മഞ്ഞിൽ വിരിഞ്ഞ നിരൂപണം: ലാലേട്ടനു ഗവേഷകന്റെ പിറന്നാൾ സമ്മാനം

Mail This Article
‘പൊട്ടിച്ചിരിയോടെ ക്രൂരമായതെന്തും ചെയ്യാൻ തന്റേടം കാണിക്കുന്ന നിർഭയനായ നരേന്ദ്രനെ ഒരു പുതുമുഖനടനായ മോഹൻലാൽ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. രൂപം കൊണ്ടും ആ നടൻ നരേന്ദ്രനെന്ന ദുഷ്ട കഥാപാത്രമായി മാറി’
1980 ഡിസംബർ 25നു പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയെക്കുറിച്ച് ആദ്യമായി വന്ന നിരൂപണലേഖനത്തിലെ മനോഹരമായ വരികൾ. 1981 ജനുവരി ആദ്യവാരം മലയാളനാട് സിനിമാ ദ്വൈവാരികയിലെ ചിത്രദർശനം പംക്തിയിൽ വി. എസ്. നായരാണു മോഹൻലാലിന്റെ അഭിനയത്തെ പ്രശംസിച്ച് എഴുതിയത്.
1981 ജനുവരി 14ന് ഇറങ്ങിയ ജനയുഗം വാരികയിലെ നിരൂപണത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയെക്കുറിച്ച് വിതുര ബേബി എഴുതിയപ്പോൾ വില്ലനെക്കുറിച്ചു പറഞ്ഞതിങ്ങനെ: നമ്മുടെ ചലച്ചിത്ര വേദിയിലെ സവിശേഷതയുള്ള വില്ലനായി നരേന്ദ്രനെ പ്രതിനിധീകരിക്കുന്ന മോഹൻലാൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു.
40 വർഷം മുൻപു നിരൂപകർ കണ്ടെത്തിയ തന്മയത്വവും സവിശേഷമായ വ്യക്തിമുദ്രയും തന്നെയല്ലേ ഇപ്പോഴും മഹാകാശമായി നമ്മെ ആഹ്ലാദിപ്പിക്കുന്ന മോഹനലാലസം! ലാലിന്റെ ചലച്ചിത്രജീവിതത്തിൽ സവിശേഷപ്രാധാന്യമുള്ള ആദ്യകാല ലേഖനങ്ങൾ ഗവേഷകനായ ഡോ. സുരേഷ് മാധവിന്റെ ശേഖരത്തിലാണുള്ളത്.
ആദ്യസിനിമയെക്കുറിച്ചു വന്ന ആദ്യനിരൂപണവും മഹാനടനെപ്പറ്റിയുള്ള സ്വന്തം കവിതയും മോഹൻലാലിന്റെ ഉറ്റസുഹൃത്ത് രാമചന്ദ്രൻ വഴി പിറന്നാൾ സമ്മാനമായി സുരേഷ് മാധവ് അയച്ചുകൊടുക്കുകയും ചെയ്തു.