ആണ്. ചെറുപ്പം മുതൽ മനസ്സിൽ കയറിക്കൂടിയ അഭിനയഭ്രാന്ത് അമേരിക്കയിൽ മാനേജ്‌മെന്റിൽ ഉപരിപഠനം നടത്തി ജോലിയിൽ പ്രവേശിക്കുമ്പോഴും വൈശാഖ് കെടാതെ സൂക്ഷിച്ചു. ഒടുവിൽ 2019ൽ ആഷിഖ് അബുവിന്റെ വൈറസിലൂടെ സിനിമയിലേക്ക്. ഇപ്പോൾ ഓഫിസർ ഓൺ ഡ്യൂട്ടിയിലെ വൈശാഖിന്റെ കഥാപാത്രത്തിന് ഏറെ പ്രശംസകളാണ് ലഭിക്കുന്നത്. ആദ്യചിത്രമായ ‘വൈറസി’ൽ ആദ്യത്തെ ഷോട്ടിൽ ഒപ്പമുണ്ടായിരുന്ന കുഞ്ചാക്കോ ബോബനോടൊപ്പം വീണ്ടും സ്‌ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് വൈശാഖ് ശങ്കർ. ഓഫിസർ ഓൺ ഡ്യൂട്ടിയുടെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം പങ്കുവച്ചുകൊണ്ട് മനോരമ ഓണ്‍ലൈനിലെത്തുകയാണ് താരം....

ആദ്യ സിനിമ വൈറസ് 

ആദ്യമായി അഭിനയിച്ച സിനിമ ആഷിഖ് അബുവിന്റെ ‘വൈറസ്’ ആണ്.  അതിനു ശേഷം രാജീവ് രവിയുടെ ‘തുറമുഖം’ എന്ന സിനിമയിൽ അഭിനയിച്ചു.  അനുരാഗ് കശ്യപിന്റെ ‘കെന്നഡി’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  രണ്ടുവർഷം മുന്നേ ആ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ പോയിരുന്നു. പക്ഷേ ആ സിനിമ ഇതുവരെ ഇവിടെ റിലീസ് ആയിട്ടില്ല.  റിച്ചി മെഹ്തയുടെ ‘പോച്ചർ’ എന്ന വെബ് സീരീസിൽ അഭിനയിച്ചിരുന്നു.  2023ൽ ദ്  വൈറൽ ഫാക്ടറി നിർമിച്ച "സപ്നേ വേഴ്സസ് എവരിവൺ" എന്ന സീരീസിൽ അഭിനയിച്ചു, അത് ഹിന്ദിയിൽ ആയിരുന്നു.  ഈ സിനിമകളിൽ എല്ലാം എനിക്ക് പല ലുക്ക് ആണ് അതുകൊണ്ടു തന്നെ അധികമാരും തിരിച്ചറിയില്ല.  ഓഫിസർ ഓൺ ഡ്യൂട്ടിയിൽ ആണ് മുഴുനീള കഥാപത്രം ചെയ്തത്.

vaisakh-shankar-actot6

നാടകമാണ് തട്ടകം 

പാലക്കാടാണ് സ്വദേശം, ഞാനും ഭാര്യയും ഇപ്പോൾ കൊച്ചിയിൽ ആണ് താമസിക്കുന്നത്.  ഭാര്യ കൊച്ചിയിൽ ഒരു ആർക്കിടെക്റ്റ് ആയി ജോലി നോക്കുന്നു. എന്റെ എല്ലാ സ്വപ്നങ്ങൾക്കും പൂർണ പിന്തുണ തന്ന് ഒപ്പം നിൽക്കുന്നത് ഭാര്യയാണ്. നാടകം ആണ് എന്റെ ബാക്ഗ്രൗണ്ട്.  2019ലാണ് അഭിനയരംഗത്തേക്ക് വരുന്നത്.  ആദ്യം വോൾവോ കമ്പനിയിൽ ബെംഗളൂരിൽ വർക്ക് ചെയ്തിരുന്നു.  ആ സമയത്ത് ബെംഗളൂർ, ബോംബെ, ഡൽഹി ഒക്കെ യാത്രചെയ്ത് നാടകങ്ങൾ ചെയ്തിരുന്നു.  അതിനു ശേഷം 2015 ൽ അമേരിക്കയിൽ എംബിഎക്ക് പോയി.  മൂന്നുവർഷം അവിടെ ജോലിനോക്കി, മെക്കിൻസിയിൽ മാനേജ്‌മന്റ് കൺസൾട്ടന്റ്റ് ആയിരുന്നു, അതാണ് ഞാൻ അവസാനം ചെയ്ത ജോലി. പിന്നീട് അഭിനയത്തിലേക്ക് തന്നെ വരണം എന്ന് മനസ്സിൽ തോന്നി. അങ്ങനെയാണ് 2019ൽ ജോലി എല്ലാം ഉപേക്ഷിച്ച് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.  

ഓഫിസർ ഓൺ ഡ്യൂട്ടി 

ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഒരു നിർമാതാവായ രഞ്ജിത് നായർ എനിക്ക് നേരത്തെ അറിയുന്ന ആളാണ്. അദ്ദേഹം നിർമിച്ച ‘മേനക’ എന്ന വെബ് സീരീസിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.  അദ്ദേഹം പാലക്കാട് വിക്ടോറിയ കോളജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു.  രഞ്ജിത്താണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്, പിന്നെ സംവിധായകൻ ജിത്തു അഷറഫ് എന്റെ മുൻപ് ചെയ്ത വർക്ക് റീലുകൾ ഒക്കെ കണ്ടിട്ട് എന്നെ വിളിച്ച് സംസാരിച്ചു.ചാക്കോച്ചന്റെ ഒപ്പമാണ് എനിക്ക് കോമ്പിനേഷൻ ഉണ്ടായിരുന്നത്.  ഒരു സന്തോഷം  എന്താണെന്ന് വച്ചാൽ, എന്റെ ആദ്യത്തെ സിനിമയായ വൈറസിലും ഞാൻ ചാക്കോച്ചന്റെ ഒപ്പമായിരുന്നു.  

vaisakh-sankar
കുഞ്ചാക്കോ ബോബനും രഞ്ജിത്ത് നായര്‍ക്കുമൊപ്പം

സിനിമയിലേക്കുള്ള എന്റെ ആദ്യത്തെ ഷോട്ട് ചാക്കോച്ചന്റെ കൂടെ ആയിരുന്നു. ഡൽഹിയിൽ നിന്ന് രണ്ടുപേര്‍ വരുകയും ചാക്കോച്ചനോട് സംസാരിക്കുകയും ചെയ്യുന്ന സീൻ. ചാക്കോച്ചന് എന്നെ കണ്ടപ്പോൾ തന്നെ ഓർമ വന്നു. ചാക്കോച്ചൻ ഒരു സ്വീറ്റ്ഹാർട്ട് ജന്റിൽമാൻ ആണ്. ചാക്കോച്ചൻ സെറ്റിൽ തമാശ പറഞ്ഞ് എല്ലാവരോടും സംസാരിച്ചിരിക്കും.  ഇത്രയും ഇന്റെൻസ് ആയ കഥാപാത്രം ആയിട്ടും പുള്ളി എപ്പോഴും റിലാക്സ്ഡ് ആണ്.  ജിത്തു അഷ്‌റഫ് പറയുന്നത് കേട്ടു ഷോട്ട് എടുക്കുന്നതിനു തൊട്ടു മുന്നേ പുള്ളി ചിലപ്പോൾ റോക്ക് മ്യൂസിക്ക് കേട്ടിരിക്കുകയാവും എന്ന്. വളരെ ഫ്രണ്ട്‌ലി ആയ താരമാണ് ചാക്കോച്ചൻ. 

ഓഫിസറിന്റെ സെറ്റ് വളരെ സൗഹൃദപരമായ സെറ്റായിരുന്നു. എല്ലാവരും തമ്മിൽ നല്ല സ്നേഹവും സൗഹൃദവും, ഒരു വലിപ്പച്ചെറുപ്പവും ഇല്ല, ആർക്ക് വേണമെങ്കിലും അഭിപ്രായം പറയാം. സംവിധായകനും ക്യാമറമാനും ഒക്കെ വളരെ അടുപ്പം പുലർത്തുന്ന ആളുകളായിരുന്നു. ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ട സിനിമയായിട്ടു കൂടി വളരെ ഈസി ആയി ആണ് എല്ലാവരും സെറ്റിൽ കഴിഞ്ഞത്. ജിത്തു അഷറഫ് വളരെ നല്ലൊരു സംവിധായകനാണ്, എല്ലാവര്‍ക്കും ഒരുപോലെ പറഞ്ഞുകൊടുത്ത് എല്ലാവരെയും ഒരുപോലെ പരിഗണിച്ച് നമ്മുടെ കൂടെ നിൽക്കും.

vaisakh-shankar

പ്രതീക്ഷിക്കാത്ത വിജയം 

സിനിമയിൽ അഭിനയിക്കുമ്പോൾ ഇത് നല്ലൊരു സിനിമയായിരിക്കും എന്ന് അറിയാമായിരുന്നു, പക്ഷേ ഇത്രത്തോളം ഹിറ്റ് ആകുമെന്ന് കരുതിയില്ല. എല്ലാവരും വളരെ നന്നായി പണി എടുത്തിട്ടുണ്ട്. എങ്കിലും ഇത്തരത്തിൽ ഒരു വിജയം ഞങ്ങളാരും പ്രതീക്ഷിച്ചില്ല. എല്ലാവർക്കും വളരെ സന്തോഷമായി.  എന്നെയും എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. എന്നെ കാണുമ്പോൾ ഇന്നലെ പടം കണ്ടതേ ഉള്ളൂ നന്നായി ചെയ്തിട്ടുണ്ട് എന്നൊക്കെ പറയാൻ തുടങ്ങി. സുഹൃത്തുക്കൾ കണ്ടിട്ട് വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട് . ഒരുപാട് സന്തോഷമുണ്ട്.  

വീണ്ടും നാടകത്തിലേക്ക് 

ഈ പടം റിലീസ് ചെയ്യുന്ന സമയത്ത് ഞാൻ ഫോർട്ട് കൊച്ചിയിൽ ‘ബൈ ബൈ ബൈപാസ്’ എന്ന ഒരു നാടകം ചെയ്തിരുന്നു. നടൻ റോഷൻ മാത്യു സംവിധാനം ചെയ്തതാണ് , അതിന്റെ കുറച്ചു ഷോ കഴിഞ്ഞു. ഇനി അതുമായി കേരളത്തിനകത്തും പുറത്തും പോയി ആ ഡ്രാമ കളിക്കണം എന്നുണ്ട്. അതിന്റെ റിഹേഴ്സൽ ഉടനെ തുടങ്ങും. രണ്ട് വെബ് സീരീസിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. സിനിമയിലും നാടകത്തിലുമൊക്കെ ആയി അഭിനയത്തിൽ സജീവമാകാനാണ് ആഗ്രഹം.

English Summary:

Chat with Vaisakh Shankar Actor

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com