‘ലിയോ’ കണ്ട് ഒന്നും തോന്നിയില്ല, ‘രോമാഞ്ചം’ കണ്ട് ചിരിയും വന്നില്ല: സുരേഷ് കുമാർ
Mail This Article
‘രോമാഞ്ചം’ കണ്ടിട്ട് യുവതലമുറ ചിരിക്കുന്നതുപോലെ തനിക്ക് ചിരി വന്നില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. ലോകേഷ് കനകരാജിന്റെ സിനിമകൾ കാണുന്നതുപോലെ ഇന്നത്തെ തലമുറ മലയാള സിനിമ കാണുന്നില്ലെന്നും സുരേഷ് കുമാർ പറയുന്നു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മൃതി സന്ധ്യ’യിൽ എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘വിഷ്ണുലോകം, ബട്ടർഫ്ലൈ, ആറാം തമ്പുരാൻ ഒക്കെ ഞാനെടുത്ത മോഹൻലാൽ ചിത്രങ്ങളാണ്. ഇതിന്റെയൊക്കെ ആദ്യ ദിവസം ഞാൻ കണ്ടിട്ടുള്ള തിരക്ക് ഭയങ്കരമാണ്. ആളുകൾ ഇടിച്ചു കയറും. നിങ്ങൾ ലോകേഷ് കനകരാജിനേയും നെൽസനെയും ബാക്കിയുള്ളവരെയും ഒക്കെ ഫോളോ ചെയ്യുന്നുണ്ട്. അതുപോലെ നിങ്ങൾ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ എന്നുള്ളത് സംശയമാണ്.
രോമാഞ്ചം ഞാൻ പോയി കണ്ടാൽ എനിക്ക് അത്ര രസകരമായി തോന്നില്ല. നിങ്ങൾ പോയിരുന്ന് ചിരിക്കുന്നുണ്ട്. ആ പടം കണ്ടിട്ട് സത്യത്തിൽ എനിക്ക് ചിരി വന്നില്ല. ആ പടം മോശമാണെന്നല്ല ഞാൻ പറയുന്നത്. എനിക്കത് അത്ര ആസ്വദിക്കാൻ പറ്റിയില്ല. നിങ്ങൾക്ക് അത് ആസ്വദിക്കാൻ പറ്റുന്നുണ്ടായിരിക്കും. നിങ്ങളുടെയൊക്കെ മൈൻഡ് സെറ്റ് മാറി എന്നുള്ളതാണ് അതിന്റെ അർഥം.
ഞാനൊരു പഴയ ആളാണ്. ഇപ്പോൾ കഥ കേൾക്കാൻ എനിക്ക് ആശയക്കുഴപ്പമാണ്. ആരെങ്കിലും ഇപ്പോൾ കഥ പറയാൻ ഏന്റടുത്തു വന്നാൽ ഞാൻ എന്റെ മകളുടെ അടുത്ത് പറയും, നീ ഒന്ന് കേട്ട് നോക്കൂ എന്ന്. ഞാൻ വിലയിരുത്തുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് ഒരു മാറ്റം വേണമെന്ന് വിചാരിക്കുന്നത്. ലോകേഷിനെ ഒക്കെ പോലെ പ്രഗൽഭരായ സംവിധായകർ ഇവിടെയുമുണ്ട്.
തമിഴ് സിനിമയ്ക്ക് ഇവിടെ വലിയൊരു പ്രേക്ഷകരുണ്ട്. ‘ലിയോ’ എന്ന സിനിമ കണ്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. അതിൽ ക്ലൈമാക്സിലെ ഫൈറ്റിൽ 200 പേരെ ഒരാൾ ഇടിച്ചിടുന്നുണ്ട്. അത്തരം സൂപ്പർ ഹ്യൂമൻ ആയിട്ടുള്ള ആളുകൾ ഉണ്ടോ? പക്ഷേ അതാണ് എല്ലാവർക്കും ഇഷ്ടമെന്നാണ് കയ്യടി കണ്ടിട്ട് എനിക്ക് മനസ്സിലായത്. നമുക്കൊന്നും അത് ദഹിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. നമ്മൾ തമ്മിൽ തലമുറകളുടെ ഒരു വ്യത്യാസം വരുന്നുണ്ട്.’’–സുരേഷ് കുമാർ പറഞ്ഞു.