പ്രായത്തിൽ ‘മറിമായ’മില്ല, എനിക്ക് 46, മോൾക്ക് 21!

Mail This Article
നടനും മിമിക്രി കലാകാരനുമായ നിയാസ് ബക്കറുടെ മകളുടെ വിവാഹ വിഡിയോയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ. മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുൾപ്പടെയുള്ള താരങ്ങളുടെ സാന്നിധ്യം ചടങ്ങിനെ കളറാക്കിയെങ്കിലും സകലരും അതിശയത്തോടെ ചോദിച്ചത് ഒരേ ചോദ്യം, ‘നിയാസിന് കെട്ടിക്കാറായ മോളോ...’ ?
ഈ അദ്ഭുതപ്പെടലിൽ പ്രേക്ഷകരെ കുറ്റം പറയാൻ പറ്റില്ല. കാരണം അവർ കണ്ട, കാണുന്ന നിയാസ് ബക്കർ പയ്യനാണ്. ഏറിയാൽ അഞ്ചിലോ ആറിലോ ഒക്കെ പഠിക്കുന്ന രണ്ടു ചെറിയ പിള്ളേരുടെ ബാപ്പ. ആ ധാരണകളും ഊഹങ്ങളുമൊക്കെ തകർന്നു വീണത്, നിയാസിന്റെ പ്രിയ രാജകുമാരി ജസീലയെ പുയ്യാപ്ല മുനീർ താലി ചാർത്തിയതോടെയാണ്. സോഷ്യൽ മീഡിയയിലെ വട്ടംകൂടി വർത്തമാനങ്ങളൊക്കെ കണ്ടാണ് നിയാസിനെ വിളിച്ചത്. കാര്യം പറഞ്ഞപ്പോൾ ‘ഇതൊക്കെ എത്ര കേട്ടിരിക്കുന്നു’ എന്ന മട്ടിൽ അദ്ദേഹം ആസ്വദിച്ചു ചിരിച്ചു.
തൊട്ടു പിന്നാലെ വന്നു രസികൻ മറുപടി, ‘ഞാൻ ആരുടെയും ശ്രദ്ധയിൽ പെടാത്തതു കൊണ്ടാകാം. എന്നെ ശ്രദ്ധിക്കാത്തതു കൊണ്ട് എന്റെ മോൾ വളർന്നതും പലരും അറിഞ്ഞില്ല. എന്റെ രൂപമൊക്കെ വച്ച് മുൻപും പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.’-വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ നിയാസ് പറഞ്ഞു.
‘ഞങ്ങൾ വടക്കാഞ്ചേരിക്കാരാണ്. എനിക്കിപ്പോൾ 46 വയസ്സായി. 25 – ാം വയസ്സിലായിരുന്നു വിവാഹം. ബാപ്പയുടെ ആത്മസുഹൃത്ത് കെ.വി മുഹമ്മദിന്റെ മകളാണ് ഹസീന. ചെറുപ്പം മുതലേ അറിയാമെങ്കിലും സൗഹൃദമൊന്നുമുണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ മൂന്നു പെൺകുട്ടികളും തീരെ ഇളയ ഒരു അനിയനുമാണ്. അതുകൊണ്ടു തന്നെ സൗഹൃദത്തിനൊന്നും പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല. എന്റെ ബാപ്പയും അവളുടെ ബാപ്പയും കുട്ടിക്കാലം മുതൽ ഒരുമിച്ചു നാടകം കളിച്ചിരുന്നവരാണ്.’–നിയാസ് പറഞ്ഞു.
നാടകം, മിമിക്രി, സിനിമ, ടെലിവിഷൻ ഷോ, സീരിയൽ എന്നിങ്ങനെ അഭിനയ കലയിൽ നിയാസ് ബക്കർ കൈ വെക്കാത്ത മേഖലകൾ കുറവ്. വാത്സല്യത്തിലെ കുഞ്ഞമ്മാമയായും ഗാന്ധർവത്തിലെ അബൂക്കയായും മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയ നടൻ അബൂബക്കറുടെ മൂത്ത മകൻ, മിമിക്രി വേദികളിലെ മുടിചൂടാ മന്നനായ കലാഭവൻ നവാസിന്റെ ചേട്ടൻ...നിയാസിന് വിശേഷണങ്ങൾ ഇനിയുമുണ്ട്. സിനിമയിലും സ്റ്റേജിലുമൊക്കെയായി വർഷങ്ങള്‍ പലത് കടന്നെങ്കിലും അദ്ദേഹത്തെ താരമാക്കിയത് മഴവിൽ മനോരമയിലെ ജനപ്രിയ ടെലിവിഷൻ പരിപാടിയായ ‘മറിമായ’മാണ്. സ്വാഭാവികമായ അഭിനയ മുഹൂർത്തങ്ങളുമായി ചുരുങ്ങിയ കാലത്തിനുള്ളിൽ നിയാസ് ജനപ്രിയനായി.