മലയാളി പെൺകുട്ടിയെ വിടാതെ ‘പിന്തുടർന്ന്’ രാം ഗോപാൽ വർമ
Mail This Article
മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ വിടാതെ ‘പിന്തുടർന്ന്’ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. ശ്രീലക്ഷ്മിയുെട ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കു േചരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും പറഞ്ഞത്. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ ചിത്രങ്ങളാണ് രാം ഗോപാൽ വർമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിൽ നിറയുന്നത്.
വഴിയിൽ വണ്ടി കാത്തു നിൽക്കുന്ന ശ്രീലക്ഷ്മിയുടെ ഒരു ചിത്രം തന്റെ ചിത്രത്തോടു ചേർത്തുവച്ചൊരു ട്രോളും കഴിഞ്ഞ ദിവസം ആർജിവി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. സാരിയിൽ ഒരു പെൺകുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് ആർജിവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഫൊട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആർജിവി അഭിനന്ദിച്ചു.
സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാൽ വർമ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. കഥയും കഥാപാത്രവും അറിഞ്ഞതിനു േശഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്.
അതേസമയം ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആർജിവി വാർത്തകളിൽ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു.
എന്നാൽ ഈ വിമർശനങ്ങൾക്കു മറുപടിയെന്നോളമാണ് തന്റെ പുതിയ ചിത്രമായ ‘വ്യൂഹ’വുമായി ആര്‍ജിവി എത്തുന്നത്. അജ്മൽ അമീറും മാനസ രാധാകൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആർ. രാഷ്ട്രീയം മറ്റൊരു വീക്ഷണകോണിൽ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്.