ജഗതിയെത്തി; സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ

Mail This Article
17 വര്‍ഷങ്ങൾക്ക് ശേഷം സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ. സിബിഐ അഞ്ചാം ഭാഗത്തിൽ സേതുരാമയ്യർക്കൊപ്പം ചേർന്ന് ജഗതി ശ്രീകുമാർ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ചിത്രം പങ്കുവച്ചത് സംവിധായകൻ കെ.മധുവാണ്. ജഗതി ശ്രീകുമാർ രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മീശവച്ച്, മുണ്ടുടത്ത് ചെറുചിരിയോടെ ഇരിക്കുന്ന വിക്രം. ഒപ്പം മമ്മൂട്ടി, കെ.മധു, മുകേഷ്, എസ്.എൻ സ്വാമി, രഞ്ജി പണിക്കർ എന്നിവരെയും കാണാം.
മലയാളി പ്രേക്ഷകരെ എക്കാലവും ഹരം കൊള്ളിക്കുന്ന ചിത്രമാണ് സിബിഐ സീരീസിലെ ഓരോ ചിത്രവും. പുതിയ റെക്കോര്‍ഡിട്ട് ഒരുങ്ങുന്ന അഞ്ചാം പതിപ്പിന്‍റെ പേരും ആദ്യ ലുക്കും ഇന്നലെയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്‍. സിബിഐ 5– ദ് ബ്രെയിന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ.മധു തന്നെയാണ് ഇത്തവണയും സംവിധാനം.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഛായഗ്രകന്‍ അഖില്‍ ജോര്‍ജാണ്. സിബിഐ സിരീസിന്‍റെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. ഇത്തവണ ജേക്ക്സ് ബിജോയ് ആണ് സംഗീതം.
മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചെറിയ വേഷത്തില്‍ ജഗതിയും എത്തുന്നു.