ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്തെ കുടുംബപ്രേക്ഷകർക്കിടയിലും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരു വേദിയെന്ന നിലയിൽ നൂറുകണക്കിനു ഫിലിംഫെസ്റ്റ് പ്രതിനിധികൾക്കിടയിലും  ഒരുപോലെ പേരുകേട്ട തലസ്ഥാനത്തെ ശ്രീപത്മനാഭ തിയറ്റർ അടിമുടി മാറ്റങ്ങളുമായി രംഗത്ത്.  ഹാർക്നെസ് കമ്പനിയുടെ സിൽവർ സ്കീൻ ക്ലാരസ് എക്സ്സി 220 കർവചർ സ്ക്രീനിനൊപ്പം ഡോൾബി 7.1 സറൗണ്ട് സൗണ്ടും റിക്ലൈനർ ക്ലാസ്സ് വിഭാഗവും ഉൾപ്പെടെ നിരവധി പുതുമകളുമായാണ് ഈ മേക്കോവർ. പുതുമകൾ ഏറെ നിറയ്ക്കുമ്പോഴും ജനപ്രിയ ടിക്കറ്റ് നിരക്കുകളിൽ ഒരു രൂപ പോലും കൂട്ടാതെയാണ് ഈ സൗകര്യങ്ങൾ പ്രേക്ഷകർക്കായി ഒരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ടിക്കറ്റിനു വെറും 150 രൂപ നിരക്കിലാണ് ലോകോത്തര ചലച്ചിത്രാനുഭവം ശ്രീപത്മനാഭ ഒരുക്കുന്നത്. ഗണേഷ് രാജ് സംവിധാനം ചെയ്ത ‘പൂക്കാലം’ എന്ന ചിത്രത്തോടെയാണ് പുതുക്കിയ തിയറ്ററിൽ ഏപ്രിൽ ഏഴിന് പ്രദർശനം ആരംഭിച്ചത്. 

sree-padmanabha-theatre-14

 

∙ തുടക്കം കൂടാരത്തിൽ 

sree-padmanabha-theatre-3

 

ശ്രീപത്മനാഭ തിയറ്ററിന്റെ രംഗപ്രവേശത്തിനു പിന്നിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരളത്തിലെ രണ്ടാമത്തെ ചലച്ചിത്ര സ്റ്റുഡിയോ ആയ മെറിലാൻഡ് സ്ഥാപകനുമായ പി. സുബ്രഹ്മണ്യമാണ്. 1936 ൽ ആണ് അദ്ദേഹം ഈ തിയറ്റർ സ്ഥാപിക്കുന്നത്. അന്ന് അതൊരു ‘ടെന്റ് സിനിമ’യായിരുന്നു. വലിയൊരു കൂടാരം കെട്ടി അതിനകത്ത് സിംഗിൾ പ്രൊജക്ടർ വച്ച് മൂന്ന് ഇന്റർവെൽ വരെ വച്ച് സിനിമ ഓടിച്ച കാലം. ഒരു റീൽ അര–മുക്കാൽ മണിക്കൂറിൽ ഓടിയശേഷം ആ റീൽ മാറ്റി അടുത്ത റീലിൽ ഓടും അതായിരുന്നു അന്നത്തെ രീതി. മൂന്ന് ക്ലാസ് നിരക്കുകളിലായിരുന്നു അന്ന് പ്രദർശനം. ഏറ്റവും മുന്നിൽ ഇന്ന് പലരും പറയുന്ന തറ ടിക്കറ്റ് – മണൽ വിരിച്ച ശേഷം ആ മണലിലായിരുന്നു ഇതിൽ ആൾക്കാർ ഇരുന്നത്. അതുകഴിഞ്ഞുള്ളത് ബെഞ്ച്, പിന്നീടുള്ളത് കസേര. കസേരയിൽ ഇരിക്കാവുന്ന ക്ലാസ്സായിരുന്നു അന്നത്തെ ഏറ്റവും മുന്തിയ ക്ലാസ്. 50 പൈസ ആയിരുന്നു അന്ന് അതിന് റേറ്റ്. കൂടാരം കൺട്രോൾ ചെയ്തിരുന്നത് ഇന്നത്തെ മാനേജർക്കു പകരം അന്ന് ടെന്റ് മാസ്റ്റർ എന്നു പറയുന്നയാളും. ഒരു 700 – 800 ആളു കേറുമ്പോൾ ടെന്റ് വലുതാക്കാൻ വലിച്ചു കെട്ടും. വീണ്ടും ഇത് തുടരും. അങ്ങനെ 1,000 മുതൽ 1,500 പേരെ വരെ ഉൾക്കൊള്ളിച്ചു പോലും ഒരു സിനിമ ഓടിക്കാവുന്ന രീതിയിലായിരുന്നു ശ്രീപത്നാഭയിലെ അക്കാലത്തെ സിനിമാ പ്രദർശനം.

sree-padmanabha-theatre-122

 

sree-padmanabha-theatre-6

∙ മാറ്റങ്ങൾക്കൊപ്പം എന്നും

 

പഴയ ടെന്റ് കാലഘട്ടത്തിൽ തിയറ്ററിന് ഏറെ മാറ്റങ്ങൾ ഉണ്ടായില്ല. 1972 ൽ പി.സുബ്രഹ്മണ്യത്തിന്റെ മകൻ എസ്. ചന്ദ്രൻ ചുമതലയേറ്റെടുക്കുന്നതോടെയാണ് ഇന്നു കാണുന്ന ശ്രീപദ്മനാഭ തിയറ്റർ കെട്ടിട രൂപത്തിൽ ഉയരുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ എയർകണ്ടീഷൻ കൂടി ഉൾപ്പെടുത്തി 1972 ഫെബ്രുവരി 11 നായിരുന്നു തിയറ്റർ തുറന്നുകൊടുത്തത്.  ‘അഗസ്ത്യർ’ എന്ന തമിഴ് ചിത്രമായിരുന്നു ടെന്റിൽ നിന്നുളള രൂപാന്തരത്തിനു ശേഷം തിയറ്ററിലെ ആദ്യ പ്രദർശനം.

sree-padmanabha-theatre-1

 

sree-padmanabha-theatre-2

എസ്. ചന്ദ്രന്റെ മകനും ഇന്നത്തെ തിയറ്റർ ഉടമയുമായ ഗിരീഷ് ചന്ദ്രൻ 1997– ൽ ചുമതലയേറ്റതോടെയാണ് ശബ്ദാതിവേഗത്തിൽ മുഖംമാറ്റം തിയറ്ററിനുണ്ടാകുന്നത്. ഡോൾബി പ്രോസസറും ജെബിഎൽ സൗണ്ട് സിസ്റ്റവും ഡിറ്റിഎസും എല്ലാം ഉൾപ്പെടെ പുതിയ ശബ്ദസംവിധാനത്തോടെയായിരുന്നു ആ ചുവടുമാറ്റം. കേരളത്തിൽ തന്നെ ഡോള്‍ബി ഡിടിഎച്ച് ജെബിഎൽ കോംപിനേഷൻ ആദ്യമായി പരീക്ഷിച്ചത് അന്ന് ശ്രീപത്മനാഭയിലായിരുന്നു. 12 ലക്ഷം രൂപയ്ക്ക് ഇതിനേക്കാൾ കുറഞ്ഞതും താരതമ്യേന ആരും കുറ്റംപറയാത്തതുമായ തിയറ്റർ സൗണ്ട് സിസ്റ്റം ലഭ്യമായ കാലത്താണ്  30 ലക്ഷത്തോളം രൂപ ചെലവാക്കി ഇത് സ്ഥാപിച്ചത്. തുടർന്ന് തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമകളൊക്കെ ശബ്ദത്തിലെ ഈ പുതുമയ്ക്കൊപ്പമാണ് പ്രേക്ഷകർ നെഞ്ചേറ്റിയത്. 

 

തുടർന്നു രാജ്യത്ത് വിരുന്നെത്തിയ തിയറ്റർ സാങ്കേതികമികവുകളോട് മുഖംതിരിഞ്ഞു നിൽക്കാതെയായിരുന്നു ശ്രീപത്മനാഭയുടെ ഓരോ മുന്നേറ്റവും. 2010– ൽ ‘അവതാർ’ സിനിമ എത്തുമ്പോൾ 2കെ ഡിജിറ്റൽ റെവലൂഷനും ഒപ്പം ലോകത്ത് ചർച്ചാവിഷയമായി. ശ്രീപത്മനാഭയും ഇതോടൊപ്പം ഡിജിറ്റലൈസ് ചെയ്തു. തിയറ്ററിനായി 2കെ പ്രൊജക്ടർ ഇറക്കുമതി ചെയ്തായിരുന്നു ‘അവതാറി’ന്റെ  അവതരണം. അന്നു കേരളത്തിൽ മൂന്നു സ്ഥലങ്ങളിൽ മാത്രമായിരുന്നു അവതാർ 3ഡിയിൽ പ്രദർശിപ്പിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും. തിരുവനന്തപുരത്തെ അവതാർ ഡിജിറ്റൽ പ്രദർശനം 2കെ അവതാരത്തിലെത്തിയ പുതുക്കിയ ശ്രീപത്മനാഭയിലും.  സീറ്റൊക്കെ പൂർണമായും മാറ്റി 2011 ലും ശ്രീപത്മനാഭ വീണ്ടും മുഖംമിനുക്കി.

 

∙ ‘ദേവിപ്രിയ’യുടെ ജനനം

 

വലിയ തിയറ്ററുകൾ പ്രവർത്തനച്ചെലവു താങ്ങാനാകാത്തതിനാൽ രണ്ടും മൂന്നും തിയറ്റർ ആക്കുന്ന ഒരു ട്രെൻഡ് ഇതിനു പിന്നാലെ കേരളത്തിലുമെത്തി. അതിന്റെ ഭാഗമായി 2013 ൽ ശ്രീപദ്മനാഭയുടെ താഴത്തെ ക്ലാസ്സിന്റെ ഒരു ഭാഗം മാറ്റി ദേവിപ്രിയ എന്ന തിയറ്റർ കൂടി സ്ഥാപിച്ചു. 2018 ൽ തിയറ്ററിൽ ഒരു വലിയ അഗ്നിബാധയുണ്ടായി. അന്നുവരെ തിയറ്റർ മാനേജ്മെന്റ് ഒരുക്കിയതെല്ലാം കത്തി നശിച്ചത് പ്രേക്ഷകരെയും വിഷമത്തിലാക്കി. 2018 ൽ തന്നെ കെട്ടിടത്തിന്റെ സ്ട്രക്ചർ മാത്രം നിലനിർത്തി ബാക്കിയെല്ലാം പുതുക്കി തിയേറ്റർ വീണ്ടും സജീവമായി.

 

വളരെ വലിയ സ്ക്രീനിൽ ചിത്രം കാണുക എന്ന പുതിയ ട്രെന്‍ഡിന്റെ ചുവടുപിടിച്ചാണ് തിയറ്ററിലെ പുതിയ മുഖംമാറ്റം. പഴയ സ്ക്രീൻ പൊളിച്ച് മാറ്റി പുതിയ ഫ്രെയിം സ്ഥാപിച്ച് എട്ടടിയോളം സ്കീൻ സൈസ് വലുതാക്കിയ രൂപത്തിലാണ് ഇപ്പോൾ തിയറ്റർ. രാജ്യത്ത് ലഭ്യമായ ഏറ്റവും നല്ല സ്ക്രീൻ മോഡലുകളിലൊന്നായ  ഹാർക്നെസ് കമ്പനിയുടെ സിൽവർ സ്ക്രീൻ ക്ലാരസ് 220 എന്ന മോഡലിൽ കർവചർ ഉള്ള സ്ക്രീനാണ് ശ്രീപത്മനാഭയിൽ ഒരുക്കിയിട്ടുള്ളതെന്ന് തിയറ്റർ ഉടമ ഗിരീഷ് ചന്ദ്രൻ മനോരമ ഓൺലൈനോടു പറഞ്ഞു.

 

‘‘നടുക്കോ വലതുവശത്തോ ഇടതുവശത്തോ എന്നുവേണ്ട ഓഡിറ്റോറിയത്തിന്റെ ഏത് കോണിൽ ഏതു സീറ്റിൽ ഇരുന്നാലും ഒരേ തികവിൽ സിനിമ ആസ്വദിക്കാവുന്ന സംവിധാനമാണിത്. കർവചറിന്റെ ഗെയിൻ എന്നാണ് ഇതിനു പറയുന്നത്. ഇതിൽ 2.2 ഗെയിനുള്ള സ്ക്രീനാണ് നമ്മള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യേകത കൂടുന്നതിനനുസരിച്ച് വിലയും കൂടും. രണ്ടോ മൂന്നോ ലക്ഷം രൂപയ്ക്ക് കിട്ടുന്ന സ്ക്രീൻ പുതുമകളെല്ലാം സജ്ജമാക്കി 7 ലക്ഷം രൂപയ്ക്കാണ് സ്ഥാപിച്ചത്. ഇതിന്റെ ഫ്രെയിമിനും അനുബന്ധ പ്രവർത്തികൾക്കുമെല്ലാം മറ്റു ചെലവുകളും വന്നു.  തിയറ്ററിൽ എത്തുന്നവർക്ക് ഒരു സിനിമ കാണുന്നതിന്റെ മാക്സിമം ആസ്വാദനം കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ഓപ്ഷനിലേക്ക് ഞങ്ങൾ പോയത്. ഇതിനോടൊപ്പം താഴത്തെ ക്ലാസ്സിലും ബാൽക്കണിയിലും സീറ്റുകൾ പൂർണമായും നവീകരിച്ചു. ഏറ്റവും പിന്നിൽ എസ് ക്ലാസ് എന്നു പേരിട്ട പുതിയ റിക്ലൈനർ ക്ലാസും ഒരുക്കി. കിടന്നുകൊണ്ടു തന്നെ സിനിമ കാണാൻ പറ്റുന്ന റിക്ലൈനർ സംവിധാനം തിരുവനന്തപുരത്തെ ചില മൾട്ടിപ്ലക്സുകളിൽ മാത്രമാണ് നിലവിലുള്ളത്. അത് പ്രേക്ഷകർക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 300 രൂപ മാത്രമാണ് ഇതിലെ ടിക്കറ്റ് നിരക്ക്. മറ്റ് മൾട്ടിപ്ലക്സുകളിൽ 500 രൂപയും അതിലിരട്ടിയും വാങ്ങുന്നതിനിടെയാണ് നമ്മൾ 300 രൂപ മാത്രം ഈടാക്കുന്നത്. ബാക്കി ടിക്കറ്റ് റേറ്റിനൊന്നും മാറ്റമില്ല. ബാൽക്കണിക്കും മറ്റും നേരത്തെപ്പോലെ തന്നെ 150 രൂപയാണ്. ഒരു രൂപ പോലും കൂട്ടിയിട്ടില്ല. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും സാധാരണക്കാർക്കു സിനിമ കാണാൻ നമുക്കു നഷ്ടം വന്നാലും അധികം നിരക്കീടാക്കേണ്ട എന്ന തീരുമാനമാണ് എടുത്തത്. തിയറ്ററിലെ എയർകണ്ടീഷൻ സംവിധാനം ഒന്നു കൂടി അപ്ഗ്രേഡ് ചെയ്തു. സൗണ്ട് സിസ്റ്റത്തിൽ കുറെയധികം സ്പീക്കറുകളും ഉൾപ്പെടുത്തി. ഡോൾബി 7.1 സറൗണ്ട് സൗണ്ടാണ് ഇവിടെയുള്ളത് സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് പരമാവധി ആസ്വാദന സൗകര്യം കൊടുക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തിയത്. സ്ക്രീനിനും അനുബന്ധ സജീകരണങ്ങൾക്കും മാത്രമായി 17 ലക്ഷം രൂപ ഉൾപ്പെടെ ഏകദേശം 35 ലക്ഷം രൂപ മുടക്കിയാണ് തിയറ്ററിലെ പുതിയ മേക്കോവർ.’’ – ഗിരീഷ് ചന്ദ്രൻ വിവരിച്ചു.

 

English Summary: New Big Screen Experience; a big makeover for Sree Padmanabha Theatre at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com